.

ഒരു ആമുഖം
കടല്‍ മീനുകള്‍ എന്ന ബ്ലോഗ്‌ നോവല്‍ ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയാണ്.
ഇത് പ്രവാസികളുടെ കഥയാണ്‌..മനസ്സുകൊണ്ടും ജീവിതം കൊണ്ടും പ്രവാസികളാവാന്‍ വിധിക്കപ്പെട്ടവരുടെ കഥ..
സാമ്പത്തിക മാന്ദ്യം പിടിച്ചു കുലുക്കിയ ദുബായിയുടെ മണ്ണില്‍ നിന്നും ഈ യാത്ര ആരംഭിക്കുന്നു...മരുഭൂമിയില്‍ നിന്നും കടലുകള്‍ താണ്ടി, തണുത്ത പുഴകളിലേക്ക് സഞ്ചരിക്കുമ്പോള്‍ കൂട്ടിനുള്ളത് ഏറെ പരിചിതമായ മുഖങ്ങള്‍ തന്നെ.‍..
നല്ല വായനയ്ക്കായി എല്ലാ പ്രിയ സുഹൃത്തുക്കളെയും ക്ഷണിക്കുന്നു.
മുരളി.


ആദ്യ ഭാഗം മുതല്‍ വായിച്ചു തുടങ്ങാനായി മുന്‍ അധ്യായങ്ങളുടെ ലിങ്ക് സൈഡില്‍ കൊടുത്തിട്ടുണ്ട്.

Monday, March 1, 2010

എട്ട് - ദ്വീപുകളില്‍ ഒറ്റപ്പെട്ടു പോയവര്‍.

കുറച്ച് നാളത്തേക്ക് മുകുന്ദന്‍ നാട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞപ്പോള്‍ ഗോപന് അത്ഭുതമൊന്നും തന്നെ തോന്നിയില്ല. ലതിക വിവാഹ മോചനത്തിന് ശ്രമിക്കുന്നു എന്ന് കേട്ട മുതല്‍ തന്നെ മനസ്സ്‌ വല്ലാതെ ശൂന്യമാവാന്‍ തുടങ്ങിയതാണ് . സുനൈനയുടെ കാര്യമോര്‍ക്കുമ്പോഴാണ്‌ ഏറെ സങ്കടം.ഈ ചെറിയ പ്രായത്തില്‍ തന്നെ പലതും അനുഭവിക്കാന്‍ പോവുകയാണവള്‍.കണ്ടു പരിചയമില്ലാത്ത ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ കണ്മുന്നില്‍ വന്നു നില്‍ക്കുമ്പോള്‍, വെറും പതിമൂന്നു വയസ്സു മാത്രം പ്രായമുള്ള ആ കുട്ടിക്ക് ചിലപ്പോഴത് താങ്ങാവുന്നതിലേറെയായിരിക്കും.എല്ലാ വിവാഹമോചനങ്ങളിലും നഷ്ടപ്പെടുന്നത് കുട്ടികള്‍ക്ക് മാത്രമാണല്ലോ.. കുടുംബബന്ധങ്ങളുടെ ഊഷ്മളതയും, കപടമല്ലാത്ത സ്നേഹവും, ഉപാധികളില്ലാത്ത സൌഹൃദവുമറിയാതെ വളരുന്ന ആ കുട്ടിയെക്കുറിച്ചോര്‍ക്കുമ്പോള്‍ മനസ്സ്‌ വല്ലാതെ അസ്വസ്ഥമാവുന്നു...

സ്വീകരണ മുറിയിലെ ഷോകേസ് നിറയെ ട്രോഫികളും മെഡലുകളുമാണ് ...എല്ലാം സുനൈനയ്ക്ക് കിട്ടിയത്..
ചിലപ്പോഴൊക്കെ അവള്‍ നാട്ടില്‍ ജനിച്ചു വളരേണ്ടിയിരുന്ന ഒരു കുട്ടിയാണെന്ന് തോന്നിയിട്ടുണ്ട്..പലപ്പോഴും അവള്‍ കേരളത്തെ കുറിച്ച് സംസാരിച്ചു..സീരിയലുകളിലും സിനിമകളിലും കാണുന്ന, തനിക്കില്ലാതെ പോയ, മുത്തശ്ശിമാരെയും മുത്തച്ഛന്മാരെയും കറിച്ചു ചോദിച്ചു...ഒരുവട്ടം മാത്രം കണ്ട, ഭഗവതിക്കാവിലെ തെയ്യത്തിനെ കുറിച്ച് ചോദിച്ചു..വയനാട് ചുരത്തിലെ ചങ്ങലമരത്തെക്കുറിച്ചുള്ള ഐതിഹ്യം കേള്‍ക്കാന്‍ കാതു കൂര്‍പ്പിച്ചു...മണിച്ചിത്രത്താഴിലെ നാഗവല്ലിയായി തലയിണകള്‍ക്ക് മേല്‍ നൃത്തം ചവിട്ടി..

കഴിഞ്ഞ വര്‍ഷമാണെന്ന് തോന്നുന്നു, സൈറ്റിലെ വിശ്രമമില്ലാത്ത ജോലി തന്ന വിരസതയ്ക്കിടയില്‍ സൂര്യന്‍ വൈകി അസ്തമിച്ച ഒരു വൈകുന്നേരം മുകുന്ദനെ കാണാന്‍ ചെന്നതായിരുന്നു.
പതിവ് പോലെ സുനൈന തന്റെ സംശയങ്ങളുമായി ഒപ്പം കൂടി.
അവള്‍ക്ക് ദൈവം ആവശ്യത്തില്‍ കൂടുതല്‍ ബുദ്ധി കൊടുത്തിട്ടുണ്ടെന്ന് തോന്നിപ്പോവും ചിലനേരങ്ങളില്‍ അവളുടെ ചോദ്യങ്ങള്‍ കേട്ടാല്‍... പക്ഷേ ഇത്തവണ അവള്‍ക്ക് ഐതിഹ്യങ്ങള്‍ കേള്‍ക്കേണ്ടിയിരുന്നില്ല..
വെള്ളാരം കണ്ണുകള്‍ കൂര്‍പ്പിച്ചു വച്ച് അവള്‍ അടുത്ത് വന്നു..
"അങ്കിളേ.."
"എന്താ സുനൂ..."
"എനിക്കൊരു പൂവ് എവിടെ നിന്നാ കിട്ടുക..‍??!!"
"പൂവോ..എന്ത് പൂവ്.."
"ഏതെങ്കിലും ഒരു പൂവ്..."
"നീയെന്താ പൂവ് കണ്ടിട്ടില്ലേ..ഇപ്പൊഴെന്തേ പൂവിനു ചോദിക്കാന്‍..?? "
"സ്കൂളില്‍ ഒരു പ്രൊജക്ടിന് വേണ്ടിയാ..ഹൌ ഡസ് പൊളിനേഷന്‍ വര്‍ക്ക്സ്..."  
ഒരു കൊച്ചു പെണ്‍കുട്ടിയ്ക്ക് മുന്നില്‍ നിസ്സഹായനാവുന്നത് വേദനയോടെ മനസ്സിലാക്കി.
ഈ മരുഭൂമിയില്‍ ജീവനുള്ള ഒരു പൂവ് എവിടെ കിട്ടാന്‍??.. ഷോപ്പില്‍ നിന്നും വാങ്ങിക്കുന്ന കടല്‍ കടന്നെത്തുന്ന പൂക്കളില്‍, നാട്ടിലെ ചുവന്ന ചെമ്പരത്തിപ്പൂവിന്റെ തുടിച്ചു നില്‍ക്കുന്ന പരാഗരേണുക്കള്‍ കാണുവാനൊക്കുമോ..
ഒരു പൂവ് അത്യപൂര്‍വ വസ്തുവായ നാടിന്റെ ഊര്‍വരതയില്‍, കഥ പറയുവാന്‍ മുത്തശ്ശിയില്ലാതെ, സന്ധ്യാനാമവും കര്‍ക്കിടക മഴയും കാണാതെ, സൂര്യരശ്മികള്‍ ചിത്രമെഴുതുന്ന അമ്പലക്കുളത്തില്‍ വാലു നനച്ചിട്ടു പോകുന്ന തുമ്പികളെ കാണാതെ, കൃത്രിമാന്തരീക്ഷത്തിന്റെ ചലനമറ്റ ശീതളതയില്‍ ജീവിച്ചു തീര്‍ക്കാന്‍ വിധിക്കപ്പെട്ട ആ കൊച്ചു കുട്ടിയോട് അന്നാണ്  ആദ്യമായി സഹതാപം തോന്നിയത്.
ഒരു പൂവ് പോലും അടുത്തുകാണാതെ വളരുന്ന ബാല്യം.
എണ്ണിയാലൊടുങ്ങാത്ത പുഷ്പ വൈവിധ്യത്തില്‍, കുട്ടിക്കാലത്ത് തീര്‍ത്ത ഓണപ്പൂക്കളങ്ങളോരോന്നും വൃത്താകൃതി കൈവെടിഞ്ഞു കണ്മുന്നില്‍ നൃത്തമാടുന്നത് പോലെ തോന്നി.
മഞ്ഞ
ചുവപ്പ്
നീല.......................
വര്‍ണങ്ങള്‍ നഷ്ടപ്പെട്ടു തുടങ്ങിയ മനസ്സുപോലും ഒരു കൊച്ചു കുട്ടിയുടെ ചോദ്യത്തിന് മുന്നില്‍ ആര്‍ദ്ര മാവുന്നതറിഞ്ഞു.
അന്നു ക്യാമ്പിലെ സംസാരവിഷയം നാട് കാണാതെ വളരുന്ന മരുഭൂമിയിലെ ബാല്യങ്ങള്‍ തന്നെയായിരുന്നു..

മുകുന്ദന്‍ വീണ്ടുമൊരു സിഗരറ്റു കൂടി കത്തിച്ചു.
"ഡിവോഴ്സ് നോട്ടീസിനെ പറ്റി കേള്‍ക്കുമ്പോള്‍ നീ എന്നെ ഉപദേശിക്കുമെന്നാണ് ഞാന്‍ കരുതിയത്‌....എന്നോടുള്ള ദേഷ്യം കൊണ്ടാണ് ഈ നോട്ടീസെങ്കില്‍ ഞാന്‍ സമ്മതിക്കുമായിരുന്നില്ല...പക്ഷേ ഇതിപ്പോള്‍ അവള്‍ക്ക് മറ്റൊരാളെ വിവാഹം കഴിക്കാന്‍ വേണ്ടിയാണ്...ഉള്ളിലെ സ്നേഹം വറ്റിപ്പോയാല്‍ പുതിയ ഉറവകള്‍ക്കായി കാത്തിരിക്കാം... പക്ഷേ വഴിമാറി യൊഴുകുന്ന സ്നേഹത്തെ അണകെട്ടി തടയാന്‍ നോക്കുന്നത് വിഡ്ഢിത്തമാണ്..."
"മറ്റൊരു വഴിയുമില്ലേ മുകുന്ദാ??"
ചോദ്യത്തില്‍ കടുത്ത വേദന കലര്‍ന്നിരുന്നു..അതു മുകുന്ദനും മനസ്സിലായെന്നു തോന്നി.
"ചിലതിനൊന്നും ഉത്തരവും പരിഹാരവുമില്ലെടോ...പുതിയ ലോകത്ത് എങ്ങനെ ജീവിക്കണമെന്ന് എന്റെ മോള്‍ പതിമൂന്നാം വയസ്സില്‍ തന്നെ പഠിക്കട്ടെ..."
കൂടുതല്‍ സംസാരിക്കാതെ മുകുന്ദന്‍ എണീറ്റ് അകത്തേക്ക് പോയി.

തിരിച്ചു റൂമിലേക്ക്‌ പോകും വഴി ആലിഹസ്സന്റെ കഫ്റ്റീരിയയില്‍ ഒന്നു കയറി. പതിവുപോലെ കൌണ്ടറില്‍ ഹസ്സനെ കണ്ടില്ല..ജോലിക്കുനില്‍ക്കുന്ന പയ്യന്‍ പറഞ്ഞാണറിയുന്നത്... ഹസ്സന്‍ ചിക്കന്‍ പോക്സ് വന്നു കിടപ്പിലാണത്രെ..!!ഹസ്സനെ പോയി കാണണമെന്നുണ്ടായിരുന്നെങ്കിലും പകരാന്‍ സാധ്യതയുള്ള ചിക്കന്‍ പോക്സിനെ പേടിച്ചാണ് സന്ദര്‍ശനം വേണ്ടെന്നു വച്ചത്.

നേരം നന്നായി വൈകിയിരുന്നു. ഒരിക്കല്‍ കൂടി സൈറ്റില്‍ പോകണം..പണി തീര്‍ന്നിട്ടുണ്ട്.. അടുത്ത ദിവസം വില്ല ഹാന്‍ഡ്‌ ഓവര്‍ ചെയ്യാനുള്ളതാണ്..എല്ലായിടവും ക്ലീന്‍ ചെയ്തു കഴിഞ്ഞെന്നു ഉറപ്പുവരുത്തണം...
കഴിഞ്ഞ ദിവസം വില്ല കാണാന്‍ വന്നപ്പോള്‍ വഹാബ് സാര്‍ സംതൃപ്തനായിരുന്നെന്നു തോന്നി. അറബിയുടെ ഇഷ്ടപ്രകാരമുള്ള മാറ്റങ്ങളൊക്കെ വരുത്തിയിട്ടുണ്ട്. വര്‍ക്കില്‍ എവിടെയും ഒരു ചെറിയ പിഴവുപോലും കണ്ടു പിടിക്കാന്‍ കഴിയില്ല..ആ ഷോപ്പിംഗ്‌ മാള്‍ പ്രൊജക്റ്റ്‌ കിട്ടണമെങ്കില്‍ അറബിയെ ഇങ്ങനെയൊക്കെ സന്തോഷിപ്പിക്കണമെന്നത് ഒരു സത്യം തന്നെയാണ്. അതിന്റെ ആദ്യ പടി വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുന്നു..

ജുമൈര റോഡിലൂടെ കാറോടിക്കവേ മനസ്സില്‍ മുകുന്ദന്റെ വാക്കുകളായിരുന്നു..
അരുണയുടെ മനസ്സിലെന്താവും??..തകര്‍ന്ന വിവാഹജീവിതത്തെ നിസ്സംഗതയോടെ നേരിടുന്ന പുതിയ അരുണയെ അല്‍പ്പം ബഹുമാനത്തോടെയേ നോക്കിക്കാണാന്‍ കഴിയുന്നുള്ളൂ..സ്വന്തം ഭര്‍ത്താവിനെ ജയിലിലേക്കയച്ച ഖ്യാതി സ്വന്തമായുള്ളത് കൊണ്ടാവും നാട്ടിലേക്ക് പോവാന്‍ പോലും അവള്‍ മടിക്കുന്നത്. ജീവിതം ദുഖിച്ചു തീര്‍ക്കാന്‍ മാത്രമുള്ളതാണോ എന്ന് ചിലപ്പോഴൊക്കെ ചിന്തിച്ചു പോകാറുണ്ട്. അന്നാ വൈകുന്നേരം സൂര്യനസ്തമിച്ചു തുടങ്ങിയ ക്രീക്ക് പാര്‍ക്കിലെ സിമന്റ് ബഞ്ചില്‍ വച്ച് അരുണ പറഞ്ഞ ജീവിതം  അവിശ്വസനീയതയോടെയാണ് കേട്ടിരുന്നത്. ബര്‍ദുബായിയെയും ധേരയെയും വേര്‍തിരിക്കുന്ന അബ്ര കനാലിലൂടെ ചെറിയ തോണികള്‍ അപ്പോഴും ഒഴുകിക്കൊണ്ടിരുന്നു. പാര്‍ക്കിന്റെ നനഞ്ഞ പുല്‍ത്തകിടിയില്‍ കൈവിട്ടു പറന്നു പോയ വലിയ ബലൂണിനു പിന്നാലെ ഓടിക്കൊണ്ടിരുന്ന കൊച്ചു കുട്ടിയിലായിരുന്നു അരുണയുടെ ശ്രദ്ധ.

മിഷന്‍ ഹോസ്പിറ്റലിലെ മരുന്ന് മണക്കുന്ന ഭൂതകാലം ഓര്‍മയില്‍ വന്നപ്പോള്‍ പഴയൊരു സംശയം പുതുക്കി.

"കഥയെഴുത്ത് ഇപ്പോഴുമുണ്ടോ...."
അരുണ ഉണ്ടെന്നോ ഇല്ലെന്നോ പറഞ്ഞില്ല വെറുതേ ചിരിച്ചു.
"അല്ലാ..ഈ ഉരുക്കള്‍ കണ്ടപ്പോള്‍ ഓര്‍ത്തതാണ്...ഇവിടെ കാണുന്ന ഉരുക്കള്‍ക്ക് മലബാറിലെ ഒരുപാടു ആശാരിമാരുടെ വിയര്‍പ്പിന്റെ കഥ പറയാനുണ്ടാവും..ഇല്ലേ.."
പറഞ്ഞു കൊണ്ടു വരുന്നതെന്താണെന്നു അരുണയ്ക്ക് മനസ്സിലായെന്നു തോന്നി..അവള്‍ പതുക്കെ തലയാട്ടുക മാത്രം ചെയ്തു.

അബ്രയിലെ ഉരുക്കള്‍ കാണുമ്പോഴൊക്കെ ആ പഴയ ആഴ്ചപ്പതിപ്പില്‍ പേരുമാറി വന്ന തച്ചന്റെയും മോളുടെയും കഥ മനസ്സിലേക്ക് വരും..താന്‍ പണിത അതേ ഉരുവില്‍ എണ്ണപ്പാടത്തെക്ക് നിധി തേടി പോയ ആശാരിയുടെ കഥയെഴുതിയത് മിഷന്‍ ഹോസ്പിറ്റലിലെ ജൂനിയര്‍ നഴ്സ് അരുണാ പ്രിയദര്‍ശിനിയായിരുന്നെന്നു പലര്‍ക്കുമറിയില്ലായിരുന്നല്ലോ. ഒരുപാടു ചര്‍ച്ച ചെയ്യപ്പെട്ട ആ കഥയുടെ രചയിതാവിനെ കണ്ടെത്താന്‍ ഒരുപാടു പേര്‍ അലഞ്ഞിരുന്നു. ആശുപത്രിക്കിടക്കയുടെ ഓരത്തിരുന്ന്  നന്ദുമോന് കഥകള്‍ പറഞ്ഞു കൊടുത്ത വൈകുന്നേരങ്ങളിലെപ്പോഴോ ആ കഥാകാരിയെ നേരിട്ടറിഞ്ഞു...പിന്നീട് വര്‍ഷങ്ങള്‍ക്കിപ്പുറം, കാലം പാകം വരുത്തിയ പഴയ കഥാകാരിയോട്  അബ്രയിലെ ഉരുക്കളെ പറ്റി സംസാരിക്കുമ്പോള്‍, അകല്‍ച്ച വന്നത് ജീവിതത്തിലോ സംസാരത്തിലോ എന്ന് മാത്രമാണ് മനസ്സിലാവാത്തത്.

അരുണ ഏറെ നേരം സംസാരിച്ചു.

ഭര്‍ത്താവിന്റെ കാര്യം ഒരിക്കലും ചോദിക്കുകയില്ലെന്നു മനസ്സില്‍ തീരുമാനമെടുത്തിരുന്നു.എങ്കിലും ഒന്നും ചോദിക്കാതെ തന്നെ അവള്‍ എല്ലാം ഇങ്ങോട്ട് പറഞ്ഞപ്പോള്‍ തെല്ലത്ഭുതപ്പെടാതിരുന്നില്ല.

"അന്ന്‌ മുതലാണോ ഞാന്‍ സ്വയംതിരിച്ചറിഞ്ഞ് തുടങ്ങിയത് എന്നറിയില്ല...എങ്കിലും അയാളെന്നെ വിവാഹം കഴിച്ചതെന്തിനായിരുന്നു എന്നുള്ള എന്റെ സംശയത്തിന് അധികനാള്‍ കഴിയും മുന്‍പ് തന്നെ എനിക്കുത്തരം കിട്ടി..."

കേട്ടറിവുകള്‍ വെറും വാചകങ്ങള്‍ മാത്രമായൊതുങ്ങിപ്പോകുന്നതറിഞ്ഞു...അമ്പരപ്പായിരുന്നു..അങ്ങനെയൊരു കഥ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല...

"അരുണ കോടതിയില്‍ സാക്ഷി പറഞ്ഞിരുന്നോ??"
"ഉവ്വ്.."
"ആ റാക്കറ്റില്‍ ഒരുപാടു പേര്‍ ഉണ്ടായിരുന്നു.. അല്ലേ??"
അരുണ ശബ്ദമില്ലാതെ മൂളി.

സ്വന്തം ഭര്‍ത്താവിനെതിരെ സാക്ഷി പറഞ്ഞ നഴ്സിനെ കോടതി അഭിനന്ദിച്ചിട്ടുണ്ടാവണം. വൃക്ക നഷ്ടപ്പെട്ട പാവങ്ങളുടെ നിശബ്ദമായ നന്ദി അവളെ തേടിയെത്തിയിട്ടുണ്ടാവണം..എങ്കിലും ജീവിതം തകര്‍ന്ന നിസ്സഹായയായ ഒരു പെണ്‍കുട്ടിയെ സഹായിക്കാന്‍ ആരും മുന്നോട്ടു വന്നു കാണില്ല..

അറിയാതെ കൈകള്‍ അടിവയറ്റിലേക്ക് നീങ്ങി. ഓപ്പറെഷന്റെ പാടിലൂടെ വിരലുകളോടിച്ചു നോക്കി..
തന്റെ വൃക്കകളും യഥാസ്ഥാനത്തുണ്ടാവുമോ ??

ജുമൈരയിലേക്കുള്ള വഴികളില്‍ തിരക്കു കുറവാണ്..കുറച്ച് ദിവസങ്ങള്‍ കൂടി കഴിഞ്ഞാല്‍ ഈ വഴി വരേണ്ടി വരില്ല..ഇനി വീണ്ടും ഓഫീസില്‍..ജോലിയില്ലാതെ ഓഫീസില്‍ വെറുതേയിരിക്കേണ്ടി വരുന്നത് വല്ലാതെ മുഷിപ്പിക്കുന്ന കാര്യമാണ്..കണ്‍സ്ട്രക്ഷന്‍ സൈറ്റിലെ വിശ്രമമില്ലാത്ത ജോലി ഒന്നും ഓര്‍മിക്കാതിരിക്കാന്‍ സഹായകരമായിരുന്നു..വെറുതേയിരിക്കുമ്പോഴാണ് മനസ്സില്‍ ഓര്‍മ്മകള്‍ വരുന്നത്..ഓര്‍ക്കാന്‍ നല്ലതൊന്നുമില്ലാത്തവര്‍ക്ക് ഏകാന്തത ഒരു ശാപം തന്നെയാണ്..ഓര്‍മ്മകള്‍ പെരുകുമ്പോള്‍ മനസ്സിലെ ഭാരം വര്‍ധിക്കുന്നു..ഇടുങ്ങിയ മുറികളിലും, ലേബര്‍ ക്യാമ്പിന്റെ ഇടനാഴികളിലും തിരിച്ചു കിട്ടാത്ത കുട്ടിക്കാലത്തിന്റെ ഓര്‍മകളില്‍ ചിരിക്കാന്‍ ശ്രമിക്കുന്ന ഒരു പാട് പേരെ കണ്ടിട്ടുണ്ട് ഈ മരുഭൂമിയില്‍..ഇല്ലായ്മകളുടെ കാലമായിരുന്നാലും എല്ലാവരും ആഗ്രഹിക്കുന്നത് ആ മാമ്പഴക്കാലം തന്നെയാണ്..ചില ചിത്രങ്ങള്‍ മനസ്സില്‍ വല്ലാതെ പതിഞ്ഞു പോകും..അഗ്നിയിലെരിച്ചാലും അവയ്ക്കൊട്ടും നിറം മങ്ങില്ല....
ഇന്ന് ടിവിയില്‍ ഒരു വൃദ്ധസദനത്തിന്റെ റിപ്പോര്‍ട്ട്‌ കണ്ടിരുന്നു ..'സ്വര്‍ഗം' എന്നാണ് അവരതിന് പേരിട്ടിരിക്കുന്നത്..തിളക്കമില്ലാത്ത ഒരുപാടു കണ്ണുകളുടെ ക്ലോസ് അപ്പ്‌ ദൃശ്യങ്ങള്‍ സ്ക്രീനിലൂടെ മിന്നിമാഞ്ഞു..ഒരു പക്ഷേ എഴുതിയാല്‍ തീരാത്ത ഒരു വലിയ ഭൂതകാലത്തിന് ഉടമകളായിരിക്കും അവര്‍..വീതി കുറഞ്ഞ കിടക്കയിലും ഉയരം കുറഞ്ഞ കസേരകളിലും ഇന്ന് കൂട്ടിനുണ്ടാവുക ഓര്‍മ്മകള്‍ മാത്രമാവും..
റിട്ടയര്‍ ചെയ്തു വീട്ടിലിരിക്കുന്നവരെ പറ്റി അറിയാതെ ഓര്‍ത്തു പോയി...
തനിച്ചിരിക്കുമ്പോള്‍ അവരുടെ മനസ്സിലെന്തായിരിക്കും??

വില്ലയിലെത്തിയപ്പോള്‍ മുറ്റത്ത് നിറുത്തിയിട്ട ബിഎംഡബ്ല്യൂ കണ്ടു. അറബിയുടെ ആരെങ്കിലുമാവണം ...ചിലപ്പോള്‍ വീട് കാണാന്‍ വന്നതാവും. ഔട്ട്‌ ഹൌസിന്റെ വാതില്‍പ്പടിയില്‍ പകച്ചിരിക്കുന്ന പൂച്ചക്കുട്ടി. അടുത്ത് ചെന്നപ്പോള്‍ അതു ദൂരേക്കോടി..സെക്യൂരിറ്റി അകലെ നിന്നും നോക്കുന്നുണ്ടായിരുന്നു..വരണ്ട കാറ്റടിക്കുന്നുണ്ട്. ഇനി ഉഷ്ണത്തിന്റെ നാളുകളാണ്..ചിലപ്പോള്‍ ഒരു മഴ കൂടി പെയ്തേക്കും..
തുറന്നിട്ട വാതിലൂടെ കണ്ണുകള്‍ ഹാഷിണിയെ തേടി..

വില്ലയ്ക്കു പുറത്ത് ചാരിവച്ച അലൂമിനിയം ലാഡര്‍ കണ്ടപ്പോഴാണ് അതെടുത്തു സ്റ്റോര്‍ റൂമില്‍ കൊണ്ടുവയ്ക്കാമെന്നോര്‍ത്തത്.ക്ലീന്‍ ചെയ്തവര്‍ എടുത്തു മാറ്റാന്‍ മറന്നതാവും...ലാഡറുമെടുത്ത് സ്റ്റോറിന്റെ അകത്തേക്ക് നടന്നു. വാതില്‍ തള്ളിത്തുറന്ന് അകത്തേക്ക് കയറാന്‍ ശ്രമിച്ചപ്പോള്‍ വാതില്‍ അകത്തു നിന്നു കുറ്റിയിട്ടിരിക്കുകയാണെന്ന് കണ്ടു..കുറച്ച് നേരം ശങ്കിച്ച് നിന്നു..സാധാരണ സ്റ്റോര്‍ പൂട്ടാറില്ല..അകത്തു നിന്നും ലോക്ക് ചെയ്യണമെങ്കില്‍??!!..
തെല്ലൊരമ്പരപ്പോടെ പകച്ചു നിന്നപ്പോള്‍ പെട്ടന്ന് വാതില്‍ തുറന്ന് രണ്ടു കൈകള്‍ അകത്തേക്ക് പിടിച്ച് വലിച്ചു..! പെട്ടന്നായിരുന്നത് കൊണ്ടു ബാലന്‍സ് കിട്ടിയില്ല...കയ്യിലെ അലൂമിനിയം ലാഡര്‍ മുറ്റത്തെ പുല്ലിലേക്ക്‌ തെറിച്ചു വീണു. ഞെട്ടലോടെ കുതറി മാറാന്‍ ശ്രമിക്കുന്നതിനിടെ, വാതിലൂടെ ഇരച്ചു കയറുന്ന വെളിച്ചത്തില്‍ വിളറി വെളുത്ത ആ മുഖം കണ്ടു.

ഹാഷിണിയായിരുന്നു അത്..!!
ലോകത്ത് മറ്റൊരാള്‍ക്കും കേള്‍ക്കാന്‍ കഴിയാത്ത ചെറിയ ശബ്ദത്തില്‍ വിറച്ചു കൊണ്ടവള്‍ പറഞ്ഞു.
"ഹെല്പ് മീ.........."

(തുടരും)
.
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും എഴുതുവാന്‍ ദയവായി ഇവിടെ ക്ലിക്കുക
.....................................................................................................................................................
© Copyright
All rights reserved
Creative Commons License
Kadal Meenukal by Murali Nair is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License
.