.

ഒരു ആമുഖം
കടല്‍ മീനുകള്‍ എന്ന ബ്ലോഗ്‌ നോവല്‍ ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയാണ്.
ഇത് പ്രവാസികളുടെ കഥയാണ്‌..മനസ്സുകൊണ്ടും ജീവിതം കൊണ്ടും പ്രവാസികളാവാന്‍ വിധിക്കപ്പെട്ടവരുടെ കഥ..
സാമ്പത്തിക മാന്ദ്യം പിടിച്ചു കുലുക്കിയ ദുബായിയുടെ മണ്ണില്‍ നിന്നും ഈ യാത്ര ആരംഭിക്കുന്നു...മരുഭൂമിയില്‍ നിന്നും കടലുകള്‍ താണ്ടി, തണുത്ത പുഴകളിലേക്ക് സഞ്ചരിക്കുമ്പോള്‍ കൂട്ടിനുള്ളത് ഏറെ പരിചിതമായ മുഖങ്ങള്‍ തന്നെ.‍..
നല്ല വായനയ്ക്കായി എല്ലാ പ്രിയ സുഹൃത്തുക്കളെയും ക്ഷണിക്കുന്നു.
മുരളി.


ആദ്യ ഭാഗം മുതല്‍ വായിച്ചു തുടങ്ങാനായി മുന്‍ അധ്യായങ്ങളുടെ ലിങ്ക് സൈഡില്‍ കൊടുത്തിട്ടുണ്ട്.

Monday, March 1, 2010

എട്ട് - ദ്വീപുകളില്‍ ഒറ്റപ്പെട്ടു പോയവര്‍.

കുറച്ച് നാളത്തേക്ക് മുകുന്ദന്‍ നാട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞപ്പോള്‍ ഗോപന് അത്ഭുതമൊന്നും തന്നെ തോന്നിയില്ല. ലതിക വിവാഹ മോചനത്തിന് ശ്രമിക്കുന്നു എന്ന് കേട്ട മുതല്‍ തന്നെ മനസ്സ്‌ വല്ലാതെ ശൂന്യമാവാന്‍ തുടങ്ങിയതാണ് . സുനൈനയുടെ കാര്യമോര്‍ക്കുമ്പോഴാണ്‌ ഏറെ സങ്കടം.ഈ ചെറിയ പ്രായത്തില്‍ തന്നെ പലതും അനുഭവിക്കാന്‍ പോവുകയാണവള്‍.കണ്ടു പരിചയമില്ലാത്ത ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ കണ്മുന്നില്‍ വന്നു നില്‍ക്കുമ്പോള്‍, വെറും പതിമൂന്നു വയസ്സു മാത്രം പ്രായമുള്ള ആ കുട്ടിക്ക് ചിലപ്പോഴത് താങ്ങാവുന്നതിലേറെയായിരിക്കും.എല്ലാ വിവാഹമോചനങ്ങളിലും നഷ്ടപ്പെടുന്നത് കുട്ടികള്‍ക്ക് മാത്രമാണല്ലോ.. കുടുംബബന്ധങ്ങളുടെ ഊഷ്മളതയും, കപടമല്ലാത്ത സ്നേഹവും, ഉപാധികളില്ലാത്ത സൌഹൃദവുമറിയാതെ വളരുന്ന ആ കുട്ടിയെക്കുറിച്ചോര്‍ക്കുമ്പോള്‍ മനസ്സ്‌ വല്ലാതെ അസ്വസ്ഥമാവുന്നു...

സ്വീകരണ മുറിയിലെ ഷോകേസ് നിറയെ ട്രോഫികളും മെഡലുകളുമാണ് ...എല്ലാം സുനൈനയ്ക്ക് കിട്ടിയത്..
ചിലപ്പോഴൊക്കെ അവള്‍ നാട്ടില്‍ ജനിച്ചു വളരേണ്ടിയിരുന്ന ഒരു കുട്ടിയാണെന്ന് തോന്നിയിട്ടുണ്ട്..പലപ്പോഴും അവള്‍ കേരളത്തെ കുറിച്ച് സംസാരിച്ചു..സീരിയലുകളിലും സിനിമകളിലും കാണുന്ന, തനിക്കില്ലാതെ പോയ, മുത്തശ്ശിമാരെയും മുത്തച്ഛന്മാരെയും കറിച്ചു ചോദിച്ചു...ഒരുവട്ടം മാത്രം കണ്ട, ഭഗവതിക്കാവിലെ തെയ്യത്തിനെ കുറിച്ച് ചോദിച്ചു..വയനാട് ചുരത്തിലെ ചങ്ങലമരത്തെക്കുറിച്ചുള്ള ഐതിഹ്യം കേള്‍ക്കാന്‍ കാതു കൂര്‍പ്പിച്ചു...മണിച്ചിത്രത്താഴിലെ നാഗവല്ലിയായി തലയിണകള്‍ക്ക് മേല്‍ നൃത്തം ചവിട്ടി..

കഴിഞ്ഞ വര്‍ഷമാണെന്ന് തോന്നുന്നു, സൈറ്റിലെ വിശ്രമമില്ലാത്ത ജോലി തന്ന വിരസതയ്ക്കിടയില്‍ സൂര്യന്‍ വൈകി അസ്തമിച്ച ഒരു വൈകുന്നേരം മുകുന്ദനെ കാണാന്‍ ചെന്നതായിരുന്നു.
പതിവ് പോലെ സുനൈന തന്റെ സംശയങ്ങളുമായി ഒപ്പം കൂടി.
അവള്‍ക്ക് ദൈവം ആവശ്യത്തില്‍ കൂടുതല്‍ ബുദ്ധി കൊടുത്തിട്ടുണ്ടെന്ന് തോന്നിപ്പോവും ചിലനേരങ്ങളില്‍ അവളുടെ ചോദ്യങ്ങള്‍ കേട്ടാല്‍... പക്ഷേ ഇത്തവണ അവള്‍ക്ക് ഐതിഹ്യങ്ങള്‍ കേള്‍ക്കേണ്ടിയിരുന്നില്ല..
വെള്ളാരം കണ്ണുകള്‍ കൂര്‍പ്പിച്ചു വച്ച് അവള്‍ അടുത്ത് വന്നു..
"അങ്കിളേ.."
"എന്താ സുനൂ..."
"എനിക്കൊരു പൂവ് എവിടെ നിന്നാ കിട്ടുക..‍??!!"
"പൂവോ..എന്ത് പൂവ്.."
"ഏതെങ്കിലും ഒരു പൂവ്..."
"നീയെന്താ പൂവ് കണ്ടിട്ടില്ലേ..ഇപ്പൊഴെന്തേ പൂവിനു ചോദിക്കാന്‍..?? "
"സ്കൂളില്‍ ഒരു പ്രൊജക്ടിന് വേണ്ടിയാ..ഹൌ ഡസ് പൊളിനേഷന്‍ വര്‍ക്ക്സ്..."  
ഒരു കൊച്ചു പെണ്‍കുട്ടിയ്ക്ക് മുന്നില്‍ നിസ്സഹായനാവുന്നത് വേദനയോടെ മനസ്സിലാക്കി.
ഈ മരുഭൂമിയില്‍ ജീവനുള്ള ഒരു പൂവ് എവിടെ കിട്ടാന്‍??.. ഷോപ്പില്‍ നിന്നും വാങ്ങിക്കുന്ന കടല്‍ കടന്നെത്തുന്ന പൂക്കളില്‍, നാട്ടിലെ ചുവന്ന ചെമ്പരത്തിപ്പൂവിന്റെ തുടിച്ചു നില്‍ക്കുന്ന പരാഗരേണുക്കള്‍ കാണുവാനൊക്കുമോ..
ഒരു പൂവ് അത്യപൂര്‍വ വസ്തുവായ നാടിന്റെ ഊര്‍വരതയില്‍, കഥ പറയുവാന്‍ മുത്തശ്ശിയില്ലാതെ, സന്ധ്യാനാമവും കര്‍ക്കിടക മഴയും കാണാതെ, സൂര്യരശ്മികള്‍ ചിത്രമെഴുതുന്ന അമ്പലക്കുളത്തില്‍ വാലു നനച്ചിട്ടു പോകുന്ന തുമ്പികളെ കാണാതെ, കൃത്രിമാന്തരീക്ഷത്തിന്റെ ചലനമറ്റ ശീതളതയില്‍ ജീവിച്ചു തീര്‍ക്കാന്‍ വിധിക്കപ്പെട്ട ആ കൊച്ചു കുട്ടിയോട് അന്നാണ്  ആദ്യമായി സഹതാപം തോന്നിയത്.
ഒരു പൂവ് പോലും അടുത്തുകാണാതെ വളരുന്ന ബാല്യം.
എണ്ണിയാലൊടുങ്ങാത്ത പുഷ്പ വൈവിധ്യത്തില്‍, കുട്ടിക്കാലത്ത് തീര്‍ത്ത ഓണപ്പൂക്കളങ്ങളോരോന്നും വൃത്താകൃതി കൈവെടിഞ്ഞു കണ്മുന്നില്‍ നൃത്തമാടുന്നത് പോലെ തോന്നി.
മഞ്ഞ
ചുവപ്പ്
നീല.......................
വര്‍ണങ്ങള്‍ നഷ്ടപ്പെട്ടു തുടങ്ങിയ മനസ്സുപോലും ഒരു കൊച്ചു കുട്ടിയുടെ ചോദ്യത്തിന് മുന്നില്‍ ആര്‍ദ്ര മാവുന്നതറിഞ്ഞു.
അന്നു ക്യാമ്പിലെ സംസാരവിഷയം നാട് കാണാതെ വളരുന്ന മരുഭൂമിയിലെ ബാല്യങ്ങള്‍ തന്നെയായിരുന്നു..

മുകുന്ദന്‍ വീണ്ടുമൊരു സിഗരറ്റു കൂടി കത്തിച്ചു.
"ഡിവോഴ്സ് നോട്ടീസിനെ പറ്റി കേള്‍ക്കുമ്പോള്‍ നീ എന്നെ ഉപദേശിക്കുമെന്നാണ് ഞാന്‍ കരുതിയത്‌....എന്നോടുള്ള ദേഷ്യം കൊണ്ടാണ് ഈ നോട്ടീസെങ്കില്‍ ഞാന്‍ സമ്മതിക്കുമായിരുന്നില്ല...പക്ഷേ ഇതിപ്പോള്‍ അവള്‍ക്ക് മറ്റൊരാളെ വിവാഹം കഴിക്കാന്‍ വേണ്ടിയാണ്...ഉള്ളിലെ സ്നേഹം വറ്റിപ്പോയാല്‍ പുതിയ ഉറവകള്‍ക്കായി കാത്തിരിക്കാം... പക്ഷേ വഴിമാറി യൊഴുകുന്ന സ്നേഹത്തെ അണകെട്ടി തടയാന്‍ നോക്കുന്നത് വിഡ്ഢിത്തമാണ്..."
"മറ്റൊരു വഴിയുമില്ലേ മുകുന്ദാ??"
ചോദ്യത്തില്‍ കടുത്ത വേദന കലര്‍ന്നിരുന്നു..അതു മുകുന്ദനും മനസ്സിലായെന്നു തോന്നി.
"ചിലതിനൊന്നും ഉത്തരവും പരിഹാരവുമില്ലെടോ...പുതിയ ലോകത്ത് എങ്ങനെ ജീവിക്കണമെന്ന് എന്റെ മോള്‍ പതിമൂന്നാം വയസ്സില്‍ തന്നെ പഠിക്കട്ടെ..."
കൂടുതല്‍ സംസാരിക്കാതെ മുകുന്ദന്‍ എണീറ്റ് അകത്തേക്ക് പോയി.

തിരിച്ചു റൂമിലേക്ക്‌ പോകും വഴി ആലിഹസ്സന്റെ കഫ്റ്റീരിയയില്‍ ഒന്നു കയറി. പതിവുപോലെ കൌണ്ടറില്‍ ഹസ്സനെ കണ്ടില്ല..ജോലിക്കുനില്‍ക്കുന്ന പയ്യന്‍ പറഞ്ഞാണറിയുന്നത്... ഹസ്സന്‍ ചിക്കന്‍ പോക്സ് വന്നു കിടപ്പിലാണത്രെ..!!ഹസ്സനെ പോയി കാണണമെന്നുണ്ടായിരുന്നെങ്കിലും പകരാന്‍ സാധ്യതയുള്ള ചിക്കന്‍ പോക്സിനെ പേടിച്ചാണ് സന്ദര്‍ശനം വേണ്ടെന്നു വച്ചത്.

നേരം നന്നായി വൈകിയിരുന്നു. ഒരിക്കല്‍ കൂടി സൈറ്റില്‍ പോകണം..പണി തീര്‍ന്നിട്ടുണ്ട്.. അടുത്ത ദിവസം വില്ല ഹാന്‍ഡ്‌ ഓവര്‍ ചെയ്യാനുള്ളതാണ്..എല്ലായിടവും ക്ലീന്‍ ചെയ്തു കഴിഞ്ഞെന്നു ഉറപ്പുവരുത്തണം...
കഴിഞ്ഞ ദിവസം വില്ല കാണാന്‍ വന്നപ്പോള്‍ വഹാബ് സാര്‍ സംതൃപ്തനായിരുന്നെന്നു തോന്നി. അറബിയുടെ ഇഷ്ടപ്രകാരമുള്ള മാറ്റങ്ങളൊക്കെ വരുത്തിയിട്ടുണ്ട്. വര്‍ക്കില്‍ എവിടെയും ഒരു ചെറിയ പിഴവുപോലും കണ്ടു പിടിക്കാന്‍ കഴിയില്ല..ആ ഷോപ്പിംഗ്‌ മാള്‍ പ്രൊജക്റ്റ്‌ കിട്ടണമെങ്കില്‍ അറബിയെ ഇങ്ങനെയൊക്കെ സന്തോഷിപ്പിക്കണമെന്നത് ഒരു സത്യം തന്നെയാണ്. അതിന്റെ ആദ്യ പടി വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുന്നു..

ജുമൈര റോഡിലൂടെ കാറോടിക്കവേ മനസ്സില്‍ മുകുന്ദന്റെ വാക്കുകളായിരുന്നു..
അരുണയുടെ മനസ്സിലെന്താവും??..തകര്‍ന്ന വിവാഹജീവിതത്തെ നിസ്സംഗതയോടെ നേരിടുന്ന പുതിയ അരുണയെ അല്‍പ്പം ബഹുമാനത്തോടെയേ നോക്കിക്കാണാന്‍ കഴിയുന്നുള്ളൂ..സ്വന്തം ഭര്‍ത്താവിനെ ജയിലിലേക്കയച്ച ഖ്യാതി സ്വന്തമായുള്ളത് കൊണ്ടാവും നാട്ടിലേക്ക് പോവാന്‍ പോലും അവള്‍ മടിക്കുന്നത്. ജീവിതം ദുഖിച്ചു തീര്‍ക്കാന്‍ മാത്രമുള്ളതാണോ എന്ന് ചിലപ്പോഴൊക്കെ ചിന്തിച്ചു പോകാറുണ്ട്. അന്നാ വൈകുന്നേരം സൂര്യനസ്തമിച്ചു തുടങ്ങിയ ക്രീക്ക് പാര്‍ക്കിലെ സിമന്റ് ബഞ്ചില്‍ വച്ച് അരുണ പറഞ്ഞ ജീവിതം  അവിശ്വസനീയതയോടെയാണ് കേട്ടിരുന്നത്. ബര്‍ദുബായിയെയും ധേരയെയും വേര്‍തിരിക്കുന്ന അബ്ര കനാലിലൂടെ ചെറിയ തോണികള്‍ അപ്പോഴും ഒഴുകിക്കൊണ്ടിരുന്നു. പാര്‍ക്കിന്റെ നനഞ്ഞ പുല്‍ത്തകിടിയില്‍ കൈവിട്ടു പറന്നു പോയ വലിയ ബലൂണിനു പിന്നാലെ ഓടിക്കൊണ്ടിരുന്ന കൊച്ചു കുട്ടിയിലായിരുന്നു അരുണയുടെ ശ്രദ്ധ.

മിഷന്‍ ഹോസ്പിറ്റലിലെ മരുന്ന് മണക്കുന്ന ഭൂതകാലം ഓര്‍മയില്‍ വന്നപ്പോള്‍ പഴയൊരു സംശയം പുതുക്കി.

"കഥയെഴുത്ത് ഇപ്പോഴുമുണ്ടോ...."
അരുണ ഉണ്ടെന്നോ ഇല്ലെന്നോ പറഞ്ഞില്ല വെറുതേ ചിരിച്ചു.
"അല്ലാ..ഈ ഉരുക്കള്‍ കണ്ടപ്പോള്‍ ഓര്‍ത്തതാണ്...ഇവിടെ കാണുന്ന ഉരുക്കള്‍ക്ക് മലബാറിലെ ഒരുപാടു ആശാരിമാരുടെ വിയര്‍പ്പിന്റെ കഥ പറയാനുണ്ടാവും..ഇല്ലേ.."
പറഞ്ഞു കൊണ്ടു വരുന്നതെന്താണെന്നു അരുണയ്ക്ക് മനസ്സിലായെന്നു തോന്നി..അവള്‍ പതുക്കെ തലയാട്ടുക മാത്രം ചെയ്തു.

അബ്രയിലെ ഉരുക്കള്‍ കാണുമ്പോഴൊക്കെ ആ പഴയ ആഴ്ചപ്പതിപ്പില്‍ പേരുമാറി വന്ന തച്ചന്റെയും മോളുടെയും കഥ മനസ്സിലേക്ക് വരും..താന്‍ പണിത അതേ ഉരുവില്‍ എണ്ണപ്പാടത്തെക്ക് നിധി തേടി പോയ ആശാരിയുടെ കഥയെഴുതിയത് മിഷന്‍ ഹോസ്പിറ്റലിലെ ജൂനിയര്‍ നഴ്സ് അരുണാ പ്രിയദര്‍ശിനിയായിരുന്നെന്നു പലര്‍ക്കുമറിയില്ലായിരുന്നല്ലോ. ഒരുപാടു ചര്‍ച്ച ചെയ്യപ്പെട്ട ആ കഥയുടെ രചയിതാവിനെ കണ്ടെത്താന്‍ ഒരുപാടു പേര്‍ അലഞ്ഞിരുന്നു. ആശുപത്രിക്കിടക്കയുടെ ഓരത്തിരുന്ന്  നന്ദുമോന് കഥകള്‍ പറഞ്ഞു കൊടുത്ത വൈകുന്നേരങ്ങളിലെപ്പോഴോ ആ കഥാകാരിയെ നേരിട്ടറിഞ്ഞു...പിന്നീട് വര്‍ഷങ്ങള്‍ക്കിപ്പുറം, കാലം പാകം വരുത്തിയ പഴയ കഥാകാരിയോട്  അബ്രയിലെ ഉരുക്കളെ പറ്റി സംസാരിക്കുമ്പോള്‍, അകല്‍ച്ച വന്നത് ജീവിതത്തിലോ സംസാരത്തിലോ എന്ന് മാത്രമാണ് മനസ്സിലാവാത്തത്.

അരുണ ഏറെ നേരം സംസാരിച്ചു.

ഭര്‍ത്താവിന്റെ കാര്യം ഒരിക്കലും ചോദിക്കുകയില്ലെന്നു മനസ്സില്‍ തീരുമാനമെടുത്തിരുന്നു.എങ്കിലും ഒന്നും ചോദിക്കാതെ തന്നെ അവള്‍ എല്ലാം ഇങ്ങോട്ട് പറഞ്ഞപ്പോള്‍ തെല്ലത്ഭുതപ്പെടാതിരുന്നില്ല.

"അന്ന്‌ മുതലാണോ ഞാന്‍ സ്വയംതിരിച്ചറിഞ്ഞ് തുടങ്ങിയത് എന്നറിയില്ല...എങ്കിലും അയാളെന്നെ വിവാഹം കഴിച്ചതെന്തിനായിരുന്നു എന്നുള്ള എന്റെ സംശയത്തിന് അധികനാള്‍ കഴിയും മുന്‍പ് തന്നെ എനിക്കുത്തരം കിട്ടി..."

കേട്ടറിവുകള്‍ വെറും വാചകങ്ങള്‍ മാത്രമായൊതുങ്ങിപ്പോകുന്നതറിഞ്ഞു...അമ്പരപ്പായിരുന്നു..അങ്ങനെയൊരു കഥ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല...

"അരുണ കോടതിയില്‍ സാക്ഷി പറഞ്ഞിരുന്നോ??"
"ഉവ്വ്.."
"ആ റാക്കറ്റില്‍ ഒരുപാടു പേര്‍ ഉണ്ടായിരുന്നു.. അല്ലേ??"
അരുണ ശബ്ദമില്ലാതെ മൂളി.

സ്വന്തം ഭര്‍ത്താവിനെതിരെ സാക്ഷി പറഞ്ഞ നഴ്സിനെ കോടതി അഭിനന്ദിച്ചിട്ടുണ്ടാവണം. വൃക്ക നഷ്ടപ്പെട്ട പാവങ്ങളുടെ നിശബ്ദമായ നന്ദി അവളെ തേടിയെത്തിയിട്ടുണ്ടാവണം..എങ്കിലും ജീവിതം തകര്‍ന്ന നിസ്സഹായയായ ഒരു പെണ്‍കുട്ടിയെ സഹായിക്കാന്‍ ആരും മുന്നോട്ടു വന്നു കാണില്ല..

അറിയാതെ കൈകള്‍ അടിവയറ്റിലേക്ക് നീങ്ങി. ഓപ്പറെഷന്റെ പാടിലൂടെ വിരലുകളോടിച്ചു നോക്കി..
തന്റെ വൃക്കകളും യഥാസ്ഥാനത്തുണ്ടാവുമോ ??

ജുമൈരയിലേക്കുള്ള വഴികളില്‍ തിരക്കു കുറവാണ്..കുറച്ച് ദിവസങ്ങള്‍ കൂടി കഴിഞ്ഞാല്‍ ഈ വഴി വരേണ്ടി വരില്ല..ഇനി വീണ്ടും ഓഫീസില്‍..ജോലിയില്ലാതെ ഓഫീസില്‍ വെറുതേയിരിക്കേണ്ടി വരുന്നത് വല്ലാതെ മുഷിപ്പിക്കുന്ന കാര്യമാണ്..കണ്‍സ്ട്രക്ഷന്‍ സൈറ്റിലെ വിശ്രമമില്ലാത്ത ജോലി ഒന്നും ഓര്‍മിക്കാതിരിക്കാന്‍ സഹായകരമായിരുന്നു..വെറുതേയിരിക്കുമ്പോഴാണ് മനസ്സില്‍ ഓര്‍മ്മകള്‍ വരുന്നത്..ഓര്‍ക്കാന്‍ നല്ലതൊന്നുമില്ലാത്തവര്‍ക്ക് ഏകാന്തത ഒരു ശാപം തന്നെയാണ്..ഓര്‍മ്മകള്‍ പെരുകുമ്പോള്‍ മനസ്സിലെ ഭാരം വര്‍ധിക്കുന്നു..ഇടുങ്ങിയ മുറികളിലും, ലേബര്‍ ക്യാമ്പിന്റെ ഇടനാഴികളിലും തിരിച്ചു കിട്ടാത്ത കുട്ടിക്കാലത്തിന്റെ ഓര്‍മകളില്‍ ചിരിക്കാന്‍ ശ്രമിക്കുന്ന ഒരു പാട് പേരെ കണ്ടിട്ടുണ്ട് ഈ മരുഭൂമിയില്‍..ഇല്ലായ്മകളുടെ കാലമായിരുന്നാലും എല്ലാവരും ആഗ്രഹിക്കുന്നത് ആ മാമ്പഴക്കാലം തന്നെയാണ്..ചില ചിത്രങ്ങള്‍ മനസ്സില്‍ വല്ലാതെ പതിഞ്ഞു പോകും..അഗ്നിയിലെരിച്ചാലും അവയ്ക്കൊട്ടും നിറം മങ്ങില്ല....
ഇന്ന് ടിവിയില്‍ ഒരു വൃദ്ധസദനത്തിന്റെ റിപ്പോര്‍ട്ട്‌ കണ്ടിരുന്നു ..'സ്വര്‍ഗം' എന്നാണ് അവരതിന് പേരിട്ടിരിക്കുന്നത്..തിളക്കമില്ലാത്ത ഒരുപാടു കണ്ണുകളുടെ ക്ലോസ് അപ്പ്‌ ദൃശ്യങ്ങള്‍ സ്ക്രീനിലൂടെ മിന്നിമാഞ്ഞു..ഒരു പക്ഷേ എഴുതിയാല്‍ തീരാത്ത ഒരു വലിയ ഭൂതകാലത്തിന് ഉടമകളായിരിക്കും അവര്‍..വീതി കുറഞ്ഞ കിടക്കയിലും ഉയരം കുറഞ്ഞ കസേരകളിലും ഇന്ന് കൂട്ടിനുണ്ടാവുക ഓര്‍മ്മകള്‍ മാത്രമാവും..
റിട്ടയര്‍ ചെയ്തു വീട്ടിലിരിക്കുന്നവരെ പറ്റി അറിയാതെ ഓര്‍ത്തു പോയി...
തനിച്ചിരിക്കുമ്പോള്‍ അവരുടെ മനസ്സിലെന്തായിരിക്കും??

വില്ലയിലെത്തിയപ്പോള്‍ മുറ്റത്ത് നിറുത്തിയിട്ട ബിഎംഡബ്ല്യൂ കണ്ടു. അറബിയുടെ ആരെങ്കിലുമാവണം ...ചിലപ്പോള്‍ വീട് കാണാന്‍ വന്നതാവും. ഔട്ട്‌ ഹൌസിന്റെ വാതില്‍പ്പടിയില്‍ പകച്ചിരിക്കുന്ന പൂച്ചക്കുട്ടി. അടുത്ത് ചെന്നപ്പോള്‍ അതു ദൂരേക്കോടി..സെക്യൂരിറ്റി അകലെ നിന്നും നോക്കുന്നുണ്ടായിരുന്നു..വരണ്ട കാറ്റടിക്കുന്നുണ്ട്. ഇനി ഉഷ്ണത്തിന്റെ നാളുകളാണ്..ചിലപ്പോള്‍ ഒരു മഴ കൂടി പെയ്തേക്കും..
തുറന്നിട്ട വാതിലൂടെ കണ്ണുകള്‍ ഹാഷിണിയെ തേടി..

വില്ലയ്ക്കു പുറത്ത് ചാരിവച്ച അലൂമിനിയം ലാഡര്‍ കണ്ടപ്പോഴാണ് അതെടുത്തു സ്റ്റോര്‍ റൂമില്‍ കൊണ്ടുവയ്ക്കാമെന്നോര്‍ത്തത്.ക്ലീന്‍ ചെയ്തവര്‍ എടുത്തു മാറ്റാന്‍ മറന്നതാവും...ലാഡറുമെടുത്ത് സ്റ്റോറിന്റെ അകത്തേക്ക് നടന്നു. വാതില്‍ തള്ളിത്തുറന്ന് അകത്തേക്ക് കയറാന്‍ ശ്രമിച്ചപ്പോള്‍ വാതില്‍ അകത്തു നിന്നു കുറ്റിയിട്ടിരിക്കുകയാണെന്ന് കണ്ടു..കുറച്ച് നേരം ശങ്കിച്ച് നിന്നു..സാധാരണ സ്റ്റോര്‍ പൂട്ടാറില്ല..അകത്തു നിന്നും ലോക്ക് ചെയ്യണമെങ്കില്‍??!!..
തെല്ലൊരമ്പരപ്പോടെ പകച്ചു നിന്നപ്പോള്‍ പെട്ടന്ന് വാതില്‍ തുറന്ന് രണ്ടു കൈകള്‍ അകത്തേക്ക് പിടിച്ച് വലിച്ചു..! പെട്ടന്നായിരുന്നത് കൊണ്ടു ബാലന്‍സ് കിട്ടിയില്ല...കയ്യിലെ അലൂമിനിയം ലാഡര്‍ മുറ്റത്തെ പുല്ലിലേക്ക്‌ തെറിച്ചു വീണു. ഞെട്ടലോടെ കുതറി മാറാന്‍ ശ്രമിക്കുന്നതിനിടെ, വാതിലൂടെ ഇരച്ചു കയറുന്ന വെളിച്ചത്തില്‍ വിളറി വെളുത്ത ആ മുഖം കണ്ടു.

ഹാഷിണിയായിരുന്നു അത്..!!
ലോകത്ത് മറ്റൊരാള്‍ക്കും കേള്‍ക്കാന്‍ കഴിയാത്ത ചെറിയ ശബ്ദത്തില്‍ വിറച്ചു കൊണ്ടവള്‍ പറഞ്ഞു.
"ഹെല്പ് മീ.........."

(തുടരും)
.

Sunday, February 21, 2010

ഭാഗം ഏഴ് :മഞ്ഞുകാലത്തിന്റെ അവസാനം

"പ്രിയപ്പെട്ട എഴുത്തുകാരിക്ക്,
താങ്കളുടെ നീണ്ട കഥ ബ്ലോഗില്‍ വായിച്ചു. ഓരോ അദ്ധ്യായവും ഞാന്‍ വായിച്ചവസാനിപ്പിക്കുന്നത് നിറഞ്ഞ കണ്ണുകളോടെയാണ്...‌ശ്രീജയും രവിശങ്കറും എന്റെ ഹൃദയത്തിലെക്കാണ് നടന്നുകയറിയത്. ഇതെന്റെ കഥയാണ് എന്നെനിക്കു പലപ്പോഴും തോന്നിപ്പോകുന്നു...താങ്കള്‍ക്കെങ്ങനെ എന്റെ കഥ പറയാന്‍ കഴിയുന്നു എന്നോര്‍ത്തു ഞാന്‍ അതിശയിക്കുകയാണ്.. ശിവകാമിയുടെ ബ്ലോഗ്‌ മുടങ്ങാതെ വായിക്കുന്ന ഒരാളാണ് ഞാന്‍. ഇതുവരെയുള്ള  താങ്കളുടെ കഥകള്‍ മുഴുവനും ജീവിതവഴികളില്‍ ഒറ്റപ്പെട്ടു പോയവരെക്കുറിച്ചായിരുന്നല്ലോ...
ശിവകാമി ആദ്യമായി എഴുതിയ ഈ പ്രണയ കഥയ്ക്ക് എന്റെ ജീവിതവുമായി വല്ലാത്ത സാമ്യമുണ്ട്‌..ശ്രീജയെപ്പോലെ പ്രണയം കുഴിച്ചു മൂടി വേറെ വിവാഹം കഴിച്ചു ജീവിക്കേണ്ടി വന്ന ഒരു ഹതഭാഗ്യയാണ് ഞാനും..ഒറ്റക്കിരുന്നു കണ്ണു നനയുന്ന ചില സമയങ്ങളില്‍ വെറുതേ ആലോചിക്കാറുണ്ട്, അന്നു ഞാനാ വിവാഹത്തിനു സമ്മതിച്ചില്ലായിരുന്നെങ്കില്‍ എന്ന്..സുരക്ഷിതത്വം പ്രണയത്തേക്കാള്‍ ഒരു പാട് വലുതാണെന്ന് അനുഭവം കൊണ്ട് പഠിപ്പിച്ചു തന്ന സഹോദരിയോ അതോ സ്വന്തം ജീവിതം മുന്നില്‍ വച്ചു പേടിപ്പിച്ച അച്ഛനോ??..തടഞ്ഞവരെ എതിര്‍ക്കാന്‍ അന്നു ധൈര്യമില്ലായിരുന്നു..പക്ഷേ കരിഞ്ഞുണങ്ങിയ വിവാഹജീവിതം സമ്മാനിച്ച തന്റേടം കൂട്ടിനുള്ള  ഈ വേളയിലും എല്ലാം വിട്ടെറിഞ്ഞ്‌ ഒന്നോടിപ്പോകാന്‍, "എനിക്കും ഒരു മനസ്സുണ്ട് " എന്നൊന്നുറക്കെ വിളിച്ചു പറയാന്‍ ഞാന്‍ ആശക്തയാണ്...പിറകില്‍ നിന്നു പിടിച്ച് വലിയ്ക്കുന്ന രണ്ടു കുഞ്ഞിക്കൈകള്‍ എല്ലാം മറക്കാന്‍, വല്ലപ്പോഴുമൊന്നു ചിരിക്കാന്‍ എന്നെ ഇപ്പോഴും പ്രാപ്തയാക്കുന്നു...
കഥ വായിച്ചപ്പോള്‍ താങ്കള്‍ക്ക് ഒന്നെഴുതണമെന്നു തോന്നി..എന്തിനാണെന്നറിയില്ല..വെറുതേ..
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
- ഒരനുജത്തി. 

മെയില്‍ വായിച്ചു തീര്‍ന്നതും മനസ്സ്  വല്ലാതെ അസ്വസ്ഥമാവുന്നത് പോലെ അരുണയ്ക്ക് തോന്നി. സാധാരണ വരുന്ന മെയിലുകളില്‍ നിന്നും ഇതിനൊരു വ്യത്യാസമുണ്ട്..ഈ പെണ്‍കുട്ടിയുടെ വാക്കുകള്‍ മനസ്സിനെ വീണ്ടും ആ പഴയ ആശുപത്രി പരിസരത്തേക്കു തിരിച്ചു കൊണ്ട് പോകുന്നു..ഇലഞ്ഞിപ്പൂക്കളുടെ മണമുള്ള ഇടവഴിയില്‍ കൊതി തീരെ ഒന്നു സംസാരിക്കുന്നതിന് മുന്‍പേ നടന്നു മറഞ്ഞ രവിശങ്കര്‍. യാത്ര പറയുമ്പോള്‍ ഒരിക്കല്‍ പോലും ശ്രീജ ആ കണ്ണുകളിലേക്ക് നോക്കിയില്ല..പിറ്റേന്നവളുടെ വിവാഹമാണ്. കസവുനൂലുകള്‍ കൊണ്ട് ചിത്രത്തുന്നലുകള്‍ നടത്തിയ ചുവന്ന പട്ടുസാരിയില്‍ പൊതിഞ്ഞു കല്യാണ മണ്ഡപത്തില്‍ തല താഴ്ത്തിയ നിമിഷം ശ്രീജയുടെ മനസ്സിലുണ്ടായിരുന്ന അതേ വികാരങ്ങളല്ലേ പേരറിയാത്തെ, അജ്ഞാതയായ ഈ പെണ്‍കുട്ടിയുടെ ഉള്ളിലും ഉണ്ടായിരുന്നുരിക്കുക..??.

"ശ്രീജമാര്‍ നിരവധിയുണ്ട് സഹോദരീ.. സ്വയം തിരിച്ചറിയാതെ പോകുന്ന, എന്നും എക്സ്ട്രാ നടിമാരായി അഭിനയിക്കാന്‍ മാത്രം വിധിക്കപ്പെട്ട ജീവിതങ്ങള്‍."

മറുപടി ചെറിയ വാചകങ്ങളിലൊതുക്കി ലാപ്‌ടോപ്‌ അടച്ചു.
പുറത്ത് അപ്പോഴും മഞ്ഞു വീണുകൊണ്ടിരുന്നു.

*****************************

അബ്ദുല്‍ റഷീദിനെ എയര്‍പോര്‍ട്ടില്‍ വിട്ടു തിരിച്ചു വരുമ്പോള്‍ വാനില്‍ എല്ലാവരും നിശബ്ദരായിരുന്നു. റേഡിയോയില്‍ നിന്നും പതിഞ്ഞ ശബ്ദത്തില്‍ മുഹമ്മദു റാഫിയുടെ ഏതോ പഴയ പാട്ട് കേള്‍ക്കാം. ഗോപന് വീണ്ടും അടിവയറ്റില്‍ നിന്നും വേദന വരുന്നതായി തോന്നി..കൈകള്‍ വയറ്റിലമര്‍ത്തി മുന്നോട്ടു കുനിയുന്നത് കണ്ടാവണം എല്ലാവരും സീറ്റില്‍ നിന്നും പിടഞ്ഞെഴുന്നേല്‍ക്കാനാഞ്ഞു..

"എന്ത് പറ്റി ഗോപാ...വീണ്ടും വേദന വന്നോ??"

അടിവയറ്റില്‍ ഒരായിരം സൂചികള്‍ കുത്തിയിറക്കുന്നത് പോലെ തോന്നിയെങ്കിലും ഗോപന്‍ എല്ലാവരെയും നോക്കി ചിരിച്ചു..

"ഹേയ്  കുഴപ്പമില്ല...സ്റ്റോണിന്റെയാ..പെട്ടെന്നൊരു വേദന വന്നു.."

വാനിന്റെ മൂലയിരുന്നു മോഹനേട്ടന്‍ പിറുപിറുക്കുന്നുണ്ടായിരുന്നു..
"ഞാന്‍ എത്ര പറഞ്ഞതാ അവനോട്...കേള്‍ക്കണ്ടേ..ഓപ്പറെഷന്‍ വേണ്ടിടത്ത് അതു തന്നെ വേണം അല്ലാതെ മരുന്നും മന്ത്രവുമായി ഇരുന്നാല്‍ എന്നും വേദനയുമായി ഇരിക്കുകയേയുള്ളൂ.."

മോഹനേട്ടന്റെയുള്ളില്‍ എന്നും ആ പഴയ പട്ടാളക്കാരനുണ്ട്..സംസാരത്തില്‍ പോലും എപ്പോഴും ഒരു ആജ്ഞാസ്വരം കേള്‍ക്കാം. പതിനെട്ടാം വയസ്സില്‍ പട്ടാളത്തില്‍ ചേര്‍ന്നതാണ് മോഹനേട്ടന്‍, അവിടെ നിന്നും റിട്ടയര്‍ ചെയ്തു നേരെ ഇവിടേയ്ക്ക് വന്നു.കമ്പനി സെക്യൂരിറ്റി..ഇപ്പോള്‍ അന്‍പത്തിയാറു വയസ്സ് കാണുമായിരിക്കും..പലപ്പോഴും ചിന്തിച്ചിട്ടുണ്ട്..ഈ മനുഷ്യന്‍ എത്ര സമയം നാട്ടില്‍ നിന്നിട്ടുണ്ടാവും?? വലിയ ഒരു വീട് വച്ചു..മക്കളെ പഠിപ്പിച്ചു.. മകളുടെ കല്യാണം നടത്തി..എന്നിട്ടും തിരിച്ചു പോകാന്‍ കഴിയാതെ ഒരു കൂട്ടം രോഗങ്ങളെയും കൂട്ടിനിരുത്തി ഇപ്പോഴും ഇവിടെ...പത്തിരുപതോളം വര്‍ഷങ്ങള്‍ മഞ്ഞിലും മഴയിലുമായി ജീവിച്ചു..പിന്നെ അന്തമില്ലാത്ത ജീവിതം ഈ മരുഭൂമിയില്‍..

ഒരിക്കലൊരു വെള്ളിയാഴ്ചയുടെ സുഖകരമായ ആലസ്യം തന്നെ വൈകുന്നേരങ്ങളൊന്നില്‍ എഫ് എം റേഡിയോയിലെ പഴയ പാട്ടുകളും കേട്ടു കിടക്കയില്‍ ചുരുണ്ടു കൂടിക്കിടക്കുന്നതിനിടെ കനം കുറഞ്ഞ  പുതപ്പുകൊണ്ട് മുഖം മൂടിക്കൊണ്ട് മോഹനേട്ടന്‍ പറഞ്ഞു..

"എനിക്ക് നാട്ടില്‍ നില്‍ക്കാന്‍ പേടിയാ ഗോപാ...സത്യത്തില്‍ അവിടെ ഒരു തരം വീര്‍പ്പുമുട്ടലാണ്‌....എവിടെയോ ടൂറിനു പോയപോലെ.. എന്റെ നാട് വേറെ എവിടെയൊക്കയോ ആണെന്ന് തോന്നും ജീവിതം ജീവിച്ചു തീര്‍ത്തത് മുഴുവന്‍ പുറത്തായിരുന്നല്ലോ..അതു കൊണ്ടാവും..ചെറിയ കുട്ടികള്‍ക്ക് വരെ നാടിന്റെ ഓരോ മുക്കും മൂലയും അറിയാം..പക്ഷേ ഞാന്‍ ഇപ്പോഴും അവിടെ അന്യന്‍ തന്നെ...."

"അതു കൊണ്ടാണോ മോഹനേട്ടന്‍ തിരിച്ചു പോവാത്തത്??"

ആ മനുഷ്യന്‍ തന്റെ വലിയ ശരീരം കിടക്കയില്‍ നിന്നും ഇളക്കാന്‍ പാട് പെടുന്നത് കണ്ടു...
"അതു മാത്രമല്ലെടോ..എനിക്ക് നാല് പെങ്ങന്മാരാ..അവരെ ഒക്കെ ഒരു കരയ്കാക്കികഴിഞ്ഞപ്പോള്‍ തിരിച്ചു പോകാമെന്ന് കരുതി..അപ്പോഴാണ്‌ രണ്ടു പെണ്‍കുട്ടികള്‍ കൂടി വളര്‍ന്നു വരുന്നത് കണ്ടത്..ഒന്നിനെ ഇറക്കിവിട്ടു..ഇനീപ്പോ ഒരാള്‍ കൂടി..അതുകൂടി കഴിഞ്ഞാല്‍..."

എഫ് എം റേഡിയോയില്‍ നിന്നും ഗൃഹാതുരത്വം തുളുമ്പുന്ന സിനിമാഗാനം അപ്പോഴും ആ മുറിയില്‍ അലയടിച്ചു കൊണ്ടിരുന്നു..

വാനിലുള്ള പലരും ഉപദേശിച്ചു.. "യൂറിന്‍ സ്റ്റോണ്‍ ഇങ്ങനെ വച്ചോണ്ടിരിക്കരുത്....ഇടയ്ക്കിടെ ഡോക്ടറെ കാണേണ്ടി വരും.."
"വെള്ളം ധാരാളം കുടിക്കണം.."

മണലാരണ്യത്തിലെ ജീവിതത്തിലെ കടുത്ത ഒറ്റപ്പെടലില്‍ നിഷ്കളങ്കമായ സൌഹൃദങ്ങളാണ് പലപ്പോഴും ആത്മഹത്യയില്‍ നിന്നു വരെ പലരെയും രക്ഷിച്ചിട്ടുള്ളത് എന്ന് ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട്..ലേബര്‍ ക്യാമ്പിന്റെ സ്ഥലമില്ലായ്മയില്‍ ദുഖങ്ങളും സന്തോഷങ്ങളും ഒക്കെ ഒരു പോലെ പങ്കുവയ്ക്കപ്പെട്ടിരുന്നു...പക്ഷേ വര്‍ഷങ്ങള്‍ പോയി മറയുമ്പോള്‍ അത്തരം നിറഞ്ഞ സൌഹൃദങ്ങള്‍ ഇന്ന് കാണാനില്ല..ഇന്ന് എല്ലാവരും സ്വയം ഉള്‍വലിഞ്ഞു കൊണ്ടിരിക്കുകയാണ്..ഒരു മനസ്സിനെ ചുറ്റിപ്പറ്റി ഒന്നോ രണ്ടോ പേര്‍..അത്രമാത്രം..

അബ്ദുല്‍ റഷീദിന്റെ ദുരവസ്ഥയില്‍ പരിതപിക്കുമ്പോളും പല അച്ഛന്മാരുടെയുള്ളിലും തീയായിരുന്നിരിക്കണം.പെണ്‍കുട്ടികളുള്ള മാതാപിതാക്കള്‍ ഒരു കണ്ണുമാത്രമടച്ച് ഉറങ്ങേണ്ട കാലമാണ്. എവിടെയോ ഒളിഞ്ഞിരിക്കുന്ന ഒരു മോബൈല്‍ കണ്ണിന്റെ ഫോക്കസില്‍ നിന്നും സ്വയം രക്ഷപ്പെടാന്‍ പോലും അറിയാത്ത പെണ്‍കുട്ടികള്‍ അവരുടെ മനസ്സില്‍ എന്നും തീയായി എരിയുന്നു..
അബ്ദുല്‍ റഷീദിന്റെ ഭാര്യയുടെ ആത്മഹത്യ ഒരു പാട് പേരെ ഞെട്ടിച്ചതും അതു കൊണ്ട് തന്നെയാവണം.

ഭാരം കുറഞ്ഞ ബാഗുമായി വാനിലേക്ക് നടന്നു കയറുമ്പോള്‍ റഷീദ് കരയുന്നുണ്ടായിരുന്നു..എയര്‍പോര്‍ട്ടിന്റെ ബഹളങ്ങളിലേക്ക് മെല്ലെ മാഞ്ഞു പോകുന്ന മെല്ലിച്ച ചെറുപ്പക്കാരന്റെ മനസ്സ്‌ ഒരു പക്ഷേ കുറ്റബോധം കൊണ്ട് നീറുകയാവണം. കീശയില്‍ നിന്നും പുറത്തേക്ക് തള്ളിനില്‍ക്കുന്ന പാസ്പോര്‍ട്ടും ടിക്കറ്റും ഒരു സാധാരണ പ്രവാസിക്ക് എന്നും നാടിന്റെ ഓര്‍മകളാണ്..പരോള്‍ കിട്ടിയ പോലെ എണ്ണിക്കിട്ടുന്ന ലീവില്‍ മരുഭൂമിയില്‍ നിന്നും രക്ഷപ്പെട്ടോടുമ്പോഴുള്ള സന്തോഷം..പക്ഷേ ചിലര്‍ക്കെങ്കിലും അതു വേര്‍പാടിന്റെ നോവാണ്..പ്രിയ്യപ്പെട്ട ചിലരൊക്കെ വിട്ടു പോകുമ്പോള്‍ ചീകാത്ത മുടിയും ഇസ്തിരിയിടാത്ത വസ്ത്രങ്ങളുമായി വാഹനങ്ങളില്‍ നിന്നും വാഹനങ്ങളിലേക്കുള്ള യാത്ര..
അത്തരം യാത്രകളില്‍ കൂട്ടിനുണ്ടാവുക വിട പറഞ്ഞു പോയവര്‍ തന്നെയാവും..

"എന്താ ഗോപാ വല്ലാത്ത ആലോചന..?? വേദന മാറിയോ..??"
മോഹനേട്ടന്‍ അടുത്തു വന്നിരുന്നു.

"ഞാന്‍ റഷീദിനെ കുറിച്ചാലോചിക്കുകയായിരുന്നു മോഹനേട്ടാ..ആരെയാണ് തെറ്റുപറയേണ്ടത്...അവന്‍ എന്തെങ്കിലും അരുതായ്ക കാണിക്കുമോ എന്നാണു എനിക്ക് പേടി..."

"ഓരോന്ന് കാട്ടിക്കൂട്ടുമ്പോള്‍ ആലോചിക്കണമായിരുന്നു...കല്യാണം കഴിഞ്ഞതിന്റെ നാലാം നാള്‍ കാശ്മീരിലേക്ക് പോയവനാ ഞാന്‍..ഇവനൊക്കെ ഇന്ന് മിനിട്ടിനു മിനിട്ടിനു സംസാരിക്കാന്‍ ഫോണുണ്ട്..എന്നിട്ടും..."

ആ ശബ്ദത്തില്‍ ദേഷ്യമുണ്ടായിരുന്നു..സ്നേഹം പോലും ദേഷ്യത്തിലൂടെ മാത്രം പ്രകടിപ്പിക്കാനറിയാവുന്ന മനുഷ്യന്‍.

മൂന്നുമാസം മുന്‍പ് കല്യാണത്തിനായി റഷീദ് നാട്ടിലേക്ക് പോയത് ഏറെ സന്തോഷവാനായിട്ടാണ്. പണ്ടു മുതലേ പരിചയമുള്ള പെണ്‍കുട്ടി. കല്യാണം കഴിഞ്ഞു രണ്ടാഴ്ച തികയും മുന്‍പേ തിരിച്ചു വരേണ്ടി വന്നപ്പോള്‍, മരുഭൂമിയിലെ കടുത്ത ഏകാന്തതയ്ക്ക് കൂട്ടിരിക്കാനാവണം ഒന്നിച്ചുള്ള നല്ല നിമിഷങ്ങള്‍ ക്യാമറയില്‍ പകര്‍ത്താന്‍ അവനു തോന്നിയത്...ടെക്നോളജിയുടെ ഏറ്റവും താഴെത്തട്ടിലുള്ള ഉപഭോക്താവ് ഉന്നത വിദ്യാഭ്യാസമില്ലാത്ത പാവം തൊഴിലാളിയാവുമ്പോള്‍ അവനെ പറ്റിക്കാന്‍ ഏറെയെളുപ്പമാണ്. കേടായ മൊബൈല്‍ ഫോണ്‍ റിപ്പയര്‍ ചെയ്യാന്‍ കൊടുക്കുമ്പോള്‍ ദമ്പതികളുടെ സ്വകാര്യത ഇത്രയും വിലകൂടിയ ഒരു വിലപ്പന വസ്തുവാണെന്ന് അവന്‍ ഒരിക്കലും ചിന്തിച്ചിട്ടുണ്ടാവില്ല. മധുവിധു ആഘോഷിക്കുന്ന ദമ്പതികളുടെ വീഡിയോ ഇന്റര്‍നെറ്റു വഴിയും മൊബൈല്‍ ഫോണ്‍ വഴിയും വന്‍കരകള്‍ താണ്ടി പ്രവഹിച്ചുകൊണ്ടിരുന്നപ്പോള്‍ കൂട്ടത്തില്‍ ചിലത് ആ പാവം പെണ്‍കുട്ടിയുടെ കണ്ണിലും എത്തിയിരുന്നിരിക്കണം. അപമാനഭാരത്താല്‍ ജീവനൊടുക്കുമ്പോള്‍ ഒരു നിമിഷമെങ്കിലും അവള്‍ തന്റെ പ്രിയതമനെ ശപിച്ചുകാണില്ലേ??

മോഹനേട്ടന്റെ ശബ്ദം ചിന്തയില്‍ നിന്നുണര്‍ത്തി
"ആ മൊബൈല്‍ കടക്കാരന്‍ തന്നെ ചെയ്തതാ ഇത്.. അല്ലേ ഗോപാ.."

"ആയിരിക്കും... ഇന്ന് രാവിലെ റൂമില്‍ ചെന്നപ്പോള്‍ അവനെന്നെ കെട്ടിപ്പിടിച്ചു ഒരുപാടു കരഞ്ഞു മോഹനേട്ടാ.....റിപ്പയര്‍ ചെയ്യാന്‍ കൊടുക്കുന്നതിനു മുന്‍പ് അവന്‍ എല്ലാം ഡിലീറ്റ് ചെയ്തിരുന്നത്രേ..എന്നിട്ടും അവന്മാര്‍ എങ്ങനെയോ അതു മാന്തിയെടുത്തു....ഇങ്ങനെയൊക്കെ സംഭവിച്ചാല്‍ എന്തു ചെയ്യും...ആവശ്യത്തില്‍ കൂടുതല്‍ പ്രശ്നങ്ങളുള്ളവരാണ് നമ്മള്‍..കൂടെ ഇത് പോലത്തെ അവസ്ഥയും.."

"അവന്റെത്‌ വല്ലാത്ത ഒരവസ്ഥയാണ് അല്ലേടോ.."

മോഹനേട്ടന്‍ അല്‍പ്പ നേരം നിശബ്ദനായിരുന്നു.വാനില്‍ പലരും കണ്ണടച്ച് കിടക്കുകയാണ്..ഓരോ ലീവിനും നാട്ടിലേക്ക് സമ്മാനമായി കൊണ്ടുപോയ മൊബൈല്‍ ഫോണിന്റെ ക്യാമറകള്‍  മനസ്സില്‍ ഫ്ലാഷുകള്‍ നിറയ്ക്കുന്നുണ്ടാവും. പക്വതയെത്താത്ത കുരുന്നു കൈകളില്‍ ടെക്നോളജിയുടെ അതിരില്ലാത്ത ആകാശം തുറന്നിട്ട്‌ കൊടുത്ത് അഭിമാനത്തോടെ വിമാനം കയറുന്ന അച്ഛന്മാര്‍ ഒരു നിമിഷമെങ്കിലും തങ്ങളുടെ മക്കളെക്കുറിച്ചോര്‍ക്കുന്നുണ്ടാവും.

റഷീദിന്റെ ഭാര്യയുടെ ആത്മഹത്യ എല്ലായിടത്തും വലിയൊരു ചര്‍ച്ചയായി മാറിയതും അതുകൊണ്ടാവണം.ഗള്‍ഫ് റേഡിയോയിലെ പരിപാടിയിലേക്ക് വിളിച്ചു സംസാരിച്ച അച്ഛന്മാരുടേയും പ്രിയ്യപ്പെട്ടവളെ നാട്ടിലാക്കി ഭാഗ്യം തേടിയെത്തിയ ഭര്‍ത്താക്കന്മാരുടെയുമെല്ലാം വ്യാകുലതകള്‍ക്ക് ഏതാണ്ടൊരേ ശബ്ദമാണ്.

"എന്റെ മോളു മൊബൈല് വാങ്ങിക്കൊടുക്കാത്തതിന് ഒരുപാടു ബഹളമുണ്ടാക്കി..കോളേജില്‍ അവളുടെ കയ്യില്‍ മാത്രമേ മൊബൈല്‍ ഇല്ലാതുള്ളൂ എന്ന്...ഇപ്പൊ വിചാരിക്കുന്നു വാങ്ങിക്കൊടുക്കാത്തത് നന്നായെന്ന്..എന്നാലും..ഒളിച്ചു വച്ച ക്യാമറയുമായി പലരും അവളുടെ പിറകെ നടക്കുന്നുണ്ടാവുമല്ലോ എന്നോര്‍ക്കുമ്പോള്‍..."

സംസാരിക്കുന്നതിനിടയിലും മോഹനേട്ടന്റെ കണ്ണുകള്‍ അകലെ മരുഭൂമിയിലൂടെ വരിവരിയായി നടന്നു നീങ്ങുന്ന ഒട്ടകങ്ങളിലായിരുന്നു..വാനിപ്പോള്‍ ഷേക്ക്‌ സായിദ്‌ റോഡിലൂടെ പൊയ്ക്കൊണ്ടിരിക്കുകയാണ്... ദൂരെ അന്തമില്ലാത്ത മണലാരണ്യം..ചെറിയൊരു കാറ്റില്‍ പോലും ഇളകിത്തെറിക്കുന്ന മണല്‍ത്തരികള്‍..അകലെയെവിടെയോ ഒറ്റപ്പെട്ട ഒരു വലിയ മരം നില്‍ക്കുന്നത് പോലെ തോന്നി.. അല്‍പ്പനേരം ഒന്നും മിണ്ടാതിരുന്ന്, പിന്നെ പോക്കറ്റില്‍ നിന്നും വണ്ണം കുറഞ്ഞ ഒരു ഗുളികയെടുത്ത് വിഴുങ്ങിക്കൊണ്ട് ആ മനുഷ്യന്‍ ആരോടെന്നില്ലാതെ പറഞ്ഞു..

"കല്യാണം കഴിക്കാണ്ടിരിക്യാടോ നല്ലത്...ഈ ആധിപിടിച്ച ജീവിതം കുറേ രോഗങ്ങള് തരുമെന്നാല്ലാതെ...."
വാനിലെല്ലാവരും ഇപ്പോള്‍ തീര്‍ത്തും നിശബ്ദരാണ്.

*******************************

മുകുന്ദന്‍റെ വീട്ടിലെത്തുമ്പോഴേക്കും നേരമിരുട്ടി. ലതികയും മോളെയും നോക്കിയപ്പോള്‍ കണ്ടില്ല..
മണല്‍തരികള്‍ പറ്റിയ ഷൂസ് കാര്‍പെറ്റിന്റെ മൂലയ്ക്ക് വച്ചു സെറ്റിയില്‍ ചെന്നിരുന്നപ്പോള്‍ മുകുന്ദന്‍ അകത്തെ അലമാരയില്‍ നിന്നും ഒരു പത്രമെടുത്ത് നീട്ടി..

"പുതിയൊരു വാര്‍ത്ത കൂടി വന്നിട്ടുണ്ട്...പക്ഷേ ഇതും ആ പിള്ള അയാളുടെ പബ്ലിസിറ്റിക്ക് വേണ്ടി ഉപയോഗിച്ചു.."

മുകുന്ദന്‍ പത്രം ടീപ്പോയിലേക്കിട്ടു.
പ്രവാസിക്കോളത്തില്‍ കണ്ടു, പ്ലാസ്റ്ററില്‍ പൊതിഞ്ഞു കിടക്കുന്ന മുനീര്‍.കൂടെ ബെഡിനരികില്‍ ക്ലബ്‌ സക്രട്ടറി പിള്ളയും വേറെ ഒന്നു രണ്ടു പേരും. "മലയാളി യുവാവ് കാരുണ്യം തേടുന്നു" എന്നാണു ഹെഡര്‍. പ്രവാസിയുടെ കദനകഥ എങ്ങനെ കരളലിയിപ്പിക്കും വിധം എഴുതണമെന്നു ഗള്‍ഫ് ലേഖകര്‍ക്ക് നന്നായി അറിയാം.

"മുനീറിന് നല്ല ഭേദമുണ്ട്..ഞാന്‍ ഇന്നലെയും പോയിരുന്നു..രണ്ടു കയ്യും ഇപ്പോള്‍ നന്നായി അനക്കാം. അരയ്ക്കു താഴോട്ടത്തെ കാര്യം സംശയമായിരിക്കുമെന്നാണ് ഡോക്ടര്‍ പറഞ്ഞത്. അരുണ സംസാരിച്ചിരുന്നു എന്ന് പറഞ്ഞു..." മുകുന്ദന്‍ ഒരു സിഗരെറ്റെടുത്തു കത്തിച്ചു.

"നീ എവിടെയായിരുന്നു മുകുന്ദാ കഴിഞ്ഞ മൂന്നു നാലുദിവസം ??ഞാന്‍ വിളിച്ചപ്പോഴെല്ലാം സ്വിച്ച് ഓഫ്‌ ആയിരുന്നല്ലോ..ഇന്നലെ വൈകുന്നേരം ലതികയും വിളിച്ചു ചോദിച്ചു.....എന്താ പറ്റിയത് ?? നിങ്ങള്‍ തമ്മില്‍ വീണ്ടും??" അല്‍പ്പം സംശയത്തോടെയാണ് ചോദിച്ചത്..മുകുന്ദന്‍ ഉച്ചത്തില്‍ ചിരിച്ചു..

"ഇപ്പൊള്‍ ഞാന്‍ ആഘോഷിക്കുകയാണെടോ..കണ്ടില്ലേ ഞാന്‍ സിഗരറ്റു വലിക്കുന്നത്...എന്റെ വീട്ടില്‍ ഇപ്പോള്‍ ഞാന്‍ ഗൃഹനാഥനാണ് ആരോടും ഒന്നിനും സമ്മതം ചോദിക്കേണ്ട..."

"സിഗരറ്റു വലിച്ചാണോ നീ സ്വാതന്ത്ര്യം ആഘോഷിക്കുന്നത്..?? "അല്‍പ്പം ഈര്‍ഷ്യയോടെയാണ് ചോദിച്ചത്.

"ഇതാണെടോ എന്നെപ്പോലുള്ളവര്‍ക്ക് പരമാവധി ആഘോഷിക്കാവുന്ന സ്വാതന്ത്ര്യം. ഒരു സാമ്രാജ്യ ശക്തിയുടെ അധിനിവേശത്തില്‍ നിന്നും ഒരാള്‍ക്ക്‌ ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞു സ്വാതന്ത്ര്യമാസ്വദിക്കാം പക്ഷേ  ബന്ധങ്ങള്‍ നെയ്യുന്ന വലക്കണ്ണികളില്‍ നിന്നും പുറത്തു കടക്കുക ദുഷ്കരമാണ്..."

മനസ്സ്‌ വല്ലാതെ അസ്വസ്ഥമാവുന്ന അവസരങ്ങളിലേ മുകുന്ദന്‍ ഇങ്ങനെ സംസാരിക്കാറുള്ളൂ.... ലതിക വീണ്ടും പ്രശ്നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടാവും.സിഗരറ്റു പുകയുടെ ചെറിയ വളയങ്ങള്‍ മുകളിലേക്കുയരുന്നു.അവനോട് എന്ത് പറയണമെന്നറിയില്ല. പലപ്പോഴും വാക്കുകള്‍ക്കു നിര്‍വചിക്കാന്‍ കഴിയുന്നതിനപ്പുറമാണ് ബന്ധങ്ങളുടെ സമസ്യകള്‍.

"ഇന്നലെ ലതിക വിളിച്ചപ്പോള്‍ മോളുടെ ഓഡീഷന് നീ കൂടെപോയില്ലെന്നു പറഞ്ഞു. നീ എവിടെയായിരുന്നു??.."

"ഹോസ്പിറ്റലിലായിരുന്നു...മുനീറിന്റെ അടുത്ത്..ആരെങ്കിലുമൊക്കെ കൂടെയുണ്ടെന്ന ഒരു തോന്നല്‍ ആ പാവത്തിന് അല്‍പ്പം ആശ്വാസമേകും..മൊബൈല്‍ കേടായതാ..റിപ്പയര്‍ ചെയ്യാന്‍ കൊടുത്തില്ല..നാലുപാടും നിന്നുള്ള വിളികള്‍ക്കും ചോദ്യങ്ങള്‍ക്കും അല്‍പ്പമെങ്കിലും കുറവ് വരട്ടെയെന്ന് കരുതി..അതിനിടയില്‍ ഓഡീഷനെന്നും പറഞ്ഞ് അവള്‍ തലകുത്തി മറിയുന്നു...പോകട്ടെ എവിടെ വേണമെങ്കിലും ഇത്തരം കോപ്രായങ്ങള്‍ക്ക്‌ എന്നെ കിട്ടില്ല..."

കയ്യിലെ പാതിയെരിഞ്ഞ സിഗരറ്റ് മുകുന്ദന്‍ മുറിയുടെ മൂലയിലേക്കേറിഞ്ഞു..പിന്നെ അല്‍പ്പസമയം കഴിഞ്ഞു അതെടുത്തു കൊണ്ട് വന്നു കിച്ചണിലെ വേസ്റ്റ് ബിന്നില്‍ കൊണ്ടു ചെന്നിട്ടു.

"മുകുന്ദാ ഞാന്‍ ഒരു കാര്യം പറയട്ടെ...നീ ചൂടാവരുത്‌...ജീവിതത്തില്‍ കുടുംബത്തിനല്ലേ ആദ്യ പരിഗണന..അവരുടെ സന്തോഷം കഴിഞ്ഞല്ലേ നമുക്ക് മറ്റെന്തുമുള്ളൂ...അതു കൊണ്ട്‌ ലതികയ്ക്ക് എന്താണ് വേണ്ടതെന്നു ഒന്നു മനസ്സിലാക്കാന്‍ ശ്രമിക്ക്...മോള്‍ക്കും ഈ ഡാന്‍സ് പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ ഇഷ്ടമല്ല എന്ന് മനസ്സിലാവുമ്പോള്‍ ലതിക പിന്മാറില്ലേ..."

"ഹഹ നിനക്ക് കൂടുതലൊന്നും അറിയില്ല ഗോപാ..അവളുടെ കണ്ണില്‍ ഞാന്‍ ഒരു ഏഴാം കൂലിയാണ്. ജോലിയന്വേഷിച്ച് തെണ്ടിത്തിരിഞ്ഞു നടന്നപ്പോള്‍ അവളുടെ അച്ഛന്‍ സഹായിച്ചു വളര്‍ത്തിക്കൊണ്ടു വന്നവന്‍..."

"അദ്ദേഹം വളര്‍ന്നതും നീ കാരണമല്ലേ..അതവള്‍ക്കും അറിയാവുന്നതാണല്ലോ...."

"അതു വിടെടോ...ഇതൊന്നും പറഞ്ഞാല്‍ തീരില്ല...മോളുടെ കാര്യം ഓര്‍ക്കുമ്പോഴാണ് ചെറിയ സങ്കടം..ഇരുപതാം വയസ്സില്‍ എത്തിയതാ ഞാനീ ദുബായില്‍..പത്തൊന്‍പതു വര്‍ഷങ്ങള്‍ കൊണ്ട്‌ ഒരു പാട് അനുഭവിച്ചിട്ടുണ്ട്..പുകഞ്ഞു പഴുത്തു പാകമായ പ്രവാസി..ഹഹ..ഇതൊന്നും ഒന്നുമല്ലെടോ...നമ്മുടെ ജീവിതം കൊണ്ട്‌ ആര്‍ക്കെങ്കിലും ഒരുപകാരമുണ്ടായാല്‍ നന്നായി അത്ര തന്നെ.."

മുകുന്ദന്‍ ഒരു സിഗരറ്റ് കൂടെ കത്തിച്ചു.

"ആ പിന്നെ തന്റെ റഷീദിന്റെ ന്യൂസ്‌ ഇന്നത്തെ പത്രത്തില്‍ കണ്ടു. അവനെ ആരെങ്കിലും ചീറ്റ് ചെയ്തതാണോ??"

"ആ മൊബൈല്‍ ഷോപ്പുകാര്‍ പറ്റിച്ചതാ എന്നാണ് കേട്ടത്...പാവം വല്ലാത്ത ഒരു അവസ്ഥ തന്നെ.. വീഡിയോ കണ്ടു നാട്ടിലെ ചിലര്‍ ആ പെണ്‍കുട്ടിയെ വിളിച്ചു എന്തൊക്കെയോ ചോദിച്ചത്രേ..അതൊക്കെയാവും അവളെ ആത്മഹത്യയില്‍ എത്തിച്ചത്..."
"ഇതിപ്പോ ഇങ്ങനത്തെ എത്രാമത്തെ സംഭവമാ..."

മുകുന്ദന്റെ മനസ്സ്‌ വല്ലാതെ കലുഷമാണെന്നു തോന്നി.ശരീര ഭാഷയില്‍ പ്രകടമായ വ്യത്യാസങ്ങളുണ്ട്. സംസാരിക്കുമ്പോള്‍ പലപ്പോഴും മുഖം തുടയ്ക്കുകയും കണ്ണുകള്‍ മുറുക്കെയടയ്ക്കുകയും ചെയ്യുന്നുണ്ട്..ചിലപ്പോള്‍ വലിയ വഴക്കുകള്‍ എന്തെങ്കിലും അവര്‍ക്കിടയില്‍ നടന്നിരിക്കാം.

"ലതിക മോളെ പ്രാക്റ്റീസിനു കൊണ്ട്‌ പോയതാണോ ??"
"അല്ല.."
"പിന്നെ??"
 മുകുന്ദന്‍ അടുത്തേക്ക്‌ വന്നു മെല്ലെ ചോദിച്ചു.

"നീ എന്താ കല്യാണം കഴിക്കാത്തത്..?? നിന്റെ പഴയ പ്രണയം നിന്റെ മനസ്സില്‍ ഇപ്പോഴുമുണ്ട് അല്ലേ ??

"നീയെന്താണ്  പറഞ്ഞ് വരുന്നത് മുകുന്ദാ?? എനിക്ക് മനസ്സിലാവുന്നില്ല..?!"

"നീ നിന്റെ പ്രണയം പുറത്ത് പറയാന്‍ കഴിയാതെ ഭീരുവായി ജീവിക്കുന്നു..ചിലരൊക്കെ അതാഘോഷിക്കുന്നു..."

പലപ്പോഴായി മുകുന്ദന്‍ പറയുന്ന കാര്യങ്ങളൊക്കെ അരുണയെക്കുറിച്ചാണെന്ന് വ്യക്തമാണ്. ഇരച്ചു കയറിയ ദേഷ്യം മറച്ചു വയ്ക്കാതെ തന്നെ ചോദിച്ചു.

"നിനക്ക് അരുണയെക്കുറിച്ച് എന്തറിയാം മുകുന്ദാ..??അവളൊരു ഭാര്യയാണ്..ഞാനവളെ പ്രണയിക്കുന്നു എന്നവളോട് പറയണമെന്നാണോ നീ പറഞ്ഞ് വരുന്നത്..??അവളുടെ ഇപ്പോഴത്തെ ജീവിതം വിട്...അവള്‍ക്കൊരു ഭര്‍ത്താവുണ്ട്.."

പറഞ്ഞു തീരുമ്പോള്‍ വല്ലാതെ കിതച്ചിരുന്നു.ലോകം മുഴുവന്‍ എതിരെ നിന്നാക്രോശിക്കുകയാണെന്ന് തോന്നി..മേശപ്പുറത്തെ കുപ്പിയിലുണ്ടായിരുന്ന വെള്ളം മുഴുവനും വായിലേക്ക് കമഴ്ത്തി....
മുകുന്ദന്‍ അല്‍പ്പം കൂടി അടുത്തേക്ക്‌ വന്നു കണ്ണിലേക്കു നോക്കി ചോദിച്ചു..

"അപ്പോള്‍ എന്റെ ഭാര്യക്ക് ഒരു ഭര്‍ത്താവില്ലേ..."

അവനെന്താണുദ്ദേശിച്ചതെന്നു മനസ്സിലാവാഞ്ഞപ്പോള്‍ സംശയത്തോടെ പകച്ചു നോക്കി. എസി യുടെ നേര്‍ത്ത ശബ്ദം മാത്രമേ മുറിയിലുള്ളൂ..

"ചിലതൊക്കെ വിശദീകരിക്കാന്‍ വലിയ പാടാണ് ഗോപാ..കടലുകള്‍ തേടിയാണ് മിക്ക നദികളും ഒഴുകുന്നത്‌...ചിലതൊക്കെ ഗതിമാറിയും... "
ആ മുഖം വല്ലാതെവിളറിയിരുന്നു..

പുറത്ത് വരണ്ട കാറ്റടിച്ചു തുടങ്ങിയിരുന്നു.മഞ്ഞുകാലമവസാനിക്കാന്‍ പോവുകയാണെന്നറിയിച്ചുകൊണ്ടുള്ള പൊടിക്കാറ്റ് മരുഭൂമിയിലൂടെ താഴ്ന്നു വീശി.
(തുടരും)
.

Wednesday, February 3, 2010

ഭാഗം ആറ് : ഹാഷിണിയുടെ കഥ.

പഴയ ഷൂസുകളും ബനിയനുകളും ചിതറിക്കിടക്കുന്ന ലേബര്‍ ക്യാമ്പിന്റെ നീളന്‍ വരാന്തയിലൂടെ നടക്കുമ്പോള്‍ അഴുക്കുനിറഞ്ഞ കോണ്‍ക്രീറ്റ് തൂണുകള്‍ പോലും കടുത്ത മൌനം പേറി നില്‍ക്കുന്നത് പോലെ തോന്നിച്ചു.
വിയര്‍പ്പു മണമായിരുന്നു എങ്ങും..
ഇടുങ്ങിയ മുറികളിലെ ഇരുമ്പുകട്ടിലുകള്‍ക്കു രണ്ടു നിലയാണ്. രണ്ടാം നിലയിലെ താമസക്കാരനായി ദുബായില്‍ വന്ന ദിനം ഞരങ്ങുന്ന കട്ടിലിന്റെ ശബ്ദത്തെ തോല്‍പ്പിക്കാന്‍ ശ്വാസം കഴിക്കാന്‍ കൂടി പേടിച്ച് ഉറക്കമില്ലാതെ കിടന്ന രാത്രി മനസ്സിലേക്ക് വന്നു..അന്ന്‌ ഉഷ്ണകാലമായിരുന്നു...ചുട്ടുപൊള്ളുന്ന ജൂണിന്റെ കാഠിന്യത്തില്‍ തണുപ്പിക്കാന്‍ മടിക്കുന്ന എ.സി യുടെ പഴക്കത്തെ ശപിച്ചു കൊണ്ട് കിടന്ന കൂടുകാരില്‍ പലരും ഇന്ന് ജോലി നഷ്ടപ്പെട്ട് നാട്ടിലാണ്. ചിലരൊക്കെ കര കയറി. ചിലര്‍ ഇപ്പോഴും അതേ ഹെല്‍പ്പര്‍ കാറ്റഗറിയില്‍ ജീവിതം കരുപ്പിടിപ്പിക്കാന്‍ ശ്രമിച്ചു തളര്‍ന്നു നില്‍ക്കുന്നു....

ലേബറില്‍ നിന്നു ഫോര്‍മാനിലേക്കും അവിടെ നിന്നു സൂപ്പെര്‍ വൈസറിലേക്കുമുള്ള വളര്‍ച്ചയില്‍ താമസസ്ഥലങ്ങള്‍ ഒരു പാട് മാറിയെങ്കിലും മരുഭൂമിയിലെ ആദ്യവര്‍ഷങ്ങള്‍ ജീവിച്ചു തീര്‍ത്ത അല്‍കൂസിലെ ഈ ലേബര്‍ ക്യാമ്പ്‌ ആദ്യം പഠിച്ച എല്‍പി സ്കൂളിന്റെ ഗൃഹാതുരതയോടെ ഇന്നും മനസ്സില്‍ നില്‍ക്കുന്നു...
വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇവിടേയ്ക്ക് വരുന്നത്. താമസക്കാര്‍ക്ക് മാത്രമേ മാറ്റമുള്ളൂ..താമസത്തിന് യാതൊരു വ്യത്യാസവുമില്ല.
എതിരെ നടന്നു വന്ന ഒന്നു രണ്ടു ബംഗ്ലാദേശി വര്‍ക്കര്‍മാര്‍ ഗോപനെ അപരിചിതത്വത്തോടെ നോക്കി.

മൊബൈലിന്റെ അഡ്രസ്‌ ബുക്കില്‍ ഒളിഞ്ഞു കിടന്ന തൃശ്ശൂരുകാരന്‍ സത്യശീലന്റെ നമ്പരിലേക്ക് വീണ്ടും വീണ്ടും വിളിക്കുമ്പോള്‍ മാസങ്ങള്‍ക്ക് മുന്‍പ് ജോലിയന്വേഷിച്ച് തന്റെ മുന്നില്‍ വന്നു നിന്ന ജോസെന്ന ക്രെയിന്‍ ഓപ്പറെറ്ററുടെ ദൈന്യത നിറഞ്ഞ മുഖമായിരുന്നു ഗോപന്റെയുള്ളില്‍.

"ക്രെയിന്‍ ഓപ്പറെറ്ററാണെന്ന് പറഞ്ഞപ്പോ ആ അറബി ചിരിച്ചു..എന്നാ നീ പോയി ബര്‍ജ് ദുബായി ടവറിന്റെ മൊകളില് കയറിക്കോ എന്നാണു പറഞ്ഞത്...എന്തെങ്കിലും കണ്‍സ്ട്രക്ഷന്‍ വര്‍ക്ക്  ഇവിടെ നടന്നാലല്ലേ ക്രെയിനും ഫോര്‍ക്ക് ലിഫ്റ്റുമൊക്കെ ഉണ്ടാവൂ അല്ലേ സാറേ..."
മുഖത്ത് യാതൊരു വികാരവുമില്ലാതെ സംസാരിക്കാന്‍ അനുഭവങ്ങളാല്‍ പതം വന്ന എതൊരു പ്രവാസിയും പോലെ അന്ന്‌ ജോസിനും കഴിഞ്ഞു.

സത്യശീലന്റെ മുറിയില്‍ രണ്ടു ബെഡുകള്‍ ഒഴിവായിരുന്നു.
ഉണങ്ങിച്ചുരുണ്ട കുബ്ബൂസ് നിവര്‍ത്തിയെടുത്തു പ്ലേറ്റിലെ തക്കാളിക്കറിയില്‍ മുക്കി കഴിക്കാന്‍ തുടങ്ങുകയായിരുന്നു സത്യശീലന്‍. ഗോപനെ കണ്ടതും അയാള്‍ ഭവ്യതയോടെ എഴുന്നേറ്റു നിന്നു.
"സത്യശീലനെ ഞാന്‍ കുറേ നേരമായി മൊബൈലില്‍ വിളിക്കുന്നു. കിട്ടിയില്ല.. ഇങ്ങോട്ട് വരുമ്പോള്‍ ഇവിടെ തന്നെയാണോ ഇപ്പോഴും എന്ന് ഉറപ്പില്ലായിരുന്നു..."
"മൊബൈല്‍ കേടായി.. റിപ്പയര്‍ ചെയ്തിട്ടും കാര്യമില്ല..ആരും വിളിക്കാനില്ല..."
പെയിന്റിളകിയ ഇരുമ്പുകട്ടിലില്‍ വിലകുറഞ്ഞ ബ്ലാങ്കറ്റിന്റെ ചൂടില്‍ മുഖമൊളിപ്പിച്ചു കിടക്കുകയായിരുന്ന മറ്റുള്ളവര്‍ ഗോപന്റെ ശബ്ദം കേട്ടു തലയുയര്‍ത്തി നോക്കി.
"നിങ്ങള്‍ക്ക് ഇന്ന് വര്‍ക്കില്ലേ...ഇന്ന് അവധിയല്ലല്ലോ..??"
ചോദ്യത്തിന് മറുപടി പറഞ്ഞത് സത്യശീലനാണ്. കുറേ നാളായി പണിയില്ലത്രേ..ശമ്പളം കിട്ടിയിട്ട് നാലു മാസമായി. കമ്പനിയുടെ ഓണര്‍ എവിടെയാനുള്ളതെന്നു ആര്‍ക്കുമറിയില്ല. ഓഫീസിലെ ചുരുക്കം ചിലരും പിന്നെ വര്‍ക്കെര്‍സും മാത്രമേ ഇപ്പോഴിവിടെയുള്ളൂ..മറ്റുള്ളവരെല്ലാം തിരിച്ചു പോയിക്കഴിഞ്ഞു...

കഥകള്‍ കേട്ടു മനസ്സ്‌ തഴമ്പിച്ചിരിക്കുന്നു.മണല്‍കാറ്റില്‍ പോലും കണ്ണുകള്‍ കലങ്ങുന്നില്ല. ദുബായില്‍ നിറയെ ഉയരം കൂടിയ ടവറുകളാണ്...ഉയരത്തില്‍ നിന്നുമുള്ള വീഴ്ചയ്ക്ക് ആഘാതമേറും.

"ഒരു ജോസ് ഇല്ലായിരുന്നോ സത്യശീലാ.. ക്രെയിന്‍ ഓപ്പറെറ്റര്‍..അയാളിപ്പോ എവിടെയാ?? എന്റെയൊരു സുഹൃത്ത് കുറച്ചു നാളത്തേക്ക് ഒരു ഓപ്പറെറ്ററെ വേണമെന്ന് പറഞ്ഞിരുന്നു..."
"അയാള് ക്യാന്‍സല്‍ ചെയ്തു പോയി സാറേ...ഇച്ചിരെ ബുദ്ധിമുട്ടിലായിരുന്നു...വീട് പണിതതിന്റെ ലോണ് തിരിച്ചടക്കാനായില്ല..വല്യ വീടായിരുന്നു പണി പാതി പോലും ആയിട്ടില്ല...ഇപ്പൊ വില്‍ക്കാന്‍ വച്ചിരിക്കുകാന്നു പറഞ്ഞു...നാട്ടില് വേറെ പണിയൊന്നും ആയില്ല..ഒരിക്കലു  വിളിച്ചിരുന്നു.."
സത്യശീലന്‍ പറഞ്ഞു കൊണ്ടിരുന്നു..ഇപ്പോള്‍ റൂമിലെ മറ്റുള്ളവരും എഴുന്നേറ്റിരിക്കുകയാണ് ..

പണ്ടീ മുറികളില്‍ നിറയെ ചിരിയും ബഹളവുമായിരുന്നു.ലേബര്‍ ക്യാമ്പുകളിലെ മുറികളില്‍ സാധാരണ ഉയരുന്ന പൊട്ടിച്ചിരികള്‍ക്ക് ,പലപ്പോഴും ഒറ്റപ്പെടലിനെയും നഷ്ടസ്വപ്നങ്ങളെയും എരിച്ചു കളയാനുതകുന്ന ശക്തിയുണ്ടാവാറുണ്ട്. പരസ്പരം നന്നായി മനസ്സിലാക്കിക്കൊണ്ട് തന്നെ ചെറിയ സന്തോഷങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുമ്പോഴും എല്ലാവരുടേയും മനസ്സില്‍ അല്‍പ്പനേരത്തെക്കെങ്കിലും മറക്കാന്‍ ശ്രമിക്കുന്ന ജീവിത വ്യഥകള്‍ തന്നെയാവും. എഫ് എം റേഡിയോയിലെ മലയാളം ചാനലുകളില്‍ രാത്രികാലങ്ങളില്‍ വരുന്ന പാട്ടുകളും അവതാരകരുടെ ഗൃഹാതുരത്വമുണര്‍ത്തുന്ന വാക്കുകളും കേള്‍ക്കുമ്പോള്‍ പലര്‍ക്കും ഉറങ്ങാന്‍ കഴിയാറില്ല..എങ്കിലും മനസ്സുകൊണ്ട് ഭൂതകാലത്തിലേക്ക് മടങ്ങിപ്പോകാന്‍ മിക്കവരും തലയിണയ്ക്കരികില്‍ ഒരു എഫ്എം റേഡിയോ സൂക്ഷിക്കുന്നു...

രണ്ടു മാസം മുന്‍പ് വെക്കേഷന്‍ കഴിഞ്ഞു നാട്ടില്‍ നിന്നും തിരിച്ചെത്തിയ സുരേഷിന്റെ വാക്കുകളാണ് മനസ്സിലെത്തിയത്‌.

"കേരളത്തിലിപ്പോള്‍ നിറയെ അസ്ഥിക്കൂടങ്ങളാണ്...ഇവിടെ വന്നു കുറച്ചു പണം കയ്യില്‍ കിട്ടി നാട്ടില്‍ പോകുമ്പോള്‍ പലരുടെയും മനസ്സില്‍ വലിയ വീടുകളാണ്. എല്ലാവര്‍ക്കും വലിയ പ്ലാന്‍ വേണം.വലിയ ബെഡ് റൂമുകള്‍, കിച്ചണ്‍, പൂജാമുറി,പോര്‍ച്ച്‌...അങ്ങനെ പോകുന്നു എഞ്ചിനീയറൊടുള്ള ആവശ്യങ്ങള്‍..ഒടുക്കം പണി തീര്‍ക്കാന്‍ കഴിയാതെ വീടിന്റെ അസ്ഥിക്കൂടം മാത്രം ബാക്കിയാവുമ്പോഴാണ് മിക്കവരും ദൈവത്തെ വിളിക്കുന്നത്‌.."

ജോലി നഷ്ടപ്പെട്ടത് മൂലം, തുടങ്ങി വച്ച വീടുപണി പൂര്‍ത്തിയാക്കാന്‍ കഴിയാതെ കടക്കെണിയില്‍ പെട്ടു ആത്മഹത്യ ചെയ്ത അയല്‍ക്കാരന്റെ മുഖമായിരിക്കണം അതു പറയുമ്പോള്‍ സുരേഷിന്റെ മനസ്സില്‍.
കേരളം അസ്ഥിക്കൂടങ്ങളുടെ നാടായി മാറിയിരിക്കുന്നു.

സത്യശീലനോട് യാത്ര പറഞ്ഞ്‌ ജുമൈരയിലെ വില്ലയിലേക്ക് തിരിച്ചു കാറോടിക്കുമ്പോള്‍ അടിവയറ്റില്‍ നിന്നും വീണ്ടും വേദന തുടങ്ങി..ദിവസവും ലിറ്ററുകണക്കിനു വെള്ളം കുടിക്കുന്നു.എന്നിട്ടും ഈ സ്റ്റോണ്‍ വിട്ടുമാറുന്നില്ല.
മാറാന്‍ പ്രയാസമാണ്..ചില കല്ലുകളെ അലിയിപ്പിക്കാന്‍ ശുദ്ധീകരിച്ചെടുത്ത കടല്‍ വെള്ളം മതിയാവില്ല...ഈ കല്ലുകള്‍ അഴുക്കുകളാണ്...മരുഭൂമിയിലെ നീണ്ട വര്‍ഷങ്ങള്‍ ചേര്‍ന്ന് ഘനീഭവിപ്പിച്ച ദേഹത്തെ അഴുക്കുകള്‍...
അതോ മനസ്സിലടിഞ്ഞു കൂടിയതോ..??

വില്ലയുടെ പണി തുടങ്ങിയിട്ട് മൂന്നു ദിവസങ്ങള്‍ കഴിഞ്ഞിരിക്കുന്നു..ഇതിനിടയില്‍ ഹാഷിണിയെന്ന ശ്രീലങ്കക്കാരിയോട് വല്ലാത്ത ഒരു ബഹുമാനം തോന്നിത്തുടങ്ങിയിട്ടുണ്ട്. ജിവിതത്തില്‍ ഇതുവരെ പരിചയപ്പെട്ട സ്ത്രീകള്‍ മിക്കവരും മനസ്സില്‍ എന്തെങ്കിലും രഹസ്യങ്ങള്‍ പേറുന്നവരാണ് എന്നാണു തോന്നിയിട്ടുള്ളത്. പക്ഷേ അടുത്തു കഴിയുമ്പോള്‍ മനസ്സില്‍ രഹസ്യങ്ങളുടെ എണ്ണം വര്‍ധിക്കുന്നത് കണ്ട് അത്ഭുതപ്പെടാനേ കഴിയാറുള്ളൂ..കഥകളിലും സിനിമകളിലും നന്മയും തിന്മയും വീതം വച്ചെടുത്ത കഥാപാത്രങ്ങള്‍ മാത്രമെയുണ്ടാവാറുള്ളൂ ഇതിനിടയിലുള്ള നൂല്പാലത്തിലെവിടെയോ ആണ് യഥാര്‍ത്ഥ ജീവിതങ്ങള്‍. ഓരോ നിമിഷവും പാലം തെറ്റാന്‍ കൊതിക്കുന്ന  മനസ്സുകള്‍ ,അവ ചായുന്നതെങ്ങോട്ടാണെന്നു പറയുക അസാധ്യമാണ്...

കേരളവര്‍മ കോളേജിലെ പാതിയില്‍ നിന്നുപോയ ശാസ്ത്രപഠനവും, നിലനില്‍പ്പിന്റെ തത്വശാസ്ത്രമായ വിപ്ലവചിന്തയും ചേര്‍ന്ന് മുരടിപ്പിച്ച മനസ്സിന് ഒരു പക്ഷെ അന്ന് ജീവിതത്തിലേക്ക് കടന്നു വന്ന സ്ത്രീകളെ ശരിയായി മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടായിരിക്കില്ല...പക്ഷെ പതിനാലു വര്‍ഷങ്ങള്‍ക്കുമുമ്പ് പരിചയപ്പെട്ട അരുണാ പ്രിയദര്‍ശിനിയെന്ന ജൂനിയര്‍ നഴ്സ് വര്‍ഷങ്ങള്‍ക്കു ശേഷം പിന്നീടുള്ള ജീവിതത്തിലെ ഓരോ നിമിഷങ്ങളെയും സ്വാധീനിച്ചിരുന്നു.. മറവികളെ തോല്‍പ്പിച്ചു കയറിവരാന്‍ മടിയില്ലാത്ത  ഓര്‍മ്മകള്‍ സമ്മാനിച്ച ആ ഭൂതകാലമാവണം ഹാഷിണിയുടെ കഥ കേള്‍ക്കുമ്പോള്‍ മനസ്സുകൊണ്ട് അവളുടെ ആരോ ആയിത്തീരുന്നുവെന്ന തോന്നലുകളുളവാക്കുന്നത്..

വില്ലയുടെ മുകള്‍ നിലയിലെ ടൈല്‍സ് മുഴുവനും മാറ്റിക്കഴിഞ്ഞിരുന്നു. ഔട്ട്‌ ഹൌസിന്റെതുറന്നിട്ട  വാതിലിലൂടെ പുറത്തേക്കോടിയ പൂച്ചക്കുട്ടിയെ കണ്ടപ്പോള്‍ മെല്ലെ അങ്ങോട്ട്‌ ചെന്നു.
അഞ്ചു ദിവസങ്ങള്‍ കൊണ്ട് ആ പൂച്ചക്കുട്ടി പരിസരവുമായി ഇണങ്ങി ചേര്‍ന്നിട്ടുണ്ട്. ഇപ്പോള്‍ എന്ത് കൊടുത്താലും അത് കഴിക്കും.ബന്ധങ്ങളുടെ കെട്ടുപാടുകളില്ലാതിരുന്നാല്‍ ഏതു ആവാസവ്യവസ്ഥയിലും അതിജീവനം സാധ്യമാണ്.

വാഷിംഗ് മെഷീനിലിട്ടു കഴുകിയെടുത്ത വലിയ വിന്‍ഡോ കര്‍ട്ടനുകളും കയ്യിലെടുത്തു പുറത്തേക്കു വരികയായിരുന്നു ഹാഷിണിയപ്പോള്‍. ഏറെ നാള്‍ നനവ്‌ കിട്ടാതെ കിടന്ന മുറ്റത്തെ പുല്‍ത്തകിടിയ്ക് അല്‍പ്പം നിറം വച്ചിട്ടുണ്ട് . കലപില ശബ്ദമുണ്ടാക്കിക്കൊണ്ട്  രണ്ടു മൂന്നു കുരുവികള്‍ അവിടെ വട്ടം ചുറ്റിക്കൊണ്ടിരുന്നു. പുറത്തെക്കോടിവന്ന പൂച്ചക്കുട്ടിയെ കണ്ടു ഭയന്ന് അവ ശബ്ദമുയര്‍ത്തി പറന്നു പോയി. ഗോപനെ കണ്ടപ്പോള്‍ ഇടതു കൈ കൊണ്ട് കര്‍ട്ടനുകള്‍ ചേര്‍ത്തു പിടിച്ച് ചുമരിനോട് ചേര്‍ന്ന്തലകുനിച്ച് ഹാഷിണി ഒതുങ്ങി നിന്നു.

"ഹാഷിണി നാട്ടിലേക്ക് വിളിച്ചിരുന്നോ.??"
അവള്‍ തലയാട്ടി.
"കേരളത്തില്‍ എന്ത് ജോലിയാണ് ചെയ്തിരുന്നു വെന്ന് പറഞ്ഞത്...??"
"ടൈപ്പിംഗ്‌..ഡിടിപി..."
അവളുടെ മലയാളത്തിനു തെലുങ്കന്മാര്‍ മലയാളം പറയുമ്പോഴുള്ള ചുവയാണ്. നാലു വര്‍ഷത്തോളം കേരളത്തില്‍ ജീവിച്ചത് കൊണ്ട് നല്ല പോലെ മലയാളം പറയാന്‍ പഠിച്ചിരിക്കുന്നു.ജാഫ്നയുടെ ബോര്‍ഡറില്‍ തമിഴ് വംശജരുടെ കൂടെ ഇടപഴകി ജീവിച്ചത് കൊണ്ടാവണം, കൂടുതലും ശ്രീലങ്കന്‍ തമിഴുകലര്‍ന്ന മലയാളമാണ്..

"എങ്ങനെയാണ് ഹാഷിണി ശ്രീലങ്കയില്‍ നിന്നും കേരളത്തിലെത്തിയത്..?..വേറെ ആരെങ്കിലുമുണ്ടായിരുന്നോ കൂടെ?."

അവള്‍ കഴുത്തില്‍ കിടന്ന ലോക്കറ്റില്‍ തെരുപ്പിടിച്ചു കൊണ്ടിരുന്നു..പരിചയപ്പെട്ടു അഞ്ച് ദിവസം കഴിഞ്ഞിട്ടും അവള്‍ സംസാരിക്കുമ്പോള്‍ എന്തൊക്കയോ മറച്ചു വയ്ക്കുന്നത് പോലെ... ജീവിതത്തിന്റെ നിറമില്ലാത്ത ഊടുവഴികളിലൂടെ ഒരുപാടു നടന്നിട്ടുള്ളത് കൊണ്ടായിരിക്കാം ഓരോ മറുപടിയും വളരെ സൂക്ഷ്മതയോടെയാണെന്നു തോന്നി.

"ദേവകിയക്കാ..."അവള്‍ പറഞ്ഞു തുടങ്ങി..
"ദേവകിയക്കാ നമ്മ നാട്ടില്‍ ഒരു സ്കൂള്‍ നടത്തിയിരുന്തത്...അവര്‍ സ്കൂള്‍ പ്രിന്‍സിപ്പാള്‍..ആറു വര്‍ഷം മുന്‍പ് യുത്തം വന്നപ്പോ  എല്ലാവരുമേ കേരളാവില്‍ വന്നു..എന്നുടെ അപ്പാ യുത്തത്തില്‍ മരിച്ചു പോയിരുന്തത്..ഞങ്ങള്‍ക്ക് യാരും ഇല്ല..അപ്പൊ ദേവകിയക്കാ എന്നെയും സുസാന്തികാവേയും കൂട്ടി കേരളാവില്‍ വന്നു..."

"സുസാന്തികാ??"
"എന്നുടെ ചേച്ചി മകള്‍.."
"ഇവിടെ ഉണ്ടായിരുന്ന...??"..സംശയത്തോടെ ചോദിച്ചു. ഒരുപാടു വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്റെ ചേച്ചി ദുബായിലുണ്ടായിരുന്നു എന്ന് കഴിഞ്ഞ തവണ അവള്‍ പറഞ്ഞിരുന്നു.മൂന്നു വര്‍ഷം ഇവിടെ ജോലി ചെയ്ത് പിന്നെ നാട്ടിലേക്ക് തിരിച്ചു പോയത്രേ..
താഴ്ന്നിരിക്കുന്ന തലയുയാര്‍ത്താതെ അവള്‍ മെല്ലെ തലയാട്ടി....
"ചേച്ചി മരിച്ചു പോയി...സുസാന്തികക്ക് ഇപ്പൊ നാന്‍ മട്ടും.."

എങ്ങനെയാണ് മരിച്ചതെന്ന് ചോദിക്കണമെന്നുണ്ടായിരുന്നു.പിന്നെ വേണ്ടെന്നു വച്ചു.. തന്റെ കാലിനു ചുറ്റും നടന്നു കൊണ്ടിരിക്കുന്ന പൂച്ചക്കുട്ടിയെ തുറിച്ചു നോക്കിയിരിക്കുകയാണ് അവളിപ്പോള്‍..‍.

"കേരളാവില്‍ ദേവകിയക്കാ എനിക്ക് ഒറു ഓഫീസില്‍ ജോബ്‌ വാങ്ങി തന്നു...അന്ന്‌ സുസാന്തികവുക്ക് അഞ്ച്   വയസ്സിരുന്നത്..അവളെ ദേവകിയക്കാ ഒരു നല്ല സ്കൂളില്‍ ചേര്‍ത്തു...ഇപ്പൊ അവക്കു..പതിനൊന്നു വയസ്സ്..."
ഗോപന്‍ മനസ്സില്‍ കണക്കു കൂട്ടുകയായിരുന്നു..നീണ്ട വര്‍ഷങ്ങള്‍ തന്നെ. കൂടുതലെന്തു ചോദിക്കണമെന്നു ചിന്തിച്ചു കൊണ്ടിരുന്നപ്പോള്‍ കാലുകൊണ്ട്‌ പൂച്ചക്കുട്ടിയെ മുന്നോട്ടു തള്ളി നീക്കിക്കൊണ്ടവള്‍ വീണ്ടും തുടര്‍ന്നു.
"നാന്‍ അബുദാബിയില്‍ വരുന്നത് ദേവകിയക്കാവുക്ക് ഇസ്ട്ടമല്ലായിറുന്നു..അവിടെ തന്നെ നല്ല ജോലി നോക്കാം എന്ന് പറഞ്ഞ് എന്നെ കുറേ ഉപദേശിച്ചു..പിന്നെ നാന്‍ കേള്‍ക്കാഞ്ഞപ്പോള്‍ എന്നെ കുറേ ചീത്ത വിളിച്ചു....ബട്ട്‌.."...അവള്‍ അര്‍ധോക്തിയില്‍ നിര്‍ത്തി സൂക്ഷിച്ചു നോക്കുന്നത് കണ്ടു..അല്‍പ്പസമയത്തിനു ശേഷം കേള്‍ക്കാന്‍ വിഷമമുള്ളത്രയും ചെറിയ ശബ്ദത്തില്‍ തുടര്‍ന്നു..

"എനിക്ക് അയാളെ കണ്ടു പിടിക്കണം.. "

ഒരു വലിയ സമസ്യപോലെയാണ് തോന്നിയത്..കഴിഞ്ഞ തവണയും ഇവളിതുതന്നെ പറഞ്ഞു...ഒരാളെ തേടി നടക്കുകയാണെന്ന്..ഒരു മലയാളിയെ..ആര്.? ആരെയാണ് നീ തേടുന്നത്..?
അവള്‍ പിന്നോട്ട് നടക്കാനാഞ്ഞതാണ് പക്ഷേ പിന്നെ തലതാഴ്ത്തി ആരോടെന്നില്ലാതെ സംസാരിച്ചു തുടങ്ങി.
"എന്നുടെ ചേച്ചിയെ അയാള്‍ ചതിച്ചത്..കല്യാണം ചെയ്യാം എന്ന് പറഞ്ഞ് കൊണ്ട്....ചേച്ചി ഇവിടം ഹൌസ് മെയിഡ് വിസാവില്‍ ആണ്  വന്നത് .ബട്ട്‌ കല്യാണം ചെയ്തവരെ മാത്രമേ എടുക്കു എന്ന് അറബി പറഞ്ഞപ്പോള്‍ ചേച്ചിക്ക് വേറെ മാര്‍ഗം ഇല്ല..അപ്പോള്‍ ഒരു കേരളാ ആള്‍ ചേച്ചിയെ ഹെല്പ് ചെയ്തു...ഒരു സൂപ്പര്‍ മാര്‍കെട്ടിലെ ജോലിക്കാരന്‍ ആള്‍...അവര്‍ കല്യാണം ചെയ്ത പോലെ നടിച്ചു.. ചേച്ചിക്ക് ജോലി കിട്ടി..ബട്ട്‌ ചേച്ചിയെ അയാള്‍ ചതിച്ചു..."
അവസാന വരികളിലെത്തിയപ്പോഴേക്കും അവളുടെ ശബ്ദം ഇടറി ത്തുടങ്ങിയിരുന്നു.
"അയാള്‍ ശരിക്കും കല്യാണം ചെയ്യാം എന്ന് പറഞ്ഞു ചേച്ചിയെ ചതിച്ചു...പ്രഗ്നന്റ് ആയി ചേച്ചി നാട്ടില്‍ തിരുമ്പി വന്നു..സുസാന്തികാ ആ മകള്‍ ആണ്...സുസാന്തികാവുക്ക് ഒരു വയസ്സായതിനു മുന്നേ ചേച്ചി ഡാമില്‍ ചാടി മരിച്ചു..പിന്നെ എന്‍ അപ്പാവും മരിച്ചു...."
ആ കണ്ണുകള്‍ നിറഞ്ഞൊഴുകി...

മുറിയിലൂടെ ഉഴറി നടക്കുകയായിരുന്നു പൂച്ചക്കുട്ടി ഗോപന്റെ കാല്‍ച്ചുവട്ടില്‍ വന്നു നിന്നു മുകളിലേക്ക് നോക്കി മെല്ലെ കരഞ്ഞു.

"സുസാന്തികാവേ എല്ലാ കുട്ടികളും കളിയാക്കും..അപ്പാവുക്കു അവളെ തീരെ പിടിക്കാത്..അവള്‍ വന്നതില്‍ പിന്നെയാണ് കഷ്ടം വന്നതെന്ന് എപ്പോളും പറയും...വലുതായപ്പോള്‍ സുസാന്തിക അവളുടെ അപ്പാവെ ചോദിച്ചത്....ചേച്ചി എന്നോട് ഒന്നും പറഞ്ഞിട്ടില്ല..അന്നെനിക്ക് വയസ്സ് പതിനാലു മട്ടും.."
അണകെട്ടി തടഞ്ഞു നിര്‍ത്തിയ ഒരു വലിയ പുഴ തുറന്ന് വിട്ടപോലെ ഹാഷിണി സംസാരിച്ചു കൊണ്ടിരുന്നു..

ഗോപന് മനസ്സില്‍ കാണാമായിരുന്നു..,കടും പച്ച നിറം കോരിയൊഴിച്ച പ്രകൃതിയാല്‍ ചുറ്റപ്പെട്ട ജാഫ്നയുടെ അതിര്‍ത്തികളിലെവിടെയോ തന്നെ വിട്ടെറിഞ്ഞ്‌ പോയ അമ്മയെ, ആരെന്നറിയാത്തെ അച്ഛനെ തേടുന്ന പെണ്‍കുട്ടി. അവളുടെ കണ്ണില്‍ കാണുക കാത്തിരിപ്പിന്റെ നനവായിരിക്കില്ല..പകരം വെറുക്കപ്പെട്ടവളുടെ മനസ്സിലെ ചാരം മൂടിക്കിടക്കുന്ന കനലുകളായിരിക്കും..
"ഹാഷിണിക്ക്‌ അയാളെക്കുറിച്ച് വല്ലതും അറിയാമോ.എവിടെയാണ് ഇപ്പോള്‍ ജോലി ചെയ്യുന്നതെന്നോ മറ്റോ.??"..

അവളോടത്‌ ചോദിക്കുമ്പോള്‍, വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു തുലാമാസ രാത്രിയുടെ തണുത്ത ഇരുട്ടില്‍ കീറിയ സാരിയും നഖക്ഷതങ്ങളേറ്റ്  ചോരയൊലിപ്പിക്കുന്ന പേടിച്ചരണ്ട മുഖവുമായി ആശുപത്രി വരാന്തയിലൂടെ കിതച്ചോടി വരുന്ന അരുണയുടെ രൂപം അറിയാതെ മനസ്സില്‍ വന്നു..അന്ന്‌ അരുണയോട് ചോദിച്ചതും ഇതേ ചോദ്യമാണ്..
"നിനക്കറിയാമോ അയാളെ..ആരാണയാള്‍‍.??"
അന്നു കിട്ടിയ മറുപടിയില്‍ ആളിയ അഗ്നിക്ക് ചൂട് ഒരുപാടു കൂടുതലായിരുന്നു...

ഹാഷിണി മുഖമുയര്‍ത്തി.
"ആള്‍ പണ്ട് ജോലിചെയ്ത സൂപ്പര്‍ മാര്‍കെറ്റിന്റെ അഡ്രസ്‌ ഉണ്ട്...വേറെ ഒന്നും അറിയില്ല..."
"അയാളുടെ പേര്..?"
"അറിയില്ല.."
"താടി വച്ച ഒരാള്‍ ആണ് എന്നത് അറിയും..അയാളുടെ ഫോട്ടോ നാന്‍ കണ്ടിട്ടുണ്ട്..ഒരിക്കല്‍.. കണ്ടത് മനസ്സിലായപ്പോള്‍ ചേച്ചി അതു കത്തിച്ചു കളഞ്ഞു..."
"ഇത്രയും കുറച്ച് വിവരങ്ങള്‍ വച്ചു ഈ ദുബായില്‍ ഒരാളെ എങ്ങനെ കണ്ടുപിടിക്കാന്‍.?? വര്‍ഷം പന്ത്രണ്ടോളമായില്ലേ അയാള്‍ ഇവിടം വിട്ടിട്ടുണ്ടെങ്കില്‍.??"
അവള്‍ ഒന്നും മിണ്ടാതെ നെഞ്ചോടു പറ്റിക്കിടന്ന ലോക്കറ്റില്‍ കൈകളമര്‍ത്തുന്നത് കണ്ടു.

മൊബൈല്‍ ഫോണിന്റെ റിംഗ് ശ്രദ്ധയെ മാറ്റി...മുകുന്ദന്റെ ഭാര്യ ലതികയായിരുന്നു.
ഫോണ്‍ അറ്റന്‍ഡ് ചെയ്തപ്പോള്‍ തന്നെ കേട്ടത് ദേഷ്യത്തോടെയുള്ള ശബ്ദമായിരുന്നു..

"ഈ മുകുന്ദേട്ടന്‍ എവിടെയാണ് ഗോപേട്ടാ..??..ഞാനും മോളും ഇവിടെ ഒരുങ്ങിയിരിക്കാന്‍ തുടങ്ങിയിട്ട് നേരം ഒരുപാടായി..ഫോണ്‍ വിളിക്കുമ്പോള്‍ സ്വിച്ച് ഓഫ്‌..നാട് നന്നാക്കാന്‍ ഇറങ്ങിയതാവും അല്ലേ..വല്ല കല്ലൂവല്ലി കളെയും സഹായിക്കാന്‍ നടക്കുകയാവും.. ഇന്നാണ് മോളുടെ ഓഡീഷന്‍‍..ഒരാഴ്ച മുന്നേ ഞാന്‍ പറഞ്ഞു തുടങ്ങിയതാ..അതെങ്ങനാ സ്വന്തം മോള്‍ ഡാന്‍സ് ചെയ്യുന്നതു കാണാന്‍ ആഗ്രഹമില്ലാത്ത അച്ഛനല്ലേ...കണ്ടാല്‍ ഒന്നു പറഞ്ഞേക്കണം ഞാന്‍ കിരണിന്റേം ശാലുവിന്റെം കൂടെ ഓഡീഷന്  പോയെന്ന്..."

"മുകുന്ദനെ ഞാന്‍ കണ്ടിട്ട് രണ്ടു മൂന്നു ദിവസമായി..."
മറു തലയ്ക്കല്‍ ഫോണ്‍ കട്ട്‌ ചെയ്യുന്ന ശബ്ദം കേട്ടു.
.

Sunday, January 31, 2010

ഭാഗം അഞ്ച് : പെണ്‍ ജീവിതങ്ങള്‍

ഡിസംബര്‍ 12
"ഒരു ദിനം കൂടി കടന്നു പോയി.ഭൂമിയില്‍ ജീവിക്കാനായി അനുവദിച്ചു കിട്ടിയിട്ടുള്ള ദിവസങ്ങളില്‍ ഒന്നു കൂടി കഴിഞ്ഞിരിക്കുന്നു.ഓരോ ദിവസവും ഡയറി എഴുതുമ്പോള്‍ തോന്നും എന്തിനാണ് എഴുതിക്കൂട്ടുന്നതെന്ന്. പണ്ട് ദിവസവും ഡയറി എഴുത്ത് ശീലമാക്കാന്‍  നിര്‍ബന്ധിക്കുമ്പോള്‍ രാഘവന്‍ മാഷ്‌ പറയാറുണ്ടായിരുന്നു, ഒരുനാളില്‍ നടന്നു വന്ന വഴികള്‍ മറക്കാതിരിക്കാന്‍‍, ഭൂതകാലത്തെ വല്ലപ്പോഴും ഓര്‍ത്തെടുക്കാന്‍ ഇന്നെഴുതുന്ന വരികളില്‍ കൂടി ഒന്നു സഞ്ചരിച്ചു നോക്കിയാല്‍ മതിയാവും എന്ന്. പക്ഷേ... ഇന്നലെകള്‍ ഓര്‍ക്കാനുള്ളതാണോ..?? അങ്ങനെയെങ്കില്‍ ഇന്നുകള്‍ ഒരിക്കലും ഇത്ര ശാന്തവും സമാധാനപരവുമാവുമായിരുന്നില്ലല്ലോ.. അല്ല..ഇന്നലെകള്‍ മറക്കപ്പെടാനുള്ളതാണ്‌..മറക്കാന്‍ മാത്രം..."

ഹാഷിണി ജയസിംഗെ എന്ന ശ്രീലങ്കക്കാരിയുടെ മുഖം ഇപ്പോഴും മനസ്സില്‍ നിന്നും മഞ്ഞുപോവാത്തത് അവള്‍ക്ക് ഗീതുവിന്റെ ഛായയുള്ളത് കൊണ്ടാണോ എന്ന്  രാത്രിയിലും പലവട്ടം ആലോചിച്ചു. മുഖത്ത് നിറഞ്ഞ നിഷ്കളങ്കതയുള്ള എതൊരു പെണ്‍കുട്ടിയെ കണ്ടാലും ഗീതുവാണെന്നു തോന്നുന്നതാണോ എന്ന് ചിന്തിച്ചു നോക്കി.ഒരുപക്ഷെ മരിച്ചു പോയ അനിയത്തിയുടെ ഓര്‍മ്മകള്‍ എല്ലാ സഹോദരന്‍മാരിലും ഇങ്ങനെയൊക്കെയാവും കടന്നു വരുന്നത്. അതും കുഞ്ഞനിയത്തിയെ രക്ഷിക്കാന്‍ കഴിയാത്ത നിര്‍ഭാഗ്യവാനായ സഹോദരനാവുമ്പോള്‍ പ്രത്യേകിച്ചും....

ഇന്ന് രാവിലെ അപ്രതീക്ഷിതമായി ആ പെണ്‍കുട്ടിയെ കണ്ടപ്പോള്‍ അവളൊരു ശ്രീലങ്ക ക്കാരിയായിരിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഹാഷിണി അവളുടെ കഥ പറഞ്ഞപ്പോള്‍ സത്യത്തില്‍ വലിയ അമ്പരപ്പായിരുന്നു.പതിനെട്ടാം വയസ്സില്‍ ശ്രീലങ്കയില്‍ നിന്നു കേരളത്തിലേക്ക് ...അവിടെ നിന്നും ഇരുപത്തി രണ്ടാം വയസ്സില്‍ അബുദാബിയിലേക്ക്.. പിന്നെ ദുബായ്...ഇത്രയും ലോകപരിചയമുള്ള ഒരു പെണ്‍കുട്ടിക്ക് എങ്ങനെ ഇത്രയും നിഷ്കളങ്കത മുഖത്ത് സൂക്ഷിക്കാനാവുന്നു എന്നോര്‍ത്തായിരുന്നു അത്ഭുതം. ബുദ്ധമതവിശ്വാസിയായ പെണ്‍കുട്ടി കഴുത്തില്‍ ഗുരുവായൂരപ്പന്റെ രൂപമുള്ള ലോക്കറ്റുമണിഞ്ഞ് നടക്കുന്നു. കേരളത്തില്‍ ജോലിചെയ്തിരുന്ന ഓഫീസിലെ ഒരു ചേച്ചി കൊടുത്തതാണത്രേ..പക്ഷേ ആ വിശാസത്തിന് പിറകിലെന്തായിരുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഏറെ അമ്പരപ്പിച്ചത്..ഒരാളെ തേടിയുള്ള  യാത്രയിലാണ് അവള്‍..!!.ആ വ്യക്തിയെ കണ്ടുപിടിക്കാന്‍ ഗുരുവായൂരപ്പന്‍ തുണയാവുമെന്ന വിശ്വാസം..!!

റിസപ്ഷനിസ്റ്റായി വന്ന് ഹൌസ് മൈഡിന്റെ ജോലി ചെയ്യേണ്ടി വന്ന ഒരു ടിപ്പിക്കല്‍ ശ്രീലങ്കക്കാരിയുടെ കഥ മാത്രമല്ല അവളുടേത്‌... അവളുടെ ഉള്ളില്‍ എന്തോ ഒരു കനല്‍ എരിയുന്നുണ്ട്‌...ഒരു വലിയ കഥ തന്നെ അവള്‍ക്ക് പറയാനുണ്ടാവാം.. ചില വാചകങ്ങള്‍ ഉരുവിടുമ്പോള്‍ ആ കണ്ണുകളില്‍ മിന്നിയ മനസ്സിലാകാന്‍ വിഷമമുള്ള ഭാവങ്ങള്‍ തന്നെയാവും ഈ രാത്രിയില്‍ എന്റെ ഉറക്കത്തെ തടസ്സപ്പെടുത്താന്‍ പോകുന്നതും...."

************************************************                                

"ചേച്ചി കഥയെഴുതാറുണ്ടോ..??"
മുനീറിന്റെ ചോദ്യം കേട്ടു അരുണ അമ്പരക്കാതിരുന്നില്ല. ശിവകാമി എന്നും ഉള്ളില്‍ സുരക്ഷിതയാണെന്നായിരുന്നു കരുതിയിരുന്നത്. ശ്രീജയുടെയും രവിശങ്കറിന്റെയും കഥയെഴുതാന്‍ അരുണയ്ക്ക് ശിവകാമിയെ എന്നും ഗര്‍ഭപാത്രത്തില്‍ നിര്‍ത്തണം. ഇനിയും പിറവിയെടുക്കാത്ത മാതാവായിയിരുന്നു കൊണ്ട്  മാത്രമേ ചാപിള്ളയായ പ്രണയത്തിന്റെ കഥ പറയാന്‍ ശിവകാമിക്ക് കഴിയൂ..മുനീറിന്റെ ചോദ്യം കേട്ടപ്പോള്‍ ഞെട്ടിയത് മനസ്സിന്റെ തടവറയില്‍ പൂട്ടിയിട്ടിരുന്ന ശിവകാമി എന്ന മോസ്റ്റ്‌ വാണ്ടെഡ് ബ്ലോഗ്ഗറുടെ ആവരണം തകര്‍ന്നു വെള്ളിവെളിച്ചത്തില്‍ പകച്ചു നില്‍ക്കുന്ന സ്വന്തം രൂപമോര്‍ത്തപ്പോഴാണ്....മുനീര്‍അങ്ങനെ ചോദിക്കാന്‍ കാരണം.??

"അതെന്താ മുനീര്‍ ഇങ്ങനെയൊരു ചോദ്യം??"
പരിഭ്രമം മറച്ചു വച്ചാണ് പറഞ്ഞതെങ്കിലും ശബ്ദത്തിന് ചെറിയൊരു വിറയലുണ്ടായിരുന്നു.

"ഇന്നലെ വൈകുന്നേരം ഗോപേട്ടന്‍ വന്നിരുന്നു. ..... പഴേ കാര്യങ്ങളൊക്കെ പറഞ്ഞ കൂട്ടത്തില്  നാട്ടില് വച്ചു ചേച്ചീനെ പരിചയംള്ള  കാര്യം പറഞ്ഞു.... പണ്ട് മാഗസിനിലൊക്കെ ചേച്ചീന്റെ കഥകള് വരാറുണ്ടായിരുന്നൂന്നു കേട്ടു. ഇപ്പോള് എഴുത്തോന്നുംല്ലേ....ഈ മരുഭൂമീല്  എത്തിപ്പെട്ടാല് എല്ലാം വറ്റിപ്പോകും ഇല്ലേ... "
മുനീര്‍ ഒരു നിമിഷം നിര്‍ത്തി..
"കഥ കേള്‍ക്കാന്‍ പണ്ട് മുതലേ എനിക്കിഷ്ടായിരുന്നു. മൂത്തുപ്പാ പണ്ട് പറഞ്ഞു തരാറുണ്ടായിരുന്ന കഥകളില്‍ പറക്കും പരവതാനിയുടെ കഥയായിരുന്നു എനിക്കേറെ ഇഷ്ടം..അന്ന്‌ പരവതാനി മോഹിച്ചത്‌ ലോകം മുഴുവനും പറന്നു നടക്കാനായിരുന്നു...പക്ഷേ ഇന്ന്..."
അരയ്ക്കു കീഴ്പ്പോട്ട് കണ്ണുകള്‍ പായിച്ച് മുനീര്‍ ഒരു നെടുവീര്‍പ്പോടെ നിര്‍ത്തി.
"കൂടുതലൊന്നും ഓര്‍ക്കേണ്ട മുനീര്‍...ഞാന്‍ കഥകളെഴുതിയിരുന്നു....ഒരുപാടു കാലം മുന്‍പ്...ഈ നഴ്സിന്റെ കുപ്പായമിട്ടതിനു ശേഷം കഥകളിലൊക്കെ കടന്നു വരുന്നത് ജീവിതം മാത്രമാണ്. ജീവിതം എഴുതുമ്പോള്‍ അതു കഥയാവുമോ?? അറിയില്ല..."
"എഴുതണം ചേച്ചീ...ഗോപേട്ടന്‍ പറഞ്ഞിട്ട് എനിക്ക് ചേച്ചീന്റെ പഴേ കാലം കുറച്ചൊക്കെ അറിയാം...നിങ്ങള്  തമ്മില്  മുന്‍പേ പരിചയമുണ്ടായിരുന്നെന്ന് കേട്ടപ്പോ..എനിക്ക് ശെരിക്കും അത്ഭുതായി... എനിക്ക് വേണ്ടി നിങ്ങളും മുകുന്ദന്‍ സാറുമൊക്കെ ചെയ്യുന്ന കാര്യങ്ങള്  മരിച്ചാലും ഞാന്‍ മറക്കൂലാ.. ഗോപേട്ടന്‍ ആളിന്റെ പഴേ കഥയൊക്കെ പറയണത് കേട്ടപ്പോള്  എനിക്കും ഇപ്പം ചെറിയൊരു കൊതി ഒക്കെ വരാണ്  ചേച്ചീ....ജീവിക്കണംന്ന്  ....വിധിയോട്  പൊരുതണംന്ന് ...."

ആ കണ്ണുകള്‍ നിറഞ്ഞിരുന്നു...കയ്യിലെ ടിഷ്യൂ പേപ്പര്‍ കൊണ്ട് കണ്ണുകളൊപ്പി  കൊടുക്കുമ്പോഴും അവന്‍ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു.

"ചേച്ചി നിങ്ങള് വീണ്ടും എഴുതിത്തുടങ്ങണം..എഴുതാന്‍ കുറേയില്ലേ ... എന്റെ ജീവിതം തന്നെ വല്യൊരു  കഥയാണ്‌...ല്ലേ.."
നിന്റെ കഥ ശിവകാമി എഴുതിക്കഴിഞ്ഞു മുനീര്‍.. പറയാന്‍ മനസ്സു വെമ്പി.

കരാമയിലെ നൂറ്റിപ്പതിനെഴാം നമ്പര്‍ ഫ്ലാറ്റിലെ കീ ബോര്‍ഡില്‍ വീണുടഞ്ഞ കണ്ണുനീര്‍ത്തുള്ളികള്‍ക്ക് പോളിയോ ബാധിച്ച കാലുകളുമായി പറക്കും കുതിരയെ സ്വപ്നം കണ്ട ഒരു ആറുവയസ്സുകാരന്റെ ഓര്‍മകളുടെ കയ്പ്പായിരുന്നു. പെയിന്റിളകിയ ആശുപത്രിക്കട്ടിലിന്റെ ഞരക്കങ്ങള്‍ക്കിടയിലും അരുണചേച്ചിയുടെ വരവും കാത്ത് ആശുപത്രി വരാന്തയിലേക്ക്‌ കണ്ണും നട്ടിരിക്കുന്ന കൊച്ചുകുട്ടി. ഗോപന്‍ മുനീറിനോട് പറഞ്ഞ കഥകളില്‍ അതും കാണുമോ.?? കാലം കൂടെക്കൊണ്ടുപോയ സഹോദരീ പുത്രനെയാവുമോ ഗോപന്‍ മുനീറില്‍ കാണാന്‍ ശ്രമിക്കുന്നതെന്ന് പലവട്ടം സ്വയം ചോദിച്ചിട്ടുണ്ട്... ഗീതുവിന്റെ മകന്‍ അരുണയുടെ കൂടെ മകനായത്‌ പോലെ കണ്മുന്നില്‍, കണ്ണില്‍ വെള്ളം നിറച്ച് തൊണ്ടയില്‍ ഗദ്ഗദം ചേര്‍ത്ത് പുഞ്ചിരിക്കാന്‍ ശ്രമിക്കുന്ന ഈ രൂപവും അറിയാതെ ഒരു സഹോദരനായി മാറിയിരിക്കുന്നു... ഇല്ല മുനീര്‍..പറക്കും പരവതാനി മോഹിച്ച, പൊട്ടനെപ്പോലെ ചിരിക്കുന്ന, വിഡ്ഢിയെപ്പോലെ തമാശ പറയുന്ന ഈ മനസ്സും ഒരു കാലത്ത് നിറമുള്ള സ്വപ്‌നങ്ങള്‍ കണ്ടിരിക്കുമല്ലോ...ചോരുന്ന ഓലപ്പുരയിലെ പൊട്ടിയ മരക്കസേരയിലിരുന്നു കൊണ്ട് നിന്റെ മൂത്തുപ്പാ പറഞ്ഞുതന്ന കഥകളിലെ രാജകുമാരന്മാര്‍ പഠിപ്പിച്ചതും മനം നിറയെ സ്വപ്‌നങ്ങള്‍ കാണാനല്ലേ....ചിറകുമുളച്ച മാലാഖമാര്‍ പലപ്പോഴായി ഭൂമിയില്‍ വന്ന് പോകുന്നതും സ്വപ്‌നങ്ങള്‍ അവസാനിക്കാതിരിക്കാന്‍ വേണ്ടി മാത്രമല്ലേ....സ്വപ്‌നങ്ങള്‍ അവസാനിക്കുന്നിടത്ത് ഇരുട്ട് തുടങ്ങുന്നു...ഒരിക്കലാ ഇരുട്ടില്‍ അകപ്പെട്ടു കഴിഞ്ഞാല്‍ പിന്നെ പുറത്തു കടക്കാനാവില്ല...."

"ചേച്ചി എന്താ ആലോചിക്കുന്നേ..."

മുനീറിന്റെ ചോദ്യം ചിന്തയില്‍ നിന്നുണര്‍ത്തി. അപ്പോഴാണ്‌ പരിസരബോധം പോലുമില്ലാതെ മുനീറിന്റെ മുന്നിലെ കസേരയിലിരിക്കുകയാണെന്നോര്‍ത്തത്..

"ഗോപേട്ടന്റെ പെങ്ങടെ മോന്റെ കഥ പറഞ്ഞു ഇന്നലെ രാത്രീല് ....."മുനീര്‍ പറഞ്ഞു.
"എന്തിനാണ് എന്നോട് ആ കഥയൊക്കെ പറഞ്ഞതെന്നറിയില്ല. ആള്‍ക്ക് വല്യ ഷോക്കായിരുന്നു ആ കുട്ടി മരിച്ചത് എന്നാ സംസാരത്തില്‍ നിന്നും മനസ്സിലാക്കാം. പെങ്ങളു മരിച്ചതില്‍ പിന്നെയാ.. ല്ലേ ഗോപേട്ടന്‍ നാടുവിട്ടു പോയത്......"...മുനീര്‍ മുഴുമിക്കുന്നതിനു മുന്‍പേ ആരോ വാതില്‍ തള്ളിത്തുറന്നു അകത്തേക്ക് കയറുന്നത് കണ്ടു.

മുകുന്ദന്റെ കയ്യില്‍ വലിയൊരു പൊതികൂടിയുണ്ടായിരുന്നു. മേശപ്പുറത്തെ വെള്ളം നിറച്ച ജഗ്ഗ് മുഴുവനുമായി വായിലേക്ക് കമഴ്ത്തുമ്പോള്‍ അയാള്‍ കിതച്ചു....

"ലിഫ്റ്റ്‌ ഒഴിവാക്കി സ്റ്റെപ്പ് കയറിയാ വന്നത്... ഒരു സാധാരണ നാല്‍പ്പതുകാരന്‍ പ്രവാസിക്ക് വേണ്ട അസുഖങ്ങളെല്ലാമുണ്ട്...ഒരല്‍പം കൊളസ്ട്രോളെങ്കിലും കുറയട്ടെ.." വെള്ളം കുടിച്ചു കഴിഞ്ഞു മുഖം തുടച്ചു കൊണ്ട് മുകുന്ദന്‍ പറഞ്ഞു..
"അരുണ ലീവിലാണല്ലേ..."
"അതേ.."
"പിന്നെ എന്തിനാണ് വന്നത്...മുനീറിന് ഇപ്പോള്‍ ഭേദമുണ്ടല്ലോ..ഇനി അവന്‍ ഇതുപോലത്തെ കുരുത്തക്കേടുകളൊന്നും കാണിക്കില്ലെന്ന് എനിക്ക് വാക്കു തന്നിട്ടുണ്ട് ഇല്ലേ മുനീര്‍??.."

മുനീറിന്റെ മുഖത്ത് കുറ്റബോധം നിഴലിക്കുന്നുണ്ട്... തന്റെ ആത്മഹത്യാ ശ്രമം മൂലം മറ്റുള്ളവര്‍ക്കുണ്ടായ ബുദ്ധിമുട്ടോര്‍ത്തായിരിക്കണം. ആത്മഹത്യയുടെ തത്വശാസ്ത്രം ഒട്ടും പിടികിട്ടാത്തതാണ്. ജീവിതം പലപ്പോഴും സ്വന്തം കയ്യിലല്ലല്ലോ.. സ്വയം ജീവിതം അവസാനിപ്പിക്കാനുള്ള അവകാശമാവണം ഏറ്റവും വലിയ മൌലികാവാകാശം.

"അരുണ ഡോക്ടറെ കണ്ടിട്ടെന്തായി..??"
"സംസാരിച്ചിട്ടുണ്ട്.."

റൂമില്‍ നിന്നും തിരിച്ചു നടക്കുമ്പോള്‍ മുകുന്ദനോടും മുനീര്‍ നിര്‍ത്താതെ സംസാരിക്കുന്നത് കേട്ടു. ധേരാ ഫിഷ്‌ മാര്‍കെറ്റിന്റെ ചീഞ്ഞ മീന്‍മണങ്ങള്‍ക്കിടയില്‍ ഉച്ചത്തില്‍ സംസാരിച്ചു കൊണ്ട് വലിയ ഐസ് ക്യൂബുകളും ചുമന്നു നടക്കുന്ന പഴയ മുനീറിന്റെ ചുറുചുറുക്കുള്ള ശബ്ദം എവിടെയോ മരിച്ചിട്ടുണ്ട്...ഇപ്പോള്‍ പെയ്യുന്നത് മരമാണ്...പെയ്തൊഴിഞ്ഞ മഴ ബാക്കിവച്ച് പോയ തുള്ളികള്‍ ചേര്‍ത്ത് വച്ച്‌ പെയ്യാന്‍ ശ്രമിക്കുന്ന മരം..

ഗോപന്‍ മുനീറിനോട് പഴയ കഥകള്‍ പറഞ്ഞത് അത്ഭുതമായി തോന്നുന്നു.പക്ഷേ എന്തൊക്കെ പറഞ്ഞിട്ടുണ്ടാവും??..

ഇന്നലെകള്‍ ആവര്‍ത്തിക്കുകയാണ്..മിഷന്‍ ഹോസ്പിറ്റലിനു പകരം പോര്‍ട്ട്‌ ഹോസ്പിറ്റല്‍..നന്ദുമോന് പകരം മുനീര്‍....ബൈസ്റ്റാന്‍ന്റേഴ്സിനു മാത്രം മാത്രം മാറ്റമില്ല...എഴുതപ്പെടുന്ന,വായിക്കപ്പെടുന്ന,പറയപ്പെടുന്ന കഥകളിലെല്ലാം രോഗികളുടെ കൂടെ നില്‍ക്കുന്നവര്‍  നഴ്സുമാരുടെ ജീവിതങ്ങള്‍ തകര്‍ത്തിട്ടെയുള്ളൂ..പക്ഷേ ചിലര്‍ക്ക് ഗന്ധര്‍വന്‍മാരുടെ രൂപമാണ്...പ്രിയ്യപ്പെട്ടവരുടെ കൈപിടിച്ച് സ്വര്‍ഗത്തിന്റെ കവാടത്തില്‍ കൊണ്ടുചെന്നാക്കി തിരികെ വരുന്നവര്‍..

ജനുവരിയുടെ തണുപ്പില്‍ പോലും വിയര്‍ക്കുന്ന ദേഹം പേടിയോടെ ഓര്‍ക്കുന്നത് ഇന്നലെകളെയാണ്. മിഷന്‍ ഹോസ്പിറ്റലിലെ ഇടുങ്ങിയ മുറിയുടെ മരുന്ന് മണമുള്ള ഇരുട്ടില്‍ ജീവിതത്തിന് വേണ്ടി പിടയുന്ന ഒരു പെണ്‍കുട്ടി..പ്രതിരോധിക്കാന്‍ ശ്രമിച്ച കൈകളില്‍ വീണ നഖക്ഷതങ്ങളേക്കാള്‍ വേദനിപ്പിച്ചത് വെള്ളസാരിയില്‍ വീണ കീറലുകളായിരുന്നു. മനുഷ്യന്‍ ഗന്ധര്‍വനായി മാറുന്നത്‌ എപ്പോഴാണ്.??. നിരാലംബയായ പെണ്‍കുട്ടിയെ രക്ഷിച്ച ഗന്ധര്‍വന്റെ കഥ ശിവകാമിയെന്ന കഥയെഴുത്തുകാരിയെ സൃഷ്ടിച്ചു. ഗന്ധര്‍വന്റെ കഥയില്‍ തീര്‍ച്ചയായും ഉണ്ടായിരിക്കേണ്ട പ്രണയത്തിന്റെ അഭാവമായിരിക്കണം വായനക്കാരെ ശിവകാമിയിലെ വ്യത്യസ്തയായ കഥാകാരിയെ ശ്രദ്ധിക്കാന്‍ പ്രേരിപ്പിച്ചത്. ശിവകാമിയുടെ ഇതുവരെയുള്ള കഥകളില്‍ പ്രണയമില്ലായിരുന്നു... ഇനിയുമെഴുതാത്ത പ്രണയം ശിവകാമി കരുതി വച്ചത് ശ്രീജയ്ക്ക് വേണ്ടി മാത്രമാണ് ...

ശ്രീജയുടെ പ്രണയം മാത്രമേ ശിവകാമിക്കറിയൂ......

ഫ്ലാറ്റിലെത്തുമ്പോള്‍ നേരമിരുട്ടിയിരുന്നു.സലോമിയുടെ മുറിയില്‍ നിന്നും പങ്കജ് ഉദാസിന്റെ ഗസല്‍ കേള്‍ക്കുന്നുണ്ട്. മുല്ലപ്പൂക്കളെയും ഗസലുകളെ സ്നേഹിച്ച പെണ്‍കുട്ടി..സലോമിക്ക് ആര്‍ക്കിടെക്റ്റിന്റെ പുറന്തോടിനേക്കാള്‍ ചേരുക ഒരു സന്യാസിനിയുടെ കുപ്പായമാണെന്നു തോന്നിയിട്ടുണ്ട്.പബ്ബിലെയും ഡിസ്ക്കോത്തേകളിലെയും വര്‍ണവെളിച്ചത്തില്‍ ബലിഷ്ഠമായ ദേഹങ്ങളോടൊട്ടി സ്വയം മറന്നാടുന്ന സന്യാസിനി. ഓരോ ചതികളില്‍ നിന്നും, ചതിക്കപ്പെടാന്‍ വേണ്ടി മാത്രം മുന്നോട്ടു നീങ്ങുന്ന ആ ജീവിതത്തിന് ഒരു സന്യാസിനിയുടെ കുപ്പായമാല്ലാതെ മറ്റെന്താണ് ചേരുക...

ഒരു പക്ഷേ സ്വന്തം ജീവിതം കൊണ്ട് അവള്‍ കണക്കു തീര്‍ക്കുകയായിരിക്കും.

അറിയാതെ ഒരു ഫെമിനിസ്റ്റായി മാറുന്നുണ്ടോ എന്ന് കുറച്ചായി ചിന്തിക്കുന്നു. ബ്ലോഗ്‌ വായനക്കാരില്‍ ചിലര്‍ ശിവകാമിയെ ഒരു പെണ്ണെഴുത്തുകാരിയായിട്ടാണ് കാണുന്നത്. സ്ത്രീകളെ കുറിച്ചെഴുതിയാല്‍ അതു പെണ്ണെഴുതാവുമോ.??കണ്മുന്നില്‍ കലങ്ങി മറിയുന്ന ജീവിതങ്ങളിലെല്ലാം എരിഞ്ഞടങ്ങുന്നത് പെണ്‍ജീവിതങ്ങളായതിനാലാവാം ഒരു ഫെമിനിസ്റ്റിന്റെ സ്വരം അറിയാതെ ഭാഷയില്‍ കലരുന്നത്. മുനീറിന്റെ കഥ പോലും അവന്റെ ഭാര്യ റാബിയയിലൂടെയാണ് പറഞ്ഞത്. വിവാഹം കഴിഞ്ഞ് പത്താം നാള്‍ വിദേശത്തേക്ക് പോയ ഭര്‍ത്താവ്..നീണ്ട നാലുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ പോലും അവളറിയുന്നില്ല, വലതുകാലില്ലാതെ, അരയ്ക്കു കീഴ്പ്പോട്ടു ചലനശേഷിയില്ലാതെ തന്റെ പ്രിയ്യപ്പെട്ടവന്‍ ദുബായിലെ പടുകൂറ്റന്‍ ആശുപത്രികളൊന്നില്‍ തളര്‍ന്നു കിടപ്പാണെന്ന്..മറ്റൊരു വിവാഹം കഴിക്കാനുള്ള നിര്‍ബന്ധങ്ങള്‍ക്കിടയിലും നാട്ടുകാരുടെ വൃത്തികെട്ട സഹതാപനോട്ടങ്ങള്‍ക്കിടയിലും റാബിയ കാത്തിരുന്നത് ഒരുനാളില്‍ കൈനിറയെ മുത്തുകളും പവിഴങ്ങളുമായി പടികളോടിക്കയറിവരുന്ന തന്റെ രാജകുമാരനെത്തന്നെയാവണം...

കഥയെഴുതിക്കഴിഞ്ഞപ്പോള്‍ സ്വയം തോന്നാതിരുന്നില്ല..
ഇത് മുനീറിന്റെ കഥയോ അതോ റാബിയയുടെയോ...

തന്റെ അപകടത്തിന്റെ കഥ വീട്ടിലറിയിക്കരുതെന്ന നിര്‍ബന്ധമായിരുന്നു മുനീറിന്. കലങ്ങിയ കണ്ണുകളും വാടിയ മുഖങ്ങളും പിന്നിലാക്കി നടന്നു വന്നപ്പോള്‍ വല്ലപ്പോഴുമയക്കുന്ന കത്തുകളും കാലം തെറ്റി ചെല്ലുന്ന ഫോണ്‍ കോളുകളും ചേര്‍ന്നാഴമേറ്റിയ സങ്കടം ഇനിയും വര്‍ധിപ്പിക്കേണ്ടെന്നു കരുതിക്കാണും..
ഇനിയും കരഞ്ഞാല്‍ മരിച്ചു പോവുമെന്ന പേടിയോടെ അവനോര്‍ക്കുന്ന പ്രിയ്യപ്പെട്ടവളുടെ സ്വരത്തിലൂടെയല്ലാതെ അവന്റെ കഥ മറ്റെങ്ങനെ പറയാന്‍....

മുഖം കഴുകി കമ്പ്യൂട്ടറിനു മുന്നിലിരിക്കുമ്പോള്‍ ഗന്ധര്‍വന്റെയും ഗന്ധര്‍വന്‍ സ്നേഹിക്കാത്ത പെണ്‍കുട്ടിയുടെയും കഥ വീണ്ടും മനസ്സില്‍ തെളിഞ്ഞു...ശ്രീജയുടെ കഥ ആറദ്ധ്യായങ്ങള്‍ കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞയാഴ്ച പോസ്റ്റ്‌ ചെയ്ത അദ്ധ്യായത്തില്‍ ആശുപത്രിയിലെ ജനറല്‍ വാര്‍ഡില്‍ രവിശങ്കറിന്റെ മുറിവ് ഡ്രസ്സ്‌ ചെയ്യുന്നതിനിടെ ഉള്ളിലെ നിറഞ്ഞു തുളുമ്പുന്ന പ്രണയം പ്രകടിപ്പിക്കാനാവാതെ വീര്‍പ്പുമുട്ടുന്ന ശ്രീജയുടെ ആത്മ സംഘര്‍ഷങ്ങള്‍ പറയാതെ പറഞ്ഞു... ഇനി യഥാര്‍ത്ഥ പ്രണയം തുടങ്ങുകയാണ്...ശ്രീജയുടെ നിര്‍ബന്ധിത വിവാഹം മൂലം ചേട്ടന് കിട്ടിയത് വലിയ ശമ്പളമുള്ള ജോലിയാണെങ്കിലും അവള്‍ക്ക് നഷ്ടമായത് രവിശങ്കറിനെയാണ് ..ആശുപത്രിയുടെ ക്രൂരമായ ഇരുട്ടില്‍ നഷ്ടപ്പെടുത്താനിടയാക്കാതെ പൊരുതി നേടിത്തന്നതെല്ലാം അവള്‍ കാത്തുവച്ചത് അയാള്‍ക്കു വേണ്ടി മാത്രമായിരുന്നല്ലോ....

രവിശങ്കര്‍ ഒരിക്കലും ശ്രീജയെ സ്നേഹിച്ചിരുന്നില്ലെങ്കിലും മറ്റാരുമറിഞ്ഞിട്ടില്ലാത്ത അവളുടെ മനസ്സ്‌ ശിവകാമിക്ക് പറഞ്ഞേ പറ്റൂ...
(തുടരും)
.

Wednesday, January 27, 2010

കടല്‍ മീനുകള്‍-ഭാഗം നാല് : വഴി തെറ്റി വന്ന ഒരു പൂച്ചക്കുട്ടി.

പെണ്‍കുട്ടിയെയും വിളിച്ച് ഡ്രൈവര്‍ ഔട്ട്‌ ഹൌസിനു നേര്‍ക്ക്‌ നടന്നു.
ഔട്ട്‌ ഹൌസിനു മുന്നില്‍ ചെറിയൊരു പുല്‍ത്തകിടിയുണ്ട്. വെട്ടിയൊതുക്കാത്ത പച്ചപ്പുല്ല് നിറഞ്ഞ പുല്‍ത്തകിടി. കാണാന്‍ ഓമനത്തമുള്ള ഒരു പൂച്ചക്കുഞ്ഞ് വഴിതെറ്റിയെന്നവണ്ണം പുല്ലിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു.തീര്‍ത്തും ക്ഷീണിച്ചിട്ടുണ്ട്. കരഞ്ഞു കരഞ്ഞു ശബ്ദം ഇടറിയിട്ടുണ്ടെങ്കിലും നിര്‍ത്താതെ കരയുന്നുമുണ്ട്. കാണുന്നവരെയെല്ലാം ഭയപ്പാടോടെ നോക്കിക്കൊണ്ട്, ഒളിക്കാനിടം തേടി നിലയുറയ്ക്കാത്ത കാലുകളുമായി അതു പുല്‍ത്തകിടിയിലൂടെ ഉഴറി നടന്നു..

ചെറുതായി വീശുന്ന കാറ്റില്‍ പറന്നു പോകാന്‍ തുടങ്ങിയ ഇളം പച്ച നിറത്തിലുള്ള ചുരിദാറിന്റെ ഷാള്‍ ഒതുക്കിപ്പിടിക്കാന്‍ പണിപ്പെട്ട് ,ഭാരം കുറഞ്ഞ ട്രാവല്‍ ബാഗുമായി ആ പെണ്‍കുട്ടി അകത്തേക്ക് കയറിപ്പോകുകയാണ്...
പോകും വഴി അവള്‍ ഗോപനെ ഒന്നു തിരിഞ്ഞു നോക്കി.
ആ മുഖം എവിടെയാണ് കണ്ടുമറന്നതെന്ന് ചിന്തിക്കുകയായിരുന്നു ഗോപന്‍.
കേരളവര്‍മ കോളേജില്‍ പ്രീഡിഗ്രീ സെക്കന്റ് ഗ്രൂപ്പില്‍ എപ്പോഴും കലപില സംസാരിച്ചു കൊണ്ട് നടക്കാറുണ്ടായിരുന്ന ഇന്ദുലേഖയെയാണ് ഗോപന് ഓര്‍മ വന്നത്. അവള്‍ക്കും ഏതാണ്ടിതേ രൂപമായിരുന്നു. തിങ്ങി നിറഞ്ഞ കോളേജ് ഓഡിറ്റൊറിയത്തിന്റെ കുമ്മായമടിച്ച ചുവരുകളില്‍ കൈകള്‍ താങ്ങി ഈണത്തില്‍ ചൊല്ലുന്ന കവിത കേള്‍ക്കുന്ന ഒരു ഇരുപതുകാരനെ വിസ്മയിപ്പിച്ച പെണ്‍കുട്ടി...
 പക്ഷേ പെട്ടെന്ന് ആശ്ചര്യത്തോടെ ഓര്‍ത്തു... ഈ പെണ്‍കുട്ടി.....ഇവള്‍ക്ക് ഗീതുവിന്റെ ഛായയല്ലേ...??

"ആര്‍ യു ഫ്രം വിഎം കണ്‍സ്ട്രക്ഷന്‍??"
ചോദ്യം കെട്ടു തിരിഞ്ഞു നോക്കിയപ്പോള്‍ ആജാനബാഹുവായ ഒരാള്‍ മുന്നില്‍ നില്‍ക്കുന്നു.കണ്ടാല്‍ ഒരു മലയാളിയെ പോലുണ്ട്.. പാന്റും ടീ ഷര്‍ട്ടുമാണ് വേഷം.
"യെസ്..ഐ ആം ഗോപന്‍..സൈറ്റ് സൂപ്പര്‍വൈസര്‍.."
"മലയാളി..??"
"അതേ.."
"ഓക്കേ മിസ്റ്റെര്‍ ഗോപന്‍...നിങ്ങളെ കണ്ടാല്‍ ഒരു നോര്‍ത്ത് ഇന്ത്യന്‍ ലുക്ക്‌ ഉണ്ട് കേട്ടോ...ഐ ആം വര്‍ഗീസ്‌...ഇവിടത്തെ പേര്‍സണല്‍ സെക്രട്ടറിയാണ്..."

വില്ലയുടെ മുറ്റത്ത് അവിടിവിടെയായി ലാന്‍ഡ്‌ സ്കേപ്പിങ്ങ് ജോലികള്‍ നടക്കുന്നുണ്ട്. വര്‍ഗീസ്‌ വില്ലയുടെ അകത്തേക്ക് കൂട്ടിക്കൊണ്ടു പോയി ഉള്‍ഭാഗം മുഴുവന്‍ ചുറ്റിനടന്നു കാണിച്ചു. ചില മുറികളിലെ ഫ്ലോര്‍ ടൈല്‍സ് മാറ്റണം സീലിങ്ങില്‍ ഡക്കറേഷന്‍ വര്‍ക്കുകളുണ്ട്. ബാത്ത് റൂമിലെ സാനിട്ടറി ഫിറ്റിങ്ങ്സ് ചേഞ്ച്‌ ചെയ്യണം കിച്ചണിലെ കാബിനെറ്റ്‌ പുതിയത് വയ്ക്കണം...... ചെയ്യാനുള്ള ജോലികള്‍ മുഴുവന്‍ വര്‍ഗീസ്‌ വിശദീകരിച്ചു...

"ഇവിടെ ഇപ്പോള്‍ ആരും താമസമില്ലേ..??"...
അവിടെ മറ്റാരെയും കാണാത്തത് കൊണ്ടാണ് ചോദിച്ചത്..
"ഇപ്പോള്‍ വര്‍ക്ക്‌ നടക്കുന്നത് കാരണം ആരുമില്ല.. അടുത്തു തന്നെ എല്ലാവരും വരും.."
സംസാരിച്ചു കൊണ്ടിരിക്കെ നേരത്തെ കണ്ട ഡ്രൈവര്‍ അകത്തേക്ക് കയറിവന്ന് വര്‍ഗീസിനോട്‌ എന്തോ പതുക്കെ പറയുന്നത് കേട്ടു.
ആ ഡ്രൈവര്‍ക്ക് എന്തോ ഒരു കള്ള ലക്ഷണമുള്ളത് പോലെയാണ് ഗോപന് തോന്നിയത്..ചിലരെ കാണുമ്പോള്‍ അങ്ങനെയാണ് ചിലപ്പോള്‍ വല്ലാതെ സ്നേഹിക്കാന്‍ തോന്നും അല്ലെങ്കില്‍ സംസാരിക്കാന്‍ കൂടി തോന്നില്ല.പക്ഷേ എല്ലാ മുന്‍ ധാരണകളെയും തെറ്റിച്ചുകളയുന്ന ചിലരുണ്ട്..അവരെയാണ് സൂക്ഷിക്കേണ്ടത് ...പിടിതരാത്ത ഭാവങ്ങളുമായി നടക്കുന്നവര്‍..

വര്‍ഗീസ്‌ ഇപ്പോള്‍ ഡ്രൈവറുടെ കൂടെ ഔട്ട്‌ ഹൌസിലേക്ക് നടക്കുകയാണ്. ആ പെണ്‍കുട്ടിയുടെ മുഖം മനസ്സില്‍ നിന്നും മായുന്നില്ല..ഇപ്പോള്‍ ചിന്തിക്കുമ്പോള്‍ ആ കുട്ടിയുടെ മുഖത്ത് ചെറിയ ഒരു ഭയം നിഴലിച്ചിരുന്നതായി തോന്നുന്നു. ആരായിരിക്കും അവള്‍..?? ഒരു പക്ഷേ ഹൌസ് മെയിഡ് ആയി വന്നതായിരിക്കും..കയ്യിലെ ബാഗ് കാണുമ്പോള്‍ ഒരു ദീര്‍ഘയാത്ര കഴിഞ്ഞു വരുന്ന ലക്ഷണമുണ്ട്...മലയാളിയാവാനാണ് സാധ്യത...പക്ഷേ സാധാരണ മുപ്പതു വയസ്സു കഴിഞ്ഞവര്‍ക്കേ യുഎഇ യില്‍ ഹൌസ് മെയിഡ് ആയി വരാന്‍ കഴിയൂ..അല്ലാതെ വിസ കിട്ടില്ല....ഈ കുട്ടിയെ കാണുമ്പോള്‍ ഒരു ഇരുപത്തഞ്ചു വയസ്സേ തോന്നിക്കുന്നുള്ളൂ...അപ്പോള്‍..??
ഗോപന്‍ പതുക്കെ വില്ലയ്ക്കു പുറത്തേക്കിറങ്ങി.

ഔട്ട്‌ ഹൌസില്‍ നിന്നും വര്‍ഗീസ്‌ പുറത്തേക്ക് വരുന്നത് കണ്ടു.
"മിസ്റ്റര്‍ ഗോപന്‍..എത്രയും വേഗത്തില്‍ വര്‍ക്ക്‌ കമ്പ്ലീറ്റ്‌ ചെയ്യണം...എന്റെ ബോസ്സ് എപ്പോഴാണ് ഇങ്ങോട്ട് താമസത്തിന് വരുന്നതെന്നറിയില്ല....പിന്നെ ആ ഔട്ട്‌ ഹൌസിലെ ഫ്ലുഷ് വര്‍ക്ക്‌ ചെയ്യുന്നില്ല... വര്‍ക്കേര്‍സ് വരുമ്പോള്‍ അതും കൂടി ഒന്നു ശരിയാക്കാന്‍ പറയണേ.. "

വര്‍ഗീസ്‌ പോയിക്കഴിഞ്ഞിട്ടും ഗോപന്‍ അവിടത്തന്നെ നിന്നു. മെറ്റീരിയല്‍സിന്റെ ലിസ്റ്റെടുക്കണം..ഇന്ന് തന്നെ പര്‍ച്ചേസ് ഓര്‍ഡര്‍ സെന്റ് ചെയ്താലേ അടുത്ത ദിവസം വര്‍ക്ക്‌ തുടങ്ങുമ്പോഴേക്കും സാധനങ്ങള്‍ കിട്ടൂ....
മുഴുവന്‍ മെഷര്‍മെന്റും എടുത്തു കഴിയുമ്പോഴേക്ക് നേരം ഉച്ചയായിരുന്നു. കാറില്‍ കയറി തിരിച്ചു പോകാന്‍ ഒരുങ്ങുമ്പോഴാണ് ഔട്ട്‌ ഹൌസിലെ ഫ്ലുഷ് സിസ്റ്റെണിന്റെ കാര്യമോര്‍ത്തത്. അതു കൂടി മാറ്റിവയ്ക്കണമെങ്കില്‍ ഇപ്പോള്‍ തന്നെ മെറ്റീരിയല്‍സ് ലിസ്റ്റില്‍ ചേര്‍ക്കുന്നതാണ് നല്ലത്.

ചെറിയ ജനാലകളും ഇടുങ്ങിയ രണ്ടുമൂന്ന് മുറികളുള്ള ആ ഔട്ട്‌ ഹൌസിന്റെ വാതില്‍ക്കലെത്തിയപ്പോഴാണ് നേരത്തെ കണ്ട പെണ്‍കുട്ടി അകത്തുണ്ടാവുമെന്ന കാര്യം ഗോപന്‍ ഓര്‍ത്തത്. ആദ്യം തിരിച്ചു പോയാലോ എന്ന് ചിന്തിച്ചു. പിന്നെ രണ്ടും കല്‍പ്പിച്ചു വാതിലില്‍ മുട്ടി.
നേരത്തെ കണ്ട പൂച്ചക്കുഞ്ഞ് ഇപ്പോള്‍ നടന്നു തളര്‍ന്ന് ഔട്ട്‌ ഹൌസിന്റെ വാതിലിനോടു ചേര്‍ന്നിരുന്ന് ശബ്ദമില്ലാതെ കരയുകയാണ്.. ഗോപനെ കണ്ടതും അതു പേടിച്ച് വാതിലിന്റെ മൂലയില്‍ പോയി ഒളിക്കാന്‍ ശ്രമിച്ചു..

ആ പെണ്‍കുട്ടി വാതില്‍ തുറക്കുമ്പോള്‍ ഗോപന്‍ നിലത്തു നിന്നും ആ പൂച്ചക്കുഞ്ഞിനെ കയ്യിലെടുക്കുകയായിരുന്നു. ആദ്യം കരഞ്ഞു ബഹളം വച്ചെങ്കിലും പിന്നീടത്‌ ഗോപന്റെ കയ്യില്‍ തളര്‍ന്ന് കിടന്നു.
പെണ്‍കുട്ടി അല്‍പ്പം ഭയത്തോടെയും സംശയത്തോടെയും ഗോപനെ നോക്കി.

"ഈ പൂച്ചക്കുഞ്ഞ് ചാവാറായിരിക്കുന്നു..എന്തെങ്കിലും തിന്നാന്‍ കൊടുത്തില്ലെങ്കില്‍ ഇത് ചത്തുപോകും.."

അല്‍പ്പം തടിച്ച ചുണ്ടുകളും, വട്ടമുഖവും വലിപ്പമേറിയ കണ്ണുകളുമുള്ള ആ പെണ്‍കുട്ടി മലയാളി തന്നെയാണെന്ന് ഉറപ്പിച്ചു കൊണ്ടാണ് ഗോപന്‍ സംസാരിച്ചത്. കഴുത്തില്‍ അല്‍പ്പം താഴെയായി തെളിഞ്ഞു കണ്ട ഗുരുവായൂരപ്പന്റെ രൂപം പതിച്ച ലോക്കറ്റ് ആ വിശ്വാസത്തെ സാധൂകരിക്കുകയും ചെയ്തു.
പക്ഷേ പെണ്‍കുട്ടി ഒന്നും മിണ്ടാതെ നില്‍ക്കുകയാണ്. ഗോപനെയും കയ്യിലെ പൂച്ചക്കുഞ്ഞിനെയും അവള്‍ കുറച്ചു നേരം മാറി മാറി നോക്കി എന്നിട്ട് പെട്ടെന്ന് അകത്തേക്ക് കയറിപ്പോയി.
ഗോപന് അത്ഭുതം തോന്നിയില്ല. ചിലപ്പോള്‍ അപരിചിതനായ ഒരാളെ കണ്ടത് കൊണ്ടാവും...

പൂച്ചക്കുഞ്ഞ് വീണ്ടും കരഞ്ഞു തുടങ്ങിയിരുന്നു.ഗോപന്‍ ഗേറ്റിനോടു ചേര്‍ന്നുള്ള സെക്യൂരിറ്റി കാബിന്‍ ലക്ഷ്യമാക്കി നടന്നു. മനസ്സില്‍ മുഴുവന്‍ ആ പെണ്‍കുട്ടിയുടെ മുഖമാണ്. എന്ത് കൊണ്ടാണെന്നറിയില്ല..ഇപ്പോളവളെ കണ്ടപ്പോള്‍ ഇന്ദുലേഖയല്ല, ഗീതു മുന്നില്‍ വന്നു നിന്നതുപോലെയാണ് തോന്നിയത്. അവളുടെ അതേ ഉയരം.നില്‍പ്പും നോട്ടവുമെല്ലാം അതുപോലെ തന്നെ...

സെക്യൂരിറ്റിയോട് ഒരു കഷണം ബ്രെഡ്‌ വാങ്ങി പൂച്ചക്കുട്ടിക്ക് കൊടുത്തു നോക്കി. അതു ഒന്നു മണത്തു നോക്കിയെന്നല്ലാതെ തിന്നാന്‍ കൂട്ടാക്കിയില്ല. ഗോപന്റെ യത്നം കണ്ടു നേപ്പാളുകാരന്‍ സെക്യൂരിറ്റി ചിരിച്ചു.
"ചോഡ്‌ദോ സാബ്..കോയി ഫൈദാ നഹീ...."

സെക്യൂരിറ്റിയോട് കാര്യം പറഞ്ഞു. ഔട്ട്‌ ഹൌസിലെ ഒരു ബാത്ത്റൂമിലെ ഫ്ലുഷ് ആണത്രേ വര്‍ക്ക് ചെയ്യാത്തത്. കൂടെ വരാന്‍ പറഞ്ഞപ്പോള്‍ മുറ്റത്ത് ലാന്‍ഡ്‌ സ്കേപ്പിങ്ങ് ചെയ്യുകയായിരുന്ന വര്‍ക്കറോട് ഗെറ്റ് ഒന്നു ശ്രദ്ധിച്ചോളാന്‍ വിളിച്ച് പറഞ്ഞ് ,വലിയ താക്കോല്‍ കൂട്ടവും കയ്യിലെടുത്ത്  അയാള്‍ കൂടെ വന്നു.
ഗോപന് പൂച്ചക്കുഞ്ഞിനെ ഉപേക്ഷിക്കാന്‍ മനസ്സുവന്നില്ല.ഒട്ടും ശക്തിയില്ലാതെ, കയ്യില്‍ നിന്നും പിടഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും അതിനെയും കയ്യിലെടുത്തു നടന്നു.

വാതില്‍ തുറന്ന് കിടപ്പുണ്ടായിരുന്നു സെക്യൂരിറ്റി അധികാര ഭാവത്തില്‍ അകത്തു കയറി. ആ പെണ്‍കുട്ടിയെ പറ്റി സെക്യൂരിറ്റിയോട് ചോദിക്കാമായിരുന്നു എന്ന് അപ്പോഴാണ്‌ ഓര്‍ത്തത്.
അവള്‍ അകത്തെ ഇരുമ്പ് കട്ടിലിനോട് ചേര്‍ന്ന് നില്‍ക്കുകയായിരുന്നു. രാവിലെ കണ്ട അതേ വേഷമാണ്. കട്ടിലില്‍ തുറന്ന് വച്ച ബാഗ് കണ്ടു. അതില്‍ നിന്നും പുറത്തേക്കേടുത്ത് വച്ച രണ്ടുമൂന്നു കടലാസ് പൊതികള്‍..

സെക്യൂരിറ്റി പെണ്‍കുട്ടിയെ ആകമാനമൊന്നു നോക്കി. പിന്നെ ഗോപനു ബാത്ത് റൂം കാണിച്ചു കൊടുത്തു.
പൂച്ചക്കുട്ടി അപ്പോഴും കയ്യിലുണ്ടായിരുന്നു... എവിടെയാണ് അതിനെ ഒന്നു വയ്ക്കുക എന്നോര്‍ത്തപ്പോള്‍ നിലത്ത് ഒരു ചെറിയ പെട്ടി കണ്ടു. ഒഴിഞ്ഞ പെയിന്റിന്റെയോ മറ്റോ കാര്‍ട്ടന്‍ ആവണം. തല്‍ക്കാലം അതിനെ അതിലേക്കു വച്ചു. ശബ്ദമില്ലാതെ കരഞ്ഞു കൊണ്ട് അതു ദയനീയമായി മുകളിലേക്ക് നോക്കിക്കൊണ്ടിരുന്നു.

"ഹിന്ദി ആത്താ ഹേ..?? "

സെക്യൂരിറ്റി പെണ്‍കുട്ടിയോട് ചോദിക്കുകയാണ്...അയാളുടെ കണ്ണുകള്‍ പെണ്‍കുട്ടിയെ ആകമാനം ഉഴിയുന്നുണ്ട്.
അവള്‍ പതുക്കെ അതെയെന്നു തലയാട്ടി.

"മൊബൈല്‍ ഫോണ്‍ മിലാ..??"

അതിനും മറുപടി അതേ തലയാട്ടല്‍ തന്നെയായിരുന്നു... ഗോപന്‍ കൌതുകത്തോടെ പെണ്‍കുട്ടിയെ നിരീക്ഷിച്ചു. മലയാളി ആവാതിരിക്കാന്‍ തരമില്ല..തലതാഴ്ത്തി കണ്ണുകള്‍ മുകളിലെക്കുയര്‍ത്തിയുള്ള നോട്ടം കാണുമ്പോള്‍ പണ്ട് എന്തെങ്കിലും കുസൃതിയൊപ്പിച്ചു അമ്മയുടെ മുന്നില്‍ പരുങ്ങി നില്‍ക്കാറുണ്ടായിരുന്ന ഗീതുവിനെത്തന്നെ ഓര്‍മ വരുന്നു...
അവളുടെ മൊബൈല്‍ നമ്പര്‍ വാങ്ങിച്ച് സെക്യൂരിറ്റി പുറത്തേക്ക് പോയി. അവളാരായിരിക്കും എന്നത് ഗോപന് അപ്പോഴും ഊഹിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല.

ബാത്ത് റൂമിനകത്തു കയറി ഫ്ലുഷ് സിസ്റ്റെണ്‍ പരിശോധിച്ചു..ടാങ്കിനു ചെറിയ പൊട്ടലുണ്ട്..ചൂട് വെള്ളം കയറിയിട്ടുണ്ടാവാം..മോഡല്‍ നെയിം എഴുതിയെടുത്ത്‌ ,മറ്റു ഫിറ്റിങ്ങ്സും ചെക്ക്‌ ചെയ്തു. പ്ലുംബെര്‍ വരുമ്പോള്‍ ആദ്യം തന്നെ ഇത് മാറ്റി വെയ്പ്പിക്കാം..

ബാത്ത് റൂമിന് പുറത്തെക്കിറങ്ങിയപ്പോഴാണ് കണ്ടത് ,പൂച്ചക്കുഞ്ഞിനെ പെട്ടിയില്‍ നിന്നും തറയിലെടുത്തു വച്ച് കയ്യിലെ ചെറിയ റെയിന്‍ബോ മില്‍ക്കിന്റെ ടിന്നില്‍ നിന്നും കുറച്ചു പാല്‍ നിലത്തൊഴിച്ച് ,അതിനെ കുടിപ്പിക്കാന്‍ ശ്രമിക്കുകയാണ് ആ പെണ്‍കുട്ടി.!!
പൂച്ചക്കുഞ്ഞ് ആദ്യമൊന്നു തലവെട്ടിച്ചെങ്കിലും പിന്നെ ആര്‍ത്തിയോടെ പാല്‍ നക്കിക്കുടിക്കാന്‍ തുടങ്ങി.
ഗോപനെ കണ്ടതും പെണ്‍കുട്ടി പരിഭ്രമത്തോടെ പിടഞ്ഞെഴുന്നെറ്റ് കട്ടിലിനോട് ഒതുങ്ങി നിന്നു. എന്നിട്ട് പതുക്കെ ചിരിക്കാന്‍ ശ്രമിച്ചു.
എന്താണ് ചോദിക്കേണ്ടത്‌ എന്നറിയാതെ ഉഴലുകയായിരുന്നു ഗോപന്‍. മലയാളത്തില്‍ പറയണോ..അതോ ഹിന്ദിയോ ഇംഗ്ലീഷോ...
"മലയാളിയല്ലേ..??"..ഒടുക്കം സംശയിച്ചു കൊണ്ട് ചോദിച്ചു.
അവള്‍ നിഷേധഭാവത്തില്‍ തലയാട്ടുകയാണ്. വീണ്ടും അത്ഭുതമായി.. പറയുന്നതവള്‍ക്ക് മനസ്സിലാവുന്നുണ്ടോ..??..എന്തെങ്കിലും ഒന്നു പറഞ്ഞിരുന്നെങ്കില്‍..

പൂച്ചക്കുഞ്ഞ് പാലുമുഴുവന്‍ കുടിച്ചു കഴിഞ്ഞിരുന്നു. നാവു നൊട്ടിനുണഞ്ഞ് ഒരു പ്രത്യേക ശബ്ദത്തില്‍ കരഞ്ഞു കൊണ്ട് അതവളെ നന്ദിയോടെ നോക്കി.
പെണ്‍കുട്ടിയെ കാണുമ്പോള്‍ ഒരു സാധാരണ ഹൌസ് മെയ് ഡ് ആവാന്‍ വഴിയില്ലെന്ന് തോന്നുന്നു.ഒരു നല്ല കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന കുട്ടിയാണെന്നേ കണ്ടാല്‍ പറയൂ... കേരളത്തിലെ ഏതെങ്കിലും ഗവണ്‍മെന്റ് കോളേജില്‍ പഠിക്കുന്ന ഒരു ഡിഗ്രി സ്റ്റുഡന്റിന്റെ രൂപഭാവങ്ങളാണ് കൂടുതല്‍ യോജിക്കുക..ചുരിദാറിനു പകരം ധാവണിയോ മറ്റോ ആയിരുന്നെങ്കില്‍ പഴയ മലയാള സിനിമകളില്‍ കാണുന്ന ഗ്രാമീണ പെണ്‍കൊടിമാരുടെ അതേ രൂപമായിരുന്നെനെ..

പെണ്‍കുട്ടി ഗോപനെ തന്നെ സൂക്ഷിച്ചു നോക്കുകയായിരുന്നു. പുറത്തേക്ക് നടക്കാന്‍ തുടങ്ങുന്ന പൂച്ചക്കുഞ്ഞിനെ ഗോപന്‍ ഒന്നു ശ്രദ്ധിച്ചു. ആദ്യം കൈകാലുകള്‍ നിവര്‍ത്തി, ശരീരം വില്ല് പോലെ വളച്ച്‌ തലയുയര്‍ത്തി ഒന്നു നോക്കിയതിനു ശേഷം അതു വാതിലിനു നേര്‍ക്ക്‌ നടന്നു. വാതിലിനു വെളിയിലേക്ക് നടക്കാന്‍ തുനിഞ്ഞ പൂച്ചക്കുഞ്ഞ് ഒരു നിമിഷം സംശയിച്ചു നില്ക്കുന്നത് കണ്ടു. പിന്നെ തിരിച്ചകത്തേക്ക് തന്നെ കയറി വന്നു.

"ഹാഷിണി..."
ഗോപന്റെ കണ്ണുകളിലേക്ക് നോക്കി പെട്ടെന്നാണ് ആ പെണ്‍കുട്ടി പറഞ്ഞത്. കാലിനു ചുറ്റും മുട്ടിയുരുമ്മി നടന്ന് ഗോപനോട് ലോഹ്യം പ്രകടിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു ആ പൂച്ചക്കുഞ്ഞ് അപ്പോള്‍... എന്താണ് പറഞ്ഞതെന്ന് മനസ്സിലാവാതെ വന്നപ്പോള്‍ ചോദ്യഭാവത്തില്‍ അവളുടെ മുഖത്തേക്ക് നോക്കി. 
"ഹാഷിണി ജയസിംഗെ..."
ആ പേര് കേട്ടു അത്ഭുതപ്പെടുകയായിരുന്നു ഗോപന്‍....ഗോപന്റെ മുഖത്തെ സംശയം കണ്ടപ്പോള്‍ അവള്‍ കൂട്ടിച്ചേര്‍ത്തു.
"ശ്രീലങ്കന്‍.."
"ശ്രീലങ്കന്‍.??!!..."
നിറഞ്ഞ മലയാളിത്തം തുളുമ്പുന്ന ഈ പെണ്‍കുട്ടി ശ്രീലങ്കക്കാരിയാണെന്നോ..?! അപ്പോള്‍ നേരിയ സ്വര്‍ണമാലയ്ക്കൊപ്പം കഴുത്തില്‍ തെളിഞ്ഞു കാണുന്ന, ഗുരുവായൂരപ്പന്റെ രൂപമുള്ള ഈ ലോക്കറ്റ്...??!
ഗോപന്‍ ശരിക്കും അമ്പരന്നു...
(തുടരും)

Sunday, January 24, 2010

കടല്‍മീനുകള്‍-ഭാഗം മൂന്ന് : കരിഞ്ഞ തുളസിയിലകള്‍.

മുനീറിന്റെ കേസ് ഹിസ്റ്ററി വിശദീകരിച്ചുകൊടുക്കാന്‍ പുതിയ ഡോക്ടറെ തേടി നടക്കുകയായിരുന്നു അരുണ.ഐസിയു വില്‍ നിന്നും റൂമിലേക്ക്‌ മാറ്റുമ്പോള്‍ ഫിലിപൈന്‍കാരിയായ സിസ്റ്റര്‍ അനബെല്ല മുനീറിനെ കുറേ ചീത്ത വിളിച്ചു..അനബെല്ലയുടെ ജോലി പോവേണ്ടതായിരുന്നു.ഒരു പേഷ്യന്റ് സൂയിസൈഡ് ചെയ്യാന്‍ ശ്രമിക്കുന്നത് ഹോസ്പിറ്റലിന്റെ ചരിത്രത്തില്‍ തന്നെ ചിലപ്പോള്‍ ആദ്യത്തെ സംഭവമാകും....
കുറേ നേരം കൂടി കഴിഞ്ഞാണ് ഡോക്ടര്‍ എത്തിയത്.തീരെ താല്പ്പര്യമില്ലാത്തത് പോലെയാണ്  അരുണ പറയുന്നത് അയാള്‍ കേട്ടു നിന്നതും.അധികനേരം കഴിയുന്നതിനു മുന്‍പ് തന്നെ മൊബൈലില്‍ ആര്‍ക്കോ ഫോണ്‍ ചെയ്തു കൊണ്ട് അയാള്‍ പുറത്തേക്ക് പോയി. മുറിയിലെ ചില്ലരമാലയില്‍ നിന്നും ഏതോ മരുന്ന് തപ്പിയെടുക്കുന്നതിനിടെ, തന്റെ കൈകള്‍ മലര്‍ത്തി കാണിക്കുകയായിരുന്നു അനബെല്ല അപ്പോള്‍....

പുറത്തേക്ക് നടക്കുമ്പോള്‍ അരുണ തീര്‍ത്തും ക്ഷീണിതയായിരുന്നു.ഇടനാഴിക്ക് പുറത്തു കടന്നപ്പോള്‍  ലോബിയിലെ കസേരയിലിരുന്ന് ഉറങ്ങുന്ന ഗോപനെ കണ്ടു.ചുളിവുവീണ, നീളമേറിയ കോട്ടന്‍ ഷേര്‍ട്ടും ഷേവ് ചെയ്യാത്ത മുഖവുമായി ചാരിയിരുന്നുറങ്ങുന്ന ഗോപന് പഴയ സിനിമകളിലെ വേണു നാഗവള്ളിയുടെ ഛായയാണ് .... നീണ്ട പത്തുവര്‍ഷങ്ങള്‍ പോലും മാറ്റങ്ങള്‍ വരുത്താന്‍ മടിക്കുന്ന മുഖത്ത് സ്ഥായിയായ വിഷാദ ഭാവം...

അടുത്തു ചെന്നു തട്ടി വിളിച്ചപ്പോള്‍ ഞെട്ടിയെഴുന്നെറ്റ് ഗോപന്‍ പകച്ചു നോക്കി.
അരുണയില്‍ ഒരു ചെറിയ ചിരി വിടര്‍ന്നു.
ചെറിയ മയക്കത്തില്‍ നിന്നു ഞെട്ടിയുണര്‍ന്നപ്പോള്‍ കണ്മുന്നില്‍ അരുണയെ കണ്ടു ഗോപന്‍ ആദ്യമൊന്നമ്പരന്നു.പിന്നെയാണ് താന്‍ നില്‍ക്കുന്നത് ഹോസ്പിറ്റലിലാണെന്ന് ഓര്‍മ വന്നത്.

"പേടിക്കേണ്ട..." ഗോപനെ നോക്കിക്കൊണ്ട്‌ അരുണ തുടര്‍ന്നു...." റൂമിലേക്ക്‌ കൊണ്ട് വന്നിട്ടുണ്ട്. ഡോക്ടറോട് ഞാന്‍ സംസാരിച്ചു. ആ പഴുപ്പ് വലിയ പ്രശ്നമില്ലെന്നാണ് പറഞ്ഞത്. മെഡിസിനില്‍ മാറിയില്ലെങ്കില്‍ ചെറിയ ഒരു സര്‍ജറി കൂടി വേണ്ടി വരും. അടുത്ത വീക്കില്‍ ഞാന്‍ ഈ സെക്ഷനിലേക്ക് മാറ്റം കിട്ടുമോ എന്ന് നോക്കാം..."
"അരുണയ്ക്ക് നാളെ ഡ്യൂട്ടിയുണ്ടോ..."
"ഇല്ല ഞാന്‍ മൂന്നു ദിവസത്തെ ലീവിലാണ്..."
"അതെന്തു പറ്റി..ലീവെടുക്കാന്‍..??"
എന്ത് പറയണമെന്ന് ചിന്തിക്കുകയായിരുന്നു അരുണ. മനസ്സു തുറന്ന് സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ ശ്രീജ ഉള്ളിലിരുന്നു വിലക്കുന്നു. വര്‍ഷങ്ങളായി രൂപാന്തരം പ്രാപിച്ച് വന്ന നേര്‍ത്ത ഒരാവരണം മനസ്സിന് ചുറ്റും എപ്പോഴോ കുടിയേറിയിട്ടുണ്ട്..പോര്‍ട്ട്‌ ഹോസ്പിറ്റലിലെ ഹെഡ് നഴ്സ് അരുണ പ്രിയദര്‍ശിനിയെ എല്ലാവര്‍ക്കുമറിയാം...പക്ഷേ തുളസിയിലകളുടെ ഗന്ധമിഷ്ടമുള്ള രവിശങ്കറിന്റെ കഥയെഴുതുന്ന ബ്ലോഗ്ഗര്‍ ശിവകാമി ശ്രീജയെന്ന ഇരുപത്തിരണ്ടു കാരിയുടെ മാത്രം സ്വന്തമാണ്...
എങ്കിലും മറുപടി പറഞ്ഞു...
"പ്രത്യേകിച്ച് ഒന്നുമില്ല..കുറേ ലീവ് ബാക്കിയുണ്ടായിരുന്നു...അതിങ്ങനെ എടുത്തു തീര്‍ക്കുന്നു.ചിലപ്പോഴൊക്കെ ഒരു വല്ലാത്ത മടിയും ക്ഷീണവും വരും അപ്പോഴിങ്ങനെ....."
"അതെന്താ ലീവ് ബാക്കി??..വെക്കേഷന് നാട്ടില്‍ പോയില്ലേ...."
"ഇല്ല.."
"അതെന്തേ..?"
"പോയിട്ട് ആരെ കാണാനാണ്..പോകേണ്ടെന്നു തോന്നി..."
"അമ്മയിപ്പോ..??."
"ചേട്ടന്റെ കൂടെയാണ് ..ചിലപ്പോഴൊക്കെ അനിയത്തിയുടെ അടുത്തു പോകും....അവിടെ ഇന്റര്‍നെറ്റ്‌ ഉള്ളത് കൊണ്ട് ചിലപ്പോഴൊക്കെ വെബ്‌കാമില്‍ കണ്ടുകൊണ്ട് സംസാരിക്കാറുണ്ട്..പിന്നെ വര്‍ഷാവര്‍ഷമുള്ള നാട്ടില്‍ പോക്ക് ഒരു വഴിപാടാണല്ലോ..അത് കൊണ്ട് ഈ വര്‍ഷം പോകുന്നില്ല എന്ന് വച്ചു...."
"അപ്പോള്‍ ആ പഴയ വീട്..?"
"അടച്ചിട്ടിരിക്കുന്നു....." 
"വെക്കേഷന് പോകുമ്പോള്‍ ആ വീട്ടിലെക്കാണോ പോകാറ്‌..??"
"അതേ.."
"ചേട്ടന്‍....??"...അല്‍പ്പം മടിച്ചു കൊണ്ടാണ് ഗോപന്‍ ചോദിച്ചത്.
"എന്നെ കാണാന്‍ വരാറില്ല...അമ്മയെ ഗേറ്റില്‍ ഇറക്കി വിട്ടു പോകും..പിന്നെ ഞാന്‍ തിരിച്ചു വരുന്നതിനു കൃത്യം ഒരു ദിവസം മുന്നേ വന്നു കൂട്ടിക്കൊണ്ടു പോകും..."
അരുണയുടെ മുഖത്തേക്ക് നോക്കിയപ്പോള്‍ ഗോപന് ചോദിക്കേണ്ടിയിരുന്നില്ല എന്ന് തോന്നി.മുഖത്തേക്ക് വീണുകിടക്കുന്ന ഒന്നു രണ്ട് മുടിയിഴകള്‍ക്കിടയിലൂടെ തെളിഞ്ഞു കണ്ട കണ്ണുകളില്‍ നേര്‍ത്ത വിഷാദം അലയടിക്കുന്നുണ്ട്.
"മുറ്റത്തെ തുളസിത്തറയൊക്കെ ഇപ്പോഴുമുണ്ടോ....??"
ഉള്ളിലെവിടെയോ ചെറിയൊരു നടുക്കമുണര്‍ന്നതായി അരുണയ്ക്ക് തോന്നി. കെട്ടുപിണഞ്ഞുകിടക്കുന്ന തുളസിക്കാടുകള്‍ക്കിടയില്‍ നിന്നും പുറത്തേക്ക് വിരിയാന്‍ കൊതിച്ച ഒരു പിച്ചകപ്പൂ വേദനയോടെ ചിരിക്കുന്നു...
"ഉണ്ട്...."
".....പക്ഷേ തുളസിച്ചെടികളൊന്നുമില്ല...."
ഒരു നിമിഷം നിര്‍ത്തി, ഗോപന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിക്കൊണ്ട്  അരുണ തുടര്‍ന്നു..
"ഒക്കെ നശിച്ചു..."
ഗോപന് കൂടുതലൊന്നും ചോദിക്കാന്‍ തോന്നിയില്ല.

വലിയ വെള്ളക്കുപ്പികള്‍ നിറച്ച ട്രോളിയും തള്ളി ഒരു ബംഗ്ലാദേശി അറ്റന്‍ഡര്‍ അവര്‍ക്ക് മുന്നിലൂടെ കടന്നു പോയി. ബോട്ടിലുകളില്‍ കടും നീലനിറത്തില്‍ പ്രിന്റ്‌ ചെയ്തിരിക്കുന്ന വലിയ തിരമാലകളുടെ ചിത്രം..‍..
ഗോപന്‍ പെട്ടെന്ന് എഴുന്നേറ്റു.
"പോകാം..അല്ലേ...
ഒരു നിമിഷം അര്‍ധോക്തിയില്‍ നിര്‍ത്തി ,പിന്നെ തുടര്‍ന്നു.
"....ഇനിയെന്തായാലും മുനീറിന്റെ റൂമിലേക്ക്‌ പോകാന്‍ പറ്റില്ലല്ലോ....."
"................."
"അരുണയും ഇറങ്ങുകയല്ലേ.."
"അതേ..."

നേര്‍ത്ത കോടമഞ്ഞ്‌ വീഴുന്ന വാക്ക് വേയിലൂടെ പുറത്തേക്ക് നടക്കുമ്പോള്‍ തണുപ്പില്‍ അരുണയുടെ പല്ലുകള്‍  കൂട്ടിയിടിക്കുന്നുണ്ടായിരുന്നു..
"പെട്ടെന്ന് ഇറങ്ങിയത്‌ കൊണ്ട് ജാക്കെറ്റെടുക്കാന്‍ മറന്നു..."
സംസാരിക്കുമ്പോള്‍, അരുണയുടെ ചുണ്ടുകള്‍ ചെറുതായി വിറയ്ക്കുന്നത് ഗോപന്‍ ശ്രദ്ധിച്ചു.
"ഞാന്‍ ജാക്കെറ്റ് എപ്പോഴും കാറില്‍ തന്നെ വയ്ക്കാന്‍ ശ്രദ്ധിക്കും..എപ്പോഴാണ് ഉപയോഗം വരുന്നതെന്നറിയില്ലല്ലോ...."

അരുണയുടെ കാര്‍ സെക്യൂരിറ്റി കാബിനും കടന്നു പോയതിനു ശേഷമേ ഗോപന്‍ കാറിനടുത്തേക്ക്‌ പോയുള്ളൂ..
കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്യുമ്പോള്‍ അടുത്ത സീറ്റില്‍ ജാക്കെറ്റ് കണ്ടു.
അല്‍പ്പനേരം അതില്‍ നോക്കിയിരുന്ന്, പിന്നെ ഒരു നെടുവീര്‍പ്പോടെ വണ്ടി മുന്നോട്ടെടുത്തു.

പിറ്റേ ദിവസം ഗോപന്‍ സൈറ്റിലേക്കു പോകാതെ നേരെ ഓഫീസിലേക്കാണ് പോയത്.സൈറ്റിലെ ജോലികളെല്ലാം നിര്‍ത്തിവയ്ക്കാനുള്ള അറിയിപ്പ് ഒരാഴ്ച മുന്‍പ് തന്നെ കിട്ടിയിരുന്നു.
ഓഫീസ് പതിവുപോലെ നിശബ്ദമായിരുന്നു.അക്കൗണ്ട്‌സ് ഡിപ്പാര്‍ട്ട്മെന്റിന് മുന്നിലൂടെ പോകുമ്പോള്‍ കമ്പ്യൂട്ടര്‍ മോണിട്ടറില്‍ മുഖം പൂഴ്ത്തിയിരിക്കുന്ന പതിവ് മുഖങ്ങള്‍ കണ്ടു. സൈറ്റ് സൂപ്പര്‍വൈസര്‍മാര്‍ക്കുള്ള മുറിയിലേക്ക് കയറാന്‍ തുടങ്ങുമ്പോഴാണ് ദൂരെനിന്നും സുരേഷ് വിളിക്കുന്നത്‌ കേട്ടത്.

"ഗോപേട്ടാ.."
അടുത്തേക്ക്‌ വന്ന് പതിഞ്ഞ സ്വരത്തില്‍ സുരേഷ് ചോദിച്ചു.
"ജോയലിന്റെ കാര്യമറിഞ്ഞോ..?"
"ഏതു ജോയല്‍..??"
"നമ്മുടെ അല്‍ നബൂദ പ്രൊജക്റ്റ്‌ ഇല്ലായിരുന്നോ..അതിന്റെ സ്ട്രക്ചറല്‍ എഞ്ചിനീയര്‍....ആ ഫിലിപ്പീനി...."
"ഓ.. ആ ജോയലോ...അയാള്‍ക്കെന്തു പറ്റി.??
"പുള്ളിയെ പെട്ടെന്നൊരു ദിവസം കാണാതായതാ...ടെര്‍മിനേഷന്‍ ലെറ്റര്‍ കിട്ടിയതിന്റെ പിറ്റേ ദിവസം മുതല്‍...താമസസ്ഥലത്ത് അന്വേഷിച്ചപ്പോള്‍ നാട്ടില്‍ പോയി എന്ന് റൂം മേറ്റ്‌ പറഞ്ഞു....."
"എന്നിട്ട്..എന്തെങ്കിലും വിവരം കിട്ടിയോ.."
ആകാംഷയോടെയാണ് ചോദിച്ചത്..
"ഇന്നലെ ഇവിടെ പോലീസ് വന്നിരുന്നു..എയര്‍ പോര്‍ട്ടില്‍ നിന്നും പുള്ളിയുടെ കാര്‍ കിട്ടി......അബാന്‍ഡഡ്...!!"
ഗോപന്‍ സംശയത്തോടെ സുരേഷിനെ നോക്കി.
"പുതിയ കാര്‍ ആയിരുന്നു..ഹോണ്ട അക്കൊര്‍ഡ്.....പോകുമ്പോള്‍ എയര്‍പോര്‍ട്ടില്‍ ഉപേക്ഷിച്ച് പോയതാണ്....സീറ്റില്‍ കുറേ ക്രെഡിറ്റ്‌ കാര്‍ഡുകളുമുണ്ടായിരുന്നു....."
"ഇവിടം വിട്ടു പോയതാണ് അല്ലേ..??"
"അതേ...കാര്‍ വാങ്ങിയിട്ട് ആറുമാസം പോലും ആയിട്ടില്ല..ലോണായിരുന്നു...പിന്നെ ക്രെഡിറ്റ്‌ കാര്‍ഡുകളില്‍ വലിയ എമൌണ്ട് തിരിച്ചടയ്ക്കാനുണ്ട് ...മഷ്റക് ബാങ്കില്‍ നിന്നും അറുപതിനായിരം ദിര്‍ഹത്തോളം ലോണ്‍ എടുത്തിട്ടുണ്ടത്രെ..വേറെയും ചില ബാങ്കുകളില്‍ നിന്നും എടുത്തിട്ടുണ്ട് പേര്‍സണല്‍ ലോണ്‍...."
"അവനെന്തിനാണ്‌ ലോണെടുത്തത്..?! അതും ഇത്രയും പൈസ..!!"
"നാട്ടില്‍ എന്തൊക്കയോ റോളിംഗ് ഉണ്ടായിരുന്നു....പിന്നെ ഇവിടെ മൂന്നു നാലു ഗേള്‍ ഫ്രണ്ട്സ് ഉണ്ടായിരുന്നല്ലോ..എല്ലാറ്റിനെയും മേയ്ക്കണ്ടേ.."
"ഇവിടെ നിന്ന് , ഇത്രയും വലിയ തുക അവന്‍ എങ്ങനെ തിരിച്ചടയ്ക്കാന്‍.....അറബി ജയിലില്‍ കിടക്കുന്നതിനേക്കാള്‍ നല്ലത് നാട്ടില്‍ പോയി എവിടെയെങ്കിലും ഒളിച്ചു താമസിക്കുന്നതാണ് എന്നു ചിന്തിച്ചു കാണും.."
"അവന്റെ ഫ്യൂച്ചര്‍ പോയി...ഇനി അവന്‍ എവിടെ പോയി ഒളിച്ചിട്ടെന്ത് ‍..??.."
"ഇനി അവന് പാസ്സ്പോര്‍ട്ട് ഉപയോഗിച്ച് യാത്ര ചെയ്യാന്‍ പറ്റില്ല....എല്ലാ എയര്‍പോര്‍ട്ടിലേക്കും ഇവര്‍ മെസ്സേജ് അയക്കില്ലേ..."
"അതു തന്നെയാണ് ഞാനും ആലോചിക്കുന്നത്..."സുരേഷ് തുടര്‍ന്നു...."മറ്റൊരു വഴിയുമില്ലാത്തത് കൊണ്ടാവും..ടെര്‍മിനേഷന്‍ ലെറ്റര്‍ ഓള്‍റെഡി കയ്യില്‍ കിട്ടിയത് കൊണ്ട് ഒരു മാസത്തിനകം ദുബായ് വിടണമല്ലോ...കമ്പനിയുടെ അവസ്ഥ അറിഞ്ഞതുമുതല്‍ അവന്‍ മറ്റൊരു ജോലിക്കായി ശ്രമിക്കുകയായിരുന്നു..പക്ഷേ ഈ അവസ്ഥയില്‍ എവിടെ കിട്ടാന്‍...."
സുരേഷ് നെടുവീര്‍പ്പിട്ടു.
"അവസാനം ഇങ്ങനെയൊക്കെയായിരിക്കും അല്ലേ ഗോപേട്ടാ....എച്ച് ആറിലെ  അരവിന്ദ് വൈഫിനെയും മക്കളെയും നാട്ടിലേക്കയച്ചു എന്നു പറഞ്ഞു... ഇപ്പോള്‍ പിള്ളേര്‍ക്ക് സ്കൂള്‍ തപ്പി നടപ്പാണത്രെ...."

സംസാരം തുടര്‍ന്നു പോകുന്തോറും ഗോപന് വല്ലാത്ത അസ്വസ്ഥത തോന്നിത്തുടങ്ങി.വിഷയം മാറ്റാനാണ് സുരേഷിനോട് മെയില്‍ ചെക്ക്‌ ചെയ്യാന്‍ വേണ്ടി സിസ്റ്റം ഉപയോഗിച്ചോട്ടെ എന്നു ചോദിച്ചത്. സുരേഷിന്റെ കൂടെ സ്റ്റെയര്‍കേസ് കയറി മുകള്‍ നിലയിലേക്ക് പോകുമ്പോള്‍ താഴെ നിന്നും പ്രൈവറ്റ് സെക്രട്ടറി സെസിലിന്റെ ശബ്ദം കേട്ടു.ചെയര്‍മാന് സംസാരിക്കണമത്രേ..

ചെയര്‍മാന്‍ വിളിക്കുന്നു എന്നു കേള്‍ക്കുമ്പോള്‍ ഈയിടെ പലര്‍ക്കും പേടിയാണ്. ചിലപ്പോള്‍ സംസാരിക്കാനുള്ളത് ഒരു ടെര്‍മിനേഷന്‍ ലെറ്ററിനെ കുറിച്ചാവും. ജോലിയില്‍ നിന്ന് പിരിച്ചു വിടുന്ന ഓരോ എംപ്ലോയിയെയും, അതൊരു സാധാരണ ലേബറാണെങ്കിലും ചെയര്‍മാന്‍ നേരിട്ട് കണ്ടു സംസാരിച്ചേ പറഞ്ഞയക്കാറുള്ളൂ...

കാബിനിലെത്തുമ്പോള്‍ ചെയര്‍മാന്‍ തന്നെയും കാത്തിരിക്കുകയാണെന്നു തോന്നി.
ഗോപനെ കണ്ട് അബ്ദുല്‍ വഹാബ് സ്നേഹത്തോടെ ചിരിച്ചു.
"വാ ഗോപാ ഇരിക്ക്...."
"എന്താണ് സര്‍ വിളിപ്പിച്ചത്..."
"എന്തൊക്കെയാണ്..ഗോപാ..നല്ല വിശേഷങ്ങളല്ല എന്നറിയാം..എന്നാലും പറയൂ...തന്റെ ആ സ്റ്റോണ്‍ പ്രോബ്ലം ഒക്കെ എന്തായി...മെഡിസിനില്‍ നില്‍ക്കുമോ...കഴിയുന്നതും സര്‍ജറി വേണ്ടിവരാതിരുന്നാല്‍ രക്ഷപ്പെട്ടു... അല്ലേ..."
"മരുന്നില്‍ തന്നെ നില്‍ക്കുമെന്ന് തോന്നുന്നു സര്‍...മൂത്രത്തിലെ കല്ല്‌ ഇവിടിപ്പോള്‍ ഒരു സാധാരണ കാര്യമല്ലേ...കുറച്ചു കാലം കൂടി മെഡിസിന്‍ കണ്ടിന്യൂ ചെയ്‌താല്‍ മതിയെന്നാണ് ഡോക്ടര്‍ പറഞ്ഞത്...."
അബ്ദുല്‍ വഹാബ് തലകുലുക്കി...
"യെസ്...ഇവിടത്തെ ക്ലൈമറ്റ് ആണു പ്രശ്നം..ധാരാളം വെള്ളം കുടിക്കണം............"

ഗോപന്‍ ചെയര്‍മാന്റെ മുഖം ശ്രദ്ധിക്കുകയായിരുന്നു.കുറച്ചു കാലം കൊണ്ട് ചെയര്‍മാന്റെ രൂപം തന്നെ മാറിയിരിക്കുന്നു.ആള്‍ വല്ലാതെ ക്ഷീണിച്ചിട്ടുണ്ട്..
"ആ പിന്നെ ഗോപാ..ഞാന്‍ വിളിപ്പിച്ചത്..നമ്മുടെ പുതിയ പ്രോജക്റ്റില്ലേ...ആ ഷോപ്പിംഗ്‌ മാള്‍.. അതിന്റെ ഓണര്‍ എന്നെ വിളിച്ചിരുന്നു...അയാളുടെ ജുമൈരയിലെ വില്ലയില്‍ എന്തോ ഒരു ആള്‍ട്ടറേഷന്‍ വര്‍ക്ക്‌ ഉണ്ടത്രേ...ചെറിയ വര്‍ക്ക്‌ ആണ്..ഗോപന്‍ ഒന്നു പോയി നോക്കൂ...നമുക്ക് നല്ല രീതിയില്‍ തന്നെ ആ വര്‍ക്ക്‌ ചെയ്തു കൊടുക്കാം..ഈ പ്രോജക്റ്റ് കിട്ടേണ്ടത് വളരെ അത്യാവശ്യമാണല്ലോ...അയാള്‍ എന്ത് പറഞ്ഞാലും ഈയവസരത്തില്‍ നമ്മള്‍ അനുസരിച്ചല്ലേ പറ്റൂ...മറ്റീരിയല്‍സ് ഒക്കെ നല്ല ക്വാളിറ്റി ഉള്ളത് തന്നെ വാങ്ങിക്കാം..ഒന്നും മോശമാവരുത്...നല്ല ഒരു ഇംപ്രഷന്‍ ഉണ്ടായിക്കോട്ടെ..."
ചെയര്‍മാന്‍ ചിന്തിക്കുന്നത് ഏതു രീതിയിലാണെന്ന്  ഗോപന് മനസ്സിലാക്കാന്‍ കഴിയുമായിരുന്നു...
ഗെയിം ഓഫ് സര്‍വൈവല്‍...

വില്ലയുടെ അഡ്രസ്സും വാങ്ങി ,ഓഫീസില്‍ നിന്നിറങ്ങി ജുമൈര ബീച്ച് റോഡ്‌ ലക്ഷ്യമാക്കി കാറോടിക്കുന്നതിനിടെ ഗോപന്‍ മുകുന്ദനെ ഒന്നു രണ്ട് തവണ വിളിക്കാന്‍ ശ്രമിച്ചു.....
രാവിലെ മുതല്‍ തന്നെ മുകുന്ദന്റെ ഫോണ്‍ സ്വിച്ച് ഓഫ്‌ ആണ്...

അല്‍ നഫാദ ഗ്രൂപ്പ്‌ ചെയര്‍മാന്‍ ഖാലെദ്‌ അബ്ദുല്‍ റഹ്മാന്‍ ബിന്‍ ഹംദിയുടെ ജുമൈര ബീച്ചിനോട് ചേര്‍ന്നുനില്‍ക്കുന്ന  കൊട്ടാരം പോലുള്ള വില്ലയുടെ പടുകൂറ്റന്‍ ഗേറ്റിനു മുന്‍പില്‍ ഗോപനെ, സെക്യൂരിറ്റി തടഞ്ഞു.പിന്നെ വി എം കണ്‍സ്ട്രക്ഷന്റെ കാര്‍ഡ്‌ കാണിച്ചപ്പോള്‍ അകത്തേക്ക് പോകാന്‍ അനുവാദം കിട്ടി.

വില്ലയ്ക്കു പുറത്ത് കാര്‍ പാര്‍ക്ക്‌ ചെയ്തു ഗോപന്‍ അകത്തേക്ക് നടക്കുമ്പോഴാണ് ഉള്ളിലേക്ക് കടന്നു വരുന്ന ഒരു ചെറിയ കാര്‍ കണ്ടത്. അതില്‍ ഡ്രൈവറെ കൂടാതെ ഇരുപത്തഞ്ചു വയസ്സു പ്രായം തോന്നിക്കുന്ന ഒരു പെണ്‍കുട്ടി കൂടിയുണ്ടായിരുന്നു. ഔട്ട്‌ ഹൌസിനോട് ചേര്‍ത്തു പാര്‍ക്ക്‌ ചെയ്ത കാറിന്റെ ഡോര്‍ തുറന്ന് പുറത്തേക്കിറങ്ങുമ്പോള്‍ പരിഭ്രമത്തോടെ, അവള്‍ ചുറ്റും പകച്ചു നോക്കുന്നത് ഗോപന്‍ കണ്ടു.
(തുടരും)

Wednesday, January 20, 2010

കടല്‍ മീനുകള്‍-ഭാഗം രണ്ട് : ശിവകാമിയുടെ ലോകം

"ചില മഴകള്‍ കാലം തെറ്റി പെയ്യാറുണ്ട്.കരിഞ്ഞു തുടങ്ങിയ ജമന്തിയുടെ കടയ്ക്കല്‍ കുറച്ചു വെള്ളമൊഴിക്കണമെന്ന് ശ്രീജ ചിന്തിച്ചു കൊണ്ടിരുന്ന ഒരു വൈകുന്നേരമാണ് ആ മഴ വന്നത്.വേനലില്‍ പെയ്യുന്ന മഴയ്ക്ക് വല്ലാത്ത ഒരു ഗന്ധമാണ്.കൊതിപ്പിക്കുന്ന,വലിച്ചടുപ്പിക്കുന്ന ഒരു മണം.അതും വരണ്ടുണങ്ങിയ മണ്ണിലേക്കാവുമ്പോള്‍ അതിലിഞ്ഞുപോകുന്നത് പലപ്പോഴും അറിയില്ല.ജമന്തിചെടിയുടെ വേരുകള്‍ പോലും നനഞ്ഞു കുതിര്‍ന്നിട്ടുണ്ടാവണം.മുകുളങ്ങളിലാകെ പുതിയ തുടിപ്പുകള്‍........"

സ്ക്രീനില്‍ വാചകങ്ങള്‍ക്ക് നീളമേറുന്തോറും അരുണ തളര്‍ന്ന് വരികയായിരുന്നു.മേശപ്പുറത്തെ ഒഴിയാറായ ബോട്ടിലിലെ വള്ളം മുഴുവനും വായിലേക്ക് കമഴ്ത്തിയിട്ടും ദാഹം മാറാതെ വന്നപ്പോള്‍ ,ടൈപ്പ് ചെയ്യുന്നത് നിര്‍ത്തി കിടക്കയിലേക്ക് ചരിഞ്ഞു...

അരുണയ്ക്ക് കഥയുടെ ബാക്കി എങ്ങനെ കൊണ്ട് പോകണമെന്നറിയില്ലായിരുന്നു.മനസ്സില്‍ പതിഞ്ഞ കഥകള്‍ എഴുതുമ്പോള്‍ അങ്ങനെയാണ്, പലപ്പോഴും പറഞ്ഞ് തീര്‍ക്കാന്‍ വാക്കുകള്‍ മതിയാവില്ല .മനസ്സ് വല്ലാതെ അതില്‍ പെട്ട് ഉലഞ്ഞു പോകും.ശ്രീജയെ കുറിച്ച് ചിന്തിക്കുമ്പോഴൊക്കെ തലയ്ക്ക് ചൂട് പിടിക്കുന്നത് പോലെ അരുണയ്ക്ക് തോന്നി. ശിവകാമിയുടെ ബ്ലോഗ്‌ വായിക്കാന്‍ ആയിരങ്ങള്‍ കമ്പ്യൂട്ടറിനു മുന്നില്‍ കാത്തിരിക്കുന്നുണ്ട്.ശിവകാമി ആരെന്നറിയാനാവും മിക്കവര്‍ക്കും കൂടുതല്‍ താല്‍പ്പര്യം.ഇന്‍ബോക്സില്‍ വന്നു നിറയുന്ന മെയിലുകളിലും ബ്ലോഗില്‍ വരുന്ന കമന്റുകളിലും പലരും ഒളിഞ്ഞും തെളിഞ്ഞും ചോദിക്കുന്നുണ്ട് ശിവകാമി ആരാണ്,എവിടെയാണ് എന്ന്.

ശിവകാമി എഴുതുന്ന കഥകളില്‍ പച്ചയായ ജീവിതമുണ്ടത്രേ.!

അകലെ പള്ളിയില്‍ നിന്നും ബാങ്കുവിളി കേള്‍ക്കാം. സ്ഥാനം തെറ്റിക്കിടക്കുന്ന വീതി കുറഞ്ഞ ജനല്‍ കര്‍ട്ടനിടയിലൂടെ ദുബായ് നഗരത്തിന്റെ മങ്ങിയവെളിച്ചം മുറിയിലേക്കിരച്ചു കയറുന്നുണ്ട്...ഇന്നലെ മഴയായിരുന്നു...കറുത്ത പൊടിയുടെ നിറം ചാലിച്ച വൃത്തിയില്ലാത്ത മഴ. അപ്രതീക്ഷിതമായി പെയുന്ന മഴകളെപ്പറ്റി ശിവകാമി എഴുതുമ്പോള്‍ അതിനു സൌന്ദര്യമുണ്ടാവാറില്ല.ശിവകാമിയുടെ ജീവിതത്തില്‍ പെയ്ത മഴകളെല്ലാം കൂടി കുത്തിയൊലിപ്പിച്ചു കൊണ്ടുപോയത് അവളുടെ ജീവിതം തന്നെയായിരുന്നല്ലോ..എങ്കിലും ശിവകാമി കാണുന്ന മഴകള്‍ വായനക്കാര്‍ക്കിഷ്ടമാണ് ,ഓരോ തുള്ളിക്കൊപ്പവും ഊര്‍ന്നിറങ്ങുന്ന പച്ചയായ ജീവിതങ്ങള്‍ അല്‍പ്പമെങ്കിലും ഹൃദയമുള്ളവരെ സ്പര്‍ശിച്ചിരിക്കണം..അവിടെ ഷാര്‍ജയിലെ കറുത്തുമെലിഞ്ഞ ബംഗ്ലാദേശുകാരന്‍ സെക്യൂരിറ്റി, മഷ്റഫുള്‍ റഷീദോ, പരുത്തിപ്പാറ ഹൈസ്കൂള്‍ വിദ്യാര്‍ഥിനി, ടെന്ത് ബി യിലെ ഉമാമഹേശ്വരിയൊ ഒന്നും അപരിചിതരല്ല.മിക്ക കഥകളും എത്തിച്ചേരുന്നത് പലപ്പോഴും ഒരേ പോയിന്റിലേക്കാണ്..

ദുബായിലെ തണുപ്പുകാലത്തിന്റെ വരവറിയിച്ചുകൊണ്ടുള്ള മഴയെപറ്റി ബ്ലോഗില്‍ എഴുതുവാന്‍ തുടങ്ങിയതാണ്‌.പക്ഷേ വേനല്‍ക്കാലത്തിന്റെ അവസാനനാളുകളില്‍ കടന്നു വരുന്ന മഴ ശ്രീജയുടെ ജീവിതത്തിനാണ് കൂടുതല്‍ ഇണങ്ങുകയെന്നു തോന്നി.ശ്രീജയുടെ കഥയില്‍ ആ മഴയ്ക്ക്‌ വലിയ സ്ഥാനമുണ്ട് .കരിയാന്‍ തുടങ്ങിയ ജമന്തിച്ചെടി പിന്നെയും തളിരിട്ടത് ആ മഴയത്താണ്.

അരുണ എണീറ്റിരുന്നു വീണ്ടും ടൈപ്പ് ചെയ്യാന്‍ തുടങ്ങി.

............."ശ്രീജയുടെ ജീവിതത്തിലേക്ക് നഷ്ടപ്പെട്ടു പോയ വസന്തങ്ങള്‍ തിരിച്ചു വരികയായിരുന്നു.രവിശങ്കറിന്റെ സാമീപ്യം അവളില്‍ ഒരു മഴയായി പെയ്തു തുടങ്ങി.ഹോസ്പിറ്റലിന്റെ മരുന്ന് മണക്കുന്ന ഇടനാഴികളില്‍ ഒരു നോട്ടം കൊണ്ട് അവളുടെ കവിളില്‍ ചുവപ്പ് വിരിയിക്കാന്‍ കഴിയുന്നത്‌ കൊണ്ടാവണം, പലപ്പോഴും അയാളെ കാണുമ്പോള്‍ അവള്‍ വഴിമാറി നടന്നു.ദിവസവും രാവിലെ ബസ്സിലേക്കോടിക്കയറും മുന്‍പ് ഒരു തുളസിയിലയെങ്കിലും മുടിയില്‍ തിരുകിവയ്ക്കാന്‍ അവള്‍ ശ്രദ്ധിക്കാറുണ്ട്..രവിശങ്കറിനു തുളസിയിലയുടെ മണം വളരെ ഇഷ്ടമാണ്..."

അനവസരത്തിലുള്ള മൊബൈല്‍ ഫോണിന്റെ റിംഗ് കേട്ടപ്പോഴാണ് അരുണ ടൈപ്പ് ചെയ്യുന്നത്‌ നിര്‍ത്തി മേശപ്പുറത്തെ ഡിജിറ്റല്‍ ക്ലോക്കിലേക്ക് നോക്കിയത്..
അസമയത്തുള്ള ഫോണ്‍ കോളുകള്‍ എന്നും ഓര്‍മ്മകള്‍ ബാക്കി നിര്‍ത്തുന്ന നടുക്കങ്ങള്‍ മാത്രമേ സമ്മാനിക്കാറുള്ളൂ..സമയം പതിനൊന്നു മണിയാവാറായിരിക്കുന്നു...ആരാവും ഈ സമയത്ത്.. .?

സ്ക്രീനില്‍ തളിയുന്ന പേര് കണ്ടപ്പോള്‍ ആദ്യമൊന്നു സംശയിച്ചു..സത്യം തന്നെയാണോ..??
ഗോപന്‍ അന്നു ഫോണ്‍ നമ്പര്‍ വാങ്ങിയിരുന്നെങ്കിലും ഒരിക്കലും വിളിച്ചിട്ടില്ല...മനപൂര്‍വമാകും എന്ന് കരുതി അങ്ങോട്ടേക്കും വിളിച്ചില്ല ഇതുവരെ...
"ഹലോ..."
"ആരുണയല്ലേ..."
"അതേ..
മറുപടി പറയുമ്പോള്‍ അല്‍പ്പം താമസിച്ചിരുന്നു.
.."ഗോപന്‍ എന്താ ഈ സമയത്ത്..."
"മുനീറിന്റെ കാര്യമാണ്...അവന്‍....."
ഗോപന്റെ ശബ്ദത്തിലെ മാറ്റം തിരിച്ചറിഞ്ഞപ്പോള്‍ തന്നെ അരുതാത്തത് എന്തൊക്കെയോ സംഭവിച്ചപോലെ അരുണയ്ക്ക് തോന്നിത്തുടങ്ങിയിരുന്നു.
"എന്താ..മുനീറിന് എന്ത് പറ്റി..??"
അല്‍പ്പനേരം കഴിഞ്ഞാണ് ഗോപന്‍ വീണ്ടും സംസാരിച്ചു തുടങ്ങിയത് ...അടുത്ത മുറിയില്‍ നിന്നും പതിഞ്ഞ ശബ്ദത്തില്‍ കേള്‍ക്കുന്ന തലത്ത് അസീസിന്റെ ഗസലിനോപ്പം, അസ്വസ്ഥമായ ഗോപന്റെ ശബ്ദം കേട്ടു.
"മുനീര്‍ വൈകീട്ട് സൂയിസൈഡിനു ശ്രമിച്ചു..
അരുണ ശക്തിയായി ഞെട്ടുക തന്നെ ചെയ്തു.
ഒന്നു നിര്‍ത്തി ഗോപന്‍ തുടര്‍ന്നു..
"ഇന്‍ജെക്ഷന്‍ ചെയ്യാനായി വച്ചിരുന്ന മരുന്ന് കുപ്പി പൊട്ടിച്ച് ..ചില്ലുകൊണ്ട് വെയിന്‍ കട്ട്‌ ചെയ്യാന്‍ ശ്രമിച്ചു..നുഴ്സ് ഡ്യൂട്ടി മാറുന്ന സമയത്തായിരുന്നു...അത് കൊണ്ട് കാണാന്‍ കുറച്ചു വൈകി..."
"എന്നിട്ട്..?"
"ഇപ്പോള്‍ ഐ.സി.യു വിലാണ് കുറേ ബ്ലഡ്‌ പോയി..ഇപ്പോള്‍ കുഴപ്പമൊന്നുമില്ല എന്ന് തോന്നുന്നു...
"അവന് ശരിക്കും ദേഹം അനക്കാന്‍ പോലും പറ്റുന്നുണ്ടായിരുന്നില്ലല്ലോ... പിന്നെങ്ങനെ..."
"എങ്ങിനെയാണ് അവനതു ചെയ്തതെന്നറിയില്ല...പക്ഷേ ഹോസ്പിറ്റലില്‍ അത് വലിയ ഇഷ്യൂ ആയി...ഞാനും മുകുന്ദനും ഇപ്പോള്‍ എത്തിയതേയുള്ളൂ...കാലു മുറിച്ചുമാറ്റിയിടത്ത് ഇന്‍ഫെക്ഷനുണ്ടെന്നു ഡോക്ടര്‍ പറഞ്ഞു....അതും ഇപ്പൊഴാണ് കണ്ടത്...അരുണയ്ക്ക് ബുദ്ധിമുട്ടില്ലെങ്കില്‍ ഒന്നിങ്ങോട്ടു വരാന്‍ പറ്റുമോ..?"
"ഞാന്‍ വേഗം വരാം.."

മൊബൈല്‍ ഫോണ്‍ കിടക്കയിലേക്കെറിഞ്ഞ് വേഗത്തില്‍ വസ്ത്രം മാറുമ്പോള്‍ മനസ്സ് പലയിടത്തുമായി പിടികിട്ടാതെ അലഞ്ഞു. മുനീറിനെ കണ്ടു മുട്ടേണ്ടിയിരുന്നില്ല എന്നു തോന്നി..വേദനകള്‍ മാത്രം സമ്മാനിച്ചു കടന്നു പോകുന്നവരില്‍ അവസാനകണ്ണി..

വര്‍ഷങ്ങള്‍ നീണ്ട ആശുപത്രി ജീവിതത്തിനിടെ ഒരു പാട് മുഖങ്ങള്‍ കണ്ടു.ആശുപത്രിയില്‍ മുളപൊട്ടുന്ന സ്നേഹങ്ങള്‍ക്ക്‌ അധികം ആയുസ്സുണ്ടാവാറില്ല ഒന്നുകില്‍ രോഗം ഭേദമായി അവര്‍ പോകും അല്ലെങ്കില്‍ സ്നേഹത്തിന്റെ ആഴം കൂട്ടി അവര്‍ യാത്രയാകും.രണ്ടായാലും മനസ്സില്‍ വല്ലതും ബാക്കി വെയ്കാന്‍ നഴ്സിന്റെ ജീവിതത്തിന് അവകാശമില്ല.

ഗോപനുമായി വീണ്ടും കൂട്ടിയിണക്കിയത് മുനീറാണ്. അന്ന്‌ അപ്രതീക്ഷിതമായി ഗോപന്‍ ഹോസ്പിറ്റലിലേക്ക് കയറിവന്നപ്പോഴുണ്ടായ ഞെട്ടലില്‍ മെഡിസിന്‍ ട്രേ കയ്യില്‍ നിന്നു വീണു പോകാഞ്ഞത്‌ ഭാഗ്യം. ഗോപനെപറ്റി കൂടുതല്‍ ചിന്തിക്കുന്തോറും, ശ്രീജ കഥയില്‍ നിന്നും ഇറങ്ങിവന്നു വിലക്കുന്നത് പോലെ അരുണയ്ക്ക് തോന്നി. മേശപ്പുറത്തു നിന്നും കാറിന്റെ കീ എടുക്കുമ്പോള്‍ പഴയ ഏതോ മാഗസിന്റെ കവറിലെ പി ടി ഉഷയുടെ ഫോട്ടോ കണ്ടു. സെക്കന്റിന്റെ നൂറിലൊരംശം സമയത്തിന് ഒളിമ്പിക്സ് മെഡല്‍ നഷ്ടപ്പെട്ടപ്പോള്‍ എടുത്ത ഫോട്ടോ. മെല്ലിച്ച കൈകള്‍ കൊണ്ട് മുഖം പൊത്തി പൊട്ടിക്കരയുന്ന നാട്ടിന്‍ പുറത്തുകാരി പെണ്‍കുട്ടി. മേശപ്പുറത്തെ ഫോട്ടോയിലെ ചിരിക്കാന്‍ മറന്ന സ്വന്തം മുഖത്തേക്ക് അരുണയോട് അറിയാതൊന്നു നോക്കിപ്പോയി...
പിന്നെ കണ്ണുകള്‍ പിന്‍ വലിച്ച് ബാഗുമെടുത്ത് പുറത്തിറങ്ങി.

ഡബിള്‍ ബെഡ് റൂം ഫ്ലാറ്റിന്റെ സ്വീകരണ മുറിയില്‍ മുല്ലപ്പൂക്കളുടെ മണം തങ്ങി നില്ക്കുന്നുണ്ടായിരുന്നു.സലോമിക്ക് മുല്ലപ്പൂക്കളുടെ മണം വളരെ ഇഷ്ടമാണ്.റൂം സ്പ്രേ വാങ്ങുമ്പോള്‍ പോലും അവളതേ വാങ്ങിക്കാറുള്ളൂ..
റൂമിന്റെ വാതില്‍ ചേര്‍ത്തടയ്ക്കുമ്പോള്‍ അരുണ ശബ്ദമുണ്ടാവാതിരിക്കാന്‍ ശ്രദ്ധിച്ചു.അടുത്ത മുറിയില്‍ സലോമി ഉറങ്ങിയിട്ടുണ്ടാവില്ല.മെയിന്‍ ഡോര്‍ തുറന്ന് പുറത്തേക്കിറങ്ങും മുന്‍പ് ഒന്നു കൂടി നിന്നു.
സലോമിയോടു പറയണോ.?
പിന്നെ പതുക്കെ തിരിഞ്ഞു നടന്നു.

പുറത്തു നല്ല തണുപ്പുണ്ടായിരുന്നു.സെക്യൂരിറ്റി ഉറങ്ങിപ്പോയെന്നു തോന്നി.പക്ഷേ കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്യുന്ന ശബ്ദം കേട്ടപ്പോള്‍ അയാള്‍ എണീറ്റ്‌ അടുത്തേക്ക്‌ വന്നു.പിന്നെ അരുണയാണെന്ന് കണ്ട് തിരിച്ചു പോയി.
ഡോക്ടര്‍മാര്‍ക്കും നെഴ്സുമാര്‍ക്കും വേശ്യകള്‍ക്കും ഏതു രാത്രിയിലും സഞ്ചരിക്കാം.

തിരക്ക് കുറഞ്ഞ റോഡിലൂടെ വേഗത്തില്‍ വണ്ടിയോടിക്കുമ്പോള്‍ അരുണയുടെ ചെവികളില്‍ മുനീറിന്റെ ശബ്ദം മുഴങ്ങുകയായിരുന്നു...
"ചേച്ചി നിങ്ങള് കണ്ടോ..ഒരു ദിവസം ഞാന്‍ ദേ..ആ കാറിലിരിക്കുന്ന ലബനീസുകാരനില്ലേ..എന്റെ അര്‍ബാബ്‍..ഞാനും അവനെപ്പോലെയാവും..അപ്പോള്‍ എനിക്ക് പകരം ഈ സ്ക്രൂ ഡ്രൈവര്‍ പിടിക്കുന്നത്‌ അവനായിരിക്കും...എന്താ എനിക്ക് മെഴ്സിഡഴ്സ്  പറ്റൂലെ..."
അന്ന്‌ ചിരിച്ചപ്പോള്‍ അവന്‍ തന്നെ തിരുത്തി.
"..ഹ ഹ മ്മടെ ദാസനും വിജയനും പറേണ മാതിരി 'എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം'.. ല്ലേ....."

കേടായ എസി റിപ്പയര്‍ ചെയ്യാന്‍ വന്നവരുടെ കൂട്ടത്തിലെ മുനീര്‍ എന്ന ചെറുപ്പക്കാരന്റെ മുഖത്തെ നിറഞ്ഞ നിഷ്കളങ്കതയാണ് ആദ്യം ആകര്‍ഷിച്ചത്..പാസ്പോര്‍ട്ട്‌ പണയം വച്ച് നാട്ടിലെ കടം വീട്ടാന്‍ തുനിഞ്ഞ നിഷ്കളങ്കത.!! തൊഴില്‍ വിസയെന്നു പറഞ്ഞ് എജന്റ്റ് നല്‍കിയ വിസിറ്റ് വിസയില്‍ വന്ന്, തിരിച്ചു പോകാനാവാതെ എതു നിമിഷവും അറബിപ്പോലീസിന്റെ കയ്യില്‍ പെടാം എന്ന തിരിച്ചറിവില്‍ പോലും മുനീര്‍ കരുതുന്നത് നഷ്ടപെട്ടുപോയ പാസ്സ്പോര്‍ട്ട് തിരിച്ചു കിട്ടും എന്ന് തന്നെയാണ്..
അവന്റെ കഥകള്‍ മുഴുവന്‍ പറഞ്ഞു...

മുനീറിന്റെ ജീവിതം ബ്ലോഗ്ഗര്‍ ശിവകാമി കഥയായി എഴുതിയപ്പോള്‍, ആ വേദനയില്‍ പങ്കു കൊണ്ട് ഒരുപാടുപേര്‍ പറഞ്ഞു, ഇതുപോലുള്ള ഒരുപാടു പേരെ പരിചയമുണ്ടെന്ന്.
പക്ഷേ കഥാപാത്രങ്ങള്‍ എങ്ങിനെയുണ്ടാവുന്നു  എന്ന് മാത്രം ആരും പറഞ്ഞില്ല.

അന്നൊരു ഞായറാഴ്ച, മൂന്നാം നിലയില്‍ നിന്നും താഴെ വീണ് ഒടിഞ്ഞു നുറുങ്ങിയ അസ്ഥികളുമായി ആംബുലന്‍സില്‍ നിന്നും ഇറക്കിക്കൊണ്ടു വന്ന ചോരയില്‍ കുളിച്ച ശരീരം മുനീറാണെന്നറിഞ്ഞപ്പോള്‍ ,നിത്യേന കാണുന്ന കാഴ്ചകളായിട്ടു കൂടി കുറച്ചു നേരത്തേക്ക് സ്തംഭിച്ചു നിന്നുപോയി. പടുകൂറ്റന്‍ വിന്‍ഡോ എസി വീണ് ചതഞ്ഞരഞ്ഞ കാലുകളും ബോധം പോവാത്ത മനസ്സുമായി  ഓപ്പറേഷന്‍ തിയേറ്ററിലേക്കുള്ള വഴിക്കിടെ ദയനീയമായി അവന്‍ നോക്കിയ ഒരു നോട്ടമുണ്ട്....
മരിച്ചു കിടന്നാലും മറന്നു പോകാത്ത നോട്ടം...

കാര്‍ ഹോസ്പിറ്റലിലെത്തിയിരുന്നു.ചെറിയ തോതില്‍ മഞ്ഞു വീഴുന്നുണ്ട്‌..ലിഫ്റ്റിനടുത്തേക്ക്‌ നടക്കുമ്പോള്‍ എതിരെ വേഗത്തില്‍ നടന്നു വരുന്ന മുകുന്ദനെ കണ്ടു.
"അരുണ ഒന്നു പോയി നോക്കൂ..കുഴപ്പമൊന്നുമില്ല എന്നാണു ഡോക്ടര്‍ പറഞ്ഞത്.പക്ഷേ ആ ഇന്‍ഫക്ഷന്‍... അതാണ്‌ കൂടുതല്‍ പ്രോബ്ലം എന്ന് തോന്നുന്നു..."
"അവന്‍ എന്തിനാണ് ഇങ്ങനെ....."
"അഞ്ചാറു മാസമായില്ലേ ഈ കിടപ്പ് കിടക്കുന്നു... ജീവിച്ചിട്ട് കാര്യമില്ല എന്ന് തോന്നിക്കാണും...മരിച്ചാല്‍ ആ വാര്‍ത്തയെങ്കിലും നാട്ടിലെത്തുമല്ലോ....."
അരുണയെ തുടരാനനുവദിക്കാതെ ഇടയ്ക്ക് കയറി പറഞ്ഞ്, കൂടുതല്‍ സംസാരിക്കാന്‍ നില്‍ക്കാതെ  മുകുന്ദന്‍ വേഗത്തില്‍ പുറത്തേക്ക് നടന്നു.

മുനീറിന്റെ മുറിയില്‍ ഗോപനുണ്ടായിരുന്നു. ഏതോ മാസികയും മറിച്ചു നോക്കിയിരിക്കുന്നു. അരുണയെ കണ്ട് ഗോപന്‍ ചിരിക്കാന്‍ ശ്രമിച്ചു.
"ഐ.സി.യു വിലാണ്.മരുന്ന് കൊടുത്തു കിടത്തിയിരിക്കുന്നു...ഉണരാന്‍ വൈകുമെന്ന് പറഞ്ഞു..."
"ഞാന്‍ അങ്ങോട്ടു പോകാന്‍ തുടങ്ങുകയായിരുന്നു...."
"ആ ഡോക്ടര്‍ പുതിയ ആളാണ്‌..അരുണ ഉണ്ടെങ്കില്‍ കൂടുതല്‍ വിവരങ്ങള്‍ കൊടുക്കാന്‍ കഴിയും എന്നു തോന്നി അതാ വിളിച്ചത്..."
"ഇറ്റ്‌സ് ഓക്കേ...മുനീര്‍ എന്റെയും വേണ്ടപ്പെട്ട ആളാണല്ലോ..."

കുറച്ചു നേരം ഇരുവരും നിശബ്ദരായിരുന്നു... വാതിലിനടുത്ത് ,നിലത്തു പതിച്ച ഫ്ലോര്‍ ടൈല്‍സില്‍ പ്രിന്റ്‌ ചെയ്തിരിക്കുന്ന ചുവന്ന പനിനീര്‍പ്പൂക്കളുടെ ചിത്രം അരുണയുടെ കണ്ണിലുടക്കി..
എത്ര ചവിട്ടിയരച്ചാലും ചിലതിന്റെ നിറം മങ്ങിപ്പോകാറില്ല.
അരുണയ്ക്ക് ഗോപനോട് എന്തൊക്കയോ ചോദിക്കണമെന്നുണ്ടായിരുന്നു പക്ഷേ വര്‍ഷങ്ങള്‍ പോയ്‌മറഞ്ഞതിനു ശേഷമുള്ള സമാഗമങ്ങളില്‍, ഓരോ വാക്കുകളിലും പടരുന്ന കടുത്ത ഔപചാരികത തിരിച്ചറിഞ്ഞപ്പോള്‍ പുറത്തേക്ക് നടക്കാന്‍ തുടങ്ങി.
"ഞാന്‍ ഡോക്ടറോട് സംസാരിച്ചിട്ടു വരാം.."

കയ്യിലെ മാസിക മേശപ്പുറത്തേക്കിട്ട് റൂമിന് പുറത്തിറങ്ങുമ്പോള്‍ ഗോപനും ചിന്തിച്ചു കൊണ്ടിരുന്നത് അത് തന്നെയായിരുന്നു.കാലമാകും ഓരോ മാറ്റങ്ങള്‍ക്കും കാരണം...വര്‍ഷങ്ങള്‍ മാഞ്ഞുപോകുമ്പോള്‍ ഭാഷയും ദേശവും സംസ്കാരങ്ങളും എല്ലാം മാറിമറിയുന്നു...

ഫാര്‍മസിയുടെ അടുത്തു കൂടെ മുന്നിലെ ലോബിയിലേക്ക്  നടക്കുമ്പോള്‍ അവിടെ റിസപ്ഷനിസ്റ്റിനോട് സംസാരിക്കുന്ന ക്ലബ്‌ സെക്രട്ടറി പിള്ളയെ കണ്ടു. കൂടെ രണ്ട് മൂന്നു പേര്‍ കൂടിയുണ്ട്.മലയാളികളാവണം..
ഈ അര്‍ദ്ധരാത്രിയില്‍ പിള്ള എന്താണ് ഇവിടെ ചെയ്യുന്നതെന്ന് അത്ഭുതപ്പെടാതിരുന്നില്ല..

ഗോപന്‍ അവിടെ നിന്നും രക്ഷപ്പെടാന്‍ നോക്കിയതാണ് പക്ഷേ അപ്പോഴേക്കും പിള്ള കണ്ടു കഴിഞ്ഞിരുന്നു.
"ഹലോ ഗോപന്‍ ഹൌ ആര്‍ യു..?..ഞാന്‍ നിങ്ങളെ ഒന്നു കാണാനിരിക്കുകയായിരുന്നു..."
"എന്താ വിശേഷിച്ച്..പിള്ള സര്‍ ഈ സമയത്ത് ഇവിടെ. ??"
"ക്ലബ്ബിന്റെ വാര്‍ഷികമല്ലേ...അതിന്റെ ഓട്ടത്തിലാ....സിനിമാല ടീമിനെയാണ് ഇത്തവണ കൊണ്ട് വരുന്നത്..അല്‍ നസറില് വച്ചു നടത്താനാ പ്ലാന്‍...ക്രൈസിസ് എന്നൊക്കെ പറഞ്ഞോണ്ടിരുന്നാല്‍ ശരിയാവുമോ...ഈ മരുഭൂമീല്‍ നമ്മള്‍ക്കും വേണ്ടേ കുറച്ചു എന്‍ജോയ്മെന്റ് ഒക്കെ...ഇല്ലേ...വാട്ട്‌ യു സേ...."
ഗോപന്‍ ഒന്നും മിണ്ടിയില്ല,
"ആ പിന്നെ..മറ്റൊരു കാര്യം..."
പിള്ള തുടര്‍ന്നു..
വി.എം കണ്‍സ്ട്രക്ഷന്‍സ് പൂട്ടാറായി എന്ന് പലരും പറയുന്നത് കേട്ടു...തിരിച്ചു പോകുന്ന മലയാളികളുടെ ഒക്കെ ഒരു ലിസ്റ്റ് വേണമായിരുന്നു‍..തിരിച്ചു പോകുന്നവരുടെത് മാത്രമാണ് കേട്ടോ..നമ്മുടെ ചാനെല്‍ പ്രോഗ്രാമിന് ഒരു സര്‍വ്വേക്ക് വേണ്ടിയാണ്..അവര് ഡാറ്റ കളക്റ്റ് ചെയ്യുന്നുണ്ട്..മാന്ദ്യം എങ്ങനെ ബാധിക്കുന്നു എന്നറിയാന്‍...ഈ അവസ്ഥയില്‍ വഹാബിനോട് സംസാരിക്കേണ്ട എന്ന് വച്ചു...നിങ്ങളുടെ കമ്പനിയിലെ പിആര്‍ഓ ഇല്ലേ..ആ തോമസ്‌ ...അയാളോട് ഞാന്‍ പറഞ്ഞതാ..ഒരു എക്സല്‍ ഷീറ്റ് ഉണ്ടാക്കിത്തരാന്‍...പക്ഷേ അങ്ങേരുടെ ഒരു ജാഡ..."

ഗോപന് പെരുവിരല്‍ മുതല്‍ ഇരച്ചു കയറിത്തുടങ്ങിയിരുന്നു. പിന്നെ മെല്ലെ കടിച്ചമര്‍ത്തി.

"കേരള സര്‍ക്കാര്‍ ഏതൊക്കെയോ പദ്ധതികള്‍ പ്ലാന്‍ ചെയ്യുന്നുണ്ടെന്ന് കേട്ടു..അവര്‍ക്കും ഉപകാരപ്പെടുമല്ലോ..."
"ആ ബൈ ദി വേ... നമ്മുടെ ആ പയ്യനില്ലേ..മുനീര്‍..അവനെ നാട്ടിലെത്തിക്കാനുള്ള ഏര്‍പ്പാടുകള്‍ ഒക്കെ ആയി വരുന്നുണ്ട്..ഞാന്‍ അംബാസിഡറെ കണ്ടിരുന്നു. മിനിസ്ട്രി ലെവലില്‍ കാര്യങ്ങള്‍ നടക്കുന്നുണ്ട്...ശരിയാവുമായിരിക്കും..."

ഗോപന് അല്‍പ്പം ആശ്വാസം തോന്നിത്തുടങ്ങി..ഷോയ്ക്ക് വേണ്ടിയാണെങ്കിലും പിള്ള കാര്യങ്ങള്‍ ചെയ്യുന്നുണ്ട്..

"അല്ല ഗോപാ ഞാന്‍ ഒന്നു ചോദിക്കട്ടെ..ഇത്രയും സംഭവങ്ങള്‍ പത്രങ്ങളില്‍ വായിച്ചിട്ടും കിടപ്പാടോം കെട്ടുതാലീം പണയം വച്ച് ഇങ്ങോട്ട് വരുന്നവരുടെ എണ്ണത്തില്‍ മാത്രം ഒരു കുറവും ഇല്ലല്ലോ..."
"എനിക്ക് മനസ്സിലാവുന്നില്ല..".പിള്ള കൂടെയുള്ളവരെ നോക്കി.
"വേറെ വഴിയില്ലാത്തത് കൊണ്ടാവും, സര്‍..എല്ലാവര്‍ക്കും ജീവിക്കേണ്ടേ...നാട്ടിലെ സ്ഥിതി..."
പിള്ള ഉച്ചത്തില്‍ ചിരിച്ചു.
"ഹ ഹ..നാട്ടിലെ കൂലി ഒക്കെ ഇപ്പൊ എത്രയാന്നാ വിചാരം..എന്നാലും എല്ലാവര്‍ക്കും ഇങ്ങോട്ട് വരണം...ഇവിടെ എന്തോ വലിയ നിധി ഉണ്ടെന്നാ വിചാരം.  ഈ മുനീറിന്റെ കാര്യം തന്നെ നോക്കിയേ..കയ്യില്‍ വിസയുമില്ല പാസ് പോര്‍ട്ടുമില്ല...ഏജന്റുമാരുടെ വായില്‍ പോയി വീഴാതിരിക്കാന്‍ ഇവരൊക്കെ എന്ന് പഠിക്കുമോ എന്തോ...."

പിറു പിറുത്തു കൊണ്ട് പിള്ളയും കൂട്ടരും ലിഫ്റ്റിനടുത്തേക്ക്‌ പോയി.
(തുടരും)

Monday, January 18, 2010

കടല്‍മീനുകള്‍ - ഭാഗം ഒന്ന് : മാന്ദ്യകാലം

"ദിസ്‌ ഈസ്‌ ഔവര്‍ ലാസ്റ്റ് ഹോപ്‌.....ഇത് കൂടി കിട്ടിയില്ലെങ്കില്‍.........."

ചെയര്‍മാന്‍ പറയാതെ വിട്ട വാക്കുകളിലെ യാഥാര്‍ത്ഥ്യം എന്താണെന്ന് ആ മുറിയിലെ എല്ലാവര്‍ക്കും നല്ല നിശ്ചയമുണ്ടായിരുന്നു.നീണ്ട കോണ്‍ഫറന്‍സ് ഹാളില്‍ കുറച്ചു നേരത്തേക്ക് എ.സി യല്ലാതെ വേറൊന്നും ശബ്ദിച്ചില്ല.വലിഞ്ഞു മുറുകിയ മുഖങ്ങള്‍ ഒന്നിളക്കുക പോലും ചെയ്യാതെ എല്ലാവരും ചെയര്‍മാന്റെ മുഖത്തേക്ക് തന്നെ കണ്ണുംനട്ടിരുന്നു...

"....അത് കൊണ്ട് നമുക്കെല്ലാവര്‍ക്കും പ്രാര്‍ഥിക്കാം..ഈ പ്രോജെക്റ്റിനു വേണ്ടി ആത്മാര്‍ഥമായി പ്രയത്നിക്കുകയും ചെയ്യാം.."

കമ്പനി ചെയര്‍മാന്‍ അബ്ദുല്‍ വഹാബിന്റെ ശബ്ദത്തിലെ പ്രത്യാശ സ്വന്തം മുഖങ്ങളിലേക്ക് പകര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു മുറിയിലുള്ളവര്‍. ഇളകുമ്പോള്‍ ശബ്ദമുണ്ടാക്കുന്ന കസേരയില്‍ ശ്വാസം പിടിച്ചിരുന്ന്, ഗോപന്‍ എല്ലാവരെയും മാറി മാറി നോക്കി. കുറേ ജീവിതങ്ങള്‍ ഒരറ്റം താഴ്ന്നു തുടങ്ങിയ തുലാസിന്റെ മറുതട്ടിലാടുന്നു. യാഥാര്‍ത്ഥ്യം ഭീകര രൂപത്തില്‍ കണ്മുന്നില്‍ വന്നു നില്‍ക്കുമ്പോള്‍ പതറിപ്പോകാത്ത ആരുണ്ട്‌.?

"ഒരു പക്ഷേ ഇവിടെയായിരിക്കും വി.എം കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ അവസാനം...ആരെയും വേദനിപ്പിക്കാനല്ല ഞാന്‍ പറയുന്നത്...ഒരു സാധാരണ തൊഴിലാളിയായി ഇവിടെവന്ന എന്റെ പിതാവ് കുഞ്ഞി മൂസ വര്‍ഷങ്ങളുടെ കഠിനാധ്വാനം കൈമുതലാക്കിയാണ് ഈയൊരു സ്ഥാപനത്തിന് തുടക്കമിട്ടത്....മലയാളികള്‍ മാത്രമല്ല ഇന്ന് നമ്മുടെ കമ്പനിയില്‍ വിവിധ ദേശക്കാര്‍ ഏറെയുണ്ട്...എങ്കിലും ഇന്നീ മീറ്റിങ്ങില്‍ നമ്മള്‍ മലയാളികള്‍ മാത്രമേയുള്ളൂ... ആദ്യകാലം മുതല്‍ക്കേ കൂടെ നിന്നു ഈ കമ്പനിയെ വളര്‍ത്തിയെടുത്ത നിങ്ങളും, പിന്നെ ഈയൊരവസ്ഥയില്‍ ഇന്നിവിടെ ഇങ്ങനെ സംസാരിക്കേണ്ടി വന്ന ഈ ഞാനും.എന്റെ ബാപ്പയുടെ വിയര്‍പ്പാണ് ഈ സ്ഥാപനം.പക്ഷേ അവസാനത്തെ ഈയൊരു പ്രൊജക്റ്റ്‌ കൂടി കൈവിട്ടു പോയാല്‍ എനിക്ക് മുന്നില്‍ വേറെ മാര്‍ഗങ്ങളില്ല.... നമുക്കിടയില്‍ ഔപചാരികതകള്‍ ഇല്ലല്ലോ അത് കൊണ്ടാണ് എല്ലാം തുറന്ന് പറയുന്നത്....."

ഒടുവിലെ വാചകങ്ങള്‍ പറയുമ്പോഴേക്കും അബ്ദുല്‍ വഹാബിന്റെ സ്വരം തീര്‍ത്തും ദുര്‍ബലമായി വന്നു. അനുയായികളില്ലാത്ത നേതാവിന്റെ ശരീര ഭാഷയോടെ മേശപ്പുറത്തെ ഗ്ലാസ്സിലെ വെള്ളം ഒറ്റയടിക്ക് കുടിച്ചു തീര്‍ക്കുന്ന ചെയര്‍മാനെ, അത് വരെ കണ്ടു പരിചയമില്ലാത്ത ഒരാളെപ്പോലെയാണ് ഗോപന് തോന്നിയത്. തണുത്ത കോണ്‍ഫറന്‍സ് റൂമിലെ നീണ്ട ടേബിളിന്റെ ഇരുവശങ്ങളിലുമായി പരസ്പരം നോക്കാന്‍ പോലും പേടിച്ചിരിക്കുകയായിരുന്ന വി.എം കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ നിറമാര്‍ന്ന ഭൂതകാലം, തലകള്‍ താഴ്ത്തി, നിശബ്ദമായി ആ വാക്കുകള്‍ കേട്ടിരുന്നു..

മീറ്റിംഗ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയപ്പോള്‍ ആരും പരസ്പരം ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല..ഓഫീസിലുള്ളവര്‍ പതുക്കെ അവരവരുടെ സീറ്റുകളിലേക്കും, സൈറ്റിലുള്ളവര്‍ വാനിലേക്ക് കയറാനും പോയി. ടോയ് ലെറ്റിനടുത്തേക്ക്‌ നടന്നു പോകുന്ന സുരേഷിനെ കണ്ടപ്പോള്‍ ഗോപന്‍ മെല്ലെ അടുത്തേക്ക്‌ ചെന്നു.

"ആ പ്രോജക്റ്റിന്റെ സത്യാവസ്ഥ എന്താ...പ്രതീക്ഷയുണ്ടോ...??"
ബാത്ത് റൂമിലേക്ക്‌ കയറുന്ന വഴി സുരേഷിനെ അല്‍പ്പം മാറ്റി നിര്‍ത്തി പതുക്കെ ചോദിച്ചു.
"എവിടെ.... ഭൂമിയോളം താഴ്ത്തിയാണ് ടെണ്ടറില്‍ പ്രൈസ് കോട്ട് ചെയ്തിരിക്കുന്നത് എന്നിട്ടും ആ മിസരി ഇനിയും റേറ്റ് താഴ്ത്താന്‍ പറയുന്നു...കലക്കവെള്ളത്തില്‍ എങ്ങനെ മീന്‍ പിടിക്കണമെന്നവര്‍ക്ക് നന്നായി അറിയാം പന്നികള്‍..."
കമ്പനിയില്‍ ടെണ്ടറുകള്‍ കൈകാര്യം ചെയ്യുന്നതു സുരേഷാണ്.
"അപ്പോ..."
"വേറെ ഒറ്റ ടെണ്ടര്‍ പോലും നിലവിലില്ല........."...
സുരേഷ് തുടര്‍ന്നു.
"....വഹാബ് സര്‍ ഇന്നലെ വൈകുന്നേരം കുറേ സംസാരിച്ചു....കൂടുതലും പുള്ളി ഇവിടെ വന്ന കാലത്തെ കഥകളായിരുന്നു.എന്താണ് പറയുക നാട്ടില്‍ അവസാനമായി ബാക്കിയുണ്ടായിരുന്ന ബില്‍ഡിംഗ്‌ കൂടി വിറ്റു എന്ന് പറഞ്ഞു...."

സുരേഷിന്റെ മുഖം വിവര്‍ണമായി വരുന്നത് ശ്രദ്ധിക്കുകയായിരുന്നു ഗോപന്‍. പാതി വഴിയില്‍ നിന്നു പോയ വില്ല പ്രൊജക്റ്റ്‌ വഹാബ് സാറിന്റെ കയ്യിലെ അവസാന നാണയത്തുട്ടും ചലനരഹിതമാക്കിക്കൊണ്ടാണ് കടന്നു പോയത്.
"എനിക്കെന്തു ചെയ്യണമെന്നറിയില്ല ഗോപേട്ടാ..എന്റെ കാര്യം ആലോചിച്ചു നോക്കൂ.... ഞാനവളുടെ വീട്ടുകാരോട് എന്താണ് പറയേണ്ടത്.?? അച്ഛനോട് ഞാന്‍ പറഞ്ഞതാണ് എല്ലാം തുറന്ന് പറയാന്‍..ഒഴിയുന്നെങ്കില്‍ ഒഴിയട്ടെ...."

സുരേഷിന്റെ വിവാഹനിശ്ചയം കഴിഞ്ഞതാണ്. ജോലിയില്ലാതെ വിവാഹം കഴിക്കുന്നത്‌ ചിന്തിക്കാന്‍ കൂടി കഴിയില്ലെന്ന് സുരേഷ് കുറേ ദിവസങ്ങളായി പറയുന്നു.

"സുരേഷ്,.."
ഉപദേശങ്ങള്‍ നല്‍കി പരിചയമില്ലെങ്കിലും കൈകള്‍ സുരേഷിന്റെ തോളില്‍ വച്ച് അല്‍പ്പം കാര്‍ക്കശ്യത്തോടെ തന്നെ ഗോപന്‍ പറഞ്ഞു തുടങ്ങി...
"....നീ ഒന്നുമില്ലെങ്കില്‍ ഒരു എഞ്ചിനീയറാണ് പിന്നെ വളരെ ചെറുപ്പവും. നിന്നെപ്പോലെ കഴിവുള്ള ഒരാള്‍ ഇങ്ങനെ തളര്‍ന്നാല്‍..?? മറ്റൊരു ജോലി കണ്ടെത്താന്‍ നിനക്ക് പ്രയാസമുണ്ടാവില്ല. അവളെയും വീട്ടുകാരെയും പറഞ്ഞു മനസ്സിലാക്കുക. വിവാഹം കഴിഞ്ഞിട്ടാണ് ഇങ്ങനെ സംഭവിക്കുന്നതെങ്കില്‍ എന്ത് ചെയ്യുമായിരുന്നു.? ഇവിടത്തെ സ്ഥിതിയൊക്കെ നാട്ടില്‍ എല്ലാവര്‍ക്കും അറിയാം.അത് കൊണ്ട് നീ പേടിക്കാതെ....."

സുരേഷിനെ സമാധാനിപ്പിച്ചെങ്കിലും ഗോപന്റെ മനസ്സ് നാട്ടിലായിരുന്നു. തിരിച്ചു പോക്കിനെ കുറിച്ച് ചിന്തിച്ചു തുടങ്ങിയിട്ടില്ല.. എങ്കിലും സ്റ്റാഫ്‌ അക്കോമഡെഷന്റെ ഇടുങ്ങിയ മുറിയിലെ മൂലകളില്‍ കനമില്ലാത്ത കുറച്ചു ബാഗുകള്‍ നിശബ്ദമായി, ആസന്നമായ ഒരു യാത്രയ്ക്ക് തയ്യാറെടുക്കുന്നുണ്ട്‌.

ഗോപന്റെ വാക്കുകള്‍ കേട്ടു കൊണ്ടാണ് തോമസ്‌ എത്തിയത്. വന്നയുടനെ സുരേഷിനെ ചൂണ്ടിക്കൊണ്ട് പറഞ്ഞു..
"ഗോപാ...ഈ സുരേഷില്ലേ ഇവന്‍ ഒരു ഭീരുവാണ്..അവന്റെ പേടി കല്യാണത്തിന്റെ അന്ന് നാട്ടുകാര്‍ എന്ത് പറയും എന്നാണ്...ആ പെണ്‍കൊച്ചിന് ഒരു പ്രശ്നവുമില്ലെങ്കില്‍ പിന്നെ ഇവനെന്താ...മറ്റുള്ളവരുടെയൊക്കെ അവസ്ഥ ആലോചിച്ചു നോക്കുമ്പോള്‍ ഒരു കാര്യവുമില്ലാതെ ഇങ്ങനെ സങ്കടപ്പെട്ടിരിക്കുന്ന ഇവനെയൊക്കെ എന്താ ചെയ്യേണ്ടത്...."
"അങ്ങനെയല്ല ഇച്ചായാ...പ്രശ്നം തുടങ്ങുക എന്റെ വീട്ടില്‍ നിന്നു തന്നെയാ...അവള്‍ കുടുംബത്തില്‍ കാലെടുത്തു കുത്താന്‍ തുടങ്ങുമ്പോള്‍ തന്നെ എന്റെ ജോലി പോയി ഞാന്‍ വീട്ടിലിരിക്കുക എന്ന് പറഞ്ഞാല്‍...വന്നു കയറുന്ന പെണ്‍കുട്ടിയെ അല്ലേ എല്ലാവരും പറയുക..??"
മറുപടി പറയാതെ,സുരേഷിനെ നോക്കി പുച്ചഭാവത്തില്‍ ഒന്നു ചിരിച്ച് തോമസ്‌ ബാത്ത് റൂമിലേക്ക്‌ കയറിപ്പോയി.
സുരേഷിന്റെ മുഖം വല്ലാതായിരുന്നു.ഗോപന്‍ അവന്റെ പുറത്തു തട്ടി.
"നീ ആ മനുഷ്യനെ കുറിച്ച് ആലോചിച്ചു നോക്കൂ...ജീവിതത്തില്‍ ഇത്രയൊക്കെ സംഭവിച്ചിട്ടും പുള്ളി ചിരിച്ചു കൊണ്ട് നില്‍ക്കുന്നില്ലേ...ദുരന്തങ്ങള്‍ക്ക് പോലും ഇപ്പോള്‍ തോമസച്ചായനെ പേടിയാണ്...."
ബാത്ത് റൂം കുലുങ്ങുന്ന ശബ്ദത്തില്‍ അച്ചായന്‍ ചുമയ്ക്കുന്നത് കേട്ടു...

രാവിലെ പെയ്ത മഴയില്‍, റോഡില്‍ അവിടിവിടെ വെള്ളം തളം കെട്ടി കിടപ്പുണ്ടായിരുന്നു. പോര്‍ട്ട്‌ ഹോസ്പിറ്റലിലേക്ക് തിരിയുന്ന വഴിയില്‍ വച്ച് ഒരു പാക്കിസ്ഥാനി റോഡ്‌ ക്രോസ് ചെയ്യാന്‍ കുറുകെ ചാടി. ഗോപന്‍ സഡന്‍ ബ്രേക്ക്‌ ഇട്ടെങ്കിലും കുറേ ദൂരം തെന്നി നീങ്ങതിനു ശേഷമാണ് വണ്ടി നിന്നത്...
കിതപ്പ് മാറും മുന്‍പു തന്നെ പിറകില്‍ നിര്‍ത്താതെ ഹോണടിക്കുന്ന ലാന്‍ഡ്‌ ക്രൂയിസറില്‍ നിന്നും അറബിയുടെ ശകാരം കേട്ടു. റോഡിന്റെ അപ്പുറത്തേക്ക് എടുത്തു ചാടിയ പാക്കിസ്ഥാനി നന്ദിയോടെ ഗോപനെ നോക്കുന്നുണ്ടായിരുന്നു. വീഴ്ചയില്‍ അയാളുടെ കയ്യില്‍ ചെറുതായി പരിക്ക് പറ്റിയിട്ടുണ്ടാവണം.കൈമുട്ടിലൂടെ ഒലിച്ചിറങ്ങുന്ന ചോര കണ്ടു....ഗോപന് വണ്ടി നിര്‍ത്തി അയാള്‍ക്കു വല്ലതും പറ്റിയോ എന്ന് നോക്കണമെന്നുണ്ടായിരുന്നു. പക്ഷേ പിറകോട്ടു നോക്കാതെ വലതു കൈ ദേഹത്തോട് ചേര്‍ത്ത് വച്ച് അയാള്‍ അകലേക്ക്‌ ഓടിപ്പോയി...

ദുബായില്‍ വല്ലപ്പോഴും പെയ്യുന്ന മഴകള്‍ പലപ്പോഴും റോഡപകടങ്ങള്‍ ഉണ്ടാക്കാനേ ഉപകരിക്കാറുള്ളൂ. പെയ്യാന്‍ മടിക്കുന്ന ചാറ്റല്‍ മഴയില്‍ റോഡിലെ പൊടി നനഞ്ഞു കുതിര്‍ന്ന് ഒരുതരം പശപോലെയാവും‌. ആദ്യമായി ദുബായിലെ മഴ കണ്ട ദിവസം ഗോപന്‍ ഓര്‍ത്തു.അന്ന് അത്ഭുതമായിരുന്നു...മരുഭൂമിയില്‍ കണ്ട ആദ്യത്തെ മഴ....ഇവിടെ മടിച്ചു മടിച്ചു പെയ്യുന്ന മഴകള്‍ക്ക്‌ ബാംഗ്ലൂരിലെ, നേര്‍ത്ത സൂചിമുന പോലെ നീളത്തില്‍ പെയ്യുന്ന മഴയോട് ഒരു പാട് സാദൃശ്യമുണ്ട്..

ഗോപന്‍ ഹോസ്പിറ്റലില്‍ എത്തിച്ചേരുമ്പോഴേക്കും സമയം സന്ധ്യയായിരുന്നു. നീളമേറിയ ഇടനാഴിയിലൂടെ നടക്കുമ്പോള്‍ അരുണ എതിരെ നടന്നുവരുന്നത് കണ്ടു. കണ്ണുകള്‍ തമ്മില്‍ ഇടഞ്ഞപ്പോള്‍ ഗോപന്‍ ഒന്നു ചിരിച്ചെന്നു വരുത്തി.

"ആ സര്‍ജറി ക്യാന്‍സല്‍ ചെയ്തു...ഏതോ ചാരിറ്റി സംഘടനയുടെ ആള്‍ക്കാര്‍ വന്നിരുന്നു.നാട്ടിലേക്ക് കൊണ്ട് പോകുന്നതിനെ പറ്റി ചര്‍ച്ച ചെയ്തിരുന്നു...."
ഗോപന്‍ ശ്രദ്ധിച്ചപ്പോള്‍,അരുണ തന്റെ മുഖത്തേക്ക് നോക്കാതെയാണ്‌ സംസാരിക്കുന്നതെന്ന് മനസ്സിലായി.
"ഇപ്പോള്‍ എങ്ങനെയുണ്ട്..??"
"ഇടതു കയ്യിലെ പ്ലാസ്റ്റര്‍ എടുത്തു..രണ്ട് കൈകളും ഇപ്പോള്‍ ചെറുതായി അനക്കാനാവുന്നുണ്ട്..."
"നാട്ടില്‍ നിന്നും കോളുകള്‍ വല്ലതും വന്നിരുന്നോ.."
"ഇല്ല...."

കൂടുതല്‍ സംസാരിക്കാതെ അരുണ നടന്നു നീങ്ങി. ആ ഇടനാഴിയില്‍ നേര്‍ത്ത വെളിച്ചമേ ഉണ്ടായിരുന്നുള്ളൂ..മുറിയിലേക്ക് കയറും മുന്‍പ് കൃത്യമായ അകലത്തില്‍ അകന്നകന്നു പോകുന്ന, കയ്യെത്തി തൊടാനാവാത്ത ആ രൂപത്തെ ഗോപന്‍ ഒന്നു കൂടി തിരിഞ്ഞു നോക്കി.
പിന്നെ ഒരു നെടുവീര്‍പ്പോടെ അകത്തേക്ക് കയറി.

മുനീറിന്റെ ബെഡിനരികില്‍ മുകുന്ദന്‍ ഇരിപ്പുണ്ടായിരുന്നു. ഗോപനെ കണ്ടപ്പോള്‍ അയാള്‍ മെല്ലെ ചിരിച്ചു.
"അറിഞ്ഞോ ഗോപാ...
കയ്യിലെ പത്രം മേശപ്പുറത്ത് വച്ച് ഗോപന് നേരെ തിരിഞ്ഞു കൊണ്ട് മുകുന്ദന്‍ പറഞ്ഞു,
".......ഒടുക്കം ഇവിടത്തെ ചാരിറ്റിക്കാര്‍ വന്നിരിക്കുന്നു അവരുടെ ചില്ലറയും കൊണ്ട്...ആ പിള്ളയുടെ കരണത്ത് ഒരെണ്ണം കൊടുക്കണമെന്ന് ഞാന്‍ വിചാരിക്കാന്‍ തുടങ്ങിയിട്ട് കുറേയായി...ഇന്നത്‌ സംഭവിക്കുമായിരുന്നു...."
"എന്ത് പറ്റി.??"
"അയാള്‍ വന്നിരിക്കുന്നു...ഏതോ ചാനലുകാരെയും കൂട്ടി..മുന്‍പും ഇത് പോലെ വന്നു കുറേ കൊലാഹലവുമുണ്ടാക്കി പോയതല്ലേ...മുനീറിന്റെ വീട്ടിലും പോയി ഷൂട്ട് ചെയ്തത്രേ..ആ പാവം പെണ്ണിന്റെ കണ്ണീരു കാണിച്ചു വേണം അവന്മാര്‍ക്ക് ക്ലബ്ബിന്റെ പബ്ലിസിറ്റി കൂട്ടാന്‍...നാറികള്‍..."
മുകുന്ദന്‍ പിന്നെയും എന്തെല്ലാമോ പിറുപിറുത്തു കൊണ്ടിരുന്നു.
മുറിയിലെ മേശപ്പുറത്ത് ആ ക്ലബ്ബിന്റെ വാര്‍ഷികാഘോഷത്തിന്റെ ഒരു നോട്ടീസ് കിടപ്പുണ്ട്. പിള്ള മറന്ന് വച്ചു പോയതാവണം.

അല്‍പ്പ നേരം കഴിഞ്ഞാണ് മുനീര്‍ കണ്ണു തുറന്നത്.
മുന്നില്‍ ഗോപനെ കണ്ടപ്പോള്‍ മുനീര്‍ കഷ്ടപ്പെട്ട് ചിരിക്കാന്‍ ശ്രമിച്ചു.
"എങ്ങനെയുണ്ട്...."
മുനീറിന്റെ അരികില്‍ ചേര്‍ന്നു നിന്നു ഗോപന്‍ പതുക്കെ ചോദിച്ചു.
മുനീര്‍ പതുക്കെ തലയാട്ടി.
"വേദനയുണ്ടോ..?"
മുനീര്‍ ഉണ്ടെന്നോ ഇല്ലെന്നോ പറഞ്ഞില്ല.വെളുത്ത പുതപ്പിനുള്ളിലെ ശൂന്യതയെ തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ടാവില്ല.അല്ലെങ്കില്‍ തിരിച്ചറിവുകളില്‍ നിശബ്ദനാവാന്‍ പഠിച്ചിട്ടുണ്ടായിരിക്കണം.
"സെവന്‍സില്......"
എന്തോ പറയാന്‍ വന്നത് മുനീര്‍ പാതിയില്‍ നിര്‍ത്തി..പിന്നെ ഒരു നിമിഷം കഴിഞ്ഞ് , തല ചെരിച്ച് പതുക്കെ പറഞ്ഞു തുടങ്ങി...
"..അരീക്കോട്ടെ സെവെന്‍ സ്റ്റാറില് ...ഡിഫെന്‍സില് ആയിരുന്ന് ഞാന്‍ കളിച്ചോണ്ടിരുന്നത്‌ .....ഇന്റെ വലത്തെ കാല് കടന്ന് ഒരുത്തനും എളുപ്പത്തില് ഗോളടിക്കാന്‍ പറ്റൂലാന്നാ നാട്ടാര് പറയാറ്......"
"ന്നാ ഇപ്പം......"
മുനീറിനെ കൂടുതല്‍ പറയാന്‍ സമ്മതിക്കാതെ, പെട്ടന്ന് ഗോപന്റെ കൈ പിടിച്ച് വലിച്ച് മുകുന്ദന്‍ പുറത്തേക്കിറങ്ങി.......
ആ കണ്ണുകള്‍ നനഞ്ഞിരിക്കുന്നത് ഗോപന്‍ കണ്ടു.

ആലി ഹസ്സന്റെ കഫ്റ്റീരിയയില്‍, പുറത്തിട്ട ഫൈബര്‍ ടേബിളിനിരുവശവും പരസ്പരം ഒന്നും മിണ്ടാതെ ഇരിക്കുമ്പോള്‍ മുകുന്ദനെ പറ്റി ചിന്തിക്കുകയായിരുന്നു ഗോപന്‍. ഷാര്‍ജയിലെ ഒറ്റമുറി ഫ്ലാറ്റില്‍ ഒപ്പം താമസിച്ചു തുടങ്ങിയ പരിചയം. ആറു വര്‍ഷത്തെ ദുബായ് ജീവിതം സമ്മാനിച്ച അപൂര്‍വ്വം നല്ല സുഹൃത്തുക്കളില്‍ ഒരാളെന്നതിലുപരി, പഴയ ജന്മങ്ങളിലെവിടെയോ വച്ച് ഒന്നിച്ചു കൂടെ നടന്ന ആരോ ആണെന്ന തോന്നലുകളാണ് പലപ്പോഴും. വി എം കന്‍സ്ട്രക്ഷനില്‍ സൂപ്പെര്‍ വൈസറായി വന്നതിനു ശേഷവും ആഴ്ചയില്‍ രണ്ട് മൂന്നു തവണ പരസ്പരം കാണാറുണ്ട്‌. നാട്ടില്‍ നിന്നും ഒരുപാടു പേരെ ഗള്‍ഫില്‍ കൊണ്ട് വന്നിട്ടുണ്ട് മുകുന്ദന്‍.അതും ആരോടും ഒറ്റ പൈസ പോലും വാങ്ങാതെ...

പുതിയ മലയാളി പയ്യന്‍ സപ്ലയര്‍ കൊണ്ടുവച്ച പേപ്പര്‍ ഗ്ലാസിലെ ഏലം മണക്കുന്ന ചായ മൊത്തിക്കുടിച്ചു കൊണ്ടിരിക്കുമ്പോള്‍ കയ്യിലെ പഴയ പത്രത്തില്‍ വെറുതേ കണ്ണുകളോടിക്കുകയായിരുന്നു മുകുന്ദന്‍. ആ ചെറിയ കഫ്റ്റീരിയയുടെ ചുവരുകളില്‍ ഫ്രെയിം ചെയ്തുവച്ച കുറേ ചിത്രങ്ങളുണ്ട്. ദുബായ് ഷേയ്ക്കിന്റെയും കിരീടാവകാശിയുടെയും വലിയ ഫോട്ടോകള്‍.‍..കൂടെ ബര്‍ജ് ഉല്‍ അറബിന്റെയും ബര്‍ജ് ദുബായ് ടവറിന്റെയും ചിത്രങ്ങള്‍....ലോകത്തെ ഏറ്റവും ഉയരം കൂടിയ ബര്‍ജ് ദുബായ് ടവറിന്റെ മേലറ്റം ലേസര്‍ വെളിച്ചത്തില്‍ കുളിച്ചു നില്‍ക്കുന്നു....ആ ലൈറ്റ് പിടിപ്പിച്ചവരുടെ കൂട്ടത്തില്‍ മുനീറും ഉണ്ടായിരുന്നു...

"അവന്‍ പറഞ്ഞത്............"
പത്രത്തിലെ ഏതോ ചിത്രത്തില്‍ അലസമായി നോക്കി,ഗോപനെ നോക്കാതെ മുകുന്ദന്‍ സംസാരിച്ചു തുടങ്ങി.
........നീ കേട്ടില്ലേ ...?"
"കേട്ടിരുന്നു..."
"ഈ ജീവിതം ഒരു തരത്തില്‍ ഒരു ഫുട്ബോള് കളിയാണ് ഇല്ലേ ഗോപാ..ഒരു വലിയ ഗോള്‍ പോസ്റ്റ്‌...സ്വന്തം പോസ്റ്റിലേക്ക് ബോള്‍ വന്നു കയറുന്നത് തടുക്കാന്‍ നോക്കുമ്പോഴാണ് ഗോളിക്ക് മനസ്സിലാവുന്നത് തനിക്കു കാലുകളില്ലെന്ന്..‍.."
ഗോപന്‍ ഒന്നും മിണ്ടാതെ വെറുതേ ദൂരേക്ക്‌ നോക്കിയിരുന്നു.അകലെ ആകാശത്ത്‌ പൊങ്ങിപ്പറക്കുന്ന ഒരു വലിയ ബലൂണ്‍.ഹൈഡ്രജന്‍ നിറച്ചതാവണം ആരുടെയോ കയ്യില്‍ നിന്നു പിടി വിട്ടുപോയതാണ്.

"മുനീറിന്റെ ഉമ്മ മരിച്ചു..."
വെട്ടിയൊതുക്കാത്ത,നരച്ചു തുടങ്ങിയ താടി തടവിക്കൊണ്ടാണ് മുകുന്ദന്‍ പറഞ്ഞത്..ഗോപന്‍ അമ്പരപ്പോടെ അയാളെ നോക്കി.
"എങ്ങനെ..?!!"
"വിവരം അറിഞ്ഞ മുതല്‍ അവര്‍ കിടപ്പായിരുന്നു...പിന്നെ കഴിഞ്ഞ ദിവസം ചാനലുകാര്‍ ഓക്കെ വന്നതിനു ശേഷം അസുഖം കൂടി.‍.ഇന്ന് രാവിലെയാണ് ഫോണ്‍ വന്നത്.ലത്തീഫ് എന്നെ മാത്രമേ വിളിച്ചുള്ളൂ...ഞാന്‍ ആരോടും പറഞ്ഞിട്ടില്ല.മുനീറിനോട് പറയണമെന്നുണ്ട് പക്ഷേ....എങ്ങനെ.??"
അപ്പോള്‍ അതായിരുന്നു രാവിലെ മുതല്‍ മുകുന്ദന്റെ മുഖത്തെ ഭാവമാറ്റം.
"ഇപ്പോള്‍ പറയേണ്ട...എന്തായാലും ഈ അവസ്ഥയില്‍ അവന്‍ അറിഞ്ഞിട്ടെന്താ..."
"ശവമടക്ക് ഒക്കെ കഴിഞ്ഞിട്ടുണ്ടാവും...വരാന്‍ പറ്റില്ലാന്നു എല്ലാവര്‍ക്കും അറിയാമല്ലോ.."
"നിന്റെ വീട്ടില്‍ നിന്നും കുറേ ദൂരമുണ്ടോ മുനീറിന്റെ സ്ഥലത്തേക്ക്..?"
"ഞാന്‍ ഒരു വട്ടം കണ്ടിട്ടുണ്ട്..പിന്നെ അവന്‍ പറഞ്ഞ അറിവാണ് കൂടുതലും..അവന്റെ കഥയൊക്കെ ഒരു പാട് കഷ്ടമാ ഗോപാ..പാവം ഒരു തരത്തില്‍ ഒരു കരയ്ക്കടുത്തു വരികയായിരുന്നു...."
മുകുന്ദന്‍ പാതിയില്‍ നിര്‍ത്തി.

മുനീറിന്റെ ആരുമല്ലാതിരുന്നിട്ടും മുകുന്ദന്‍ കൂടെ നിന്ന് എല്ലാ സഹായങ്ങളും ചെയ്യുന്നു...ഗോപന് മനസ്സില്‍ എവിടെയൊക്കയോ കൊളുത്തി വലിക്കുന്നത് പോലെ തോന്നി.നല്ല മനസ്സുകളുടെ കൂടെ ഇങ്ങനെ ഇരിക്കാന്‍ കഴിയുന്നത്‌ തന്നെ ഒരു ഭാഗ്യമാണ്...
ആലിഹസ്സന്‍ അടുത്തു വന്നു സങ്കടം പറഞ്ഞു.ഹസ്സന്റെ കടയില്‍ ജോലിക്ക് നിന്നിരുന്ന നേപ്പാളിയെ രണ്ട് ദിവസമായി കാണാനില്ലത്രേ..അവനെയും തേടി നടപ്പാണ്.. പാവം...

ധേരയിലെ തെരുവുകളില്‍ അന്ന് തിരക്കു കുറവായിരുന്നു.കടുത്ത സാമ്പത്തിക മാന്ദ്യത്തിന്റെ അലകള്‍ വീശിയടിക്കാന്‍ തുടങ്ങിയതിനു ശേഷം കടകളിലൊന്നും പഴയ തിരക്കു കാണാനില്ല. കമ്പനികള്‍ ദിനപ്രതി പൂട്ടുകയാണ്. വര്‍ഷങ്ങളായി സുരക്ഷിതമാണെന്ന് വിശ്വസിച്ചിരുന്ന ജോലി ഒരു സുപ്രഭാതത്തില്‍ നഷ്ടപ്പെടുമ്പോള്‍ പലരും നിസ്സഹായരാവുന്നു. നാട്ടിലേക്ക് പോവാതെ കുറഞ്ഞ ശമ്പളത്തിനെങ്കിലും മറ്റു വല്ലയിടത്തും എന്തെങ്കിലും ജോലി കിട്ടുമോ എന്ന് തേടുകയാണ് മിക്കവരും. നാട്ടില്‍ നിന്നുള്ള ഫോണ്‍ കോളുകളില്‍ നിന്നും,തിരിച്ചു പോയവരുടെ അവസ്ഥകള്‍ അറിയാവുന്നവര്‍ മറ്റു ഗള്‍ഫ് രാജ്യങ്ങളിലേക്ക് കുടിയേറാന്‍ ശ്രമിക്കുന്നു.നിരാശയുടെയും നിസ്സഹായതയുടെയും മുഖങ്ങളാണ് ചുറ്റിലും.

മഴപെയ്തതിനാലാവണം. ഇരച്ചു കയറുന്ന തണുപ്പില്‍ ഏറെ നേരമിരുന്നപ്പോള്‍ ഗോപന്റെ ചുണ്ടുകള്‍ കൂട്ടിയിടിക്കാന്‍ തുടങ്ങി.മുകുന്ദന്‍ അകലേക്ക്‌ നോക്കിയിരിക്കുകയാണ്.കണ്മുന്നിലൂടെ കുറേ സുഡാനികള്‍ കടന്നു പോയി..വലിയ ഒരു കുടുംബമായിരിക്കണം, കണ്ടാല്‍ വേര്‍തിരിച്ചറിയാന്‍ പറ്റാത്ത ഒരേ മുഖഛായയോടെ കറുത്ത കുറേ സ്ത്രീ രൂപങ്ങള്‍.കൂട്ടത്തിലെ ചെറിയ പെണ്‍കുട്ടി പല്ലില്ലാത്ത മോണ കാട്ടി ഗോപനെ നോക്കി ചിരിച്ചു.ഗോപനപ്പോള്‍ ഗീതുവിനെയാണ് ഓര്‍മ വന്നത്..നാലു വയസ്സുള്ളപ്പോള്‍ അവളുടെ മുഖത്തും ഇതേ നിഷ്കളങ്കതയായിരുന്നു...

ഓര്‍മകളില്‍ മനസ്സ് വിങ്ങാന്‍ തുടങ്ങിയപ്പോള്‍ ഗോപന്‍ എഴുന്നേറ്റു.അപ്പോഴാണ്‌ തന്നെത്തന്നെ നോക്കിയിരിക്കുകയാണ് മുകുന്ദന്‍ എന്ന് മനസ്സിലായത്‌.യാത്ര പറയാന്‍ തുടങ്ങിയപ്പോള്‍ വിലക്കിക്കൊണ്ട് മുകുന്ദന്‍ കസേരയിലേക്ക് തന്നെ പിടിച്ചിരുത്തി.
"അരുണ നിന്നെക്കുറിച്ച് കുറേ എന്തൊക്കയോ ചോദിച്ചു..."
ഗോപന്റെ കണ്ണുകളിലേക്കു തന്നെ സൂക്ഷിച്ചു നോക്കിക്കൊണ്ടാണ് മുകുന്ദന്‍ ചോദിച്ചത്.
ഗോപന്‍ ഒന്നും മിണ്ടിയില്ല..
"നിങ്ങള്‍ക്കിടയില്‍ നീ പണ്ടു പറഞ്ഞ കാര്യങ്ങള്‍ മാത്രമേയുള്ളൂ..?? അതോ ഞാനറിയാത്ത എന്തെങ്കിലും...??"
മുകുന്ദന്‍ അല്‍പ്പം സംശയത്തോടെ നോക്കി.
"നീ മുപ്പത്താറു വയസ്സായിട്ടും കല്യാണം കഴിക്കാത്തത് എന്താണെന്ന് ഞാന്‍ ഇതുവരെ ചോദിച്ചിട്ടില്ല..പക്ഷേ.‍....??"
"അത് വിട് മുകുന്ദാ വേറെ എന്തെങ്കിലും പറ..."
"അരുണയ്ക്ക് നിന്നോടുള്ള സമീപനം കണ്ടപ്പോള്‍ തന്നെ ഞാന്‍ എന്തൊക്കയോ ഊഹിച്ചിരുന്നു.വര്‍ഷങ്ങള്‍ക്കു ശേഷം നീ അവളെ കണ്ടുമുട്ടിയത്‌ ചിലപ്പോള്‍ ഒരു നിമിത്തമാവാം.ഇങ്ങനെയൊരു സാഹചര്യത്തിലായിപ്പോയി, ഇല്ലെങ്കില്‍ ഞാന്‍ തന്നെ അവളോട്‌ ചോദിച്ചേനെ..."
"അരുണ നീ കരുതുന്നത് പോലെയല്ല മുകുന്ദാ..മനസ്സിലാക്കാന്‍ ഒരു പാട് വിഷമമുള്ള കഥാപാത്രമാണ്..നിനക്കറിയാത്ത ഒരു ഭൂതകാലം ഉണ്ടായിരുന്നു എന്നത് സത്യമാണ്.പക്ഷേ അതിന്റെ വേരുകള്‍ തേടിപ്പോയാല്‍ ചെന്നെത്തുക ഉള്‍ക്കൊള്ളാന്‍ കഴിയാത്ത അവസ്ഥകളിലാണ്.."

അപ്പോള്‍ അവിടെ, ബനിയാസ് സ്ക്വയറിലെ ചെറിയ ചെറിയ ഈന്തപ്പനകളെ ചുറ്റിപ്പറ്റി ഒരു കാറ്റ് രൂപം കൊള്ളുന്നുണ്ടായിരുന്നു.
കുറച്ചു മാറി, അബ്രയും ക്രീക്ക് പാര്‍ക്കും കടന്ന് ആ കാറ്റ് കരാമയിലെ നൂറ്റിപ്പതിനേഴാം നമ്പര്‍ ഫ്ലാറ്റിനോട് ചേര്‍ന്ന് വീശിയടിച്ചു......

(തുടരും)
.
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും എഴുതുവാന്‍ ദയവായി ഇവിടെ ക്ലിക്കുക
.....................................................................................................................................................
© Copyright
All rights reserved
Creative Commons License
Kadal Meenukal by Murali Nair is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License
.