.

ഒരു ആമുഖം
കടല്‍ മീനുകള്‍ എന്ന ബ്ലോഗ്‌ നോവല്‍ ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയാണ്.
ഇത് പ്രവാസികളുടെ കഥയാണ്‌..മനസ്സുകൊണ്ടും ജീവിതം കൊണ്ടും പ്രവാസികളാവാന്‍ വിധിക്കപ്പെട്ടവരുടെ കഥ..
സാമ്പത്തിക മാന്ദ്യം പിടിച്ചു കുലുക്കിയ ദുബായിയുടെ മണ്ണില്‍ നിന്നും ഈ യാത്ര ആരംഭിക്കുന്നു...മരുഭൂമിയില്‍ നിന്നും കടലുകള്‍ താണ്ടി, തണുത്ത പുഴകളിലേക്ക് സഞ്ചരിക്കുമ്പോള്‍ കൂട്ടിനുള്ളത് ഏറെ പരിചിതമായ മുഖങ്ങള്‍ തന്നെ.‍..
നല്ല വായനയ്ക്കായി എല്ലാ പ്രിയ സുഹൃത്തുക്കളെയും ക്ഷണിക്കുന്നു.
മുരളി.


ആദ്യ ഭാഗം മുതല്‍ വായിച്ചു തുടങ്ങാനായി മുന്‍ അധ്യായങ്ങളുടെ ലിങ്ക് സൈഡില്‍ കൊടുത്തിട്ടുണ്ട്.

Wednesday, January 20, 2010

കടല്‍ മീനുകള്‍-ഭാഗം രണ്ട് : ശിവകാമിയുടെ ലോകം

"ചില മഴകള്‍ കാലം തെറ്റി പെയ്യാറുണ്ട്.കരിഞ്ഞു തുടങ്ങിയ ജമന്തിയുടെ കടയ്ക്കല്‍ കുറച്ചു വെള്ളമൊഴിക്കണമെന്ന് ശ്രീജ ചിന്തിച്ചു കൊണ്ടിരുന്ന ഒരു വൈകുന്നേരമാണ് ആ മഴ വന്നത്.വേനലില്‍ പെയ്യുന്ന മഴയ്ക്ക് വല്ലാത്ത ഒരു ഗന്ധമാണ്.കൊതിപ്പിക്കുന്ന,വലിച്ചടുപ്പിക്കുന്ന ഒരു മണം.അതും വരണ്ടുണങ്ങിയ മണ്ണിലേക്കാവുമ്പോള്‍ അതിലിഞ്ഞുപോകുന്നത് പലപ്പോഴും അറിയില്ല.ജമന്തിചെടിയുടെ വേരുകള്‍ പോലും നനഞ്ഞു കുതിര്‍ന്നിട്ടുണ്ടാവണം.മുകുളങ്ങളിലാകെ പുതിയ തുടിപ്പുകള്‍........"

സ്ക്രീനില്‍ വാചകങ്ങള്‍ക്ക് നീളമേറുന്തോറും അരുണ തളര്‍ന്ന് വരികയായിരുന്നു.മേശപ്പുറത്തെ ഒഴിയാറായ ബോട്ടിലിലെ വള്ളം മുഴുവനും വായിലേക്ക് കമഴ്ത്തിയിട്ടും ദാഹം മാറാതെ വന്നപ്പോള്‍ ,ടൈപ്പ് ചെയ്യുന്നത് നിര്‍ത്തി കിടക്കയിലേക്ക് ചരിഞ്ഞു...

അരുണയ്ക്ക് കഥയുടെ ബാക്കി എങ്ങനെ കൊണ്ട് പോകണമെന്നറിയില്ലായിരുന്നു.മനസ്സില്‍ പതിഞ്ഞ കഥകള്‍ എഴുതുമ്പോള്‍ അങ്ങനെയാണ്, പലപ്പോഴും പറഞ്ഞ് തീര്‍ക്കാന്‍ വാക്കുകള്‍ മതിയാവില്ല .മനസ്സ് വല്ലാതെ അതില്‍ പെട്ട് ഉലഞ്ഞു പോകും.ശ്രീജയെ കുറിച്ച് ചിന്തിക്കുമ്പോഴൊക്കെ തലയ്ക്ക് ചൂട് പിടിക്കുന്നത് പോലെ അരുണയ്ക്ക് തോന്നി. ശിവകാമിയുടെ ബ്ലോഗ്‌ വായിക്കാന്‍ ആയിരങ്ങള്‍ കമ്പ്യൂട്ടറിനു മുന്നില്‍ കാത്തിരിക്കുന്നുണ്ട്.ശിവകാമി ആരെന്നറിയാനാവും മിക്കവര്‍ക്കും കൂടുതല്‍ താല്‍പ്പര്യം.ഇന്‍ബോക്സില്‍ വന്നു നിറയുന്ന മെയിലുകളിലും ബ്ലോഗില്‍ വരുന്ന കമന്റുകളിലും പലരും ഒളിഞ്ഞും തെളിഞ്ഞും ചോദിക്കുന്നുണ്ട് ശിവകാമി ആരാണ്,എവിടെയാണ് എന്ന്.

ശിവകാമി എഴുതുന്ന കഥകളില്‍ പച്ചയായ ജീവിതമുണ്ടത്രേ.!

അകലെ പള്ളിയില്‍ നിന്നും ബാങ്കുവിളി കേള്‍ക്കാം. സ്ഥാനം തെറ്റിക്കിടക്കുന്ന വീതി കുറഞ്ഞ ജനല്‍ കര്‍ട്ടനിടയിലൂടെ ദുബായ് നഗരത്തിന്റെ മങ്ങിയവെളിച്ചം മുറിയിലേക്കിരച്ചു കയറുന്നുണ്ട്...ഇന്നലെ മഴയായിരുന്നു...കറുത്ത പൊടിയുടെ നിറം ചാലിച്ച വൃത്തിയില്ലാത്ത മഴ. അപ്രതീക്ഷിതമായി പെയുന്ന മഴകളെപ്പറ്റി ശിവകാമി എഴുതുമ്പോള്‍ അതിനു സൌന്ദര്യമുണ്ടാവാറില്ല.ശിവകാമിയുടെ ജീവിതത്തില്‍ പെയ്ത മഴകളെല്ലാം കൂടി കുത്തിയൊലിപ്പിച്ചു കൊണ്ടുപോയത് അവളുടെ ജീവിതം തന്നെയായിരുന്നല്ലോ..എങ്കിലും ശിവകാമി കാണുന്ന മഴകള്‍ വായനക്കാര്‍ക്കിഷ്ടമാണ് ,ഓരോ തുള്ളിക്കൊപ്പവും ഊര്‍ന്നിറങ്ങുന്ന പച്ചയായ ജീവിതങ്ങള്‍ അല്‍പ്പമെങ്കിലും ഹൃദയമുള്ളവരെ സ്പര്‍ശിച്ചിരിക്കണം..അവിടെ ഷാര്‍ജയിലെ കറുത്തുമെലിഞ്ഞ ബംഗ്ലാദേശുകാരന്‍ സെക്യൂരിറ്റി, മഷ്റഫുള്‍ റഷീദോ, പരുത്തിപ്പാറ ഹൈസ്കൂള്‍ വിദ്യാര്‍ഥിനി, ടെന്ത് ബി യിലെ ഉമാമഹേശ്വരിയൊ ഒന്നും അപരിചിതരല്ല.മിക്ക കഥകളും എത്തിച്ചേരുന്നത് പലപ്പോഴും ഒരേ പോയിന്റിലേക്കാണ്..

ദുബായിലെ തണുപ്പുകാലത്തിന്റെ വരവറിയിച്ചുകൊണ്ടുള്ള മഴയെപറ്റി ബ്ലോഗില്‍ എഴുതുവാന്‍ തുടങ്ങിയതാണ്‌.പക്ഷേ വേനല്‍ക്കാലത്തിന്റെ അവസാനനാളുകളില്‍ കടന്നു വരുന്ന മഴ ശ്രീജയുടെ ജീവിതത്തിനാണ് കൂടുതല്‍ ഇണങ്ങുകയെന്നു തോന്നി.ശ്രീജയുടെ കഥയില്‍ ആ മഴയ്ക്ക്‌ വലിയ സ്ഥാനമുണ്ട് .കരിയാന്‍ തുടങ്ങിയ ജമന്തിച്ചെടി പിന്നെയും തളിരിട്ടത് ആ മഴയത്താണ്.

അരുണ എണീറ്റിരുന്നു വീണ്ടും ടൈപ്പ് ചെയ്യാന്‍ തുടങ്ങി.

............."ശ്രീജയുടെ ജീവിതത്തിലേക്ക് നഷ്ടപ്പെട്ടു പോയ വസന്തങ്ങള്‍ തിരിച്ചു വരികയായിരുന്നു.രവിശങ്കറിന്റെ സാമീപ്യം അവളില്‍ ഒരു മഴയായി പെയ്തു തുടങ്ങി.ഹോസ്പിറ്റലിന്റെ മരുന്ന് മണക്കുന്ന ഇടനാഴികളില്‍ ഒരു നോട്ടം കൊണ്ട് അവളുടെ കവിളില്‍ ചുവപ്പ് വിരിയിക്കാന്‍ കഴിയുന്നത്‌ കൊണ്ടാവണം, പലപ്പോഴും അയാളെ കാണുമ്പോള്‍ അവള്‍ വഴിമാറി നടന്നു.ദിവസവും രാവിലെ ബസ്സിലേക്കോടിക്കയറും മുന്‍പ് ഒരു തുളസിയിലയെങ്കിലും മുടിയില്‍ തിരുകിവയ്ക്കാന്‍ അവള്‍ ശ്രദ്ധിക്കാറുണ്ട്..രവിശങ്കറിനു തുളസിയിലയുടെ മണം വളരെ ഇഷ്ടമാണ്..."

അനവസരത്തിലുള്ള മൊബൈല്‍ ഫോണിന്റെ റിംഗ് കേട്ടപ്പോഴാണ് അരുണ ടൈപ്പ് ചെയ്യുന്നത്‌ നിര്‍ത്തി മേശപ്പുറത്തെ ഡിജിറ്റല്‍ ക്ലോക്കിലേക്ക് നോക്കിയത്..
അസമയത്തുള്ള ഫോണ്‍ കോളുകള്‍ എന്നും ഓര്‍മ്മകള്‍ ബാക്കി നിര്‍ത്തുന്ന നടുക്കങ്ങള്‍ മാത്രമേ സമ്മാനിക്കാറുള്ളൂ..സമയം പതിനൊന്നു മണിയാവാറായിരിക്കുന്നു...ആരാവും ഈ സമയത്ത്.. .?

സ്ക്രീനില്‍ തളിയുന്ന പേര് കണ്ടപ്പോള്‍ ആദ്യമൊന്നു സംശയിച്ചു..സത്യം തന്നെയാണോ..??
ഗോപന്‍ അന്നു ഫോണ്‍ നമ്പര്‍ വാങ്ങിയിരുന്നെങ്കിലും ഒരിക്കലും വിളിച്ചിട്ടില്ല...മനപൂര്‍വമാകും എന്ന് കരുതി അങ്ങോട്ടേക്കും വിളിച്ചില്ല ഇതുവരെ...
"ഹലോ..."
"ആരുണയല്ലേ..."
"അതേ..
മറുപടി പറയുമ്പോള്‍ അല്‍പ്പം താമസിച്ചിരുന്നു.
.."ഗോപന്‍ എന്താ ഈ സമയത്ത്..."
"മുനീറിന്റെ കാര്യമാണ്...അവന്‍....."
ഗോപന്റെ ശബ്ദത്തിലെ മാറ്റം തിരിച്ചറിഞ്ഞപ്പോള്‍ തന്നെ അരുതാത്തത് എന്തൊക്കെയോ സംഭവിച്ചപോലെ അരുണയ്ക്ക് തോന്നിത്തുടങ്ങിയിരുന്നു.
"എന്താ..മുനീറിന് എന്ത് പറ്റി..??"
അല്‍പ്പനേരം കഴിഞ്ഞാണ് ഗോപന്‍ വീണ്ടും സംസാരിച്ചു തുടങ്ങിയത് ...അടുത്ത മുറിയില്‍ നിന്നും പതിഞ്ഞ ശബ്ദത്തില്‍ കേള്‍ക്കുന്ന തലത്ത് അസീസിന്റെ ഗസലിനോപ്പം, അസ്വസ്ഥമായ ഗോപന്റെ ശബ്ദം കേട്ടു.
"മുനീര്‍ വൈകീട്ട് സൂയിസൈഡിനു ശ്രമിച്ചു..
അരുണ ശക്തിയായി ഞെട്ടുക തന്നെ ചെയ്തു.
ഒന്നു നിര്‍ത്തി ഗോപന്‍ തുടര്‍ന്നു..
"ഇന്‍ജെക്ഷന്‍ ചെയ്യാനായി വച്ചിരുന്ന മരുന്ന് കുപ്പി പൊട്ടിച്ച് ..ചില്ലുകൊണ്ട് വെയിന്‍ കട്ട്‌ ചെയ്യാന്‍ ശ്രമിച്ചു..നുഴ്സ് ഡ്യൂട്ടി മാറുന്ന സമയത്തായിരുന്നു...അത് കൊണ്ട് കാണാന്‍ കുറച്ചു വൈകി..."
"എന്നിട്ട്..?"
"ഇപ്പോള്‍ ഐ.സി.യു വിലാണ് കുറേ ബ്ലഡ്‌ പോയി..ഇപ്പോള്‍ കുഴപ്പമൊന്നുമില്ല എന്ന് തോന്നുന്നു...
"അവന് ശരിക്കും ദേഹം അനക്കാന്‍ പോലും പറ്റുന്നുണ്ടായിരുന്നില്ലല്ലോ... പിന്നെങ്ങനെ..."
"എങ്ങിനെയാണ് അവനതു ചെയ്തതെന്നറിയില്ല...പക്ഷേ ഹോസ്പിറ്റലില്‍ അത് വലിയ ഇഷ്യൂ ആയി...ഞാനും മുകുന്ദനും ഇപ്പോള്‍ എത്തിയതേയുള്ളൂ...കാലു മുറിച്ചുമാറ്റിയിടത്ത് ഇന്‍ഫെക്ഷനുണ്ടെന്നു ഡോക്ടര്‍ പറഞ്ഞു....അതും ഇപ്പൊഴാണ് കണ്ടത്...അരുണയ്ക്ക് ബുദ്ധിമുട്ടില്ലെങ്കില്‍ ഒന്നിങ്ങോട്ടു വരാന്‍ പറ്റുമോ..?"
"ഞാന്‍ വേഗം വരാം.."

മൊബൈല്‍ ഫോണ്‍ കിടക്കയിലേക്കെറിഞ്ഞ് വേഗത്തില്‍ വസ്ത്രം മാറുമ്പോള്‍ മനസ്സ് പലയിടത്തുമായി പിടികിട്ടാതെ അലഞ്ഞു. മുനീറിനെ കണ്ടു മുട്ടേണ്ടിയിരുന്നില്ല എന്നു തോന്നി..വേദനകള്‍ മാത്രം സമ്മാനിച്ചു കടന്നു പോകുന്നവരില്‍ അവസാനകണ്ണി..

വര്‍ഷങ്ങള്‍ നീണ്ട ആശുപത്രി ജീവിതത്തിനിടെ ഒരു പാട് മുഖങ്ങള്‍ കണ്ടു.ആശുപത്രിയില്‍ മുളപൊട്ടുന്ന സ്നേഹങ്ങള്‍ക്ക്‌ അധികം ആയുസ്സുണ്ടാവാറില്ല ഒന്നുകില്‍ രോഗം ഭേദമായി അവര്‍ പോകും അല്ലെങ്കില്‍ സ്നേഹത്തിന്റെ ആഴം കൂട്ടി അവര്‍ യാത്രയാകും.രണ്ടായാലും മനസ്സില്‍ വല്ലതും ബാക്കി വെയ്കാന്‍ നഴ്സിന്റെ ജീവിതത്തിന് അവകാശമില്ല.

ഗോപനുമായി വീണ്ടും കൂട്ടിയിണക്കിയത് മുനീറാണ്. അന്ന്‌ അപ്രതീക്ഷിതമായി ഗോപന്‍ ഹോസ്പിറ്റലിലേക്ക് കയറിവന്നപ്പോഴുണ്ടായ ഞെട്ടലില്‍ മെഡിസിന്‍ ട്രേ കയ്യില്‍ നിന്നു വീണു പോകാഞ്ഞത്‌ ഭാഗ്യം. ഗോപനെപറ്റി കൂടുതല്‍ ചിന്തിക്കുന്തോറും, ശ്രീജ കഥയില്‍ നിന്നും ഇറങ്ങിവന്നു വിലക്കുന്നത് പോലെ അരുണയ്ക്ക് തോന്നി. മേശപ്പുറത്തു നിന്നും കാറിന്റെ കീ എടുക്കുമ്പോള്‍ പഴയ ഏതോ മാഗസിന്റെ കവറിലെ പി ടി ഉഷയുടെ ഫോട്ടോ കണ്ടു. സെക്കന്റിന്റെ നൂറിലൊരംശം സമയത്തിന് ഒളിമ്പിക്സ് മെഡല്‍ നഷ്ടപ്പെട്ടപ്പോള്‍ എടുത്ത ഫോട്ടോ. മെല്ലിച്ച കൈകള്‍ കൊണ്ട് മുഖം പൊത്തി പൊട്ടിക്കരയുന്ന നാട്ടിന്‍ പുറത്തുകാരി പെണ്‍കുട്ടി. മേശപ്പുറത്തെ ഫോട്ടോയിലെ ചിരിക്കാന്‍ മറന്ന സ്വന്തം മുഖത്തേക്ക് അരുണയോട് അറിയാതൊന്നു നോക്കിപ്പോയി...
പിന്നെ കണ്ണുകള്‍ പിന്‍ വലിച്ച് ബാഗുമെടുത്ത് പുറത്തിറങ്ങി.

ഡബിള്‍ ബെഡ് റൂം ഫ്ലാറ്റിന്റെ സ്വീകരണ മുറിയില്‍ മുല്ലപ്പൂക്കളുടെ മണം തങ്ങി നില്ക്കുന്നുണ്ടായിരുന്നു.സലോമിക്ക് മുല്ലപ്പൂക്കളുടെ മണം വളരെ ഇഷ്ടമാണ്.റൂം സ്പ്രേ വാങ്ങുമ്പോള്‍ പോലും അവളതേ വാങ്ങിക്കാറുള്ളൂ..
റൂമിന്റെ വാതില്‍ ചേര്‍ത്തടയ്ക്കുമ്പോള്‍ അരുണ ശബ്ദമുണ്ടാവാതിരിക്കാന്‍ ശ്രദ്ധിച്ചു.അടുത്ത മുറിയില്‍ സലോമി ഉറങ്ങിയിട്ടുണ്ടാവില്ല.മെയിന്‍ ഡോര്‍ തുറന്ന് പുറത്തേക്കിറങ്ങും മുന്‍പ് ഒന്നു കൂടി നിന്നു.
സലോമിയോടു പറയണോ.?
പിന്നെ പതുക്കെ തിരിഞ്ഞു നടന്നു.

പുറത്തു നല്ല തണുപ്പുണ്ടായിരുന്നു.സെക്യൂരിറ്റി ഉറങ്ങിപ്പോയെന്നു തോന്നി.പക്ഷേ കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്യുന്ന ശബ്ദം കേട്ടപ്പോള്‍ അയാള്‍ എണീറ്റ്‌ അടുത്തേക്ക്‌ വന്നു.പിന്നെ അരുണയാണെന്ന് കണ്ട് തിരിച്ചു പോയി.
ഡോക്ടര്‍മാര്‍ക്കും നെഴ്സുമാര്‍ക്കും വേശ്യകള്‍ക്കും ഏതു രാത്രിയിലും സഞ്ചരിക്കാം.

തിരക്ക് കുറഞ്ഞ റോഡിലൂടെ വേഗത്തില്‍ വണ്ടിയോടിക്കുമ്പോള്‍ അരുണയുടെ ചെവികളില്‍ മുനീറിന്റെ ശബ്ദം മുഴങ്ങുകയായിരുന്നു...
"ചേച്ചി നിങ്ങള് കണ്ടോ..ഒരു ദിവസം ഞാന്‍ ദേ..ആ കാറിലിരിക്കുന്ന ലബനീസുകാരനില്ലേ..എന്റെ അര്‍ബാബ്‍..ഞാനും അവനെപ്പോലെയാവും..അപ്പോള്‍ എനിക്ക് പകരം ഈ സ്ക്രൂ ഡ്രൈവര്‍ പിടിക്കുന്നത്‌ അവനായിരിക്കും...എന്താ എനിക്ക് മെഴ്സിഡഴ്സ്  പറ്റൂലെ..."
അന്ന്‌ ചിരിച്ചപ്പോള്‍ അവന്‍ തന്നെ തിരുത്തി.
"..ഹ ഹ മ്മടെ ദാസനും വിജയനും പറേണ മാതിരി 'എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം'.. ല്ലേ....."

കേടായ എസി റിപ്പയര്‍ ചെയ്യാന്‍ വന്നവരുടെ കൂട്ടത്തിലെ മുനീര്‍ എന്ന ചെറുപ്പക്കാരന്റെ മുഖത്തെ നിറഞ്ഞ നിഷ്കളങ്കതയാണ് ആദ്യം ആകര്‍ഷിച്ചത്..പാസ്പോര്‍ട്ട്‌ പണയം വച്ച് നാട്ടിലെ കടം വീട്ടാന്‍ തുനിഞ്ഞ നിഷ്കളങ്കത.!! തൊഴില്‍ വിസയെന്നു പറഞ്ഞ് എജന്റ്റ് നല്‍കിയ വിസിറ്റ് വിസയില്‍ വന്ന്, തിരിച്ചു പോകാനാവാതെ എതു നിമിഷവും അറബിപ്പോലീസിന്റെ കയ്യില്‍ പെടാം എന്ന തിരിച്ചറിവില്‍ പോലും മുനീര്‍ കരുതുന്നത് നഷ്ടപെട്ടുപോയ പാസ്സ്പോര്‍ട്ട് തിരിച്ചു കിട്ടും എന്ന് തന്നെയാണ്..
അവന്റെ കഥകള്‍ മുഴുവന്‍ പറഞ്ഞു...

മുനീറിന്റെ ജീവിതം ബ്ലോഗ്ഗര്‍ ശിവകാമി കഥയായി എഴുതിയപ്പോള്‍, ആ വേദനയില്‍ പങ്കു കൊണ്ട് ഒരുപാടുപേര്‍ പറഞ്ഞു, ഇതുപോലുള്ള ഒരുപാടു പേരെ പരിചയമുണ്ടെന്ന്.
പക്ഷേ കഥാപാത്രങ്ങള്‍ എങ്ങിനെയുണ്ടാവുന്നു  എന്ന് മാത്രം ആരും പറഞ്ഞില്ല.

അന്നൊരു ഞായറാഴ്ച, മൂന്നാം നിലയില്‍ നിന്നും താഴെ വീണ് ഒടിഞ്ഞു നുറുങ്ങിയ അസ്ഥികളുമായി ആംബുലന്‍സില്‍ നിന്നും ഇറക്കിക്കൊണ്ടു വന്ന ചോരയില്‍ കുളിച്ച ശരീരം മുനീറാണെന്നറിഞ്ഞപ്പോള്‍ ,നിത്യേന കാണുന്ന കാഴ്ചകളായിട്ടു കൂടി കുറച്ചു നേരത്തേക്ക് സ്തംഭിച്ചു നിന്നുപോയി. പടുകൂറ്റന്‍ വിന്‍ഡോ എസി വീണ് ചതഞ്ഞരഞ്ഞ കാലുകളും ബോധം പോവാത്ത മനസ്സുമായി  ഓപ്പറേഷന്‍ തിയേറ്ററിലേക്കുള്ള വഴിക്കിടെ ദയനീയമായി അവന്‍ നോക്കിയ ഒരു നോട്ടമുണ്ട്....
മരിച്ചു കിടന്നാലും മറന്നു പോകാത്ത നോട്ടം...

കാര്‍ ഹോസ്പിറ്റലിലെത്തിയിരുന്നു.ചെറിയ തോതില്‍ മഞ്ഞു വീഴുന്നുണ്ട്‌..ലിഫ്റ്റിനടുത്തേക്ക്‌ നടക്കുമ്പോള്‍ എതിരെ വേഗത്തില്‍ നടന്നു വരുന്ന മുകുന്ദനെ കണ്ടു.
"അരുണ ഒന്നു പോയി നോക്കൂ..കുഴപ്പമൊന്നുമില്ല എന്നാണു ഡോക്ടര്‍ പറഞ്ഞത്.പക്ഷേ ആ ഇന്‍ഫക്ഷന്‍... അതാണ്‌ കൂടുതല്‍ പ്രോബ്ലം എന്ന് തോന്നുന്നു..."
"അവന്‍ എന്തിനാണ് ഇങ്ങനെ....."
"അഞ്ചാറു മാസമായില്ലേ ഈ കിടപ്പ് കിടക്കുന്നു... ജീവിച്ചിട്ട് കാര്യമില്ല എന്ന് തോന്നിക്കാണും...മരിച്ചാല്‍ ആ വാര്‍ത്തയെങ്കിലും നാട്ടിലെത്തുമല്ലോ....."
അരുണയെ തുടരാനനുവദിക്കാതെ ഇടയ്ക്ക് കയറി പറഞ്ഞ്, കൂടുതല്‍ സംസാരിക്കാന്‍ നില്‍ക്കാതെ  മുകുന്ദന്‍ വേഗത്തില്‍ പുറത്തേക്ക് നടന്നു.

മുനീറിന്റെ മുറിയില്‍ ഗോപനുണ്ടായിരുന്നു. ഏതോ മാസികയും മറിച്ചു നോക്കിയിരിക്കുന്നു. അരുണയെ കണ്ട് ഗോപന്‍ ചിരിക്കാന്‍ ശ്രമിച്ചു.
"ഐ.സി.യു വിലാണ്.മരുന്ന് കൊടുത്തു കിടത്തിയിരിക്കുന്നു...ഉണരാന്‍ വൈകുമെന്ന് പറഞ്ഞു..."
"ഞാന്‍ അങ്ങോട്ടു പോകാന്‍ തുടങ്ങുകയായിരുന്നു...."
"ആ ഡോക്ടര്‍ പുതിയ ആളാണ്‌..അരുണ ഉണ്ടെങ്കില്‍ കൂടുതല്‍ വിവരങ്ങള്‍ കൊടുക്കാന്‍ കഴിയും എന്നു തോന്നി അതാ വിളിച്ചത്..."
"ഇറ്റ്‌സ് ഓക്കേ...മുനീര്‍ എന്റെയും വേണ്ടപ്പെട്ട ആളാണല്ലോ..."

കുറച്ചു നേരം ഇരുവരും നിശബ്ദരായിരുന്നു... വാതിലിനടുത്ത് ,നിലത്തു പതിച്ച ഫ്ലോര്‍ ടൈല്‍സില്‍ പ്രിന്റ്‌ ചെയ്തിരിക്കുന്ന ചുവന്ന പനിനീര്‍പ്പൂക്കളുടെ ചിത്രം അരുണയുടെ കണ്ണിലുടക്കി..
എത്ര ചവിട്ടിയരച്ചാലും ചിലതിന്റെ നിറം മങ്ങിപ്പോകാറില്ല.
അരുണയ്ക്ക് ഗോപനോട് എന്തൊക്കയോ ചോദിക്കണമെന്നുണ്ടായിരുന്നു പക്ഷേ വര്‍ഷങ്ങള്‍ പോയ്‌മറഞ്ഞതിനു ശേഷമുള്ള സമാഗമങ്ങളില്‍, ഓരോ വാക്കുകളിലും പടരുന്ന കടുത്ത ഔപചാരികത തിരിച്ചറിഞ്ഞപ്പോള്‍ പുറത്തേക്ക് നടക്കാന്‍ തുടങ്ങി.
"ഞാന്‍ ഡോക്ടറോട് സംസാരിച്ചിട്ടു വരാം.."

കയ്യിലെ മാസിക മേശപ്പുറത്തേക്കിട്ട് റൂമിന് പുറത്തിറങ്ങുമ്പോള്‍ ഗോപനും ചിന്തിച്ചു കൊണ്ടിരുന്നത് അത് തന്നെയായിരുന്നു.കാലമാകും ഓരോ മാറ്റങ്ങള്‍ക്കും കാരണം...വര്‍ഷങ്ങള്‍ മാഞ്ഞുപോകുമ്പോള്‍ ഭാഷയും ദേശവും സംസ്കാരങ്ങളും എല്ലാം മാറിമറിയുന്നു...

ഫാര്‍മസിയുടെ അടുത്തു കൂടെ മുന്നിലെ ലോബിയിലേക്ക്  നടക്കുമ്പോള്‍ അവിടെ റിസപ്ഷനിസ്റ്റിനോട് സംസാരിക്കുന്ന ക്ലബ്‌ സെക്രട്ടറി പിള്ളയെ കണ്ടു. കൂടെ രണ്ട് മൂന്നു പേര്‍ കൂടിയുണ്ട്.മലയാളികളാവണം..
ഈ അര്‍ദ്ധരാത്രിയില്‍ പിള്ള എന്താണ് ഇവിടെ ചെയ്യുന്നതെന്ന് അത്ഭുതപ്പെടാതിരുന്നില്ല..

ഗോപന്‍ അവിടെ നിന്നും രക്ഷപ്പെടാന്‍ നോക്കിയതാണ് പക്ഷേ അപ്പോഴേക്കും പിള്ള കണ്ടു കഴിഞ്ഞിരുന്നു.
"ഹലോ ഗോപന്‍ ഹൌ ആര്‍ യു..?..ഞാന്‍ നിങ്ങളെ ഒന്നു കാണാനിരിക്കുകയായിരുന്നു..."
"എന്താ വിശേഷിച്ച്..പിള്ള സര്‍ ഈ സമയത്ത് ഇവിടെ. ??"
"ക്ലബ്ബിന്റെ വാര്‍ഷികമല്ലേ...അതിന്റെ ഓട്ടത്തിലാ....സിനിമാല ടീമിനെയാണ് ഇത്തവണ കൊണ്ട് വരുന്നത്..അല്‍ നസറില് വച്ചു നടത്താനാ പ്ലാന്‍...ക്രൈസിസ് എന്നൊക്കെ പറഞ്ഞോണ്ടിരുന്നാല്‍ ശരിയാവുമോ...ഈ മരുഭൂമീല്‍ നമ്മള്‍ക്കും വേണ്ടേ കുറച്ചു എന്‍ജോയ്മെന്റ് ഒക്കെ...ഇല്ലേ...വാട്ട്‌ യു സേ...."
ഗോപന്‍ ഒന്നും മിണ്ടിയില്ല,
"ആ പിന്നെ..മറ്റൊരു കാര്യം..."
പിള്ള തുടര്‍ന്നു..
വി.എം കണ്‍സ്ട്രക്ഷന്‍സ് പൂട്ടാറായി എന്ന് പലരും പറയുന്നത് കേട്ടു...തിരിച്ചു പോകുന്ന മലയാളികളുടെ ഒക്കെ ഒരു ലിസ്റ്റ് വേണമായിരുന്നു‍..തിരിച്ചു പോകുന്നവരുടെത് മാത്രമാണ് കേട്ടോ..നമ്മുടെ ചാനെല്‍ പ്രോഗ്രാമിന് ഒരു സര്‍വ്വേക്ക് വേണ്ടിയാണ്..അവര് ഡാറ്റ കളക്റ്റ് ചെയ്യുന്നുണ്ട്..മാന്ദ്യം എങ്ങനെ ബാധിക്കുന്നു എന്നറിയാന്‍...ഈ അവസ്ഥയില്‍ വഹാബിനോട് സംസാരിക്കേണ്ട എന്ന് വച്ചു...നിങ്ങളുടെ കമ്പനിയിലെ പിആര്‍ഓ ഇല്ലേ..ആ തോമസ്‌ ...അയാളോട് ഞാന്‍ പറഞ്ഞതാ..ഒരു എക്സല്‍ ഷീറ്റ് ഉണ്ടാക്കിത്തരാന്‍...പക്ഷേ അങ്ങേരുടെ ഒരു ജാഡ..."

ഗോപന് പെരുവിരല്‍ മുതല്‍ ഇരച്ചു കയറിത്തുടങ്ങിയിരുന്നു. പിന്നെ മെല്ലെ കടിച്ചമര്‍ത്തി.

"കേരള സര്‍ക്കാര്‍ ഏതൊക്കെയോ പദ്ധതികള്‍ പ്ലാന്‍ ചെയ്യുന്നുണ്ടെന്ന് കേട്ടു..അവര്‍ക്കും ഉപകാരപ്പെടുമല്ലോ..."
"ആ ബൈ ദി വേ... നമ്മുടെ ആ പയ്യനില്ലേ..മുനീര്‍..അവനെ നാട്ടിലെത്തിക്കാനുള്ള ഏര്‍പ്പാടുകള്‍ ഒക്കെ ആയി വരുന്നുണ്ട്..ഞാന്‍ അംബാസിഡറെ കണ്ടിരുന്നു. മിനിസ്ട്രി ലെവലില്‍ കാര്യങ്ങള്‍ നടക്കുന്നുണ്ട്...ശരിയാവുമായിരിക്കും..."

ഗോപന് അല്‍പ്പം ആശ്വാസം തോന്നിത്തുടങ്ങി..ഷോയ്ക്ക് വേണ്ടിയാണെങ്കിലും പിള്ള കാര്യങ്ങള്‍ ചെയ്യുന്നുണ്ട്..

"അല്ല ഗോപാ ഞാന്‍ ഒന്നു ചോദിക്കട്ടെ..ഇത്രയും സംഭവങ്ങള്‍ പത്രങ്ങളില്‍ വായിച്ചിട്ടും കിടപ്പാടോം കെട്ടുതാലീം പണയം വച്ച് ഇങ്ങോട്ട് വരുന്നവരുടെ എണ്ണത്തില്‍ മാത്രം ഒരു കുറവും ഇല്ലല്ലോ..."
"എനിക്ക് മനസ്സിലാവുന്നില്ല..".പിള്ള കൂടെയുള്ളവരെ നോക്കി.
"വേറെ വഴിയില്ലാത്തത് കൊണ്ടാവും, സര്‍..എല്ലാവര്‍ക്കും ജീവിക്കേണ്ടേ...നാട്ടിലെ സ്ഥിതി..."
പിള്ള ഉച്ചത്തില്‍ ചിരിച്ചു.
"ഹ ഹ..നാട്ടിലെ കൂലി ഒക്കെ ഇപ്പൊ എത്രയാന്നാ വിചാരം..എന്നാലും എല്ലാവര്‍ക്കും ഇങ്ങോട്ട് വരണം...ഇവിടെ എന്തോ വലിയ നിധി ഉണ്ടെന്നാ വിചാരം.  ഈ മുനീറിന്റെ കാര്യം തന്നെ നോക്കിയേ..കയ്യില്‍ വിസയുമില്ല പാസ് പോര്‍ട്ടുമില്ല...ഏജന്റുമാരുടെ വായില്‍ പോയി വീഴാതിരിക്കാന്‍ ഇവരൊക്കെ എന്ന് പഠിക്കുമോ എന്തോ...."

പിറു പിറുത്തു കൊണ്ട് പിള്ളയും കൂട്ടരും ലിഫ്റ്റിനടുത്തേക്ക്‌ പോയി.
(തുടരും)
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും എഴുതുവാന്‍ ദയവായി ഇവിടെ ക്ലിക്കുക
.....................................................................................................................................................
© Copyright
All rights reserved
Creative Commons License
Kadal Meenukal by Murali Nair is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License
.