"ദിസ് ഈസ് ഔവര്‍ ലാസ്റ്റ് ഹോപ്.....ഇത് കൂടി കിട്ടിയില്ലെങ്കില്‍.........."
ചെയര്‍മാന്‍ പറയാതെ വിട്ട വാക്കുകളിലെ യാഥാര്‍ത്ഥ്യം എന്താണെന്ന് ആ മുറിയിലെ എല്ലാവര്‍ക്കും നല്ല നിശ്ചയമുണ്ടായിരുന്നു.നീണ്ട കോണ്‍ഫറന്‍സ് ഹാളില്‍ കുറച്ചു നേരത്തേക്ക് എ.സി യല്ലാതെ വേറൊന്നും ശബ്ദിച്ചില്ല.വലിഞ്ഞു മുറുകിയ മുഖങ്ങള്‍ ഒന്നിളക്കുക പോലും ചെയ്യാതെ എല്ലാവരും ചെയര്‍മാന്റെ മുഖത്തേക്ക് തന്നെ കണ്ണുംനട്ടിരുന്നു...
"....അത് കൊണ്ട് നമുക്കെല്ലാവര്‍ക്കും പ്രാര്‍ഥിക്കാം..ഈ പ്രോജെക്റ്റിനു വേണ്ടി ആത്മാര്‍ഥമായി പ്രയത്നിക്കുകയും ചെയ്യാം.."
കമ്പനി ചെയര്‍മാന്‍ അബ്ദുല്‍ വഹാബിന്റെ ശബ്ദത്തിലെ പ്രത്യാശ സ്വന്തം മുഖങ്ങളിലേക്ക് പകര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു മുറിയിലുള്ളവര്‍. ഇളകുമ്പോള്‍ ശബ്ദമുണ്ടാക്കുന്ന കസേരയില്‍ ശ്വാസം പിടിച്ചിരുന്ന്, ഗോപന്‍ എല്ലാവരെയും മാറി മാറി നോക്കി. കുറേ ജീവിതങ്ങള്‍ ഒരറ്റം താഴ്ന്നു തുടങ്ങിയ തുലാസിന്റെ മറുതട്ടിലാടുന്നു. യാഥാര്‍ത്ഥ്യം ഭീകര രൂപത്തില്‍ കണ്മുന്നില്‍ വന്നു നില്‍ക്കുമ്പോള്‍ പതറിപ്പോകാത്ത ആരുണ്ട്.?
"ഒരു പക്ഷേ ഇവിടെയായിരിക്കും വി.എം കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ അവസാനം...ആരെയും വേദനിപ്പിക്കാനല്ല ഞാന്‍ പറയുന്നത്...ഒരു സാധാരണ തൊഴിലാളിയായി ഇവിടെവന്ന എന്റെ പിതാവ് കുഞ്ഞി മൂസ വര്‍ഷങ്ങളുടെ കഠിനാധ്വാനം കൈമുതലാക്കിയാണ് ഈയൊരു സ്ഥാപനത്തിന് തുടക്കമിട്ടത്....മലയാളികള്‍ മാത്രമല്ല ഇന്ന് നമ്മുടെ കമ്പനിയില്‍ വിവിധ ദേശക്കാര്‍ ഏറെയുണ്ട്...എങ്കിലും ഇന്നീ മീറ്റിങ്ങില്‍ നമ്മള്‍ മലയാളികള്‍ മാത്രമേയുള്ളൂ... ആദ്യകാലം മുതല്‍ക്കേ കൂടെ നിന്നു ഈ കമ്പനിയെ വളര്‍ത്തിയെടുത്ത നിങ്ങളും, പിന്നെ ഈയൊരവസ്ഥയില്‍ ഇന്നിവിടെ ഇങ്ങനെ സംസാരിക്കേണ്ടി വന്ന ഈ ഞാനും.എന്റെ ബാപ്പയുടെ വിയര്‍പ്പാണ് ഈ സ്ഥാപനം.പക്ഷേ അവസാനത്തെ ഈയൊരു പ്രൊജക്റ്റ് കൂടി കൈവിട്ടു പോയാല്‍ എനിക്ക് മുന്നില്‍ വേറെ മാര്‍ഗങ്ങളില്ല.... നമുക്കിടയില്‍ ഔപചാരികതകള്‍ ഇല്ലല്ലോ അത് കൊണ്ടാണ് എല്ലാം തുറന്ന് പറയുന്നത്....."
ഒടുവിലെ വാചകങ്ങള്‍ പറയുമ്പോഴേക്കും അബ്ദുല്‍ വഹാബിന്റെ സ്വരം തീര്‍ത്തും ദുര്‍ബലമായി വന്നു. അനുയായികളില്ലാത്ത നേതാവിന്റെ ശരീര ഭാഷയോടെ മേശപ്പുറത്തെ ഗ്ലാസ്സിലെ വെള്ളം ഒറ്റയടിക്ക് കുടിച്ചു തീര്‍ക്കുന്ന ചെയര്‍മാനെ, അത് വരെ കണ്ടു പരിചയമില്ലാത്ത ഒരാളെപ്പോലെയാണ് ഗോപന് തോന്നിയത്. തണുത്ത കോണ്‍ഫറന്‍സ് റൂമിലെ നീണ്ട ടേബിളിന്റെ ഇരുവശങ്ങളിലുമായി പരസ്പരം നോക്കാന്‍ പോലും പേടിച്ചിരിക്കുകയായിരുന്ന വി.എം കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ നിറമാര്‍ന്ന ഭൂതകാലം, തലകള്‍ താഴ്ത്തി, നിശബ്ദമായി ആ വാക്കുകള്‍ കേട്ടിരുന്നു..
മീറ്റിംഗ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയപ്പോള്‍ ആരും പരസ്പരം ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല..ഓഫീസിലുള്ളവര്‍ പതുക്കെ അവരവരുടെ സീറ്റുകളിലേക്കും, സൈറ്റിലുള്ളവര്‍ വാനിലേക്ക് കയറാനും പോയി. ടോയ് ലെറ്റിനടുത്തേക്ക് നടന്നു പോകുന്ന സുരേഷിനെ കണ്ടപ്പോള്‍ ഗോപന്‍ മെല്ലെ അടുത്തേക്ക് ചെന്നു.
"ആ പ്രോജക്റ്റിന്റെ സത്യാവസ്ഥ എന്താ...പ്രതീക്ഷയുണ്ടോ...??"
ബാത്ത് റൂമിലേക്ക് കയറുന്ന വഴി സുരേഷിനെ അല്‍പ്പം മാറ്റി നിര്‍ത്തി പതുക്കെ ചോദിച്ചു.
"എവിടെ.... ഭൂമിയോളം താഴ്ത്തിയാണ് ടെണ്ടറില്‍ പ്രൈസ് കോട്ട് ചെയ്തിരിക്കുന്നത് എന്നിട്ടും ആ മിസരി ഇനിയും റേറ്റ് താഴ്ത്താന്‍ പറയുന്നു...കലക്കവെള്ളത്തില്‍ എങ്ങനെ മീന്‍ പിടിക്കണമെന്നവര്‍ക്ക് നന്നായി അറിയാം പന്നികള്‍..."
കമ്പനിയില്‍ ടെണ്ടറുകള്‍ കൈകാര്യം ചെയ്യുന്നതു സുരേഷാണ്.
"അപ്പോ..."
"വേറെ ഒറ്റ ടെണ്ടര്‍ പോലും നിലവിലില്ല........."...
സുരേഷ് തുടര്‍ന്നു.
"....വഹാബ് സര്‍ ഇന്നലെ വൈകുന്നേരം കുറേ സംസാരിച്ചു....കൂടുതലും പുള്ളി ഇവിടെ വന്ന കാലത്തെ കഥകളായിരുന്നു.എന്താണ് പറയുക നാട്ടില്‍ അവസാനമായി ബാക്കിയുണ്ടായിരുന്ന ബില്‍ഡിംഗ് കൂടി വിറ്റു എന്ന് പറഞ്ഞു...."
സുരേഷിന്റെ മുഖം വിവര്‍ണമായി വരുന്നത് ശ്രദ്ധിക്കുകയായിരുന്നു ഗോപന്‍. പാതി വഴിയില്‍ നിന്നു പോയ വില്ല പ്രൊജക്റ്റ് വഹാബ് സാറിന്റെ കയ്യിലെ അവസാന നാണയത്തുട്ടും ചലനരഹിതമാക്കിക്കൊണ്ടാണ് കടന്നു പോയത്.
"എനിക്കെന്തു ചെയ്യണമെന്നറിയില്ല ഗോപേട്ടാ..എന്റെ കാര്യം ആലോചിച്ചു നോക്കൂ.... ഞാനവളുടെ വീട്ടുകാരോട് എന്താണ് പറയേണ്ടത്.?? അച്ഛനോട് ഞാന്‍ പറഞ്ഞതാണ് എല്ലാം തുറന്ന് പറയാന്‍..ഒഴിയുന്നെങ്കില്‍ ഒഴിയട്ടെ...."
സുരേഷിന്റെ വിവാഹനിശ്ചയം കഴിഞ്ഞതാണ്. ജോലിയില്ലാതെ വിവാഹം കഴിക്കുന്നത് ചിന്തിക്കാന്‍ കൂടി കഴിയില്ലെന്ന് സുരേഷ് കുറേ ദിവസങ്ങളായി പറയുന്നു.
"സുരേഷ്,.."
ഉപദേശങ്ങള്‍ നല്‍കി പരിചയമില്ലെങ്കിലും കൈകള്‍ സുരേഷിന്റെ തോളില്‍ വച്ച് അല്‍പ്പം കാര്‍ക്കശ്യത്തോടെ തന്നെ ഗോപന്‍ പറഞ്ഞു തുടങ്ങി...
"....നീ ഒന്നുമില്ലെങ്കില്‍ ഒരു എഞ്ചിനീയറാണ് പിന്നെ വളരെ ചെറുപ്പവും. നിന്നെപ്പോലെ കഴിവുള്ള ഒരാള്‍ ഇങ്ങനെ തളര്‍ന്നാല്‍..?? മറ്റൊരു ജോലി കണ്ടെത്താന്‍ നിനക്ക് പ്രയാസമുണ്ടാവില്ല. അവളെയും വീട്ടുകാരെയും പറഞ്ഞു മനസ്സിലാക്കുക. വിവാഹം കഴിഞ്ഞിട്ടാണ് ഇങ്ങനെ സംഭവിക്കുന്നതെങ്കില്‍ എന്ത് ചെയ്യുമായിരുന്നു.? ഇവിടത്തെ സ്ഥിതിയൊക്കെ നാട്ടില്‍ എല്ലാവര്‍ക്കും അറിയാം.അത് കൊണ്ട് നീ പേടിക്കാതെ....."
സുരേഷിനെ സമാധാനിപ്പിച്ചെങ്കിലും ഗോപന്റെ മനസ്സ് നാട്ടിലായിരുന്നു. തിരിച്ചു പോക്കിനെ കുറിച്ച് ചിന്തിച്ചു തുടങ്ങിയിട്ടില്ല.. എങ്കിലും സ്റ്റാഫ് അക്കോമഡെഷന്റെ ഇടുങ്ങിയ മുറിയിലെ മൂലകളില്‍ കനമില്ലാത്ത കുറച്ചു ബാഗുകള്‍ നിശബ്ദമായി, ആസന്നമായ ഒരു യാത്രയ്ക്ക് തയ്യാറെടുക്കുന്നുണ്ട്.
ഗോപന്റെ വാക്കുകള്‍ കേട്ടു കൊണ്ടാണ് തോമസ് എത്തിയത്. വന്നയുടനെ സുരേഷിനെ ചൂണ്ടിക്കൊണ്ട് പറഞ്ഞു..
"ഗോപാ...ഈ സുരേഷില്ലേ ഇവന്‍ ഒരു ഭീരുവാണ്..അവന്റെ പേടി കല്യാണത്തിന്റെ അന്ന് നാട്ടുകാര്‍ എന്ത് പറയും എന്നാണ്...ആ പെണ്‍കൊച്ചിന് ഒരു പ്രശ്നവുമില്ലെങ്കില്‍ പിന്നെ ഇവനെന്താ...മറ്റുള്ളവരുടെയൊക്കെ അവസ്ഥ ആലോചിച്ചു നോക്കുമ്പോള്‍ ഒരു കാര്യവുമില്ലാതെ ഇങ്ങനെ സങ്കടപ്പെട്ടിരിക്കുന്ന ഇവനെയൊക്കെ എന്താ ചെയ്യേണ്ടത്...."
"അങ്ങനെയല്ല ഇച്ചായാ...പ്രശ്നം തുടങ്ങുക എന്റെ വീട്ടില്‍ നിന്നു തന്നെയാ...അവള്‍ കുടുംബത്തില്‍ കാലെടുത്തു കുത്താന്‍ തുടങ്ങുമ്പോള്‍ തന്നെ എന്റെ ജോലി പോയി ഞാന്‍ വീട്ടിലിരിക്കുക എന്ന് പറഞ്ഞാല്‍...വന്നു കയറുന്ന പെണ്‍കുട്ടിയെ അല്ലേ എല്ലാവരും പറയുക..??"
മറുപടി പറയാതെ,സുരേഷിനെ നോക്കി പുച്ചഭാവത്തില്‍ ഒന്നു ചിരിച്ച് തോമസ് ബാത്ത് റൂമിലേക്ക് കയറിപ്പോയി.
സുരേഷിന്റെ മുഖം വല്ലാതായിരുന്നു.ഗോപന്‍ അവന്റെ പുറത്തു തട്ടി.
"നീ ആ മനുഷ്യനെ കുറിച്ച് ആലോചിച്ചു നോക്കൂ...ജീവിതത്തില്‍ ഇത്രയൊക്കെ സംഭവിച്ചിട്ടും പുള്ളി ചിരിച്ചു കൊണ്ട് നില്‍ക്കുന്നില്ലേ...ദുരന്തങ്ങള്‍ക്ക് പോലും ഇപ്പോള്‍ തോമസച്ചായനെ പേടിയാണ്...."
ബാത്ത് റൂം കുലുങ്ങുന്ന ശബ്ദത്തില്‍ അച്ചായന്‍ ചുമയ്ക്കുന്നത് കേട്ടു...
രാവിലെ പെയ്ത മഴയില്‍, റോഡില്‍ അവിടിവിടെ വെള്ളം തളം കെട്ടി കിടപ്പുണ്ടായിരുന്നു. പോര്‍ട്ട് ഹോസ്പിറ്റലിലേക്ക് തിരിയുന്ന വഴിയില്‍ വച്ച് ഒരു പാക്കിസ്ഥാനി റോഡ് ക്രോസ് ചെയ്യാന്‍ കുറുകെ ചാടി. ഗോപന്‍ സഡന്‍ ബ്രേക്ക് ഇട്ടെങ്കിലും കുറേ ദൂരം തെന്നി നീങ്ങതിനു ശേഷമാണ് വണ്ടി നിന്നത്...
കിതപ്പ് മാറും മുന്‍പു തന്നെ പിറകില്‍ നിര്‍ത്താതെ ഹോണടിക്കുന്ന ലാന്‍ഡ് ക്രൂയിസറില്‍ നിന്നും അറബിയുടെ ശകാരം കേട്ടു. റോഡിന്റെ അപ്പുറത്തേക്ക് എടുത്തു ചാടിയ പാക്കിസ്ഥാനി നന്ദിയോടെ ഗോപനെ നോക്കുന്നുണ്ടായിരുന്നു. വീഴ്ചയില്‍ അയാളുടെ കയ്യില്‍ ചെറുതായി പരിക്ക് പറ്റിയിട്ടുണ്ടാവണം.കൈമുട്ടിലൂടെ ഒലിച്ചിറങ്ങുന്ന ചോര കണ്ടു....ഗോപന് വണ്ടി നിര്‍ത്തി അയാള്‍ക്കു വല്ലതും പറ്റിയോ എന്ന് നോക്കണമെന്നുണ്ടായിരുന്നു. പക്ഷേ പിറകോട്ടു നോക്കാതെ വലതു കൈ ദേഹത്തോട് ചേര്‍ത്ത് വച്ച് അയാള്‍ അകലേക്ക് ഓടിപ്പോയി...
ദുബായില്‍ വല്ലപ്പോഴും പെയ്യുന്ന മഴകള്‍ പലപ്പോഴും റോഡപകടങ്ങള്‍ ഉണ്ടാക്കാനേ ഉപകരിക്കാറുള്ളൂ. പെയ്യാന്‍ മടിക്കുന്ന ചാറ്റല്‍ മഴയില്‍ റോഡിലെ പൊടി നനഞ്ഞു കുതിര്‍ന്ന് ഒരുതരം പശപോലെയാവും. ആദ്യമായി ദുബായിലെ മഴ കണ്ട ദിവസം ഗോപന്‍ ഓര്‍ത്തു.അന്ന് അത്ഭുതമായിരുന്നു...മരുഭൂമിയില്‍ കണ്ട ആദ്യത്തെ മഴ....ഇവിടെ മടിച്ചു മടിച്ചു പെയ്യുന്ന മഴകള്‍ക്ക് ബാംഗ്ലൂരിലെ, നേര്‍ത്ത സൂചിമുന പോലെ നീളത്തില്‍ പെയ്യുന്ന മഴയോട് ഒരു പാട് സാദൃശ്യമുണ്ട്..
ഗോപന്‍ ഹോസ്പിറ്റലില്‍ എത്തിച്ചേരുമ്പോഴേക്കും സമയം സന്ധ്യയായിരുന്നു. നീളമേറിയ ഇടനാഴിയിലൂടെ നടക്കുമ്പോള്‍ അരുണ എതിരെ നടന്നുവരുന്നത് കണ്ടു. കണ്ണുകള്‍ തമ്മില്‍ ഇടഞ്ഞപ്പോള്‍ ഗോപന്‍ ഒന്നു ചിരിച്ചെന്നു വരുത്തി.
"ആ സര്‍ജറി ക്യാന്‍സല്‍ ചെയ്തു...ഏതോ ചാരിറ്റി സംഘടനയുടെ ആള്‍ക്കാര്‍ വന്നിരുന്നു.നാട്ടിലേക്ക് കൊണ്ട് പോകുന്നതിനെ പറ്റി ചര്‍ച്ച ചെയ്തിരുന്നു...."
ഗോപന്‍ ശ്രദ്ധിച്ചപ്പോള്‍,അരുണ തന്റെ മുഖത്തേക്ക് നോക്കാതെയാണ് സംസാരിക്കുന്നതെന്ന് മനസ്സിലായി.
"ഇപ്പോള്‍ എങ്ങനെയുണ്ട്..??"
"ഇടതു കയ്യിലെ പ്ലാസ്റ്റര്‍ എടുത്തു..രണ്ട് കൈകളും ഇപ്പോള്‍ ചെറുതായി അനക്കാനാവുന്നുണ്ട്..."
"നാട്ടില്‍ നിന്നും കോളുകള്‍ വല്ലതും വന്നിരുന്നോ.."
"ഇല്ല...."
കൂടുതല്‍ സംസാരിക്കാതെ അരുണ നടന്നു നീങ്ങി. ആ ഇടനാഴിയില്‍ നേര്‍ത്ത വെളിച്ചമേ ഉണ്ടായിരുന്നുള്ളൂ..മുറിയിലേക്ക് കയറും മുന്‍പ് കൃത്യമായ അകലത്തില്‍ അകന്നകന്നു പോകുന്ന, കയ്യെത്തി തൊടാനാവാത്ത ആ രൂപത്തെ ഗോപന്‍ ഒന്നു കൂടി തിരിഞ്ഞു നോക്കി.
പിന്നെ ഒരു നെടുവീര്‍പ്പോടെ അകത്തേക്ക് കയറി.
മുനീറിന്റെ ബെഡിനരികില്‍ മുകുന്ദന്‍ ഇരിപ്പുണ്ടായിരുന്നു. ഗോപനെ കണ്ടപ്പോള്‍ അയാള്‍ മെല്ലെ ചിരിച്ചു.
"അറിഞ്ഞോ ഗോപാ...
കയ്യിലെ പത്രം മേശപ്പുറത്ത് വച്ച് ഗോപന് നേരെ തിരിഞ്ഞു കൊണ്ട് മുകുന്ദന്‍ പറഞ്ഞു,
".......ഒടുക്കം ഇവിടത്തെ ചാരിറ്റിക്കാര്‍ വന്നിരിക്കുന്നു അവരുടെ ചില്ലറയും കൊണ്ട്...ആ പിള്ളയുടെ കരണത്ത് ഒരെണ്ണം കൊടുക്കണമെന്ന് ഞാന്‍ വിചാരിക്കാന്‍ തുടങ്ങിയിട്ട് കുറേയായി...ഇന്നത് സംഭവിക്കുമായിരുന്നു...."
"എന്ത് പറ്റി.??"
"അയാള്‍ വന്നിരിക്കുന്നു...ഏതോ ചാനലുകാരെയും കൂട്ടി..മുന്‍പും ഇത് പോലെ വന്നു കുറേ കൊലാഹലവുമുണ്ടാക്കി പോയതല്ലേ...മുനീറിന്റെ വീട്ടിലും പോയി ഷൂട്ട് ചെയ്തത്രേ..ആ പാവം പെണ്ണിന്റെ കണ്ണീരു കാണിച്ചു വേണം അവന്മാര്‍ക്ക് ക്ലബ്ബിന്റെ പബ്ലിസിറ്റി കൂട്ടാന്‍...നാറികള്‍..."
മുകുന്ദന്‍ പിന്നെയും എന്തെല്ലാമോ പിറുപിറുത്തു കൊണ്ടിരുന്നു.
മുറിയിലെ മേശപ്പുറത്ത് ആ ക്ലബ്ബിന്റെ വാര്‍ഷികാഘോഷത്തിന്റെ ഒരു നോട്ടീസ് കിടപ്പുണ്ട്. പിള്ള മറന്ന് വച്ചു പോയതാവണം.
അല്‍പ്പ നേരം കഴിഞ്ഞാണ് മുനീര്‍ കണ്ണു തുറന്നത്.
മുന്നില്‍ ഗോപനെ കണ്ടപ്പോള്‍ മുനീര്‍ കഷ്ടപ്പെട്ട് ചിരിക്കാന്‍ ശ്രമിച്ചു.
"എങ്ങനെയുണ്ട്...."
മുനീറിന്റെ അരികില്‍ ചേര്‍ന്നു നിന്നു ഗോപന്‍ പതുക്കെ ചോദിച്ചു.
മുനീര്‍ പതുക്കെ തലയാട്ടി.
"വേദനയുണ്ടോ..?"
മുനീര്‍ ഉണ്ടെന്നോ ഇല്ലെന്നോ പറഞ്ഞില്ല.വെളുത്ത പുതപ്പിനുള്ളിലെ ശൂന്യതയെ തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ടാവില്ല.അല്ലെങ്കില്‍ തിരിച്ചറിവുകളില്‍ നിശബ്ദനാവാന്‍ പഠിച്ചിട്ടുണ്ടായിരിക്കണം.
"സെവന്‍സില്......"
എന്തോ പറയാന്‍ വന്നത് മുനീര്‍ പാതിയില്‍ നിര്‍ത്തി..പിന്നെ ഒരു നിമിഷം കഴിഞ്ഞ് , തല ചെരിച്ച് പതുക്കെ പറഞ്ഞു തുടങ്ങി...
"..അരീക്കോട്ടെ സെവെന്‍ സ്റ്റാറില് ...ഡിഫെന്‍സില് ആയിരുന്ന് ഞാന്‍ കളിച്ചോണ്ടിരുന്നത് .....ഇന്റെ വലത്തെ കാല് കടന്ന് ഒരുത്തനും എളുപ്പത്തില് ഗോളടിക്കാന്‍ പറ്റൂലാന്നാ നാട്ടാര് പറയാറ്......"
"ന്നാ ഇപ്പം......"
മുനീറിനെ കൂടുതല്‍ പറയാന്‍ സമ്മതിക്കാതെ, പെട്ടന്ന് ഗോപന്റെ കൈ പിടിച്ച് വലിച്ച് മുകുന്ദന്‍ പുറത്തേക്കിറങ്ങി.......
ആ കണ്ണുകള്‍ നനഞ്ഞിരിക്കുന്നത് ഗോപന്‍ കണ്ടു.
ആലി ഹസ്സന്റെ കഫ്റ്റീരിയയില്‍, പുറത്തിട്ട ഫൈബര്‍ ടേബിളിനിരുവശവും പരസ്പരം ഒന്നും മിണ്ടാതെ ഇരിക്കുമ്പോള്‍ മുകുന്ദനെ പറ്റി ചിന്തിക്കുകയായിരുന്നു ഗോപന്‍. ഷാര്‍ജയിലെ ഒറ്റമുറി ഫ്ലാറ്റില്‍ ഒപ്പം താമസിച്ചു തുടങ്ങിയ പരിചയം. ആറു വര്‍ഷത്തെ ദുബായ് ജീവിതം സമ്മാനിച്ച അപൂര്‍വ്വം നല്ല സുഹൃത്തുക്കളില്‍ ഒരാളെന്നതിലുപരി, പഴയ ജന്മങ്ങളിലെവിടെയോ വച്ച് ഒന്നിച്ചു കൂടെ നടന്ന ആരോ ആണെന്ന തോന്നലുകളാണ് പലപ്പോഴും. വി എം കന്‍സ്ട്രക്ഷനില്‍ സൂപ്പെര്‍ വൈസറായി വന്നതിനു ശേഷവും ആഴ്ചയില്‍ രണ്ട് മൂന്നു തവണ പരസ്പരം കാണാറുണ്ട്. നാട്ടില്‍ നിന്നും ഒരുപാടു പേരെ ഗള്‍ഫില്‍ കൊണ്ട് വന്നിട്ടുണ്ട് മുകുന്ദന്‍.അതും ആരോടും ഒറ്റ പൈസ പോലും വാങ്ങാതെ...
പുതിയ മലയാളി പയ്യന്‍ സപ്ലയര്‍ കൊണ്ടുവച്ച പേപ്പര്‍ ഗ്ലാസിലെ ഏലം മണക്കുന്ന ചായ മൊത്തിക്കുടിച്ചു കൊണ്ടിരിക്കുമ്പോള്‍ കയ്യിലെ പഴയ പത്രത്തില്‍ വെറുതേ കണ്ണുകളോടിക്കുകയായിരുന്നു മുകുന്ദന്‍. ആ ചെറിയ കഫ്റ്റീരിയയുടെ ചുവരുകളില്‍ ഫ്രെയിം ചെയ്തുവച്ച കുറേ ചിത്രങ്ങളുണ്ട്. ദുബായ് ഷേയ്ക്കിന്റെയും കിരീടാവകാശിയുടെയും വലിയ ഫോട്ടോകള്‍...കൂടെ ബര്‍ജ് ഉല്‍ അറബിന്റെയും ബര്‍ജ് ദുബായ് ടവറിന്റെയും ചിത്രങ്ങള്‍....ലോകത്തെ ഏറ്റവും ഉയരം കൂടിയ ബര്‍ജ് ദുബായ് ടവറിന്റെ മേലറ്റം ലേസര്‍ വെളിച്ചത്തില്‍ കുളിച്ചു നില്‍ക്കുന്നു....ആ ലൈറ്റ് പിടിപ്പിച്ചവരുടെ കൂട്ടത്തില്‍ മുനീറും ഉണ്ടായിരുന്നു...
"അവന്‍ പറഞ്ഞത്............"
പത്രത്തിലെ ഏതോ ചിത്രത്തില്‍ അലസമായി നോക്കി,ഗോപനെ നോക്കാതെ മുകുന്ദന്‍ സംസാരിച്ചു തുടങ്ങി.
........നീ കേട്ടില്ലേ ...?"
"കേട്ടിരുന്നു..."
"ഈ ജീവിതം ഒരു തരത്തില്‍ ഒരു ഫുട്ബോള് കളിയാണ് ഇല്ലേ ഗോപാ..ഒരു വലിയ ഗോള്‍ പോസ്റ്റ്...സ്വന്തം പോസ്റ്റിലേക്ക് ബോള്‍ വന്നു കയറുന്നത് തടുക്കാന്‍ നോക്കുമ്പോഴാണ് ഗോളിക്ക് മനസ്സിലാവുന്നത് തനിക്കു കാലുകളില്ലെന്ന്...."
ഗോപന്‍ ഒന്നും മിണ്ടാതെ വെറുതേ ദൂരേക്ക് നോക്കിയിരുന്നു.അകലെ ആകാശത്ത് പൊങ്ങിപ്പറക്കുന്ന ഒരു വലിയ ബലൂണ്‍.ഹൈഡ്രജന്‍ നിറച്ചതാവണം ആരുടെയോ കയ്യില്‍ നിന്നു പിടി വിട്ടുപോയതാണ്.
"മുനീറിന്റെ ഉമ്മ മരിച്ചു..."
വെട്ടിയൊതുക്കാത്ത,നരച്ചു തുടങ്ങിയ താടി തടവിക്കൊണ്ടാണ് മുകുന്ദന്‍ പറഞ്ഞത്..ഗോപന്‍ അമ്പരപ്പോടെ അയാളെ നോക്കി.
"എങ്ങനെ..?!!"
"വിവരം അറിഞ്ഞ മുതല്‍ അവര്‍ കിടപ്പായിരുന്നു...പിന്നെ കഴിഞ്ഞ ദിവസം ചാനലുകാര്‍ ഓക്കെ വന്നതിനു ശേഷം അസുഖം കൂടി..ഇന്ന് രാവിലെയാണ് ഫോണ്‍ വന്നത്.ലത്തീഫ് എന്നെ മാത്രമേ വിളിച്ചുള്ളൂ...ഞാന്‍ ആരോടും പറഞ്ഞിട്ടില്ല.മുനീറിനോട് പറയണമെന്നുണ്ട് പക്ഷേ....എങ്ങനെ.??"
അപ്പോള്‍ അതായിരുന്നു രാവിലെ മുതല്‍ മുകുന്ദന്റെ മുഖത്തെ ഭാവമാറ്റം.
"ഇപ്പോള്‍ പറയേണ്ട...എന്തായാലും ഈ അവസ്ഥയില്‍ അവന്‍ അറിഞ്ഞിട്ടെന്താ..."
"ശവമടക്ക് ഒക്കെ കഴിഞ്ഞിട്ടുണ്ടാവും...വരാന്‍ പറ്റില്ലാന്നു എല്ലാവര്‍ക്കും അറിയാമല്ലോ.."
"നിന്റെ വീട്ടില്‍ നിന്നും കുറേ ദൂരമുണ്ടോ മുനീറിന്റെ സ്ഥലത്തേക്ക്..?"
"ഞാന്‍ ഒരു വട്ടം കണ്ടിട്ടുണ്ട്..പിന്നെ അവന്‍ പറഞ്ഞ അറിവാണ് കൂടുതലും..അവന്റെ കഥയൊക്കെ ഒരു പാട് കഷ്ടമാ ഗോപാ..പാവം ഒരു തരത്തില്‍ ഒരു കരയ്ക്കടുത്തു വരികയായിരുന്നു...."
മുകുന്ദന്‍ പാതിയില്‍ നിര്‍ത്തി.
മുനീറിന്റെ ആരുമല്ലാതിരുന്നിട്ടും മുകുന്ദന്‍ കൂടെ നിന്ന് എല്ലാ സഹായങ്ങളും ചെയ്യുന്നു...ഗോപന് മനസ്സില്‍ എവിടെയൊക്കയോ കൊളുത്തി വലിക്കുന്നത് പോലെ തോന്നി.നല്ല മനസ്സുകളുടെ കൂടെ ഇങ്ങനെ ഇരിക്കാന്‍ കഴിയുന്നത് തന്നെ ഒരു ഭാഗ്യമാണ്...
ആലിഹസ്സന്‍ അടുത്തു വന്നു സങ്കടം പറഞ്ഞു.ഹസ്സന്റെ കടയില്‍ ജോലിക്ക് നിന്നിരുന്ന നേപ്പാളിയെ രണ്ട് ദിവസമായി കാണാനില്ലത്രേ..അവനെയും തേടി നടപ്പാണ്.. പാവം...
ധേരയിലെ തെരുവുകളില്‍ അന്ന് തിരക്കു കുറവായിരുന്നു.കടുത്ത സാമ്പത്തിക മാന്ദ്യത്തിന്റെ അലകള്‍ വീശിയടിക്കാന്‍ തുടങ്ങിയതിനു ശേഷം കടകളിലൊന്നും പഴയ തിരക്കു കാണാനില്ല. കമ്പനികള്‍ ദിനപ്രതി പൂട്ടുകയാണ്. വര്‍ഷങ്ങളായി സുരക്ഷിതമാണെന്ന് വിശ്വസിച്ചിരുന്ന ജോലി ഒരു സുപ്രഭാതത്തില്‍ നഷ്ടപ്പെടുമ്പോള്‍ പലരും നിസ്സഹായരാവുന്നു. നാട്ടിലേക്ക് പോവാതെ കുറഞ്ഞ ശമ്പളത്തിനെങ്കിലും മറ്റു വല്ലയിടത്തും എന്തെങ്കിലും ജോലി കിട്ടുമോ എന്ന് തേടുകയാണ് മിക്കവരും. നാട്ടില്‍ നിന്നുള്ള ഫോണ്‍ കോളുകളില്‍ നിന്നും,തിരിച്ചു പോയവരുടെ അവസ്ഥകള്‍ അറിയാവുന്നവര്‍ മറ്റു ഗള്‍ഫ് രാജ്യങ്ങളിലേക്ക് കുടിയേറാന്‍ ശ്രമിക്കുന്നു.നിരാശയുടെയും നിസ്സഹായതയുടെയും മുഖങ്ങളാണ് ചുറ്റിലും.
മഴപെയ്തതിനാലാവണം. ഇരച്ചു കയറുന്ന തണുപ്പില്‍ ഏറെ നേരമിരുന്നപ്പോള്‍ ഗോപന്റെ ചുണ്ടുകള്‍ കൂട്ടിയിടിക്കാന്‍ തുടങ്ങി.മുകുന്ദന്‍ അകലേക്ക് നോക്കിയിരിക്കുകയാണ്.കണ്മുന്നിലൂടെ കുറേ സുഡാനികള്‍ കടന്നു പോയി..വലിയ ഒരു കുടുംബമായിരിക്കണം, കണ്ടാല്‍ വേര്‍തിരിച്ചറിയാന്‍ പറ്റാത്ത ഒരേ മുഖഛായയോടെ കറുത്ത കുറേ സ്ത്രീ രൂപങ്ങള്‍.കൂട്ടത്തിലെ ചെറിയ പെണ്‍കുട്ടി പല്ലില്ലാത്ത മോണ കാട്ടി ഗോപനെ നോക്കി ചിരിച്ചു.ഗോപനപ്പോള്‍ ഗീതുവിനെയാണ് ഓര്‍മ വന്നത്..നാലു വയസ്സുള്ളപ്പോള്‍ അവളുടെ മുഖത്തും ഇതേ നിഷ്കളങ്കതയായിരുന്നു...
ഓര്‍മകളില്‍ മനസ്സ് വിങ്ങാന്‍ തുടങ്ങിയപ്പോള്‍ ഗോപന്‍ എഴുന്നേറ്റു.അപ്പോഴാണ് തന്നെത്തന്നെ നോക്കിയിരിക്കുകയാണ് മുകുന്ദന്‍ എന്ന് മനസ്സിലായത്.യാത്ര പറയാന്‍ തുടങ്ങിയപ്പോള്‍ വിലക്കിക്കൊണ്ട് മുകുന്ദന്‍ കസേരയിലേക്ക് തന്നെ പിടിച്ചിരുത്തി.
"അരുണ നിന്നെക്കുറിച്ച് കുറേ എന്തൊക്കയോ ചോദിച്ചു..."
ഗോപന്റെ കണ്ണുകളിലേക്കു തന്നെ സൂക്ഷിച്ചു നോക്കിക്കൊണ്ടാണ് മുകുന്ദന്‍ ചോദിച്ചത്.
ഗോപന്‍ ഒന്നും മിണ്ടിയില്ല..
"നിങ്ങള്‍ക്കിടയില്‍ നീ പണ്ടു പറഞ്ഞ കാര്യങ്ങള്‍ മാത്രമേയുള്ളൂ..?? അതോ ഞാനറിയാത്ത എന്തെങ്കിലും...??"
മുകുന്ദന്‍ അല്‍പ്പം സംശയത്തോടെ നോക്കി.
"നീ മുപ്പത്താറു വയസ്സായിട്ടും കല്യാണം കഴിക്കാത്തത് എന്താണെന്ന് ഞാന്‍ ഇതുവരെ ചോദിച്ചിട്ടില്ല..പക്ഷേ.....??"
"അത് വിട് മുകുന്ദാ വേറെ എന്തെങ്കിലും പറ..."
"അരുണയ്ക്ക് നിന്നോടുള്ള സമീപനം കണ്ടപ്പോള്‍ തന്നെ ഞാന്‍ എന്തൊക്കയോ ഊഹിച്ചിരുന്നു.വര്‍ഷങ്ങള്‍ക്കു ശേഷം നീ അവളെ കണ്ടുമുട്ടിയത് ചിലപ്പോള്‍ ഒരു നിമിത്തമാവാം.ഇങ്ങനെയൊരു സാഹചര്യത്തിലായിപ്പോയി, ഇല്ലെങ്കില്‍ ഞാന്‍ തന്നെ അവളോട് ചോദിച്ചേനെ..."
"അരുണ നീ കരുതുന്നത് പോലെയല്ല മുകുന്ദാ..മനസ്സിലാക്കാന്‍ ഒരു പാട് വിഷമമുള്ള കഥാപാത്രമാണ്..നിനക്കറിയാത്ത ഒരു ഭൂതകാലം ഉണ്ടായിരുന്നു എന്നത് സത്യമാണ്.പക്ഷേ അതിന്റെ വേരുകള്‍ തേടിപ്പോയാല്‍ ചെന്നെത്തുക ഉള്‍ക്കൊള്ളാന്‍ കഴിയാത്ത അവസ്ഥകളിലാണ്.."
അപ്പോള്‍ അവിടെ, ബനിയാസ് സ്ക്വയറിലെ ചെറിയ ചെറിയ ഈന്തപ്പനകളെ ചുറ്റിപ്പറ്റി ഒരു കാറ്റ് രൂപം കൊള്ളുന്നുണ്ടായിരുന്നു.
കുറച്ചു മാറി, അബ്രയും ക്രീക്ക് പാര്‍ക്കും കടന്ന് ആ കാറ്റ് കരാമയിലെ നൂറ്റിപ്പതിനേഴാം നമ്പര്‍ ഫ്ലാറ്റിനോട് ചേര്‍ന്ന് വീശിയടിച്ചു......
(തുടരും)
.
.
ഒരു ആമുഖം
കടല്‍ മീനുകള്‍ എന്ന ബ്ലോഗ് നോവല്‍ ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയാണ്.
ഇത് പ്രവാസികളുടെ കഥയാണ്..മനസ്സുകൊണ്ടും ജീവിതം കൊണ്ടും പ്രവാസികളാവാന്‍ വിധിക്കപ്പെട്ടവരുടെ കഥ..
സാമ്പത്തിക മാന്ദ്യം പിടിച്ചു കുലുക്കിയ ദുബായിയുടെ മണ്ണില്‍ നിന്നും ഈ യാത്ര ആരംഭിക്കുന്നു...മരുഭൂമിയില്‍ നിന്നും കടലുകള്‍ താണ്ടി, തണുത്ത പുഴകളിലേക്ക് സഞ്ചരിക്കുമ്പോള്‍ കൂട്ടിനുള്ളത് ഏറെ പരിചിതമായ മുഖങ്ങള്‍ തന്നെ...
നല്ല വായനയ്ക്കായി എല്ലാ പ്രിയ സുഹൃത്തുക്കളെയും ക്ഷണിക്കുന്നു.
മുരളി.
ആദ്യ ഭാഗം മുതല്‍ വായിച്ചു തുടങ്ങാനായി മുന്‍ അധ്യായങ്ങളുടെ ലിങ്ക് സൈഡില്‍ കൊടുത്തിട്ടുണ്ട്.
ഒരു ആമുഖം
കടല്‍ മീനുകള്‍ എന്ന ബ്ലോഗ് നോവല്‍ ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയാണ്.
ഇത് പ്രവാസികളുടെ കഥയാണ്..മനസ്സുകൊണ്ടും ജീവിതം കൊണ്ടും പ്രവാസികളാവാന്‍ വിധിക്കപ്പെട്ടവരുടെ കഥ..
സാമ്പത്തിക മാന്ദ്യം പിടിച്ചു കുലുക്കിയ ദുബായിയുടെ മണ്ണില്‍ നിന്നും ഈ യാത്ര ആരംഭിക്കുന്നു...മരുഭൂമിയില്‍ നിന്നും കടലുകള്‍ താണ്ടി, തണുത്ത പുഴകളിലേക്ക് സഞ്ചരിക്കുമ്പോള്‍ കൂട്ടിനുള്ളത് ഏറെ പരിചിതമായ മുഖങ്ങള്‍ തന്നെ...
നല്ല വായനയ്ക്കായി എല്ലാ പ്രിയ സുഹൃത്തുക്കളെയും ക്ഷണിക്കുന്നു.
മുരളി.
ആദ്യ ഭാഗം മുതല്‍ വായിച്ചു തുടങ്ങാനായി മുന്‍ അധ്യായങ്ങളുടെ ലിങ്ക് സൈഡില്‍ കൊടുത്തിട്ടുണ്ട്.
© Copyright
All rights reserved
