കുറേ നേരം കൂടി കഴിഞ്ഞാണ് ഡോക്ടര്‍ എത്തിയത്.തീരെ താല്പ്പര്യമില്ലാത്തത് പോലെയാണ് അരുണ പറയുന്നത് അയാള്‍ കേട്ടു നിന്നതും.അധികനേരം കഴിയുന്നതിനു മുന്‍പ് തന്നെ മൊബൈലില്‍ ആര്‍ക്കോ ഫോണ്‍ ചെയ്തു കൊണ്ട് അയാള്‍ പുറത്തേക്ക് പോയി. മുറിയിലെ ചില്ലരമാലയില്‍ നിന്നും ഏതോ മരുന്ന് തപ്പിയെടുക്കുന്നതിനിടെ, തന്റെ കൈകള്‍ മലര്‍ത്തി കാണിക്കുകയായിരുന്നു അനബെല്ല അപ്പോള്‍....
പുറത്തേക്ക് നടക്കുമ്പോള്‍ അരുണ തീര്‍ത്തും ക്ഷീണിതയായിരുന്നു.ഇടനാഴിക്ക് പുറത്തു കടന്നപ്പോള്‍ ലോബിയിലെ കസേരയിലിരുന്ന് ഉറങ്ങുന്ന ഗോപനെ കണ്ടു.ചുളിവുവീണ, നീളമേറിയ കോട്ടന്‍ ഷേര്‍ട്ടും ഷേവ് ചെയ്യാത്ത മുഖവുമായി ചാരിയിരുന്നുറങ്ങുന്ന ഗോപന് പഴയ സിനിമകളിലെ വേണു നാഗവള്ളിയുടെ ഛായയാണ് .... നീണ്ട പത്തുവര്‍ഷങ്ങള്‍ പോലും മാറ്റങ്ങള്‍ വരുത്താന്‍ മടിക്കുന്ന മുഖത്ത് സ്ഥായിയായ വിഷാദ ഭാവം...
അടുത്തു ചെന്നു തട്ടി വിളിച്ചപ്പോള്‍ ഞെട്ടിയെഴുന്നെറ്റ് ഗോപന്‍ പകച്ചു നോക്കി.
അരുണയില്‍ ഒരു ചെറിയ ചിരി വിടര്‍ന്നു.
ചെറിയ മയക്കത്തില്‍ നിന്നു ഞെട്ടിയുണര്‍ന്നപ്പോള്‍ കണ്മുന്നില്‍ അരുണയെ കണ്ടു ഗോപന്‍ ആദ്യമൊന്നമ്പരന്നു.പിന്നെയാണ് താന്‍ നില്‍ക്കുന്നത് ഹോസ്പിറ്റലിലാണെന്ന് ഓര്‍മ വന്നത്.
"പേടിക്കേണ്ട..." ഗോപനെ നോക്കിക്കൊണ്ട് അരുണ തുടര്‍ന്നു...." റൂമിലേക്ക് കൊണ്ട് വന്നിട്ടുണ്ട്. ഡോക്ടറോട് ഞാന്‍ സംസാരിച്ചു. ആ പഴുപ്പ് വലിയ പ്രശ്നമില്ലെന്നാണ് പറഞ്ഞത്. മെഡിസിനില്‍ മാറിയില്ലെങ്കില്‍ ചെറിയ ഒരു സര്‍ജറി കൂടി വേണ്ടി വരും. അടുത്ത വീക്കില്‍ ഞാന്‍ ഈ സെക്ഷനിലേക്ക് മാറ്റം കിട്ടുമോ എന്ന് നോക്കാം..."
"അരുണയ്ക്ക് നാളെ ഡ്യൂട്ടിയുണ്ടോ..."
"ഇല്ല ഞാന്‍ മൂന്നു ദിവസത്തെ ലീവിലാണ്..."
"അതെന്തു പറ്റി..ലീവെടുക്കാന്‍..??"
എന്ത് പറയണമെന്ന് ചിന്തിക്കുകയായിരുന്നു അരുണ. മനസ്സു തുറന്ന് സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ ശ്രീജ ഉള്ളിലിരുന്നു വിലക്കുന്നു. വര്‍ഷങ്ങളായി രൂപാന്തരം പ്രാപിച്ച് വന്ന നേര്‍ത്ത ഒരാവരണം മനസ്സിന് ചുറ്റും എപ്പോഴോ കുടിയേറിയിട്ടുണ്ട്..പോര്‍ട്ട് ഹോസ്പിറ്റലിലെ ഹെഡ് നഴ്സ് അരുണ പ്രിയദര്‍ശിനിയെ എല്ലാവര്‍ക്കുമറിയാം...പക്ഷേ തുളസിയിലകളുടെ ഗന്ധമിഷ്ടമുള്ള രവിശങ്കറിന്റെ കഥയെഴുതുന്ന ബ്ലോഗ്ഗര്‍ ശിവകാമി ശ്രീജയെന്ന ഇരുപത്തിരണ്ടു കാരിയുടെ മാത്രം സ്വന്തമാണ്...
എങ്കിലും മറുപടി പറഞ്ഞു...
"പ്രത്യേകിച്ച് ഒന്നുമില്ല..കുറേ ലീവ് ബാക്കിയുണ്ടായിരുന്നു...അതിങ്ങനെ എടുത്തു തീര്‍ക്കുന്നു.ചിലപ്പോഴൊക്കെ ഒരു വല്ലാത്ത മടിയും ക്ഷീണവും വരും അപ്പോഴിങ്ങനെ....."
"അതെന്താ ലീവ് ബാക്കി??..വെക്കേഷന് നാട്ടില്‍ പോയില്ലേ...."
"ഇല്ല.."
"അതെന്തേ..?"
"പോയിട്ട് ആരെ കാണാനാണ്..പോകേണ്ടെന്നു തോന്നി..."
"അമ്മയിപ്പോ..??."
"ചേട്ടന്റെ കൂടെയാണ് ..ചിലപ്പോഴൊക്കെ അനിയത്തിയുടെ അടുത്തു പോകും....അവിടെ ഇന്റര്‍നെറ്റ് ഉള്ളത് കൊണ്ട് ചിലപ്പോഴൊക്കെ വെബ്‌കാമില്‍ കണ്ടുകൊണ്ട് സംസാരിക്കാറുണ്ട്..പിന്നെ വര്‍ഷാവര്‍ഷമുള്ള നാട്ടില്‍ പോക്ക് ഒരു വഴിപാടാണല്ലോ..അത് കൊണ്ട് ഈ വര്‍ഷം പോകുന്നില്ല എന്ന് വച്ചു...."
"അപ്പോള്‍ ആ പഴയ വീട്..?"
"അടച്ചിട്ടിരിക്കുന്നു....."
"വെക്കേഷന് പോകുമ്പോള്‍ ആ വീട്ടിലെക്കാണോ പോകാറ്..??"
"അതേ.."
"ചേട്ടന്‍....??"...അല്‍പ്പം മടിച്ചു കൊണ്ടാണ് ഗോപന്‍ ചോദിച്ചത്.
"എന്നെ കാണാന്‍ വരാറില്ല...അമ്മയെ ഗേറ്റില്‍ ഇറക്കി വിട്ടു പോകും..പിന്നെ ഞാന്‍ തിരിച്ചു വരുന്നതിനു കൃത്യം ഒരു ദിവസം മുന്നേ വന്നു കൂട്ടിക്കൊണ്ടു പോകും..."
അരുണയുടെ മുഖത്തേക്ക് നോക്കിയപ്പോള്‍ ഗോപന് ചോദിക്കേണ്ടിയിരുന്നില്ല എന്ന് തോന്നി.മുഖത്തേക്ക് വീണുകിടക്കുന്ന ഒന്നു രണ്ട് മുടിയിഴകള്‍ക്കിടയിലൂടെ തെളിഞ്ഞു കണ്ട കണ്ണുകളില്‍ നേര്‍ത്ത വിഷാദം അലയടിക്കുന്നുണ്ട്.
"മുറ്റത്തെ തുളസിത്തറയൊക്കെ ഇപ്പോഴുമുണ്ടോ....??"
ഉള്ളിലെവിടെയോ ചെറിയൊരു നടുക്കമുണര്‍ന്നതായി അരുണയ്ക്ക് തോന്നി. കെട്ടുപിണഞ്ഞുകിടക്കുന്ന തുളസിക്കാടുകള്‍ക്കിടയില്‍ നിന്നും പുറത്തേക്ക് വിരിയാന്‍ കൊതിച്ച ഒരു പിച്ചകപ്പൂ വേദനയോടെ ചിരിക്കുന്നു...
"ഉണ്ട്...."
".....പക്ഷേ തുളസിച്ചെടികളൊന്നുമില്ല...."
ഒരു നിമിഷം നിര്‍ത്തി, ഗോപന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിക്കൊണ്ട് അരുണ തുടര്‍ന്നു..
"ഒക്കെ നശിച്ചു..."
ഗോപന് കൂടുതലൊന്നും ചോദിക്കാന്‍ തോന്നിയില്ല.
വലിയ വെള്ളക്കുപ്പികള്‍ നിറച്ച ട്രോളിയും തള്ളി ഒരു ബംഗ്ലാദേശി അറ്റന്‍ഡര്‍ അവര്‍ക്ക് മുന്നിലൂടെ കടന്നു പോയി. ബോട്ടിലുകളില്‍ കടും നീലനിറത്തില്‍ പ്രിന്റ് ചെയ്തിരിക്കുന്ന വലിയ തിരമാലകളുടെ ചിത്രം....
ഗോപന്‍ പെട്ടെന്ന് എഴുന്നേറ്റു.
"പോകാം..അല്ലേ...
ഒരു നിമിഷം അര്‍ധോക്തിയില്‍ നിര്‍ത്തി ,പിന്നെ തുടര്‍ന്നു.
"....ഇനിയെന്തായാലും മുനീറിന്റെ റൂമിലേക്ക് പോകാന്‍ പറ്റില്ലല്ലോ....."
"................."
"അരുണയും ഇറങ്ങുകയല്ലേ.."
"അതേ..."
നേര്‍ത്ത കോടമഞ്ഞ് വീഴുന്ന വാക്ക് വേയിലൂടെ പുറത്തേക്ക് നടക്കുമ്പോള്‍ തണുപ്പില്‍ അരുണയുടെ പല്ലുകള്‍ കൂട്ടിയിടിക്കുന്നുണ്ടായിരുന്നു..
"പെട്ടെന്ന് ഇറങ്ങിയത് കൊണ്ട് ജാക്കെറ്റെടുക്കാന്‍ മറന്നു..."
സംസാരിക്കുമ്പോള്‍, അരുണയുടെ ചുണ്ടുകള്‍ ചെറുതായി വിറയ്ക്കുന്നത് ഗോപന്‍ ശ്രദ്ധിച്ചു.
"ഞാന്‍ ജാക്കെറ്റ് എപ്പോഴും കാറില്‍ തന്നെ വയ്ക്കാന്‍ ശ്രദ്ധിക്കും..എപ്പോഴാണ് ഉപയോഗം വരുന്നതെന്നറിയില്ലല്ലോ...."
അരുണയുടെ കാര്‍ സെക്യൂരിറ്റി കാബിനും കടന്നു പോയതിനു ശേഷമേ ഗോപന്‍ കാറിനടുത്തേക്ക് പോയുള്ളൂ..
കാര്‍ സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ അടുത്ത സീറ്റില്‍ ജാക്കെറ്റ് കണ്ടു.
അല്‍പ്പനേരം അതില്‍ നോക്കിയിരുന്ന്, പിന്നെ ഒരു നെടുവീര്‍പ്പോടെ വണ്ടി മുന്നോട്ടെടുത്തു.
പിറ്റേ ദിവസം ഗോപന്‍ സൈറ്റിലേക്കു പോകാതെ നേരെ ഓഫീസിലേക്കാണ് പോയത്.സൈറ്റിലെ ജോലികളെല്ലാം നിര്‍ത്തിവയ്ക്കാനുള്ള അറിയിപ്പ് ഒരാഴ്ച മുന്‍പ് തന്നെ കിട്ടിയിരുന്നു.
ഓഫീസ് പതിവുപോലെ നിശബ്ദമായിരുന്നു.അക്കൗണ്ട്‌സ് ഡിപ്പാര്‍ട്ട്മെന്റിന് മുന്നിലൂടെ പോകുമ്പോള്‍ കമ്പ്യൂട്ടര്‍ മോണിട്ടറില്‍ മുഖം പൂഴ്ത്തിയിരിക്കുന്ന പതിവ് മുഖങ്ങള്‍ കണ്ടു. സൈറ്റ് സൂപ്പര്‍വൈസര്‍മാര്‍ക്കുള്ള മുറിയിലേക്ക് കയറാന്‍ തുടങ്ങുമ്പോഴാണ് ദൂരെനിന്നും സുരേഷ് വിളിക്കുന്നത് കേട്ടത്.
"ഗോപേട്ടാ.."
അടുത്തേക്ക് വന്ന് പതിഞ്ഞ സ്വരത്തില്‍ സുരേഷ് ചോദിച്ചു.
"ജോയലിന്റെ കാര്യമറിഞ്ഞോ..?"
"ഏതു ജോയല്‍..??"
"നമ്മുടെ അല്‍ നബൂദ പ്രൊജക്റ്റ് ഇല്ലായിരുന്നോ..അതിന്റെ സ്ട്രക്ചറല്‍ എഞ്ചിനീയര്‍....ആ ഫിലിപ്പീനി...."
"ഓ.. ആ ജോയലോ...അയാള്‍ക്കെന്തു പറ്റി.??
"പുള്ളിയെ പെട്ടെന്നൊരു ദിവസം കാണാതായതാ...ടെര്‍മിനേഷന്‍ ലെറ്റര്‍ കിട്ടിയതിന്റെ പിറ്റേ ദിവസം മുതല്‍...താമസസ്ഥലത്ത് അന്വേഷിച്ചപ്പോള്‍ നാട്ടില്‍ പോയി എന്ന് റൂം മേറ്റ് പറഞ്ഞു....."
"എന്നിട്ട്..എന്തെങ്കിലും വിവരം കിട്ടിയോ.."
ആകാംഷയോടെയാണ് ചോദിച്ചത്..
"ഇന്നലെ ഇവിടെ പോലീസ് വന്നിരുന്നു..എയര്‍ പോര്‍ട്ടില്‍ നിന്നും പുള്ളിയുടെ കാര്‍ കിട്ടി......അബാന്‍ഡഡ്...!!"
ഗോപന്‍ സംശയത്തോടെ സുരേഷിനെ നോക്കി.
"പുതിയ കാര്‍ ആയിരുന്നു..ഹോണ്ട അക്കൊര്‍ഡ്.....പോകുമ്പോള്‍ എയര്‍പോര്‍ട്ടില്‍ ഉപേക്ഷിച്ച് പോയതാണ്....സീറ്റില്‍ കുറേ ക്രെഡിറ്റ് കാര്‍ഡുകളുമുണ്ടായിരുന്നു....."
"ഇവിടം വിട്ടു പോയതാണ് അല്ലേ..??"
"അതേ...കാര്‍ വാങ്ങിയിട്ട് ആറുമാസം പോലും ആയിട്ടില്ല..ലോണായിരുന്നു...പിന്നെ ക്രെഡിറ്റ് കാര്‍ഡുകളില്‍ വലിയ എമൌണ്ട് തിരിച്ചടയ്ക്കാനുണ്ട് ...മഷ്റക് ബാങ്കില്‍ നിന്നും അറുപതിനായിരം ദിര്‍ഹത്തോളം ലോണ്‍ എടുത്തിട്ടുണ്ടത്രെ..വേറെയും ചില ബാങ്കുകളില്‍ നിന്നും എടുത്തിട്ടുണ്ട് പേര്‍സണല്‍ ലോണ്‍...."
"അവനെന്തിനാണ് ലോണെടുത്തത്..?! അതും ഇത്രയും പൈസ..!!"
"നാട്ടില്‍ എന്തൊക്കയോ റോളിംഗ് ഉണ്ടായിരുന്നു....പിന്നെ ഇവിടെ മൂന്നു നാലു ഗേള്‍ ഫ്രണ്ട്സ് ഉണ്ടായിരുന്നല്ലോ..എല്ലാറ്റിനെയും മേയ്ക്കണ്ടേ.."
"ഇവിടെ നിന്ന് , ഇത്രയും വലിയ തുക അവന്‍ എങ്ങനെ തിരിച്ചടയ്ക്കാന്‍.....അറബി ജയിലില്‍ കിടക്കുന്നതിനേക്കാള്‍ നല്ലത് നാട്ടില്‍ പോയി എവിടെയെങ്കിലും ഒളിച്ചു താമസിക്കുന്നതാണ് എന്നു ചിന്തിച്ചു കാണും.."
"അവന്റെ ഫ്യൂച്ചര്‍ പോയി...ഇനി അവന്‍ എവിടെ പോയി ഒളിച്ചിട്ടെന്ത് ..??.."
"ഇനി അവന് പാസ്സ്പോര്‍ട്ട് ഉപയോഗിച്ച് യാത്ര ചെയ്യാന്‍ പറ്റില്ല....എല്ലാ എയര്‍പോര്‍ട്ടിലേക്കും ഇവര്‍ മെസ്സേജ് അയക്കില്ലേ..."
"അതു തന്നെയാണ് ഞാനും ആലോചിക്കുന്നത്..."സുരേഷ് തുടര്‍ന്നു...."മറ്റൊരു വഴിയുമില്ലാത്തത് കൊണ്ടാവും..ടെര്‍മിനേഷന്‍ ലെറ്റര്‍ ഓള്‍റെഡി കയ്യില്‍ കിട്ടിയത് കൊണ്ട് ഒരു മാസത്തിനകം ദുബായ് വിടണമല്ലോ...കമ്പനിയുടെ അവസ്ഥ അറിഞ്ഞതുമുതല്‍ അവന്‍ മറ്റൊരു ജോലിക്കായി ശ്രമിക്കുകയായിരുന്നു..പക്ഷേ ഈ അവസ്ഥയില്‍ എവിടെ കിട്ടാന്‍...."
സുരേഷ് നെടുവീര്‍പ്പിട്ടു.
"അവസാനം ഇങ്ങനെയൊക്കെയായിരിക്കും അല്ലേ ഗോപേട്ടാ....എച്ച് ആറിലെ അരവിന്ദ് വൈഫിനെയും മക്കളെയും നാട്ടിലേക്കയച്ചു എന്നു പറഞ്ഞു... ഇപ്പോള്‍ പിള്ളേര്‍ക്ക് സ്കൂള്‍ തപ്പി നടപ്പാണത്രെ...."
സംസാരം തുടര്‍ന്നു പോകുന്തോറും ഗോപന് വല്ലാത്ത അസ്വസ്ഥത തോന്നിത്തുടങ്ങി.വിഷയം മാറ്റാനാണ് സുരേഷിനോട് മെയില്‍ ചെക്ക് ചെയ്യാന്‍ വേണ്ടി സിസ്റ്റം ഉപയോഗിച്ചോട്ടെ എന്നു ചോദിച്ചത്. സുരേഷിന്റെ കൂടെ സ്റ്റെയര്‍കേസ് കയറി മുകള്‍ നിലയിലേക്ക് പോകുമ്പോള്‍ താഴെ നിന്നും പ്രൈവറ്റ് സെക്രട്ടറി സെസിലിന്റെ ശബ്ദം കേട്ടു.ചെയര്‍മാന് സംസാരിക്കണമത്രേ..
ചെയര്‍മാന്‍ വിളിക്കുന്നു എന്നു കേള്‍ക്കുമ്പോള്‍ ഈയിടെ പലര്‍ക്കും പേടിയാണ്. ചിലപ്പോള്‍ സംസാരിക്കാനുള്ളത് ഒരു ടെര്‍മിനേഷന്‍ ലെറ്ററിനെ കുറിച്ചാവും. ജോലിയില്‍ നിന്ന് പിരിച്ചു വിടുന്ന ഓരോ എംപ്ലോയിയെയും, അതൊരു സാധാരണ ലേബറാണെങ്കിലും ചെയര്‍മാന്‍ നേരിട്ട് കണ്ടു സംസാരിച്ചേ പറഞ്ഞയക്കാറുള്ളൂ...
കാബിനിലെത്തുമ്പോള്‍ ചെയര്‍മാന്‍ തന്നെയും കാത്തിരിക്കുകയാണെന്നു തോന്നി.
ഗോപനെ കണ്ട് അബ്ദുല്‍ വഹാബ് സ്നേഹത്തോടെ ചിരിച്ചു.
"വാ ഗോപാ ഇരിക്ക്...."
"എന്താണ് സര്‍ വിളിപ്പിച്ചത്..."
"എന്തൊക്കെയാണ്..ഗോപാ..നല്ല വിശേഷങ്ങളല്ല എന്നറിയാം..എന്നാലും പറയൂ...തന്റെ ആ സ്റ്റോണ്‍ പ്രോബ്ലം ഒക്കെ എന്തായി...മെഡിസിനില്‍ നില്‍ക്കുമോ...കഴിയുന്നതും സര്‍ജറി വേണ്ടിവരാതിരുന്നാല്‍ രക്ഷപ്പെട്ടു... അല്ലേ..."
"മരുന്നില്‍ തന്നെ നില്‍ക്കുമെന്ന് തോന്നുന്നു സര്‍...മൂത്രത്തിലെ കല്ല് ഇവിടിപ്പോള്‍ ഒരു സാധാരണ കാര്യമല്ലേ...കുറച്ചു കാലം കൂടി മെഡിസിന്‍ കണ്ടിന്യൂ ചെയ്‌താല്‍ മതിയെന്നാണ് ഡോക്ടര്‍ പറഞ്ഞത്...."
അബ്ദുല്‍ വഹാബ് തലകുലുക്കി...
"യെസ്...ഇവിടത്തെ ക്ലൈമറ്റ് ആണു പ്രശ്നം..ധാരാളം വെള്ളം കുടിക്കണം............"
ഗോപന്‍ ചെയര്‍മാന്റെ മുഖം ശ്രദ്ധിക്കുകയായിരുന്നു.കുറച്ചു കാലം കൊണ്ട് ചെയര്‍മാന്റെ രൂപം തന്നെ മാറിയിരിക്കുന്നു.ആള്‍ വല്ലാതെ ക്ഷീണിച്ചിട്ടുണ്ട്..
"ആ പിന്നെ ഗോപാ..ഞാന്‍ വിളിപ്പിച്ചത്..നമ്മുടെ പുതിയ പ്രോജക്റ്റില്ലേ...ആ ഷോപ്പിംഗ് മാള്‍.. അതിന്റെ ഓണര്‍ എന്നെ വിളിച്ചിരുന്നു...അയാളുടെ ജുമൈരയിലെ വില്ലയില്‍ എന്തോ ഒരു ആള്‍ട്ടറേഷന്‍ വര്‍ക്ക് ഉണ്ടത്രേ...ചെറിയ വര്‍ക്ക് ആണ്..ഗോപന്‍ ഒന്നു പോയി നോക്കൂ...നമുക്ക് നല്ല രീതിയില്‍ തന്നെ ആ വര്‍ക്ക് ചെയ്തു കൊടുക്കാം..ഈ പ്രോജക്റ്റ് കിട്ടേണ്ടത് വളരെ അത്യാവശ്യമാണല്ലോ...അയാള്‍ എന്ത് പറഞ്ഞാലും ഈയവസരത്തില്‍ നമ്മള്‍ അനുസരിച്ചല്ലേ പറ്റൂ...മറ്റീരിയല്‍സ് ഒക്കെ നല്ല ക്വാളിറ്റി ഉള്ളത് തന്നെ വാങ്ങിക്കാം..ഒന്നും മോശമാവരുത്...നല്ല ഒരു ഇംപ്രഷന്‍ ഉണ്ടായിക്കോട്ടെ..."
ചെയര്‍മാന്‍ ചിന്തിക്കുന്നത് ഏതു രീതിയിലാണെന്ന് ഗോപന് മനസ്സിലാക്കാന്‍ കഴിയുമായിരുന്നു...
ഗെയിം ഓഫ് സര്‍വൈവല്‍...
വില്ലയുടെ അഡ്രസ്സും വാങ്ങി ,ഓഫീസില്‍ നിന്നിറങ്ങി ജുമൈര ബീച്ച് റോഡ് ലക്ഷ്യമാക്കി കാറോടിക്കുന്നതിനിടെ ഗോപന്‍ മുകുന്ദനെ ഒന്നു രണ്ട് തവണ വിളിക്കാന്‍ ശ്രമിച്ചു.....
രാവിലെ മുതല്‍ തന്നെ മുകുന്ദന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്...
അല്‍ നഫാദ ഗ്രൂപ്പ് ചെയര്‍മാന്‍ ഖാലെദ് അബ്ദുല്‍ റഹ്മാന്‍ ബിന്‍ ഹംദിയുടെ ജുമൈര ബീച്ചിനോട് ചേര്‍ന്നുനില്‍ക്കുന്ന കൊട്ടാരം പോലുള്ള വില്ലയുടെ പടുകൂറ്റന്‍ ഗേറ്റിനു മുന്‍പില്‍ ഗോപനെ, സെക്യൂരിറ്റി തടഞ്ഞു.പിന്നെ വി എം കണ്‍സ്ട്രക്ഷന്റെ കാര്‍ഡ് കാണിച്ചപ്പോള്‍ അകത്തേക്ക് പോകാന്‍ അനുവാദം കിട്ടി.
വില്ലയ്ക്കു പുറത്ത് കാര്‍ പാര്‍ക്ക് ചെയ്തു ഗോപന്‍ അകത്തേക്ക് നടക്കുമ്പോഴാണ് ഉള്ളിലേക്ക് കടന്നു വരുന്ന ഒരു ചെറിയ കാര്‍ കണ്ടത്. അതില്‍ ഡ്രൈവറെ കൂടാതെ ഇരുപത്തഞ്ചു വയസ്സു പ്രായം തോന്നിക്കുന്ന ഒരു പെണ്‍കുട്ടി കൂടിയുണ്ടായിരുന്നു. ഔട്ട് ഹൌസിനോട് ചേര്‍ത്തു പാര്‍ക്ക് ചെയ്ത കാറിന്റെ ഡോര്‍ തുറന്ന് പുറത്തേക്കിറങ്ങുമ്പോള്‍ പരിഭ്രമത്തോടെ, അവള്‍ ചുറ്റും പകച്ചു നോക്കുന്നത് ഗോപന്‍ കണ്ടു.
(തുടരും)