പെണ്‍കുട്ടിയെയും വിളിച്ച് ഡ്രൈവര്‍ ഔട്ട് ഹൌസിനു നേര്‍ക്ക് നടന്നു.
ഔട്ട് ഹൌസിനു മുന്നില്‍ ചെറിയൊരു പുല്‍ത്തകിടിയുണ്ട്. വെട്ടിയൊതുക്കാത്ത പച്ചപ്പുല്ല് നിറഞ്ഞ പുല്‍ത്തകിടി. കാണാന്‍ ഓമനത്തമുള്ള ഒരു പൂച്ചക്കുഞ്ഞ് വഴിതെറ്റിയെന്നവണ്ണം പുല്ലിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു.തീര്‍ത്തും ക്ഷീണിച്ചിട്ടുണ്ട്. കരഞ്ഞു കരഞ്ഞു ശബ്ദം ഇടറിയിട്ടുണ്ടെങ്കിലും നിര്‍ത്താതെ കരയുന്നുമുണ്ട്. കാണുന്നവരെയെല്ലാം ഭയപ്പാടോടെ നോക്കിക്കൊണ്ട്, ഒളിക്കാനിടം തേടി നിലയുറയ്ക്കാത്ത കാലുകളുമായി അതു പുല്‍ത്തകിടിയിലൂടെ ഉഴറി നടന്നു..
ചെറുതായി വീശുന്ന കാറ്റില്‍ പറന്നു പോകാന്‍ തുടങ്ങിയ ഇളം പച്ച നിറത്തിലുള്ള ചുരിദാറിന്റെ ഷാള്‍ ഒതുക്കിപ്പിടിക്കാന്‍ പണിപ്പെട്ട് ,ഭാരം കുറഞ്ഞ ട്രാവല്‍ ബാഗുമായി ആ പെണ്‍കുട്ടി അകത്തേക്ക് കയറിപ്പോകുകയാണ്...
പോകും വഴി അവള്‍ ഗോപനെ ഒന്നു തിരിഞ്ഞു നോക്കി.
ആ മുഖം എവിടെയാണ് കണ്ടുമറന്നതെന്ന് ചിന്തിക്കുകയായിരുന്നു ഗോപന്‍.
കേരളവര്‍മ കോളേജില്‍ പ്രീഡിഗ്രീ സെക്കന്റ് ഗ്രൂപ്പില്‍ എപ്പോഴും കലപില സംസാരിച്ചു കൊണ്ട് നടക്കാറുണ്ടായിരുന്ന ഇന്ദുലേഖയെയാണ് ഗോപന് ഓര്‍മ വന്നത്. അവള്‍ക്കും ഏതാണ്ടിതേ രൂപമായിരുന്നു. തിങ്ങി നിറഞ്ഞ കോളേജ് ഓഡിറ്റൊറിയത്തിന്റെ കുമ്മായമടിച്ച ചുവരുകളില്‍ കൈകള്‍ താങ്ങി ഈണത്തില്‍ ചൊല്ലുന്ന കവിത കേള്‍ക്കുന്ന ഒരു ഇരുപതുകാരനെ വിസ്മയിപ്പിച്ച പെണ്‍കുട്ടി...
പക്ഷേ പെട്ടെന്ന് ആശ്ചര്യത്തോടെ ഓര്‍ത്തു... ഈ പെണ്‍കുട്ടി.....ഇവള്‍ക്ക് ഗീതുവിന്റെ ഛായയല്ലേ...??
"ആര്‍ യു ഫ്രം വിഎം കണ്‍സ്ട്രക്ഷന്‍??"
ചോദ്യം കെട്ടു തിരിഞ്ഞു നോക്കിയപ്പോള്‍ ആജാനബാഹുവായ ഒരാള്‍ മുന്നില്‍ നില്‍ക്കുന്നു.കണ്ടാല്‍ ഒരു മലയാളിയെ പോലുണ്ട്.. പാന്റും ടീ ഷര്‍ട്ടുമാണ് വേഷം.
"യെസ്..ഐ ആം ഗോപന്‍..സൈറ്റ് സൂപ്പര്‍വൈസര്‍.."
"മലയാളി..??"
"അതേ.."
"ഓക്കേ മിസ്റ്റെര്‍ ഗോപന്‍...നിങ്ങളെ കണ്ടാല്‍ ഒരു നോര്‍ത്ത് ഇന്ത്യന്‍ ലുക്ക് ഉണ്ട് കേട്ടോ...ഐ ആം വര്‍ഗീസ്...ഇവിടത്തെ പേര്‍സണല്‍ സെക്രട്ടറിയാണ്..."
വില്ലയുടെ മുറ്റത്ത് അവിടിവിടെയായി ലാന്‍ഡ് സ്കേപ്പിങ്ങ് ജോലികള്‍ നടക്കുന്നുണ്ട്. വര്‍ഗീസ് വില്ലയുടെ അകത്തേക്ക് കൂട്ടിക്കൊണ്ടു പോയി ഉള്‍ഭാഗം മുഴുവന്‍ ചുറ്റിനടന്നു കാണിച്ചു. ചില മുറികളിലെ ഫ്ലോര്‍ ടൈല്‍സ് മാറ്റണം സീലിങ്ങില്‍ ഡക്കറേഷന്‍ വര്‍ക്കുകളുണ്ട്. ബാത്ത് റൂമിലെ സാനിട്ടറി ഫിറ്റിങ്ങ്സ് ചേഞ്ച് ചെയ്യണം കിച്ചണിലെ കാബിനെറ്റ് പുതിയത് വയ്ക്കണം...... ചെയ്യാനുള്ള ജോലികള്‍ മുഴുവന്‍ വര്‍ഗീസ് വിശദീകരിച്ചു...
"ഇവിടെ ഇപ്പോള്‍ ആരും താമസമില്ലേ..??"...
അവിടെ മറ്റാരെയും കാണാത്തത് കൊണ്ടാണ് ചോദിച്ചത്..
"ഇപ്പോള്‍ വര്‍ക്ക് നടക്കുന്നത് കാരണം ആരുമില്ല.. അടുത്തു തന്നെ എല്ലാവരും വരും.."
സംസാരിച്ചു കൊണ്ടിരിക്കെ നേരത്തെ കണ്ട ഡ്രൈവര്‍ അകത്തേക്ക് കയറിവന്ന് വര്‍ഗീസിനോട് എന്തോ പതുക്കെ പറയുന്നത് കേട്ടു.
ആ ഡ്രൈവര്‍ക്ക് എന്തോ ഒരു കള്ള ലക്ഷണമുള്ളത് പോലെയാണ് ഗോപന് തോന്നിയത്..ചിലരെ കാണുമ്പോള്‍ അങ്ങനെയാണ് ചിലപ്പോള്‍ വല്ലാതെ സ്നേഹിക്കാന്‍ തോന്നും അല്ലെങ്കില്‍ സംസാരിക്കാന്‍ കൂടി തോന്നില്ല.പക്ഷേ എല്ലാ മുന്‍ ധാരണകളെയും തെറ്റിച്ചുകളയുന്ന ചിലരുണ്ട്..അവരെയാണ് സൂക്ഷിക്കേണ്ടത് ...പിടിതരാത്ത ഭാവങ്ങളുമായി നടക്കുന്നവര്‍..
വര്‍ഗീസ് ഇപ്പോള്‍ ഡ്രൈവറുടെ കൂടെ ഔട്ട് ഹൌസിലേക്ക് നടക്കുകയാണ്. ആ പെണ്‍കുട്ടിയുടെ മുഖം മനസ്സില്‍ നിന്നും മായുന്നില്ല..ഇപ്പോള്‍ ചിന്തിക്കുമ്പോള്‍ ആ കുട്ടിയുടെ മുഖത്ത് ചെറിയ ഒരു ഭയം നിഴലിച്ചിരുന്നതായി തോന്നുന്നു. ആരായിരിക്കും അവള്‍..?? ഒരു പക്ഷേ ഹൌസ് മെയിഡ് ആയി വന്നതായിരിക്കും..കയ്യിലെ ബാഗ് കാണുമ്പോള്‍ ഒരു ദീര്‍ഘയാത്ര കഴിഞ്ഞു വരുന്ന ലക്ഷണമുണ്ട്...മലയാളിയാവാനാണ് സാധ്യത...പക്ഷേ സാധാരണ മുപ്പതു വയസ്സു കഴിഞ്ഞവര്‍ക്കേ യുഎഇ യില്‍ ഹൌസ് മെയിഡ് ആയി വരാന്‍ കഴിയൂ..അല്ലാതെ വിസ കിട്ടില്ല....ഈ കുട്ടിയെ കാണുമ്പോള്‍ ഒരു ഇരുപത്തഞ്ചു വയസ്സേ തോന്നിക്കുന്നുള്ളൂ...അപ്പോള്‍..??
ഗോപന്‍ പതുക്കെ വില്ലയ്ക്കു പുറത്തേക്കിറങ്ങി.
ഔട്ട് ഹൌസില്‍ നിന്നും വര്‍ഗീസ് പുറത്തേക്ക് വരുന്നത് കണ്ടു.
"മിസ്റ്റര്‍ ഗോപന്‍..എത്രയും വേഗത്തില്‍ വര്‍ക്ക് കമ്പ്ലീറ്റ് ചെയ്യണം...എന്റെ ബോസ്സ് എപ്പോഴാണ് ഇങ്ങോട്ട് താമസത്തിന് വരുന്നതെന്നറിയില്ല....പിന്നെ ആ ഔട്ട് ഹൌസിലെ ഫ്ലുഷ് വര്‍ക്ക് ചെയ്യുന്നില്ല... വര്‍ക്കേര്‍സ് വരുമ്പോള്‍ അതും കൂടി ഒന്നു ശരിയാക്കാന്‍ പറയണേ.. "
വര്‍ഗീസ് പോയിക്കഴിഞ്ഞിട്ടും ഗോപന്‍ അവിടത്തന്നെ നിന്നു. മെറ്റീരിയല്‍സിന്റെ ലിസ്റ്റെടുക്കണം..ഇന്ന് തന്നെ പര്‍ച്ചേസ് ഓര്‍ഡര്‍ സെന്റ് ചെയ്താലേ അടുത്ത ദിവസം വര്‍ക്ക് തുടങ്ങുമ്പോഴേക്കും സാധനങ്ങള്‍ കിട്ടൂ....
മുഴുവന്‍ മെഷര്‍മെന്റും എടുത്തു കഴിയുമ്പോഴേക്ക് നേരം ഉച്ചയായിരുന്നു. കാറില്‍ കയറി തിരിച്ചു പോകാന്‍ ഒരുങ്ങുമ്പോഴാണ് ഔട്ട് ഹൌസിലെ ഫ്ലുഷ് സിസ്റ്റെണിന്റെ കാര്യമോര്‍ത്തത്. അതു കൂടി മാറ്റിവയ്ക്കണമെങ്കില്‍ ഇപ്പോള്‍ തന്നെ മെറ്റീരിയല്‍സ് ലിസ്റ്റില്‍ ചേര്‍ക്കുന്നതാണ് നല്ലത്.
ചെറിയ ജനാലകളും ഇടുങ്ങിയ രണ്ടുമൂന്ന് മുറികളുള്ള ആ ഔട്ട് ഹൌസിന്റെ വാതില്‍ക്കലെത്തിയപ്പോഴാണ് നേരത്തെ കണ്ട പെണ്‍കുട്ടി അകത്തുണ്ടാവുമെന്ന കാര്യം ഗോപന്‍ ഓര്‍ത്തത്. ആദ്യം തിരിച്ചു പോയാലോ എന്ന് ചിന്തിച്ചു. പിന്നെ രണ്ടും കല്‍പ്പിച്ചു വാതിലില്‍ മുട്ടി.
നേരത്തെ കണ്ട പൂച്ചക്കുഞ്ഞ് ഇപ്പോള്‍ നടന്നു തളര്‍ന്ന് ഔട്ട് ഹൌസിന്റെ വാതിലിനോടു ചേര്‍ന്നിരുന്ന് ശബ്ദമില്ലാതെ കരയുകയാണ്.. ഗോപനെ കണ്ടതും അതു പേടിച്ച് വാതിലിന്റെ മൂലയില്‍ പോയി ഒളിക്കാന്‍ ശ്രമിച്ചു..
ആ പെണ്‍കുട്ടി വാതില്‍ തുറക്കുമ്പോള്‍ ഗോപന്‍ നിലത്തു നിന്നും ആ പൂച്ചക്കുഞ്ഞിനെ കയ്യിലെടുക്കുകയായിരുന്നു. ആദ്യം കരഞ്ഞു ബഹളം വച്ചെങ്കിലും പിന്നീടത് ഗോപന്റെ കയ്യില്‍ തളര്‍ന്ന് കിടന്നു.
പെണ്‍കുട്ടി അല്‍പ്പം ഭയത്തോടെയും സംശയത്തോടെയും ഗോപനെ നോക്കി.
"ഈ പൂച്ചക്കുഞ്ഞ് ചാവാറായിരിക്കുന്നു..എന്തെങ്കിലും തിന്നാന്‍ കൊടുത്തില്ലെങ്കില്‍ ഇത് ചത്തുപോകും.."
അല്‍പ്പം തടിച്ച ചുണ്ടുകളും, വട്ടമുഖവും വലിപ്പമേറിയ കണ്ണുകളുമുള്ള ആ പെണ്‍കുട്ടി മലയാളി തന്നെയാണെന്ന് ഉറപ്പിച്ചു കൊണ്ടാണ് ഗോപന്‍ സംസാരിച്ചത്. കഴുത്തില്‍ അല്‍പ്പം താഴെയായി തെളിഞ്ഞു കണ്ട ഗുരുവായൂരപ്പന്റെ രൂപം പതിച്ച ലോക്കറ്റ് ആ വിശ്വാസത്തെ സാധൂകരിക്കുകയും ചെയ്തു.
പക്ഷേ പെണ്‍കുട്ടി ഒന്നും മിണ്ടാതെ നില്‍ക്കുകയാണ്. ഗോപനെയും കയ്യിലെ പൂച്ചക്കുഞ്ഞിനെയും അവള്‍ കുറച്ചു നേരം മാറി മാറി നോക്കി എന്നിട്ട് പെട്ടെന്ന് അകത്തേക്ക് കയറിപ്പോയി.
ഗോപന് അത്ഭുതം തോന്നിയില്ല. ചിലപ്പോള്‍ അപരിചിതനായ ഒരാളെ കണ്ടത് കൊണ്ടാവും...
പൂച്ചക്കുഞ്ഞ് വീണ്ടും കരഞ്ഞു തുടങ്ങിയിരുന്നു.ഗോപന്‍ ഗേറ്റിനോടു ചേര്‍ന്നുള്ള സെക്യൂരിറ്റി കാബിന്‍ ലക്ഷ്യമാക്കി നടന്നു. മനസ്സില്‍ മുഴുവന്‍ ആ പെണ്‍കുട്ടിയുടെ മുഖമാണ്. എന്ത് കൊണ്ടാണെന്നറിയില്ല..ഇപ്പോളവളെ കണ്ടപ്പോള്‍ ഇന്ദുലേഖയല്ല, ഗീതു മുന്നില്‍ വന്നു നിന്നതുപോലെയാണ് തോന്നിയത്. അവളുടെ അതേ ഉയരം.നില്‍പ്പും നോട്ടവുമെല്ലാം അതുപോലെ തന്നെ...
സെക്യൂരിറ്റിയോട് ഒരു കഷണം ബ്രെഡ് വാങ്ങി പൂച്ചക്കുട്ടിക്ക് കൊടുത്തു നോക്കി. അതു ഒന്നു മണത്തു നോക്കിയെന്നല്ലാതെ തിന്നാന്‍ കൂട്ടാക്കിയില്ല. ഗോപന്റെ യത്നം കണ്ടു നേപ്പാളുകാരന്‍ സെക്യൂരിറ്റി ചിരിച്ചു.
"ചോഡ്‌ദോ സാബ്..കോയി ഫൈദാ നഹീ...."
സെക്യൂരിറ്റിയോട് കാര്യം പറഞ്ഞു. ഔട്ട് ഹൌസിലെ ഒരു ബാത്ത്റൂമിലെ ഫ്ലുഷ് ആണത്രേ വര്‍ക്ക് ചെയ്യാത്തത്. കൂടെ വരാന്‍ പറഞ്ഞപ്പോള്‍ മുറ്റത്ത് ലാന്‍ഡ് സ്കേപ്പിങ്ങ് ചെയ്യുകയായിരുന്ന വര്‍ക്കറോട് ഗെറ്റ് ഒന്നു ശ്രദ്ധിച്ചോളാന്‍ വിളിച്ച് പറഞ്ഞ് ,വലിയ താക്കോല്‍ കൂട്ടവും കയ്യിലെടുത്ത് അയാള്‍ കൂടെ വന്നു.
ഗോപന് പൂച്ചക്കുഞ്ഞിനെ ഉപേക്ഷിക്കാന്‍ മനസ്സുവന്നില്ല.ഒട്ടും ശക്തിയില്ലാതെ, കയ്യില്‍ നിന്നും പിടഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും അതിനെയും കയ്യിലെടുത്തു നടന്നു.
വാതില്‍ തുറന്ന് കിടപ്പുണ്ടായിരുന്നു സെക്യൂരിറ്റി അധികാര ഭാവത്തില്‍ അകത്തു കയറി. ആ പെണ്‍കുട്ടിയെ പറ്റി സെക്യൂരിറ്റിയോട് ചോദിക്കാമായിരുന്നു എന്ന് അപ്പോഴാണ് ഓര്‍ത്തത്.
അവള്‍ അകത്തെ ഇരുമ്പ് കട്ടിലിനോട് ചേര്‍ന്ന് നില്‍ക്കുകയായിരുന്നു. രാവിലെ കണ്ട അതേ വേഷമാണ്. കട്ടിലില്‍ തുറന്ന് വച്ച ബാഗ് കണ്ടു. അതില്‍ നിന്നും പുറത്തേക്കേടുത്ത് വച്ച രണ്ടുമൂന്നു കടലാസ് പൊതികള്‍..
സെക്യൂരിറ്റി പെണ്‍കുട്ടിയെ ആകമാനമൊന്നു നോക്കി. പിന്നെ ഗോപനു ബാത്ത് റൂം കാണിച്ചു കൊടുത്തു.
പൂച്ചക്കുട്ടി അപ്പോഴും കയ്യിലുണ്ടായിരുന്നു... എവിടെയാണ് അതിനെ ഒന്നു വയ്ക്കുക എന്നോര്‍ത്തപ്പോള്‍ നിലത്ത് ഒരു ചെറിയ പെട്ടി കണ്ടു. ഒഴിഞ്ഞ പെയിന്റിന്റെയോ മറ്റോ കാര്‍ട്ടന്‍ ആവണം. തല്‍ക്കാലം അതിനെ അതിലേക്കു വച്ചു. ശബ്ദമില്ലാതെ കരഞ്ഞു കൊണ്ട് അതു ദയനീയമായി മുകളിലേക്ക് നോക്കിക്കൊണ്ടിരുന്നു.
"ഹിന്ദി ആത്താ ഹേ..?? "
സെക്യൂരിറ്റി പെണ്‍കുട്ടിയോട് ചോദിക്കുകയാണ്...അയാളുടെ കണ്ണുകള്‍ പെണ്‍കുട്ടിയെ ആകമാനം ഉഴിയുന്നുണ്ട്.
അവള്‍ പതുക്കെ അതെയെന്നു തലയാട്ടി.
"മൊബൈല്‍ ഫോണ്‍ മിലാ..??"
അതിനും മറുപടി അതേ തലയാട്ടല്‍ തന്നെയായിരുന്നു... ഗോപന്‍ കൌതുകത്തോടെ പെണ്‍കുട്ടിയെ നിരീക്ഷിച്ചു. മലയാളി ആവാതിരിക്കാന്‍ തരമില്ല..തലതാഴ്ത്തി കണ്ണുകള്‍ മുകളിലെക്കുയര്‍ത്തിയുള്ള നോട്ടം കാണുമ്പോള്‍ പണ്ട് എന്തെങ്കിലും കുസൃതിയൊപ്പിച്ചു അമ്മയുടെ മുന്നില്‍ പരുങ്ങി നില്‍ക്കാറുണ്ടായിരുന്ന ഗീതുവിനെത്തന്നെ ഓര്‍മ വരുന്നു...
അവളുടെ മൊബൈല്‍ നമ്പര്‍ വാങ്ങിച്ച് സെക്യൂരിറ്റി പുറത്തേക്ക് പോയി. അവളാരായിരിക്കും എന്നത് ഗോപന് അപ്പോഴും ഊഹിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല.
ബാത്ത് റൂമിനകത്തു കയറി ഫ്ലുഷ് സിസ്റ്റെണ്‍ പരിശോധിച്ചു..ടാങ്കിനു ചെറിയ പൊട്ടലുണ്ട്..ചൂട് വെള്ളം കയറിയിട്ടുണ്ടാവാം..മോഡല്‍ നെയിം എഴുതിയെടുത്ത് ,മറ്റു ഫിറ്റിങ്ങ്സും ചെക്ക് ചെയ്തു. പ്ലുംബെര്‍ വരുമ്പോള്‍ ആദ്യം തന്നെ ഇത് മാറ്റി വെയ്പ്പിക്കാം..
ബാത്ത് റൂമിന് പുറത്തെക്കിറങ്ങിയപ്പോഴാണ് കണ്ടത് ,പൂച്ചക്കുഞ്ഞിനെ പെട്ടിയില്‍ നിന്നും തറയിലെടുത്തു വച്ച് കയ്യിലെ ചെറിയ റെയിന്‍ബോ മില്‍ക്കിന്റെ ടിന്നില്‍ നിന്നും കുറച്ചു പാല്‍ നിലത്തൊഴിച്ച് ,അതിനെ കുടിപ്പിക്കാന്‍ ശ്രമിക്കുകയാണ് ആ പെണ്‍കുട്ടി.!!
പൂച്ചക്കുഞ്ഞ് ആദ്യമൊന്നു തലവെട്ടിച്ചെങ്കിലും പിന്നെ ആര്‍ത്തിയോടെ പാല്‍ നക്കിക്കുടിക്കാന്‍ തുടങ്ങി.
ഗോപനെ കണ്ടതും പെണ്‍കുട്ടി പരിഭ്രമത്തോടെ പിടഞ്ഞെഴുന്നെറ്റ് കട്ടിലിനോട് ഒതുങ്ങി നിന്നു. എന്നിട്ട് പതുക്കെ ചിരിക്കാന്‍ ശ്രമിച്ചു.
എന്താണ് ചോദിക്കേണ്ടത് എന്നറിയാതെ ഉഴലുകയായിരുന്നു ഗോപന്‍. മലയാളത്തില്‍ പറയണോ..അതോ ഹിന്ദിയോ ഇംഗ്ലീഷോ...
"മലയാളിയല്ലേ..??"..ഒടുക്കം സംശയിച്ചു കൊണ്ട് ചോദിച്ചു.
അവള്‍ നിഷേധഭാവത്തില്‍ തലയാട്ടുകയാണ്. വീണ്ടും അത്ഭുതമായി.. പറയുന്നതവള്‍ക്ക് മനസ്സിലാവുന്നുണ്ടോ..??..എന്തെങ്കിലും ഒന്നു പറഞ്ഞിരുന്നെങ്കില്‍..
പൂച്ചക്കുഞ്ഞ് പാലുമുഴുവന്‍ കുടിച്ചു കഴിഞ്ഞിരുന്നു. നാവു നൊട്ടിനുണഞ്ഞ് ഒരു പ്രത്യേക ശബ്ദത്തില്‍ കരഞ്ഞു കൊണ്ട് അതവളെ നന്ദിയോടെ നോക്കി.
പെണ്‍കുട്ടിയെ കാണുമ്പോള്‍ ഒരു സാധാരണ ഹൌസ് മെയ് ഡ് ആവാന്‍ വഴിയില്ലെന്ന് തോന്നുന്നു.ഒരു നല്ല കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന കുട്ടിയാണെന്നേ കണ്ടാല്‍ പറയൂ... കേരളത്തിലെ ഏതെങ്കിലും ഗവണ്‍മെന്റ് കോളേജില്‍ പഠിക്കുന്ന ഒരു ഡിഗ്രി സ്റ്റുഡന്റിന്റെ രൂപഭാവങ്ങളാണ് കൂടുതല്‍ യോജിക്കുക..ചുരിദാറിനു പകരം ധാവണിയോ മറ്റോ ആയിരുന്നെങ്കില്‍ പഴയ മലയാള സിനിമകളില്‍ കാണുന്ന ഗ്രാമീണ പെണ്‍കൊടിമാരുടെ അതേ രൂപമായിരുന്നെനെ..
പെണ്‍കുട്ടി ഗോപനെ തന്നെ സൂക്ഷിച്ചു നോക്കുകയായിരുന്നു. പുറത്തേക്ക് നടക്കാന്‍ തുടങ്ങുന്ന പൂച്ചക്കുഞ്ഞിനെ ഗോപന്‍ ഒന്നു ശ്രദ്ധിച്ചു. ആദ്യം കൈകാലുകള്‍ നിവര്‍ത്തി, ശരീരം വില്ല് പോലെ വളച്ച് തലയുയര്‍ത്തി ഒന്നു നോക്കിയതിനു ശേഷം അതു വാതിലിനു നേര്‍ക്ക് നടന്നു. വാതിലിനു വെളിയിലേക്ക് നടക്കാന്‍ തുനിഞ്ഞ പൂച്ചക്കുഞ്ഞ് ഒരു നിമിഷം സംശയിച്ചു നില്ക്കുന്നത് കണ്ടു. പിന്നെ തിരിച്ചകത്തേക്ക് തന്നെ കയറി വന്നു.
"ഹാഷിണി..."
ഗോപന്റെ കണ്ണുകളിലേക്ക് നോക്കി പെട്ടെന്നാണ് ആ പെണ്‍കുട്ടി പറഞ്ഞത്. കാലിനു ചുറ്റും മുട്ടിയുരുമ്മി നടന്ന് ഗോപനോട് ലോഹ്യം പ്രകടിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു ആ പൂച്ചക്കുഞ്ഞ് അപ്പോള്‍... എന്താണ് പറഞ്ഞതെന്ന് മനസ്സിലാവാതെ വന്നപ്പോള്‍ ചോദ്യഭാവത്തില്‍ അവളുടെ മുഖത്തേക്ക് നോക്കി.
"ഹാഷിണി ജയസിംഗെ..."
ആ പേര് കേട്ടു അത്ഭുതപ്പെടുകയായിരുന്നു ഗോപന്‍....ഗോപന്റെ മുഖത്തെ സംശയം കണ്ടപ്പോള്‍ അവള്‍ കൂട്ടിച്ചേര്‍ത്തു.
"ശ്രീലങ്കന്‍.."
"ശ്രീലങ്കന്‍.??!!..."
നിറഞ്ഞ മലയാളിത്തം തുളുമ്പുന്ന ഈ പെണ്‍കുട്ടി ശ്രീലങ്കക്കാരിയാണെന്നോ..?! അപ്പോള്‍ നേരിയ സ്വര്‍ണമാലയ്ക്കൊപ്പം കഴുത്തില്‍ തെളിഞ്ഞു കാണുന്ന, ഗുരുവായൂരപ്പന്റെ രൂപമുള്ള ഈ ലോക്കറ്റ്...??!
ഗോപന്‍ ശരിക്കും അമ്പരന്നു...
(തുടരും)
.
ഒരു ആമുഖം
കടല്‍ മീനുകള്‍ എന്ന ബ്ലോഗ് നോവല്‍ ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയാണ്.
ഇത് പ്രവാസികളുടെ കഥയാണ്..മനസ്സുകൊണ്ടും ജീവിതം കൊണ്ടും പ്രവാസികളാവാന്‍ വിധിക്കപ്പെട്ടവരുടെ കഥ..
സാമ്പത്തിക മാന്ദ്യം പിടിച്ചു കുലുക്കിയ ദുബായിയുടെ മണ്ണില്‍ നിന്നും ഈ യാത്ര ആരംഭിക്കുന്നു...മരുഭൂമിയില്‍ നിന്നും കടലുകള്‍ താണ്ടി, തണുത്ത പുഴകളിലേക്ക് സഞ്ചരിക്കുമ്പോള്‍ കൂട്ടിനുള്ളത് ഏറെ പരിചിതമായ മുഖങ്ങള്‍ തന്നെ...
നല്ല വായനയ്ക്കായി എല്ലാ പ്രിയ സുഹൃത്തുക്കളെയും ക്ഷണിക്കുന്നു.
മുരളി.
ആദ്യ ഭാഗം മുതല്‍ വായിച്ചു തുടങ്ങാനായി മുന്‍ അധ്യായങ്ങളുടെ ലിങ്ക് സൈഡില്‍ കൊടുത്തിട്ടുണ്ട്.
ഒരു ആമുഖം
കടല്‍ മീനുകള്‍ എന്ന ബ്ലോഗ് നോവല്‍ ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയാണ്.
ഇത് പ്രവാസികളുടെ കഥയാണ്..മനസ്സുകൊണ്ടും ജീവിതം കൊണ്ടും പ്രവാസികളാവാന്‍ വിധിക്കപ്പെട്ടവരുടെ കഥ..
സാമ്പത്തിക മാന്ദ്യം പിടിച്ചു കുലുക്കിയ ദുബായിയുടെ മണ്ണില്‍ നിന്നും ഈ യാത്ര ആരംഭിക്കുന്നു...മരുഭൂമിയില്‍ നിന്നും കടലുകള്‍ താണ്ടി, തണുത്ത പുഴകളിലേക്ക് സഞ്ചരിക്കുമ്പോള്‍ കൂട്ടിനുള്ളത് ഏറെ പരിചിതമായ മുഖങ്ങള്‍ തന്നെ...
നല്ല വായനയ്ക്കായി എല്ലാ പ്രിയ സുഹൃത്തുക്കളെയും ക്ഷണിക്കുന്നു.
മുരളി.
ആദ്യ ഭാഗം മുതല്‍ വായിച്ചു തുടങ്ങാനായി മുന്‍ അധ്യായങ്ങളുടെ ലിങ്ക് സൈഡില്‍ കൊടുത്തിട്ടുണ്ട്.
© Copyright
All rights reserved
