.

ഒരു ആമുഖം
കടല്‍ മീനുകള്‍ എന്ന ബ്ലോഗ്‌ നോവല്‍ ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയാണ്.
ഇത് പ്രവാസികളുടെ കഥയാണ്‌..മനസ്സുകൊണ്ടും ജീവിതം കൊണ്ടും പ്രവാസികളാവാന്‍ വിധിക്കപ്പെട്ടവരുടെ കഥ..
സാമ്പത്തിക മാന്ദ്യം പിടിച്ചു കുലുക്കിയ ദുബായിയുടെ മണ്ണില്‍ നിന്നും ഈ യാത്ര ആരംഭിക്കുന്നു...മരുഭൂമിയില്‍ നിന്നും കടലുകള്‍ താണ്ടി, തണുത്ത പുഴകളിലേക്ക് സഞ്ചരിക്കുമ്പോള്‍ കൂട്ടിനുള്ളത് ഏറെ പരിചിതമായ മുഖങ്ങള്‍ തന്നെ.‍..
നല്ല വായനയ്ക്കായി എല്ലാ പ്രിയ സുഹൃത്തുക്കളെയും ക്ഷണിക്കുന്നു.
മുരളി.


ആദ്യ ഭാഗം മുതല്‍ വായിച്ചു തുടങ്ങാനായി മുന്‍ അധ്യായങ്ങളുടെ ലിങ്ക് സൈഡില്‍ കൊടുത്തിട്ടുണ്ട്.

Sunday, January 31, 2010

ഭാഗം അഞ്ച് : പെണ്‍ ജീവിതങ്ങള്‍

ഡിസംബര്‍ 12
"ഒരു ദിനം കൂടി കടന്നു പോയി.ഭൂമിയില്‍ ജീവിക്കാനായി അനുവദിച്ചു കിട്ടിയിട്ടുള്ള ദിവസങ്ങളില്‍ ഒന്നു കൂടി കഴിഞ്ഞിരിക്കുന്നു.ഓരോ ദിവസവും ഡയറി എഴുതുമ്പോള്‍ തോന്നും എന്തിനാണ് എഴുതിക്കൂട്ടുന്നതെന്ന്. പണ്ട് ദിവസവും ഡയറി എഴുത്ത് ശീലമാക്കാന്‍  നിര്‍ബന്ധിക്കുമ്പോള്‍ രാഘവന്‍ മാഷ്‌ പറയാറുണ്ടായിരുന്നു, ഒരുനാളില്‍ നടന്നു വന്ന വഴികള്‍ മറക്കാതിരിക്കാന്‍‍, ഭൂതകാലത്തെ വല്ലപ്പോഴും ഓര്‍ത്തെടുക്കാന്‍ ഇന്നെഴുതുന്ന വരികളില്‍ കൂടി ഒന്നു സഞ്ചരിച്ചു നോക്കിയാല്‍ മതിയാവും എന്ന്. പക്ഷേ... ഇന്നലെകള്‍ ഓര്‍ക്കാനുള്ളതാണോ..?? അങ്ങനെയെങ്കില്‍ ഇന്നുകള്‍ ഒരിക്കലും ഇത്ര ശാന്തവും സമാധാനപരവുമാവുമായിരുന്നില്ലല്ലോ.. അല്ല..ഇന്നലെകള്‍ മറക്കപ്പെടാനുള്ളതാണ്‌..മറക്കാന്‍ മാത്രം..."

ഹാഷിണി ജയസിംഗെ എന്ന ശ്രീലങ്കക്കാരിയുടെ മുഖം ഇപ്പോഴും മനസ്സില്‍ നിന്നും മഞ്ഞുപോവാത്തത് അവള്‍ക്ക് ഗീതുവിന്റെ ഛായയുള്ളത് കൊണ്ടാണോ എന്ന്  രാത്രിയിലും പലവട്ടം ആലോചിച്ചു. മുഖത്ത് നിറഞ്ഞ നിഷ്കളങ്കതയുള്ള എതൊരു പെണ്‍കുട്ടിയെ കണ്ടാലും ഗീതുവാണെന്നു തോന്നുന്നതാണോ എന്ന് ചിന്തിച്ചു നോക്കി.ഒരുപക്ഷെ മരിച്ചു പോയ അനിയത്തിയുടെ ഓര്‍മ്മകള്‍ എല്ലാ സഹോദരന്‍മാരിലും ഇങ്ങനെയൊക്കെയാവും കടന്നു വരുന്നത്. അതും കുഞ്ഞനിയത്തിയെ രക്ഷിക്കാന്‍ കഴിയാത്ത നിര്‍ഭാഗ്യവാനായ സഹോദരനാവുമ്പോള്‍ പ്രത്യേകിച്ചും....

ഇന്ന് രാവിലെ അപ്രതീക്ഷിതമായി ആ പെണ്‍കുട്ടിയെ കണ്ടപ്പോള്‍ അവളൊരു ശ്രീലങ്ക ക്കാരിയായിരിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഹാഷിണി അവളുടെ കഥ പറഞ്ഞപ്പോള്‍ സത്യത്തില്‍ വലിയ അമ്പരപ്പായിരുന്നു.പതിനെട്ടാം വയസ്സില്‍ ശ്രീലങ്കയില്‍ നിന്നു കേരളത്തിലേക്ക് ...അവിടെ നിന്നും ഇരുപത്തി രണ്ടാം വയസ്സില്‍ അബുദാബിയിലേക്ക്.. പിന്നെ ദുബായ്...ഇത്രയും ലോകപരിചയമുള്ള ഒരു പെണ്‍കുട്ടിക്ക് എങ്ങനെ ഇത്രയും നിഷ്കളങ്കത മുഖത്ത് സൂക്ഷിക്കാനാവുന്നു എന്നോര്‍ത്തായിരുന്നു അത്ഭുതം. ബുദ്ധമതവിശ്വാസിയായ പെണ്‍കുട്ടി കഴുത്തില്‍ ഗുരുവായൂരപ്പന്റെ രൂപമുള്ള ലോക്കറ്റുമണിഞ്ഞ് നടക്കുന്നു. കേരളത്തില്‍ ജോലിചെയ്തിരുന്ന ഓഫീസിലെ ഒരു ചേച്ചി കൊടുത്തതാണത്രേ..പക്ഷേ ആ വിശാസത്തിന് പിറകിലെന്തായിരുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഏറെ അമ്പരപ്പിച്ചത്..ഒരാളെ തേടിയുള്ള  യാത്രയിലാണ് അവള്‍..!!.ആ വ്യക്തിയെ കണ്ടുപിടിക്കാന്‍ ഗുരുവായൂരപ്പന്‍ തുണയാവുമെന്ന വിശ്വാസം..!!

റിസപ്ഷനിസ്റ്റായി വന്ന് ഹൌസ് മൈഡിന്റെ ജോലി ചെയ്യേണ്ടി വന്ന ഒരു ടിപ്പിക്കല്‍ ശ്രീലങ്കക്കാരിയുടെ കഥ മാത്രമല്ല അവളുടേത്‌... അവളുടെ ഉള്ളില്‍ എന്തോ ഒരു കനല്‍ എരിയുന്നുണ്ട്‌...ഒരു വലിയ കഥ തന്നെ അവള്‍ക്ക് പറയാനുണ്ടാവാം.. ചില വാചകങ്ങള്‍ ഉരുവിടുമ്പോള്‍ ആ കണ്ണുകളില്‍ മിന്നിയ മനസ്സിലാകാന്‍ വിഷമമുള്ള ഭാവങ്ങള്‍ തന്നെയാവും ഈ രാത്രിയില്‍ എന്റെ ഉറക്കത്തെ തടസ്സപ്പെടുത്താന്‍ പോകുന്നതും...."

************************************************                                

"ചേച്ചി കഥയെഴുതാറുണ്ടോ..??"
മുനീറിന്റെ ചോദ്യം കേട്ടു അരുണ അമ്പരക്കാതിരുന്നില്ല. ശിവകാമി എന്നും ഉള്ളില്‍ സുരക്ഷിതയാണെന്നായിരുന്നു കരുതിയിരുന്നത്. ശ്രീജയുടെയും രവിശങ്കറിന്റെയും കഥയെഴുതാന്‍ അരുണയ്ക്ക് ശിവകാമിയെ എന്നും ഗര്‍ഭപാത്രത്തില്‍ നിര്‍ത്തണം. ഇനിയും പിറവിയെടുക്കാത്ത മാതാവായിയിരുന്നു കൊണ്ട്  മാത്രമേ ചാപിള്ളയായ പ്രണയത്തിന്റെ കഥ പറയാന്‍ ശിവകാമിക്ക് കഴിയൂ..മുനീറിന്റെ ചോദ്യം കേട്ടപ്പോള്‍ ഞെട്ടിയത് മനസ്സിന്റെ തടവറയില്‍ പൂട്ടിയിട്ടിരുന്ന ശിവകാമി എന്ന മോസ്റ്റ്‌ വാണ്ടെഡ് ബ്ലോഗ്ഗറുടെ ആവരണം തകര്‍ന്നു വെള്ളിവെളിച്ചത്തില്‍ പകച്ചു നില്‍ക്കുന്ന സ്വന്തം രൂപമോര്‍ത്തപ്പോഴാണ്....മുനീര്‍അങ്ങനെ ചോദിക്കാന്‍ കാരണം.??

"അതെന്താ മുനീര്‍ ഇങ്ങനെയൊരു ചോദ്യം??"
പരിഭ്രമം മറച്ചു വച്ചാണ് പറഞ്ഞതെങ്കിലും ശബ്ദത്തിന് ചെറിയൊരു വിറയലുണ്ടായിരുന്നു.

"ഇന്നലെ വൈകുന്നേരം ഗോപേട്ടന്‍ വന്നിരുന്നു. ..... പഴേ കാര്യങ്ങളൊക്കെ പറഞ്ഞ കൂട്ടത്തില്  നാട്ടില് വച്ചു ചേച്ചീനെ പരിചയംള്ള  കാര്യം പറഞ്ഞു.... പണ്ട് മാഗസിനിലൊക്കെ ചേച്ചീന്റെ കഥകള് വരാറുണ്ടായിരുന്നൂന്നു കേട്ടു. ഇപ്പോള് എഴുത്തോന്നുംല്ലേ....ഈ മരുഭൂമീല്  എത്തിപ്പെട്ടാല് എല്ലാം വറ്റിപ്പോകും ഇല്ലേ... "
മുനീര്‍ ഒരു നിമിഷം നിര്‍ത്തി..
"കഥ കേള്‍ക്കാന്‍ പണ്ട് മുതലേ എനിക്കിഷ്ടായിരുന്നു. മൂത്തുപ്പാ പണ്ട് പറഞ്ഞു തരാറുണ്ടായിരുന്ന കഥകളില്‍ പറക്കും പരവതാനിയുടെ കഥയായിരുന്നു എനിക്കേറെ ഇഷ്ടം..അന്ന്‌ പരവതാനി മോഹിച്ചത്‌ ലോകം മുഴുവനും പറന്നു നടക്കാനായിരുന്നു...പക്ഷേ ഇന്ന്..."
അരയ്ക്കു കീഴ്പ്പോട്ട് കണ്ണുകള്‍ പായിച്ച് മുനീര്‍ ഒരു നെടുവീര്‍പ്പോടെ നിര്‍ത്തി.
"കൂടുതലൊന്നും ഓര്‍ക്കേണ്ട മുനീര്‍...ഞാന്‍ കഥകളെഴുതിയിരുന്നു....ഒരുപാടു കാലം മുന്‍പ്...ഈ നഴ്സിന്റെ കുപ്പായമിട്ടതിനു ശേഷം കഥകളിലൊക്കെ കടന്നു വരുന്നത് ജീവിതം മാത്രമാണ്. ജീവിതം എഴുതുമ്പോള്‍ അതു കഥയാവുമോ?? അറിയില്ല..."
"എഴുതണം ചേച്ചീ...ഗോപേട്ടന്‍ പറഞ്ഞിട്ട് എനിക്ക് ചേച്ചീന്റെ പഴേ കാലം കുറച്ചൊക്കെ അറിയാം...നിങ്ങള്  തമ്മില്  മുന്‍പേ പരിചയമുണ്ടായിരുന്നെന്ന് കേട്ടപ്പോ..എനിക്ക് ശെരിക്കും അത്ഭുതായി... എനിക്ക് വേണ്ടി നിങ്ങളും മുകുന്ദന്‍ സാറുമൊക്കെ ചെയ്യുന്ന കാര്യങ്ങള്  മരിച്ചാലും ഞാന്‍ മറക്കൂലാ.. ഗോപേട്ടന്‍ ആളിന്റെ പഴേ കഥയൊക്കെ പറയണത് കേട്ടപ്പോള്  എനിക്കും ഇപ്പം ചെറിയൊരു കൊതി ഒക്കെ വരാണ്  ചേച്ചീ....ജീവിക്കണംന്ന്  ....വിധിയോട്  പൊരുതണംന്ന് ...."

ആ കണ്ണുകള്‍ നിറഞ്ഞിരുന്നു...കയ്യിലെ ടിഷ്യൂ പേപ്പര്‍ കൊണ്ട് കണ്ണുകളൊപ്പി  കൊടുക്കുമ്പോഴും അവന്‍ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു.

"ചേച്ചി നിങ്ങള് വീണ്ടും എഴുതിത്തുടങ്ങണം..എഴുതാന്‍ കുറേയില്ലേ ... എന്റെ ജീവിതം തന്നെ വല്യൊരു  കഥയാണ്‌...ല്ലേ.."
നിന്റെ കഥ ശിവകാമി എഴുതിക്കഴിഞ്ഞു മുനീര്‍.. പറയാന്‍ മനസ്സു വെമ്പി.

കരാമയിലെ നൂറ്റിപ്പതിനെഴാം നമ്പര്‍ ഫ്ലാറ്റിലെ കീ ബോര്‍ഡില്‍ വീണുടഞ്ഞ കണ്ണുനീര്‍ത്തുള്ളികള്‍ക്ക് പോളിയോ ബാധിച്ച കാലുകളുമായി പറക്കും കുതിരയെ സ്വപ്നം കണ്ട ഒരു ആറുവയസ്സുകാരന്റെ ഓര്‍മകളുടെ കയ്പ്പായിരുന്നു. പെയിന്റിളകിയ ആശുപത്രിക്കട്ടിലിന്റെ ഞരക്കങ്ങള്‍ക്കിടയിലും അരുണചേച്ചിയുടെ വരവും കാത്ത് ആശുപത്രി വരാന്തയിലേക്ക്‌ കണ്ണും നട്ടിരിക്കുന്ന കൊച്ചുകുട്ടി. ഗോപന്‍ മുനീറിനോട് പറഞ്ഞ കഥകളില്‍ അതും കാണുമോ.?? കാലം കൂടെക്കൊണ്ടുപോയ സഹോദരീ പുത്രനെയാവുമോ ഗോപന്‍ മുനീറില്‍ കാണാന്‍ ശ്രമിക്കുന്നതെന്ന് പലവട്ടം സ്വയം ചോദിച്ചിട്ടുണ്ട്... ഗീതുവിന്റെ മകന്‍ അരുണയുടെ കൂടെ മകനായത്‌ പോലെ കണ്മുന്നില്‍, കണ്ണില്‍ വെള്ളം നിറച്ച് തൊണ്ടയില്‍ ഗദ്ഗദം ചേര്‍ത്ത് പുഞ്ചിരിക്കാന്‍ ശ്രമിക്കുന്ന ഈ രൂപവും അറിയാതെ ഒരു സഹോദരനായി മാറിയിരിക്കുന്നു... ഇല്ല മുനീര്‍..പറക്കും പരവതാനി മോഹിച്ച, പൊട്ടനെപ്പോലെ ചിരിക്കുന്ന, വിഡ്ഢിയെപ്പോലെ തമാശ പറയുന്ന ഈ മനസ്സും ഒരു കാലത്ത് നിറമുള്ള സ്വപ്‌നങ്ങള്‍ കണ്ടിരിക്കുമല്ലോ...ചോരുന്ന ഓലപ്പുരയിലെ പൊട്ടിയ മരക്കസേരയിലിരുന്നു കൊണ്ട് നിന്റെ മൂത്തുപ്പാ പറഞ്ഞുതന്ന കഥകളിലെ രാജകുമാരന്മാര്‍ പഠിപ്പിച്ചതും മനം നിറയെ സ്വപ്‌നങ്ങള്‍ കാണാനല്ലേ....ചിറകുമുളച്ച മാലാഖമാര്‍ പലപ്പോഴായി ഭൂമിയില്‍ വന്ന് പോകുന്നതും സ്വപ്‌നങ്ങള്‍ അവസാനിക്കാതിരിക്കാന്‍ വേണ്ടി മാത്രമല്ലേ....സ്വപ്‌നങ്ങള്‍ അവസാനിക്കുന്നിടത്ത് ഇരുട്ട് തുടങ്ങുന്നു...ഒരിക്കലാ ഇരുട്ടില്‍ അകപ്പെട്ടു കഴിഞ്ഞാല്‍ പിന്നെ പുറത്തു കടക്കാനാവില്ല...."

"ചേച്ചി എന്താ ആലോചിക്കുന്നേ..."

മുനീറിന്റെ ചോദ്യം ചിന്തയില്‍ നിന്നുണര്‍ത്തി. അപ്പോഴാണ്‌ പരിസരബോധം പോലുമില്ലാതെ മുനീറിന്റെ മുന്നിലെ കസേരയിലിരിക്കുകയാണെന്നോര്‍ത്തത്..

"ഗോപേട്ടന്റെ പെങ്ങടെ മോന്റെ കഥ പറഞ്ഞു ഇന്നലെ രാത്രീല് ....."മുനീര്‍ പറഞ്ഞു.
"എന്തിനാണ് എന്നോട് ആ കഥയൊക്കെ പറഞ്ഞതെന്നറിയില്ല. ആള്‍ക്ക് വല്യ ഷോക്കായിരുന്നു ആ കുട്ടി മരിച്ചത് എന്നാ സംസാരത്തില്‍ നിന്നും മനസ്സിലാക്കാം. പെങ്ങളു മരിച്ചതില്‍ പിന്നെയാ.. ല്ലേ ഗോപേട്ടന്‍ നാടുവിട്ടു പോയത്......"...മുനീര്‍ മുഴുമിക്കുന്നതിനു മുന്‍പേ ആരോ വാതില്‍ തള്ളിത്തുറന്നു അകത്തേക്ക് കയറുന്നത് കണ്ടു.

മുകുന്ദന്റെ കയ്യില്‍ വലിയൊരു പൊതികൂടിയുണ്ടായിരുന്നു. മേശപ്പുറത്തെ വെള്ളം നിറച്ച ജഗ്ഗ് മുഴുവനുമായി വായിലേക്ക് കമഴ്ത്തുമ്പോള്‍ അയാള്‍ കിതച്ചു....

"ലിഫ്റ്റ്‌ ഒഴിവാക്കി സ്റ്റെപ്പ് കയറിയാ വന്നത്... ഒരു സാധാരണ നാല്‍പ്പതുകാരന്‍ പ്രവാസിക്ക് വേണ്ട അസുഖങ്ങളെല്ലാമുണ്ട്...ഒരല്‍പം കൊളസ്ട്രോളെങ്കിലും കുറയട്ടെ.." വെള്ളം കുടിച്ചു കഴിഞ്ഞു മുഖം തുടച്ചു കൊണ്ട് മുകുന്ദന്‍ പറഞ്ഞു..
"അരുണ ലീവിലാണല്ലേ..."
"അതേ.."
"പിന്നെ എന്തിനാണ് വന്നത്...മുനീറിന് ഇപ്പോള്‍ ഭേദമുണ്ടല്ലോ..ഇനി അവന്‍ ഇതുപോലത്തെ കുരുത്തക്കേടുകളൊന്നും കാണിക്കില്ലെന്ന് എനിക്ക് വാക്കു തന്നിട്ടുണ്ട് ഇല്ലേ മുനീര്‍??.."

മുനീറിന്റെ മുഖത്ത് കുറ്റബോധം നിഴലിക്കുന്നുണ്ട്... തന്റെ ആത്മഹത്യാ ശ്രമം മൂലം മറ്റുള്ളവര്‍ക്കുണ്ടായ ബുദ്ധിമുട്ടോര്‍ത്തായിരിക്കണം. ആത്മഹത്യയുടെ തത്വശാസ്ത്രം ഒട്ടും പിടികിട്ടാത്തതാണ്. ജീവിതം പലപ്പോഴും സ്വന്തം കയ്യിലല്ലല്ലോ.. സ്വയം ജീവിതം അവസാനിപ്പിക്കാനുള്ള അവകാശമാവണം ഏറ്റവും വലിയ മൌലികാവാകാശം.

"അരുണ ഡോക്ടറെ കണ്ടിട്ടെന്തായി..??"
"സംസാരിച്ചിട്ടുണ്ട്.."

റൂമില്‍ നിന്നും തിരിച്ചു നടക്കുമ്പോള്‍ മുകുന്ദനോടും മുനീര്‍ നിര്‍ത്താതെ സംസാരിക്കുന്നത് കേട്ടു. ധേരാ ഫിഷ്‌ മാര്‍കെറ്റിന്റെ ചീഞ്ഞ മീന്‍മണങ്ങള്‍ക്കിടയില്‍ ഉച്ചത്തില്‍ സംസാരിച്ചു കൊണ്ട് വലിയ ഐസ് ക്യൂബുകളും ചുമന്നു നടക്കുന്ന പഴയ മുനീറിന്റെ ചുറുചുറുക്കുള്ള ശബ്ദം എവിടെയോ മരിച്ചിട്ടുണ്ട്...ഇപ്പോള്‍ പെയ്യുന്നത് മരമാണ്...പെയ്തൊഴിഞ്ഞ മഴ ബാക്കിവച്ച് പോയ തുള്ളികള്‍ ചേര്‍ത്ത് വച്ച്‌ പെയ്യാന്‍ ശ്രമിക്കുന്ന മരം..

ഗോപന്‍ മുനീറിനോട് പഴയ കഥകള്‍ പറഞ്ഞത് അത്ഭുതമായി തോന്നുന്നു.പക്ഷേ എന്തൊക്കെ പറഞ്ഞിട്ടുണ്ടാവും??..

ഇന്നലെകള്‍ ആവര്‍ത്തിക്കുകയാണ്..മിഷന്‍ ഹോസ്പിറ്റലിനു പകരം പോര്‍ട്ട്‌ ഹോസ്പിറ്റല്‍..നന്ദുമോന് പകരം മുനീര്‍....ബൈസ്റ്റാന്‍ന്റേഴ്സിനു മാത്രം മാത്രം മാറ്റമില്ല...എഴുതപ്പെടുന്ന,വായിക്കപ്പെടുന്ന,പറയപ്പെടുന്ന കഥകളിലെല്ലാം രോഗികളുടെ കൂടെ നില്‍ക്കുന്നവര്‍  നഴ്സുമാരുടെ ജീവിതങ്ങള്‍ തകര്‍ത്തിട്ടെയുള്ളൂ..പക്ഷേ ചിലര്‍ക്ക് ഗന്ധര്‍വന്‍മാരുടെ രൂപമാണ്...പ്രിയ്യപ്പെട്ടവരുടെ കൈപിടിച്ച് സ്വര്‍ഗത്തിന്റെ കവാടത്തില്‍ കൊണ്ടുചെന്നാക്കി തിരികെ വരുന്നവര്‍..

ജനുവരിയുടെ തണുപ്പില്‍ പോലും വിയര്‍ക്കുന്ന ദേഹം പേടിയോടെ ഓര്‍ക്കുന്നത് ഇന്നലെകളെയാണ്. മിഷന്‍ ഹോസ്പിറ്റലിലെ ഇടുങ്ങിയ മുറിയുടെ മരുന്ന് മണമുള്ള ഇരുട്ടില്‍ ജീവിതത്തിന് വേണ്ടി പിടയുന്ന ഒരു പെണ്‍കുട്ടി..പ്രതിരോധിക്കാന്‍ ശ്രമിച്ച കൈകളില്‍ വീണ നഖക്ഷതങ്ങളേക്കാള്‍ വേദനിപ്പിച്ചത് വെള്ളസാരിയില്‍ വീണ കീറലുകളായിരുന്നു. മനുഷ്യന്‍ ഗന്ധര്‍വനായി മാറുന്നത്‌ എപ്പോഴാണ്.??. നിരാലംബയായ പെണ്‍കുട്ടിയെ രക്ഷിച്ച ഗന്ധര്‍വന്റെ കഥ ശിവകാമിയെന്ന കഥയെഴുത്തുകാരിയെ സൃഷ്ടിച്ചു. ഗന്ധര്‍വന്റെ കഥയില്‍ തീര്‍ച്ചയായും ഉണ്ടായിരിക്കേണ്ട പ്രണയത്തിന്റെ അഭാവമായിരിക്കണം വായനക്കാരെ ശിവകാമിയിലെ വ്യത്യസ്തയായ കഥാകാരിയെ ശ്രദ്ധിക്കാന്‍ പ്രേരിപ്പിച്ചത്. ശിവകാമിയുടെ ഇതുവരെയുള്ള കഥകളില്‍ പ്രണയമില്ലായിരുന്നു... ഇനിയുമെഴുതാത്ത പ്രണയം ശിവകാമി കരുതി വച്ചത് ശ്രീജയ്ക്ക് വേണ്ടി മാത്രമാണ് ...

ശ്രീജയുടെ പ്രണയം മാത്രമേ ശിവകാമിക്കറിയൂ......

ഫ്ലാറ്റിലെത്തുമ്പോള്‍ നേരമിരുട്ടിയിരുന്നു.സലോമിയുടെ മുറിയില്‍ നിന്നും പങ്കജ് ഉദാസിന്റെ ഗസല്‍ കേള്‍ക്കുന്നുണ്ട്. മുല്ലപ്പൂക്കളെയും ഗസലുകളെ സ്നേഹിച്ച പെണ്‍കുട്ടി..സലോമിക്ക് ആര്‍ക്കിടെക്റ്റിന്റെ പുറന്തോടിനേക്കാള്‍ ചേരുക ഒരു സന്യാസിനിയുടെ കുപ്പായമാണെന്നു തോന്നിയിട്ടുണ്ട്.പബ്ബിലെയും ഡിസ്ക്കോത്തേകളിലെയും വര്‍ണവെളിച്ചത്തില്‍ ബലിഷ്ഠമായ ദേഹങ്ങളോടൊട്ടി സ്വയം മറന്നാടുന്ന സന്യാസിനി. ഓരോ ചതികളില്‍ നിന്നും, ചതിക്കപ്പെടാന്‍ വേണ്ടി മാത്രം മുന്നോട്ടു നീങ്ങുന്ന ആ ജീവിതത്തിന് ഒരു സന്യാസിനിയുടെ കുപ്പായമാല്ലാതെ മറ്റെന്താണ് ചേരുക...

ഒരു പക്ഷേ സ്വന്തം ജീവിതം കൊണ്ട് അവള്‍ കണക്കു തീര്‍ക്കുകയായിരിക്കും.

അറിയാതെ ഒരു ഫെമിനിസ്റ്റായി മാറുന്നുണ്ടോ എന്ന് കുറച്ചായി ചിന്തിക്കുന്നു. ബ്ലോഗ്‌ വായനക്കാരില്‍ ചിലര്‍ ശിവകാമിയെ ഒരു പെണ്ണെഴുത്തുകാരിയായിട്ടാണ് കാണുന്നത്. സ്ത്രീകളെ കുറിച്ചെഴുതിയാല്‍ അതു പെണ്ണെഴുതാവുമോ.??കണ്മുന്നില്‍ കലങ്ങി മറിയുന്ന ജീവിതങ്ങളിലെല്ലാം എരിഞ്ഞടങ്ങുന്നത് പെണ്‍ജീവിതങ്ങളായതിനാലാവാം ഒരു ഫെമിനിസ്റ്റിന്റെ സ്വരം അറിയാതെ ഭാഷയില്‍ കലരുന്നത്. മുനീറിന്റെ കഥ പോലും അവന്റെ ഭാര്യ റാബിയയിലൂടെയാണ് പറഞ്ഞത്. വിവാഹം കഴിഞ്ഞ് പത്താം നാള്‍ വിദേശത്തേക്ക് പോയ ഭര്‍ത്താവ്..നീണ്ട നാലുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ പോലും അവളറിയുന്നില്ല, വലതുകാലില്ലാതെ, അരയ്ക്കു കീഴ്പ്പോട്ടു ചലനശേഷിയില്ലാതെ തന്റെ പ്രിയ്യപ്പെട്ടവന്‍ ദുബായിലെ പടുകൂറ്റന്‍ ആശുപത്രികളൊന്നില്‍ തളര്‍ന്നു കിടപ്പാണെന്ന്..മറ്റൊരു വിവാഹം കഴിക്കാനുള്ള നിര്‍ബന്ധങ്ങള്‍ക്കിടയിലും നാട്ടുകാരുടെ വൃത്തികെട്ട സഹതാപനോട്ടങ്ങള്‍ക്കിടയിലും റാബിയ കാത്തിരുന്നത് ഒരുനാളില്‍ കൈനിറയെ മുത്തുകളും പവിഴങ്ങളുമായി പടികളോടിക്കയറിവരുന്ന തന്റെ രാജകുമാരനെത്തന്നെയാവണം...

കഥയെഴുതിക്കഴിഞ്ഞപ്പോള്‍ സ്വയം തോന്നാതിരുന്നില്ല..
ഇത് മുനീറിന്റെ കഥയോ അതോ റാബിയയുടെയോ...

തന്റെ അപകടത്തിന്റെ കഥ വീട്ടിലറിയിക്കരുതെന്ന നിര്‍ബന്ധമായിരുന്നു മുനീറിന്. കലങ്ങിയ കണ്ണുകളും വാടിയ മുഖങ്ങളും പിന്നിലാക്കി നടന്നു വന്നപ്പോള്‍ വല്ലപ്പോഴുമയക്കുന്ന കത്തുകളും കാലം തെറ്റി ചെല്ലുന്ന ഫോണ്‍ കോളുകളും ചേര്‍ന്നാഴമേറ്റിയ സങ്കടം ഇനിയും വര്‍ധിപ്പിക്കേണ്ടെന്നു കരുതിക്കാണും..
ഇനിയും കരഞ്ഞാല്‍ മരിച്ചു പോവുമെന്ന പേടിയോടെ അവനോര്‍ക്കുന്ന പ്രിയ്യപ്പെട്ടവളുടെ സ്വരത്തിലൂടെയല്ലാതെ അവന്റെ കഥ മറ്റെങ്ങനെ പറയാന്‍....

മുഖം കഴുകി കമ്പ്യൂട്ടറിനു മുന്നിലിരിക്കുമ്പോള്‍ ഗന്ധര്‍വന്റെയും ഗന്ധര്‍വന്‍ സ്നേഹിക്കാത്ത പെണ്‍കുട്ടിയുടെയും കഥ വീണ്ടും മനസ്സില്‍ തെളിഞ്ഞു...ശ്രീജയുടെ കഥ ആറദ്ധ്യായങ്ങള്‍ കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞയാഴ്ച പോസ്റ്റ്‌ ചെയ്ത അദ്ധ്യായത്തില്‍ ആശുപത്രിയിലെ ജനറല്‍ വാര്‍ഡില്‍ രവിശങ്കറിന്റെ മുറിവ് ഡ്രസ്സ്‌ ചെയ്യുന്നതിനിടെ ഉള്ളിലെ നിറഞ്ഞു തുളുമ്പുന്ന പ്രണയം പ്രകടിപ്പിക്കാനാവാതെ വീര്‍പ്പുമുട്ടുന്ന ശ്രീജയുടെ ആത്മ സംഘര്‍ഷങ്ങള്‍ പറയാതെ പറഞ്ഞു... ഇനി യഥാര്‍ത്ഥ പ്രണയം തുടങ്ങുകയാണ്...ശ്രീജയുടെ നിര്‍ബന്ധിത വിവാഹം മൂലം ചേട്ടന് കിട്ടിയത് വലിയ ശമ്പളമുള്ള ജോലിയാണെങ്കിലും അവള്‍ക്ക് നഷ്ടമായത് രവിശങ്കറിനെയാണ് ..ആശുപത്രിയുടെ ക്രൂരമായ ഇരുട്ടില്‍ നഷ്ടപ്പെടുത്താനിടയാക്കാതെ പൊരുതി നേടിത്തന്നതെല്ലാം അവള്‍ കാത്തുവച്ചത് അയാള്‍ക്കു വേണ്ടി മാത്രമായിരുന്നല്ലോ....

രവിശങ്കര്‍ ഒരിക്കലും ശ്രീജയെ സ്നേഹിച്ചിരുന്നില്ലെങ്കിലും മറ്റാരുമറിഞ്ഞിട്ടില്ലാത്ത അവളുടെ മനസ്സ്‌ ശിവകാമിക്ക് പറഞ്ഞേ പറ്റൂ...
(തുടരും)
.
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും എഴുതുവാന്‍ ദയവായി ഇവിടെ ക്ലിക്കുക
.....................................................................................................................................................
© Copyright
All rights reserved
Creative Commons License
Kadal Meenukal by Murali Nair is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License
.