"പ്രിയപ്പെട്ട എഴുത്തുകാരിക്ക്,
താങ്കളുടെ നീണ്ട കഥ ബ്ലോഗില്‍ വായിച്ചു. ഓരോ അദ്ധ്യായവും ഞാന്‍ വായിച്ചവസാനിപ്പിക്കുന്നത് നിറഞ്ഞ കണ്ണുകളോടെയാണ്...ശ്രീജയും രവിശങ്കറും എന്റെ ഹൃദയത്തിലെക്കാണ് നടന്നുകയറിയത്. ഇതെന്റെ കഥയാണ് എന്നെനിക്കു പലപ്പോഴും തോന്നിപ്പോകുന്നു...താങ്കള്‍ക്കെങ്ങനെ എന്റെ കഥ പറയാന്‍ കഴിയുന്നു എന്നോര്‍ത്തു ഞാന്‍ അതിശയിക്കുകയാണ്.. ശിവകാമിയുടെ ബ്ലോഗ് മുടങ്ങാതെ വായിക്കുന്ന ഒരാളാണ് ഞാന്‍. ഇതുവരെയുള്ള താങ്കളുടെ കഥകള്‍ മുഴുവനും ജീവിതവഴികളില്‍ ഒറ്റപ്പെട്ടു പോയവരെക്കുറിച്ചായിരുന്നല്ലോ...
ശിവകാമി ആദ്യമായി എഴുതിയ ഈ പ്രണയ കഥയ്ക്ക് എന്റെ ജീവിതവുമായി വല്ലാത്ത സാമ്യമുണ്ട്..ശ്രീജയെപ്പോലെ പ്രണയം കുഴിച്ചു മൂടി വേറെ വിവാഹം കഴിച്ചു ജീവിക്കേണ്ടി വന്ന ഒരു ഹതഭാഗ്യയാണ് ഞാനും..ഒറ്റക്കിരുന്നു കണ്ണു നനയുന്ന ചില സമയങ്ങളില്‍ വെറുതേ ആലോചിക്കാറുണ്ട്, അന്നു ഞാനാ വിവാഹത്തിനു സമ്മതിച്ചില്ലായിരുന്നെങ്കില്‍ എന്ന്..സുരക്ഷിതത്വം പ്രണയത്തേക്കാള്‍ ഒരു പാട് വലുതാണെന്ന് അനുഭവം കൊണ്ട് പഠിപ്പിച്ചു തന്ന സഹോദരിയോ അതോ സ്വന്തം ജീവിതം മുന്നില്‍ വച്ചു പേടിപ്പിച്ച അച്ഛനോ??..തടഞ്ഞവരെ എതിര്‍ക്കാന്‍ അന്നു ധൈര്യമില്ലായിരുന്നു..പക്ഷേ കരിഞ്ഞുണങ്ങിയ വിവാഹജീവിതം സമ്മാനിച്ച തന്റേടം കൂട്ടിനുള്ള ഈ വേളയിലും എല്ലാം വിട്ടെറിഞ്ഞ് ഒന്നോടിപ്പോകാന്‍, "എനിക്കും ഒരു മനസ്സുണ്ട് " എന്നൊന്നുറക്കെ വിളിച്ചു പറയാന്‍ ഞാന്‍ ആശക്തയാണ്...പിറകില്‍ നിന്നു പിടിച്ച് വലിയ്ക്കുന്ന രണ്ടു കുഞ്ഞിക്കൈകള്‍ എല്ലാം മറക്കാന്‍, വല്ലപ്പോഴുമൊന്നു ചിരിക്കാന്‍ എന്നെ ഇപ്പോഴും പ്രാപ്തയാക്കുന്നു...
കഥ വായിച്ചപ്പോള്‍ താങ്കള്‍ക്ക് ഒന്നെഴുതണമെന്നു തോന്നി..എന്തിനാണെന്നറിയില്ല..വെറുതേ..
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
- ഒരനുജത്തി.
മെയില്‍ വായിച്ചു തീര്‍ന്നതും മനസ്സ് വല്ലാതെ അസ്വസ്ഥമാവുന്നത് പോലെ അരുണയ്ക്ക് തോന്നി. സാധാരണ വരുന്ന മെയിലുകളില്‍ നിന്നും ഇതിനൊരു വ്യത്യാസമുണ്ട്..ഈ പെണ്‍കുട്ടിയുടെ വാക്കുകള്‍ മനസ്സിനെ വീണ്ടും ആ പഴയ ആശുപത്രി പരിസരത്തേക്കു തിരിച്ചു കൊണ്ട് പോകുന്നു..ഇലഞ്ഞിപ്പൂക്കളുടെ മണമുള്ള ഇടവഴിയില്‍ കൊതി തീരെ ഒന്നു സംസാരിക്കുന്നതിന് മുന്‍പേ നടന്നു മറഞ്ഞ രവിശങ്കര്‍. യാത്ര പറയുമ്പോള്‍ ഒരിക്കല്‍ പോലും ശ്രീജ ആ കണ്ണുകളിലേക്ക് നോക്കിയില്ല..പിറ്റേന്നവളുടെ വിവാഹമാണ്. കസവുനൂലുകള്‍ കൊണ്ട് ചിത്രത്തുന്നലുകള്‍ നടത്തിയ ചുവന്ന പട്ടുസാരിയില്‍ പൊതിഞ്ഞു കല്യാണ മണ്ഡപത്തില്‍ തല താഴ്ത്തിയ നിമിഷം ശ്രീജയുടെ മനസ്സിലുണ്ടായിരുന്ന അതേ വികാരങ്ങളല്ലേ പേരറിയാത്തെ, അജ്ഞാതയായ ഈ പെണ്‍കുട്ടിയുടെ ഉള്ളിലും ഉണ്ടായിരുന്നുരിക്കുക..??.
"ശ്രീജമാര്‍ നിരവധിയുണ്ട് സഹോദരീ.. സ്വയം തിരിച്ചറിയാതെ പോകുന്ന, എന്നും എക്സ്ട്രാ നടിമാരായി അഭിനയിക്കാന്‍ മാത്രം വിധിക്കപ്പെട്ട ജീവിതങ്ങള്‍."
മറുപടി ചെറിയ വാചകങ്ങളിലൊതുക്കി ലാപ്ടോപ് അടച്ചു.
പുറത്ത് അപ്പോഴും മഞ്ഞു വീണുകൊണ്ടിരുന്നു.
*****************************
അബ്ദുല്‍ റഷീദിനെ എയര്‍പോര്‍ട്ടില്‍ വിട്ടു തിരിച്ചു വരുമ്പോള്‍ വാനില്‍ എല്ലാവരും നിശബ്ദരായിരുന്നു. റേഡിയോയില്‍ നിന്നും പതിഞ്ഞ ശബ്ദത്തില്‍ മുഹമ്മദു റാഫിയുടെ ഏതോ പഴയ പാട്ട് കേള്‍ക്കാം. ഗോപന് വീണ്ടും അടിവയറ്റില്‍ നിന്നും വേദന വരുന്നതായി തോന്നി..കൈകള്‍ വയറ്റിലമര്‍ത്തി മുന്നോട്ടു കുനിയുന്നത് കണ്ടാവണം എല്ലാവരും സീറ്റില്‍ നിന്നും പിടഞ്ഞെഴുന്നേല്‍ക്കാനാഞ്ഞു..
"എന്ത് പറ്റി ഗോപാ...വീണ്ടും വേദന വന്നോ??"
അടിവയറ്റില്‍ ഒരായിരം സൂചികള്‍ കുത്തിയിറക്കുന്നത് പോലെ തോന്നിയെങ്കിലും ഗോപന് എല്ലാവരെയും നോക്കി ചിരിച്ചു..
"ഹേയ് കുഴപ്പമില്ല...സ്റ്റോണിന്റെയാ..പെട്ടെന്നൊരു വേദന വന്നു.."
വാനിന്റെ മൂലയിരുന്നു മോഹനേട്ടന് പിറുപിറുക്കുന്നുണ്ടായിരുന്നു..
"ഞാന്‍ എത്ര പറഞ്ഞതാ അവനോട്...കേള്‍ക്കണ്ടേ..ഓപ്പറെഷന് വേണ്ടിടത്ത് അതു തന്നെ വേണം അല്ലാതെ മരുന്നും മന്ത്രവുമായി ഇരുന്നാല്‍ എന്നും വേദനയുമായി ഇരിക്കുകയേയുള്ളൂ.."
മോഹനേട്ടന്റെയുള്ളില്‍ എന്നും ആ പഴയ പട്ടാളക്കാരനുണ്ട്..സംസാരത്തില്‍ പോലും എപ്പോഴും ഒരു ആജ്ഞാസ്വരം കേള്‍ക്കാം. പതിനെട്ടാം വയസ്സില്‍ പട്ടാളത്തില്‍ ചേര്‍ന്നതാണ് മോഹനേട്ടന്, അവിടെ നിന്നും റിട്ടയര്‍ ചെയ്തു നേരെ ഇവിടേയ്ക്ക് വന്നു.കമ്പനി സെക്യൂരിറ്റി..ഇപ്പോള്‍ അന്പത്തിയാറു വയസ്സ് കാണുമായിരിക്കും..പലപ്പോഴും ചിന്തിച്ചിട്ടുണ്ട്..ഈ മനുഷ്യന് എത്ര സമയം നാട്ടില്‍ നിന്നിട്ടുണ്ടാവും?? വലിയ ഒരു വീട് വച്ചു..മക്കളെ പഠിപ്പിച്ചു.. മകളുടെ കല്യാണം നടത്തി..എന്നിട്ടും തിരിച്ചു പോകാന്‍ കഴിയാതെ ഒരു കൂട്ടം രോഗങ്ങളെയും കൂട്ടിനിരുത്തി ഇപ്പോഴും ഇവിടെ...പത്തിരുപതോളം വര്‍ഷങ്ങള്‍ മഞ്ഞിലും മഴയിലുമായി ജീവിച്ചു..പിന്നെ അന്തമില്ലാത്ത ജീവിതം ഈ മരുഭൂമിയില്‍..
ഒരിക്കലൊരു വെള്ളിയാഴ്ചയുടെ സുഖകരമായ ആലസ്യം തന്നെ വൈകുന്നേരങ്ങളൊന്നില്‍ എഫ് എം റേഡിയോയിലെ പഴയ പാട്ടുകളും കേട്ടു കിടക്കയില്‍ ചുരുണ്ടു കൂടിക്കിടക്കുന്നതിനിടെ കനം കുറഞ്ഞ പുതപ്പുകൊണ്ട് മുഖം മൂടിക്കൊണ്ട് മോഹനേട്ടന് പറഞ്ഞു..
"എനിക്ക് നാട്ടില്‍ നില്ക്കാന് പേടിയാ ഗോപാ...സത്യത്തില്‍ അവിടെ ഒരു തരം വീര്‍പ്പുമുട്ടലാണ്....എവിടെയോ ടൂറിനു പോയപോലെ.. എന്റെ നാട് വേറെ എവിടെയൊക്കയോ ആണെന്ന് തോന്നും ജീവിതം ജീവിച്ചു തീര്‍ത്തത് മുഴുവന്‍ പുറത്തായിരുന്നല്ലോ..അതു കൊണ്ടാവും..ചെറിയ കുട്ടികള്‍ക്ക് വരെ നാടിന്റെ ഓരോ മുക്കും മൂലയും അറിയാം..പക്ഷേ ഞാന്‍ ഇപ്പോഴും അവിടെ അന്യന് തന്നെ...."
"അതു കൊണ്ടാണോ മോഹനേട്ടന് തിരിച്ചു പോവാത്തത്??"
ആ മനുഷ്യന് തന്റെ വലിയ ശരീരം കിടക്കയില്‍ നിന്നും ഇളക്കാന്‍ പാട് പെടുന്നത് കണ്ടു...
"അതു മാത്രമല്ലെടോ..എനിക്ക് നാല് പെങ്ങന്മാരാ..അവരെ ഒക്കെ ഒരു കരയ്കാക്കികഴിഞ്ഞപ്പോള്‍ തിരിച്ചു പോകാമെന്ന് കരുതി..അപ്പോഴാണ് രണ്ടു പെണ്‍കുട്ടികള്‍ കൂടി വളര്‍ന്നു വരുന്നത് കണ്ടത്..ഒന്നിനെ ഇറക്കിവിട്ടു..ഇനീപ്പോ ഒരാള്‍ കൂടി..അതുകൂടി കഴിഞ്ഞാല്‍..."
എഫ് എം റേഡിയോയില്‍ നിന്നും ഗൃഹാതുരത്വം തുളുമ്പുന്ന സിനിമാഗാനം അപ്പോഴും ആ മുറിയില്‍ അലയടിച്ചു കൊണ്ടിരുന്നു..
വാനിലുള്ള പലരും ഉപദേശിച്ചു.. "യൂറിന്‍ സ്റ്റോണ്‍ ഇങ്ങനെ വച്ചോണ്ടിരിക്കരുത്....ഇടയ്ക്കിടെ ഡോക്ടറെ കാണേണ്ടി വരും.."
"വെള്ളം ധാരാളം കുടിക്കണം.."
മണലാരണ്യത്തിലെ ജീവിതത്തിലെ കടുത്ത ഒറ്റപ്പെടലില്‍ നിഷ്കളങ്കമായ സൌഹൃദങ്ങളാണ് പലപ്പോഴും ആത്മഹത്യയില്‍ നിന്നു വരെ പലരെയും രക്ഷിച്ചിട്ടുള്ളത് എന്ന് ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട്..ലേബര്‍ ക്യാമ്പിന്റെ സ്ഥലമില്ലായ്മയില്‍ ദുഖങ്ങളും സന്തോഷങ്ങളും ഒക്കെ ഒരു പോലെ പങ്കുവയ്ക്കപ്പെട്ടിരുന്നു...പക്ഷേ വര്‍ഷങ്ങള്‍ പോയി മറയുമ്പോള്‍ അത്തരം നിറഞ്ഞ സൌഹൃദങ്ങള്‍ ഇന്ന് കാണാനില്ല..ഇന്ന് എല്ലാവരും സ്വയം ഉള്‍വലിഞ്ഞു കൊണ്ടിരിക്കുകയാണ്..ഒരു മനസ്സിനെ ചുറ്റിപ്പറ്റി ഒന്നോ രണ്ടോ പേര്..അത്രമാത്രം..
അബ്ദുല്‍ റഷീദിന്റെ ദുരവസ്ഥയില്‍ പരിതപിക്കുമ്പോളും പല അച്ഛന്മാരുടെയുള്ളിലും തീയായിരുന്നിരിക്കണം.പെണ്‍കുട്ടികളുള്ള മാതാപിതാക്കള്‍ ഒരു കണ്ണുമാത്രമടച്ച് ഉറങ്ങേണ്ട കാലമാണ്. എവിടെയോ ഒളിഞ്ഞിരിക്കുന്ന ഒരു മോബൈല്‍ കണ്ണിന്റെ ഫോക്കസില്‍ നിന്നും സ്വയം രക്ഷപ്പെടാന്‍ പോലും അറിയാത്ത പെണ്‍കുട്ടികള്‍ അവരുടെ മനസ്സില്‍ എന്നും തീയായി എരിയുന്നു..
അബ്ദുല്‍ റഷീദിന്റെ ഭാര്യയുടെ ആത്മഹത്യ ഒരു പാട് പേരെ ഞെട്ടിച്ചതും അതു കൊണ്ട് തന്നെയാവണം.
ഭാരം കുറഞ്ഞ ബാഗുമായി വാനിലേക്ക് നടന്നു കയറുമ്പോള്‍ റഷീദ് കരയുന്നുണ്ടായിരുന്നു..എയര്‍പോര്‍ട്ടിന്റെ ബഹളങ്ങളിലേക്ക് മെല്ലെ മാഞ്ഞു പോകുന്ന മെല്ലിച്ച ചെറുപ്പക്കാരന്റെ മനസ്സ് ഒരു പക്ഷേ കുറ്റബോധം കൊണ്ട് നീറുകയാവണം. കീശയില്‍ നിന്നും പുറത്തേക്ക് തള്ളിനില്ക്കുന്ന പാസ്പോര്‍ട്ടും ടിക്കറ്റും ഒരു സാധാരണ പ്രവാസിക്ക് എന്നും നാടിന്റെ ഓര്‍മകളാണ്..പരോള്‍ കിട്ടിയ പോലെ എണ്ണിക്കിട്ടുന്ന ലീവില്‍ മരുഭൂമിയില്‍ നിന്നും രക്ഷപ്പെട്ടോടുമ്പോഴുള്ള സന്തോഷം..പക്ഷേ ചിലര്‍ക്കെങ്കിലും അതു വേര്‍പാടിന്റെ നോവാണ്..പ്രിയ്യപ്പെട്ട ചിലരൊക്കെ വിട്ടു പോകുമ്പോള്‍ ചീകാത്ത മുടിയും ഇസ്തിരിയിടാത്ത വസ്ത്രങ്ങളുമായി വാഹനങ്ങളില്‍ നിന്നും വാഹനങ്ങളിലേക്കുള്ള യാത്ര..
അത്തരം യാത്രകളില്‍ കൂട്ടിനുണ്ടാവുക വിട പറഞ്ഞു പോയവര്‍ തന്നെയാവും..
"എന്താ ഗോപാ വല്ലാത്ത ആലോചന..?? വേദന മാറിയോ..??"
മോഹനേട്ടന് അടുത്തു വന്നിരുന്നു.
"ഞാന്‍ റഷീദിനെ കുറിച്ചാലോചിക്കുകയായിരുന്നു മോഹനേട്ടാ..ആരെയാണ് തെറ്റുപറയേണ്ടത്...അവന് എന്തെങ്കിലും അരുതായ്ക കാണിക്കുമോ എന്നാണു എനിക്ക് പേടി..."
"ഓരോന്ന് കാട്ടിക്കൂട്ടുമ്പോള്‍ ആലോചിക്കണമായിരുന്നു...കല്യാണം കഴിഞ്ഞതിന്റെ നാലാം നാള് കാശ്മീരിലേക്ക് പോയവനാ ഞാന്‍..ഇവനൊക്കെ ഇന്ന് മിനിട്ടിനു മിനിട്ടിനു സംസാരിക്കാന്‍ ഫോണുണ്ട്..എന്നിട്ടും..."
ആ ശബ്ദത്തില്‍ ദേഷ്യമുണ്ടായിരുന്നു..സ്നേഹം പോലും ദേഷ്യത്തിലൂടെ മാത്രം പ്രകടിപ്പിക്കാനറിയാവുന്ന മനുഷ്യന്.
മൂന്നുമാസം മുന്‍പ് കല്യാണത്തിനായി റഷീദ് നാട്ടിലേക്ക് പോയത് ഏറെ സന്തോഷവാനായിട്ടാണ്. പണ്ടു മുതലേ പരിചയമുള്ള പെണ്‍കുട്ടി. കല്യാണം കഴിഞ്ഞു രണ്ടാഴ്ച തികയും മുന്‍പേ തിരിച്ചു വരേണ്ടി വന്നപ്പോള്‍, മരുഭൂമിയിലെ കടുത്ത ഏകാന്തതയ്ക്ക് കൂട്ടിരിക്കാനാവണം ഒന്നിച്ചുള്ള നല്ല നിമിഷങ്ങള്‍ ക്യാമറയില്‍ പകര്‍ത്താന്‍ അവനു തോന്നിയത്...ടെക്നോളജിയുടെ ഏറ്റവും താഴെത്തട്ടിലുള്ള ഉപഭോക്താവ് ഉന്നത വിദ്യാഭ്യാസമില്ലാത്ത പാവം തൊഴിലാളിയാവുമ്പോള്‍ അവനെ പറ്റിക്കാന്‍ ഏറെയെളുപ്പമാണ്. കേടായ മൊബൈല്‍ ഫോണ്‍ റിപ്പയര്‍ ചെയ്യാന്‍ കൊടുക്കുമ്പോള്‍ ദമ്പതികളുടെ സ്വകാര്യത ഇത്രയും വിലകൂടിയ ഒരു വിലപ്പന വസ്തുവാണെന്ന് അവന് ഒരിക്കലും ചിന്തിച്ചിട്ടുണ്ടാവില്ല. മധുവിധു ആഘോഷിക്കുന്ന ദമ്പതികളുടെ വീഡിയോ ഇന്റര്‍നെറ്റു വഴിയും മൊബൈല്‍ ഫോണ്‍ വഴിയും വന്‍കരകള്‍ താണ്ടി പ്രവഹിച്ചുകൊണ്ടിരുന്നപ്പോള്‍ കൂട്ടത്തില്‍ ചിലത് ആ പാവം പെണ്‍കുട്ടിയുടെ കണ്ണിലും എത്തിയിരുന്നിരിക്കണം. അപമാനഭാരത്താല്‍ ജീവനൊടുക്കുമ്പോള്‍ ഒരു നിമിഷമെങ്കിലും അവള് തന്റെ പ്രിയതമനെ ശപിച്ചുകാണില്ലേ??
മോഹനേട്ടന്റെ ശബ്ദം ചിന്തയില്‍ നിന്നുണര്‍ത്തി
"ആ മൊബൈല്‍ കടക്കാരന് തന്നെ ചെയ്തതാ ഇത്.. അല്ലേ ഗോപാ.."
"ആയിരിക്കും... ഇന്ന് രാവിലെ റൂമില്‍ ചെന്നപ്പോള്‍ അവനെന്നെ കെട്ടിപ്പിടിച്ചു ഒരുപാടു കരഞ്ഞു മോഹനേട്ടാ.....റിപ്പയര്‍ ചെയ്യാന്‍ കൊടുക്കുന്നതിനു മുന്‍പ് അവന് എല്ലാം ഡിലീറ്റ് ചെയ്തിരുന്നത്രേ..എന്നിട്ടും അവന്മാര് എങ്ങനെയോ അതു മാന്തിയെടുത്തു....ഇങ്ങനെയൊക്കെ സംഭവിച്ചാല്‍ എന്തു ചെയ്യും...ആവശ്യത്തില്‍ കൂടുതല്‍ പ്രശ്നങ്ങളുള്ളവരാണ് നമ്മള്..കൂടെ ഇത് പോലത്തെ അവസ്ഥയും.."
"അവന്റെത് വല്ലാത്ത ഒരവസ്ഥയാണ് അല്ലേടോ.."
മോഹനേട്ടന് അല്‍പ്പ നേരം നിശബ്ദനായിരുന്നു.വാനില്‍ പലരും കണ്ണടച്ച് കിടക്കുകയാണ്..ഓരോ ലീവിനും നാട്ടിലേക്ക് സമ്മാനമായി കൊണ്ടുപോയ മൊബൈല്‍ ഫോണിന്റെ ക്യാമറകള്‍ മനസ്സില്‍ ഫ്ലാഷുകള്‍ നിറയ്ക്കുന്നുണ്ടാവും. പക്വതയെത്താത്ത കുരുന്നു കൈകളില്‍ ടെക്നോളജിയുടെ അതിരില്ലാത്ത ആകാശം തുറന്നിട്ട് കൊടുത്ത് അഭിമാനത്തോടെ വിമാനം കയറുന്ന അച്ഛന്മാര് ഒരു നിമിഷമെങ്കിലും തങ്ങളുടെ മക്കളെക്കുറിച്ചോര്‍ക്കുന്നുണ്ടാവും.
റഷീദിന്റെ ഭാര്യയുടെ ആത്മഹത്യ എല്ലായിടത്തും വലിയൊരു ചര്‍ച്ചയായി മാറിയതും അതുകൊണ്ടാവണം.ഗള്‍ഫ് റേഡിയോയിലെ പരിപാടിയിലേക്ക് വിളിച്ചു സംസാരിച്ച അച്ഛന്മാരുടേയും പ്രിയ്യപ്പെട്ടവളെ നാട്ടിലാക്കി ഭാഗ്യം തേടിയെത്തിയ ഭര്‍ത്താക്കന്മാരുടെയുമെല്ലാം വ്യാകുലതകള്‍ക്ക് ഏതാണ്ടൊരേ ശബ്ദമാണ്.
"എന്റെ മോളു മൊബൈല്‍ വാങ്ങിക്കൊടുക്കാത്തതിന് ഒരുപാടു ബഹളമുണ്ടാക്കി..കോളേജില്‍ അവളുടെ കയ്യില്‍ മാത്രമേ മൊബൈല്‍ ഇല്ലാതുള്ളൂ എന്ന്...ഇപ്പൊ വിചാരിക്കുന്നു വാങ്ങിക്കൊടുക്കാത്തത് നന്നായെന്ന്..എന്നാലും..ഒളിച്ചു വച്ച ക്യാമറയുമായി പലരും അവളുടെ പിറകെ നടക്കുന്നുണ്ടാവുമല്ലോ എന്നോര്‍ക്കുമ്പോള്‍..."
സംസാരിക്കുന്നതിനിടയിലും മോഹനേട്ടന്റെ കണ്ണുകള്‍ അകലെ മരുഭൂമിയിലൂടെ വരിവരിയായി നടന്നു നീങ്ങുന്ന ഒട്ടകങ്ങളിലായിരുന്നു..വാനിപ്പോള്‍ ഷേക്ക് സായിദ് റോഡിലൂടെ പൊയ്ക്കൊണ്ടിരിക്കുകയാണ്... ദൂരെ അന്തമില്ലാത്ത മണലാരണ്യം..ചെറിയൊരു കാറ്റില്‍ പോലും ഇളകിത്തെറിക്കുന്ന മണല്‍ത്തരികള്‍..അകലെയെവിടെയോ ഒറ്റപ്പെട്ട ഒരു വലിയ മരം നില്‍ക്കുന്നത് പോലെ തോന്നി.. അല്‍പ്പനേരം ഒന്നും മിണ്ടാതിരുന്ന്, പിന്നെ പോക്കറ്റില്‍ നിന്നും വണ്ണം കുറഞ്ഞ ഒരു ഗുളികയെടുത്ത് വിഴുങ്ങിക്കൊണ്ട് ആ മനുഷ്യന് ആരോടെന്നില്ലാതെ പറഞ്ഞു..
"കല്യാണം കഴിക്കാണ്ടിരിക്യാടോ നല്ലത്...ഈ ആധിപിടിച്ച ജീവിതം കുറേ രോഗങ്ങള്‍ തരുമെന്നാല്ലാതെ...."
വാനിലെല്ലാവരും ഇപ്പോള്‍ തീര്‍ത്തും നിശബ്ദരാണ്.
*******************************
മുകുന്ദന്റെ വീട്ടിലെത്തുമ്പോഴേക്കും നേരമിരുട്ടി. ലതികയും മോളെയും നോക്കിയപ്പോള്‍ കണ്ടില്ല..
മണല്‍തരികള്‍ പറ്റിയ ഷൂസ് കാര്‍പെറ്റിന്റെ മൂലയ്ക്ക് വച്ചു സെറ്റിയില്‍ ചെന്നിരുന്നപ്പോള്‍ മുകുന്ദന് അകത്തെ അലമാരയില്‍ നിന്നും ഒരു പത്രമെടുത്ത് നീട്ടി..
"പുതിയൊരു വാര്‍ത്ത കൂടി വന്നിട്ടുണ്ട്...പക്ഷേ ഇതും ആ പിള്ള അയാളുടെ പബ്ലിസിറ്റിക്ക് വേണ്ടി ഉപയോഗിച്ചു.."
മുകുന്ദന് പത്രം ടീപ്പോയിലേക്കിട്ടു.
പ്രവാസിക്കോളത്തില്‍ കണ്ടു, പ്ലാസ്റ്ററില്‍ പൊതിഞ്ഞു കിടക്കുന്ന മുനീര്‍.കൂടെ ബെഡിനരികില്‍ ക്ലബ് സക്രട്ടറി പിള്ളയും വേറെ ഒന്നു രണ്ടു പേരും. "മലയാളി യുവാവ് കാരുണ്യം തേടുന്നു" എന്നാണു ഹെഡര്‍. പ്രവാസിയുടെ കദനകഥ എങ്ങനെ കരളലിയിപ്പിക്കും വിധം എഴുതണമെന്നു ഗള്‍ഫ് ലേഖകര്‍ക്ക് നന്നായി അറിയാം.
"മുനീറിന് നല്ല ഭേദമുണ്ട്..ഞാന്‍ ഇന്നലെയും പോയിരുന്നു..രണ്ടു കയ്യും ഇപ്പോള്‍ നന്നായി അനക്കാം. അരയ്ക്കു താഴോട്ടത്തെ കാര്യം സംശയമായിരിക്കുമെന്നാണ് ഡോക്ടര്‍ പറഞ്ഞത്. അരുണ സംസാരിച്ചിരുന്നു എന്ന് പറഞ്ഞു..." മുകുന്ദന് ഒരു സിഗരെറ്റെടുത്തു കത്തിച്ചു.
"നീ എവിടെയായിരുന്നു മുകുന്ദാ കഴിഞ്ഞ മൂന്നു നാലുദിവസം ??ഞാന്‍ വിളിച്ചപ്പോഴെല്ലാം സ്വിച്ച് ഓഫ് ആയിരുന്നല്ലോ..ഇന്നലെ വൈകുന്നേരം ലതികയും വിളിച്ചു ചോദിച്ചു.....എന്താ പറ്റിയത് ?? നിങ്ങള്‍ തമ്മില്‍ വീണ്ടും??" അല്‍പ്പം സംശയത്തോടെയാണ് ചോദിച്ചത്..മുകുന്ദന് ഉച്ചത്തില്‍ ചിരിച്ചു..
"ഇപ്പൊള്‍ ഞാന്‍ ആഘോഷിക്കുകയാണെടോ..കണ്ടില്ലേ ഞാന്‍ സിഗരറ്റു വലിക്കുന്നത്...എന്റെ വീട്ടില്‍ ഇപ്പോള്‍ ഞാന്‍ ഗൃഹനാഥനാണ് ആരോടും ഒന്നിനും സമ്മതം ചോദിക്കേണ്ട..."
"സിഗരറ്റു വലിച്ചാണോ നീ സ്വാതന്ത്ര്യം ആഘോഷിക്കുന്നത്..?? "അല്‍പ്പം ഈര്‍ഷ്യയോടെയാണ് ചോദിച്ചത്.
"ഇതാണെടോ എന്നെപ്പോലുള്ളവര്‍ക്ക് പരമാവധി ആഘോഷിക്കാവുന്ന സ്വാതന്ത്ര്യം. ഒരു സാമ്രാജ്യ ശക്തിയുടെ അധിനിവേശത്തില്‍ നിന്നും ഒരാള്‍ക്ക് ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞു സ്വാതന്ത്ര്യമാസ്വദിക്കാം പക്ഷേ ബന്ധങ്ങള്‍ നെയ്യുന്ന വലക്കണ്ണികളില്‍ നിന്നും പുറത്തു കടക്കുക ദുഷ്കരമാണ്..."
മനസ്സ് വല്ലാതെ അസ്വസ്ഥമാവുന്ന അവസരങ്ങളിലേ മുകുന്ദന് ഇങ്ങനെ സംസാരിക്കാറുള്ളൂ.... ലതിക വീണ്ടും പ്രശ്നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടാവും.സിഗരറ്റു പുകയുടെ ചെറിയ വളയങ്ങള്‍ മുകളിലേക്കുയരുന്നു.അവനോട് എന്ത് പറയണമെന്നറിയില്ല. പലപ്പോഴും വാക്കുകള്‍ക്കു നിര്‍വചിക്കാന്‍ കഴിയുന്നതിനപ്പുറമാണ് ബന്ധങ്ങളുടെ സമസ്യകള്‍.
"ഇന്നലെ ലതിക വിളിച്ചപ്പോള്‍ മോളുടെ ഓഡീഷന് നീ കൂടെപോയില്ലെന്നു പറഞ്ഞു. നീ എവിടെയായിരുന്നു??.."
"ഹോസ്പിറ്റലിലായിരുന്നു...മുനീറിന്റെ അടുത്ത്..ആരെങ്കിലുമൊക്കെ കൂടെയുണ്ടെന്ന ഒരു തോന്നല്‍ ആ പാവത്തിന് അല്‍പ്പം ആശ്വാസമേകും..മൊബൈല്‍ കേടായതാ..റിപ്പയര്‍ ചെയ്യാന്‍ കൊടുത്തില്ല..നാലുപാടും നിന്നുള്ള വിളികള്‍ക്കും ചോദ്യങ്ങള്‍ക്കും അല്‍പ്പമെങ്കിലും കുറവ് വരട്ടെയെന്ന് കരുതി..അതിനിടയില്‍ ഓഡീഷനെന്നും പറഞ്ഞ് അവള് തലകുത്തി മറിയുന്നു...പോകട്ടെ എവിടെ വേണമെങ്കിലും ഇത്തരം കോപ്രായങ്ങള്‍ക്ക് എന്നെ കിട്ടില്ല..."
കയ്യിലെ പാതിയെരിഞ്ഞ സിഗരറ്റ് മുകുന്ദന് മുറിയുടെ മൂലയിലേക്കേറിഞ്ഞു..പിന്നെ അല്‍പ്പസമയം കഴിഞ്ഞു അതെടുത്തു കൊണ്ട് വന്നു കിച്ചണിലെ വേസ്റ്റ് ബിന്നില്‍ കൊണ്ടു ചെന്നിട്ടു.
"മുകുന്ദാ ഞാന്‍ ഒരു കാര്യം പറയട്ടെ...നീ ചൂടാവരുത്...ജീവിതത്തില്‍ കുടുംബത്തിനല്ലേ ആദ്യ പരിഗണന..അവരുടെ സന്തോഷം കഴിഞ്ഞല്ലേ നമുക്ക് മറ്റെന്തുമുള്ളൂ...അതു കൊണ്ട് ലതികയ്ക്ക് എന്താണ് വേണ്ടതെന്നു ഒന്നു മനസ്സിലാക്കാന്‍ ശ്രമിക്ക്...മോള്‍ക്കും ഈ ഡാന്‍സ് പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ ഇഷ്ടമല്ല എന്ന് മനസ്സിലാവുമ്പോള്‍ ലതിക പിന്മാറില്ലേ..."
"ഹഹ നിനക്ക് കൂടുതലൊന്നും അറിയില്ല ഗോപാ..അവളുടെ കണ്ണില്‍ ഞാന്‍ ഒരു ഏഴാം കൂലിയാണ്. ജോലിയന്വേഷിച്ച് തെണ്ടിത്തിരിഞ്ഞു നടന്നപ്പോള്‍ അവളുടെ അച്ഛന് സഹായിച്ചു വളര്‍ത്തിക്കൊണ്ടു വന്നവന്..."
"അദ്ദേഹം വളര്‍ന്നതും നീ കാരണമല്ലേ..അതവള്‍ക്കും അറിയാവുന്നതാണല്ലോ...."
"അതു വിടെടോ...ഇതൊന്നും പറഞ്ഞാല്‍ തീരില്ല...മോളുടെ കാര്യം ഓര്‍ക്കുമ്പോഴാണ് ചെറിയ സങ്കടം..ഇരുപതാം വയസ്സില്‍ എത്തിയതാ ഞാനീ ദുബായില്‍..പത്തൊന്‍പതു വര്‍ഷങ്ങള്‍ കൊണ്ട് ഒരു പാട് അനുഭവിച്ചിട്ടുണ്ട്..പുകഞ്ഞു പഴുത്തു പാകമായ പ്രവാസി..ഹഹ..ഇതൊന്നും ഒന്നുമല്ലെടോ...നമ്മുടെ ജീവിതം കൊണ്ട് ആര്‍ക്കെങ്കിലും ഒരുപകാരമുണ്ടായാല്‍ നന്നായി അത്ര തന്നെ.."
മുകുന്ദന് ഒരു സിഗരറ്റ് കൂടെ കത്തിച്ചു.
"ആ പിന്നെ തന്റെ റഷീദിന്റെ ന്യൂസ് ഇന്നത്തെ പത്രത്തില്‍ കണ്ടു. അവനെ ആരെങ്കിലും ചീറ്റ് ചെയ്തതാണോ??"
"ആ മൊബൈല്‍ ഷോപ്പുകാര്‍ പറ്റിച്ചതാ എന്നാണ് കേട്ടത്...പാവം വല്ലാത്ത ഒരു അവസ്ഥ തന്നെ.. വീഡിയോ കണ്ടു നാട്ടിലെ ചിലര്‍ ആ പെണ്‍കുട്ടിയെ വിളിച്ചു എന്തൊക്കെയോ ചോദിച്ചത്രേ..അതൊക്കെയാവും അവളെ ആത്മഹത്യയില്‍ എത്തിച്ചത്..."
"ഇതിപ്പോ ഇങ്ങനത്തെ എത്രാമത്തെ സംഭവമാ..."
മുകുന്ദന്റെ മനസ്സ് വല്ലാതെ കലുഷമാണെന്നു തോന്നി.ശരീര ഭാഷയില്‍ പ്രകടമായ വ്യത്യാസങ്ങളുണ്ട്. സംസാരിക്കുമ്പോള്‍ പലപ്പോഴും മുഖം തുടയ്ക്കുകയും കണ്ണുകള്‍ മുറുക്കെയടയ്ക്കുകയും ചെയ്യുന്നുണ്ട്..ചിലപ്പോള്‍ വലിയ വഴക്കുകള്‍ എന്തെങ്കിലും അവര്‍ക്കിടയില്‍ നടന്നിരിക്കാം.
"ലതിക മോളെ പ്രാക്റ്റീസിനു കൊണ്ട് പോയതാണോ ??"
"അല്ല.."
"പിന്നെ??"
മുകുന്ദന് അടുത്തേക്ക് വന്നു മെല്ലെ ചോദിച്ചു.
"നീ എന്താ കല്യാണം കഴിക്കാത്തത്..?? നിന്റെ പഴയ പ്രണയം നിന്റെ മനസ്സില്‍ ഇപ്പോഴുമുണ്ട് അല്ലേ ??
"നീയെന്താണ് പറഞ്ഞ് വരുന്നത് മുകുന്ദാ?? എനിക്ക് മനസ്സിലാവുന്നില്ല..?!"
"നീ നിന്റെ പ്രണയം പുറത്ത് പറയാന്‍ കഴിയാതെ ഭീരുവായി ജീവിക്കുന്നു..ചിലരൊക്കെ അതാഘോഷിക്കുന്നു..."
പലപ്പോഴായി മുകുന്ദന് പറയുന്ന കാര്യങ്ങളൊക്കെ അരുണയെക്കുറിച്ചാണെന്ന് വ്യക്തമാണ്. ഇരച്ചു കയറിയ ദേഷ്യം മറച്ചു വയ്ക്കാതെ തന്നെ ചോദിച്ചു.
"നിനക്ക് അരുണയെക്കുറിച്ച് എന്തറിയാം മുകുന്ദാ..??അവളൊരു ഭാര്യയാണ്..ഞാനവളെ പ്രണയിക്കുന്നു എന്നവളോട് പറയണമെന്നാണോ നീ പറഞ്ഞ് വരുന്നത്..??അവളുടെ ഇപ്പോഴത്തെ ജീവിതം വിട്...അവള്‍ക്കൊരു ഭര്‍ത്താവുണ്ട്.."
പറഞ്ഞു തീരുമ്പോള്‍ വല്ലാതെ കിതച്ചിരുന്നു.ലോകം മുഴുവന്‍ എതിരെ നിന്നാക്രോശിക്കുകയാണെന്ന് തോന്നി..മേശപ്പുറത്തെ കുപ്പിയിലുണ്ടായിരുന്ന വെള്ളം മുഴുവനും വായിലേക്ക് കമഴ്ത്തി....
മുകുന്ദന് അല്‍പ്പം കൂടി അടുത്തേക്ക് വന്നു കണ്ണിലേക്കു നോക്കി ചോദിച്ചു..
"അപ്പോള്‍ എന്റെ ഭാര്യക്ക് ഒരു ഭര്‍ത്താവില്ലേ..."
അവനെന്താണുദ്ദേശിച്ചതെന്നു മനസ്സിലാവാഞ്ഞപ്പോള്‍ സംശയത്തോടെ പകച്ചു നോക്കി. എസി യുടെ നേര്‍ത്ത ശബ്ദം മാത്രമേ മുറിയിലുള്ളൂ..
"ചിലതൊക്കെ വിശദീകരിക്കാന്‍ വലിയ പാടാണ് ഗോപാ..കടലുകള്‍ തേടിയാണ് മിക്ക നദികളും ഒഴുകുന്നത്...ചിലതൊക്കെ ഗതിമാറിയും... "
ആ മുഖം വല്ലാതെവിളറിയിരുന്നു..
പുറത്ത് വരണ്ട കാറ്റടിച്ചു തുടങ്ങിയിരുന്നു.മഞ്ഞുകാലമവസാനിക്കാന്‍ പോവുകയാണെന്നറിയിച്ചുകൊണ്ടുള്ള പൊടിക്കാറ്റ് മരുഭൂമിയിലൂടെ താഴ്ന്നു വീശി.
(തുടരും)
.
.
ഒരു ആമുഖം
കടല്‍ മീനുകള്‍ എന്ന ബ്ലോഗ് നോവല്‍ ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയാണ്.
ഇത് പ്രവാസികളുടെ കഥയാണ്..മനസ്സുകൊണ്ടും ജീവിതം കൊണ്ടും പ്രവാസികളാവാന്‍ വിധിക്കപ്പെട്ടവരുടെ കഥ..
സാമ്പത്തിക മാന്ദ്യം പിടിച്ചു കുലുക്കിയ ദുബായിയുടെ മണ്ണില്‍ നിന്നും ഈ യാത്ര ആരംഭിക്കുന്നു...മരുഭൂമിയില്‍ നിന്നും കടലുകള്‍ താണ്ടി, തണുത്ത പുഴകളിലേക്ക് സഞ്ചരിക്കുമ്പോള്‍ കൂട്ടിനുള്ളത് ഏറെ പരിചിതമായ മുഖങ്ങള്‍ തന്നെ...
നല്ല വായനയ്ക്കായി എല്ലാ പ്രിയ സുഹൃത്തുക്കളെയും ക്ഷണിക്കുന്നു.
മുരളി.
ആദ്യ ഭാഗം മുതല്‍ വായിച്ചു തുടങ്ങാനായി മുന്‍ അധ്യായങ്ങളുടെ ലിങ്ക് സൈഡില്‍ കൊടുത്തിട്ടുണ്ട്.

Sunday, February 21, 2010
Wednesday, February 3, 2010
ഭാഗം ആറ് : ഹാഷിണിയുടെ കഥ.
പഴയ ഷൂസുകളും ബനിയനുകളും ചിതറിക്കിടക്കുന്ന ലേബര്‍ ക്യാമ്പിന്റെ നീളന്‍ വരാന്തയിലൂടെ നടക്കുമ്പോള്‍ അഴുക്കുനിറഞ്ഞ കോണ്‍ക്രീറ്റ് തൂണുകള്‍ പോലും കടുത്ത മൌനം പേറി നില്‍ക്കുന്നത് പോലെ തോന്നിച്ചു.
വിയര്‍പ്പു മണമായിരുന്നു എങ്ങും..
ഇടുങ്ങിയ മുറികളിലെ ഇരുമ്പുകട്ടിലുകള്‍ക്കു രണ്ടു നിലയാണ്. രണ്ടാം നിലയിലെ താമസക്കാരനായി ദുബായില്‍ വന്ന ദിനം ഞരങ്ങുന്ന കട്ടിലിന്റെ ശബ്ദത്തെ തോല്‍പ്പിക്കാന്‍ ശ്വാസം കഴിക്കാന്‍ കൂടി പേടിച്ച് ഉറക്കമില്ലാതെ കിടന്ന രാത്രി മനസ്സിലേക്ക് വന്നു..അന്ന് ഉഷ്ണകാലമായിരുന്നു...ചുട്ടുപൊള്ളുന്ന ജൂണിന്റെ കാഠിന്യത്തില്‍ തണുപ്പിക്കാന്‍ മടിക്കുന്ന എ.സി യുടെ പഴക്കത്തെ ശപിച്ചു കൊണ്ട് കിടന്ന കൂടുകാരില്‍ പലരും ഇന്ന് ജോലി നഷ്ടപ്പെട്ട് നാട്ടിലാണ്. ചിലരൊക്കെ കര കയറി. ചിലര്‍ ഇപ്പോഴും അതേ ഹെല്‍പ്പര്‍ കാറ്റഗറിയില്‍ ജീവിതം കരുപ്പിടിപ്പിക്കാന്‍ ശ്രമിച്ചു തളര്‍ന്നു നില്ക്കുന്നു....
ലേബറില്‍ നിന്നു ഫോര്‍മാനിലേക്കും അവിടെ നിന്നു സൂപ്പെര് വൈസറിലേക്കുമുള്ള വളര്‍ച്ചയില്‍ താമസസ്ഥലങ്ങള്‍ ഒരു പാട് മാറിയെങ്കിലും മരുഭൂമിയിലെ ആദ്യവര്‍ഷങ്ങള്‍ ജീവിച്ചു തീര്‍ത്ത അല്കൂസിലെ ഈ ലേബര്‍ ക്യാമ്പ് ആദ്യം പഠിച്ച എല്‍പി സ്കൂളിന്റെ ഗൃഹാതുരതയോടെ ഇന്നും മനസ്സില്‍ നില്ക്കുന്നു...
വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇവിടേയ്ക്ക് വരുന്നത്. താമസക്കാര്‍ക്ക് മാത്രമേ മാറ്റമുള്ളൂ..താമസത്തിന് യാതൊരു വ്യത്യാസവുമില്ല.
എതിരെ നടന്നു വന്ന ഒന്നു രണ്ടു ബംഗ്ലാദേശി വര്‍ക്കര്‍മാര്‍ ഗോപനെ അപരിചിതത്വത്തോടെ നോക്കി.
മൊബൈലിന്റെ അഡ്രസ് ബുക്കില്‍ ഒളിഞ്ഞു കിടന്ന തൃശ്ശൂരുകാരന് സത്യശീലന്റെ നമ്പരിലേക്ക് വീണ്ടും വീണ്ടും വിളിക്കുമ്പോള്‍ മാസങ്ങള്‍ക്ക് മുന്‍പ് ജോലിയന്വേഷിച്ച് തന്റെ മുന്നില്‍ വന്നു നിന്ന ജോസെന്ന ക്രെയിന്‍ ഓപ്പറെറ്ററുടെ ദൈന്യത നിറഞ്ഞ മുഖമായിരുന്നു ഗോപന്റെയുള്ളില്‍.
"ക്രെയിന്‍ ഓപ്പറെറ്ററാണെന്ന് പറഞ്ഞപ്പോ ആ അറബി ചിരിച്ചു..എന്നാ നീ പോയി ബര്‍ജ് ദുബായി ടവറിന്റെ മൊകളില് കയറിക്കോ എന്നാണു പറഞ്ഞത്...എന്തെങ്കിലും കണ്‍സ്ട്രക്ഷന്‍ വര്‍ക്ക് ഇവിടെ നടന്നാലല്ലേ ക്രെയിനും ഫോര്‍ക്ക് ലിഫ്റ്റുമൊക്കെ ഉണ്ടാവൂ അല്ലേ സാറേ..."
മുഖത്ത് യാതൊരു വികാരവുമില്ലാതെ സംസാരിക്കാന്‍ അനുഭവങ്ങളാല്‍ പതം വന്ന എതൊരു പ്രവാസിയും പോലെ അന്ന് ജോസിനും കഴിഞ്ഞു.
സത്യശീലന്റെ മുറിയില്‍ രണ്ടു ബെഡുകള്‍ ഒഴിവായിരുന്നു.
ഉണങ്ങിച്ചുരുണ്ട കുബ്ബൂസ് നിവര്‍ത്തിയെടുത്തു പ്ലേറ്റിലെ തക്കാളിക്കറിയില്‍ മുക്കി കഴിക്കാന്‍ തുടങ്ങുകയായിരുന്നു സത്യശീലന്. ഗോപനെ കണ്ടതും അയാള്‍ ഭവ്യതയോടെ എഴുന്നേറ്റു നിന്നു.
"സത്യശീലനെ ഞാന്‍ കുറേ നേരമായി മൊബൈലില്‍ വിളിക്കുന്നു. കിട്ടിയില്ല.. ഇങ്ങോട്ട് വരുമ്പോള്‍ ഇവിടെ തന്നെയാണോ ഇപ്പോഴും എന്ന് ഉറപ്പില്ലായിരുന്നു..."
"മൊബൈല്‍ കേടായി.. റിപ്പയര്‍ ചെയ്തിട്ടും കാര്യമില്ല..ആരും വിളിക്കാനില്ല..."
പെയിന്റിളകിയ ഇരുമ്പുകട്ടിലില്‍ വിലകുറഞ്ഞ ബ്ലാങ്കറ്റിന്റെ ചൂടില്‍ മുഖമൊളിപ്പിച്ചു കിടക്കുകയായിരുന്ന മറ്റുള്ളവര്‍ ഗോപന്റെ ശബ്ദം കേട്ടു തലയുയര്‍ത്തി നോക്കി.
"നിങ്ങള്‍ക്ക് ഇന്ന് വര്‍ക്കില്ലേ...ഇന്ന് അവധിയല്ലല്ലോ..??"
ചോദ്യത്തിന് മറുപടി പറഞ്ഞത് സത്യശീലനാണ്. കുറേ നാളായി പണിയില്ലത്രേ..ശമ്പളം കിട്ടിയിട്ട് നാലു മാസമായി. കമ്പനിയുടെ ഓണര്‍ എവിടെയാനുള്ളതെന്നു ആര്‍ക്കുമറിയില്ല. ഓഫീസിലെ ചുരുക്കം ചിലരും പിന്നെ വര്‍ക്കെര്‍സും മാത്രമേ ഇപ്പോഴിവിടെയുള്ളൂ..മറ്റുള്ളവരെല്ലാം തിരിച്ചു പോയിക്കഴിഞ്ഞു...
കഥകള്‍ കേട്ടു മനസ്സ് തഴമ്പിച്ചിരിക്കുന്നു.മണല്‍കാറ്റില്‍ പോലും കണ്ണുകള്‍ കലങ്ങുന്നില്ല. ദുബായില്‍ നിറയെ ഉയരം കൂടിയ ടവറുകളാണ്...ഉയരത്തില്‍ നിന്നുമുള്ള വീഴ്ചയ്ക്ക് ആഘാതമേറും.
"ഒരു ജോസ് ഇല്ലായിരുന്നോ സത്യശീലാ.. ക്രെയിന്‍ ഓപ്പറെറ്റര്‍..അയാളിപ്പോ എവിടെയാ?? എന്റെയൊരു സുഹൃത്ത് കുറച്ചു നാളത്തേക്ക് ഒരു ഓപ്പറെറ്ററെ വേണമെന്ന് പറഞ്ഞിരുന്നു..."
"അയാള്‍ ക്യാന്‍സല്‍ ചെയ്തു പോയി സാറേ...ഇച്ചിരെ ബുദ്ധിമുട്ടിലായിരുന്നു...വീട് പണിതതിന്റെ ലോണ്‍ തിരിച്ചടക്കാനായില്ല..വല്യ വീടായിരുന്നു പണി പാതി പോലും ആയിട്ടില്ല...ഇപ്പൊ വില്ക്കാന് വച്ചിരിക്കുകാന്നു പറഞ്ഞു...നാട്ടില്‍ വേറെ പണിയൊന്നും ആയില്ല..ഒരിക്കലു വിളിച്ചിരുന്നു.."
സത്യശീലന് പറഞ്ഞു കൊണ്ടിരുന്നു..ഇപ്പോള്‍ റൂമിലെ മറ്റുള്ളവരും എഴുന്നേറ്റിരിക്കുകയാണ് ..
പണ്ടീ മുറികളില്‍ നിറയെ ചിരിയും ബഹളവുമായിരുന്നു.ലേബര്‍ ക്യാമ്പുകളിലെ മുറികളില്‍ സാധാരണ ഉയരുന്ന പൊട്ടിച്ചിരികള്ക്ക് ,പലപ്പോഴും ഒറ്റപ്പെടലിനെയും നഷ്ടസ്വപ്നങ്ങളെയും എരിച്ചു കളയാനുതകുന്ന ശക്തിയുണ്ടാവാറുണ്ട്. പരസ്പരം നന്നായി മനസ്സിലാക്കിക്കൊണ്ട് തന്നെ ചെറിയ സന്തോഷങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുമ്പോഴും എല്ലാവരുടേയും മനസ്സില്‍ അല്‍പ്പനേരത്തെക്കെങ്കിലും മറക്കാന്‍ ശ്രമിക്കുന്ന ജീവിത വ്യഥകള്‍ തന്നെയാവും. എഫ് എം റേഡിയോയിലെ മലയാളം ചാനലുകളില്‍ രാത്രികാലങ്ങളില്‍ വരുന്ന പാട്ടുകളും അവതാരകരുടെ ഗൃഹാതുരത്വമുണര്‍ത്തുന്ന വാക്കുകളും കേള്‍ക്കുമ്പോള്‍ പലര്‍ക്കും ഉറങ്ങാന്‍ കഴിയാറില്ല..എങ്കിലും മനസ്സുകൊണ്ട് ഭൂതകാലത്തിലേക്ക് മടങ്ങിപ്പോകാന്‍ മിക്കവരും തലയിണയ്ക്കരികില്‍ ഒരു എഫ്എം റേഡിയോ സൂക്ഷിക്കുന്നു...
രണ്ടു മാസം മുന്‍പ് വെക്കേഷന് കഴിഞ്ഞു നാട്ടില്‍ നിന്നും തിരിച്ചെത്തിയ സുരേഷിന്റെ വാക്കുകളാണ് മനസ്സിലെത്തിയത്.
"കേരളത്തിലിപ്പോള്‍ നിറയെ അസ്ഥിക്കൂടങ്ങളാണ്...ഇവിടെ വന്നു കുറച്ചു പണം കയ്യില്‍ കിട്ടി നാട്ടില്‍ പോകുമ്പോള്‍ പലരുടെയും മനസ്സില്‍ വലിയ വീടുകളാണ്. എല്ലാവര്ക്കും വലിയ പ്ലാന്‍ വേണം.വലിയ ബെഡ് റൂമുകള്‍, കിച്ചണ്‍, പൂജാമുറി,പോര്‍ച്ച്...അങ്ങനെ പോകുന്നു എഞ്ചിനീയറൊടുള്ള ആവശ്യങ്ങള്‍..ഒടുക്കം പണി തീര്‍ക്കാന്‍ കഴിയാതെ വീടിന്റെ അസ്ഥിക്കൂടം മാത്രം ബാക്കിയാവുമ്പോഴാണ് മിക്കവരും ദൈവത്തെ വിളിക്കുന്നത്.."
ജോലി നഷ്ടപ്പെട്ടത് മൂലം, തുടങ്ങി വച്ച വീടുപണി പൂര്‍ത്തിയാക്കാന്‍ കഴിയാതെ കടക്കെണിയില്‍ പെട്ടു ആത്മഹത്യ ചെയ്ത അയല്ക്കാരന്റെ മുഖമായിരിക്കണം അതു പറയുമ്പോള്‍ സുരേഷിന്റെ മനസ്സില്‍.
കേരളം അസ്ഥിക്കൂടങ്ങളുടെ നാടായി മാറിയിരിക്കുന്നു.
സത്യശീലനോട് യാത്ര പറഞ്ഞ് ജുമൈരയിലെ വില്ലയിലേക്ക് തിരിച്ചു കാറോടിക്കുമ്പോള്‍ അടിവയറ്റില്‍ നിന്നും വീണ്ടും വേദന തുടങ്ങി..ദിവസവും ലിറ്ററുകണക്കിനു വെള്ളം കുടിക്കുന്നു.എന്നിട്ടും ഈ സ്റ്റോണ്‍ വിട്ടുമാറുന്നില്ല.
മാറാന്‍ പ്രയാസമാണ്..ചില കല്ലുകളെ അലിയിപ്പിക്കാന്‍ ശുദ്ധീകരിച്ചെടുത്ത കടല്‍ വെള്ളം മതിയാവില്ല...ഈ കല്ലുകള്‍ അഴുക്കുകളാണ്...മരുഭൂമിയിലെ നീണ്ട വര്‍ഷങ്ങള്‍ ചേര്‍ന്ന് ഘനീഭവിപ്പിച്ച ദേഹത്തെ അഴുക്കുകള്‍...
അതോ മനസ്സിലടിഞ്ഞു കൂടിയതോ..??
വില്ലയുടെ പണി തുടങ്ങിയിട്ട് മൂന്നു ദിവസങ്ങള്‍ കഴിഞ്ഞിരിക്കുന്നു..ഇതിനിടയില്‍ ഹാഷിണിയെന്ന ശ്രീലങ്കക്കാരിയോട് വല്ലാത്ത ഒരു ബഹുമാനം തോന്നിത്തുടങ്ങിയിട്ടുണ്ട്. ജിവിതത്തില്‍ ഇതുവരെ പരിചയപ്പെട്ട സ്ത്രീകള്‍ മിക്കവരും മനസ്സില്‍ എന്തെങ്കിലും രഹസ്യങ്ങള്‍ പേറുന്നവരാണ് എന്നാണു തോന്നിയിട്ടുള്ളത്. പക്ഷേ അടുത്തു കഴിയുമ്പോള്‍ മനസ്സില്‍ രഹസ്യങ്ങളുടെ എണ്ണം വര്‍ധിക്കുന്നത് കണ്ട് അത്ഭുതപ്പെടാനേ കഴിയാറുള്ളൂ..കഥകളിലും സിനിമകളിലും നന്മയും തിന്മയും വീതം വച്ചെടുത്ത കഥാപാത്രങ്ങള്‍ മാത്രമെയുണ്ടാവാറുള്ളൂ ഇതിനിടയിലുള്ള നൂല്പാലത്തിലെവിടെയോ ആണ് യഥാര്‍ത്ഥ ജീവിതങ്ങള്‍. ഓരോ നിമിഷവും പാലം തെറ്റാന്‍ കൊതിക്കുന്ന മനസ്സുകള്‍ ,അവ ചായുന്നതെങ്ങോട്ടാണെന്നു പറയുക അസാധ്യമാണ്...
കേരളവര്‍മ കോളേജിലെ പാതിയില്‍ നിന്നുപോയ ശാസ്ത്രപഠനവും, നിലനില്‍പ്പിന്റെ തത്വശാസ്ത്രമായ വിപ്ലവചിന്തയും ചേര്‍ന്ന് മുരടിപ്പിച്ച മനസ്സിന് ഒരു പക്ഷെ അന്ന് ജീവിതത്തിലേക്ക് കടന്നു വന്ന സ്ത്രീകളെ ശരിയായി മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടായിരിക്കില്ല...പക്ഷെ പതിനാലു വര്‍ഷങ്ങള്‍ക്കുമുമ്പ് പരിചയപ്പെട്ട അരുണാ പ്രിയദര്‍ശിനിയെന്ന ജൂനിയര്‍ നഴ്സ് വര്‍ഷങ്ങള്‍ക്കു ശേഷം പിന്നീടുള്ള ജീവിതത്തിലെ ഓരോ നിമിഷങ്ങളെയും സ്വാധീനിച്ചിരുന്നു.. മറവികളെ തോല്‍പ്പിച്ചു കയറിവരാന്‍ മടിയില്ലാത്ത ഓര്‍മ്മകള്‍ സമ്മാനിച്ച ആ ഭൂതകാലമാവണം ഹാഷിണിയുടെ കഥ കേള്‍ക്കുമ്പോള്‍ മനസ്സുകൊണ്ട് അവളുടെ ആരോ ആയിത്തീരുന്നുവെന്ന തോന്നലുകളുളവാക്കുന്നത്..
വില്ലയുടെ മുകള്‍ നിലയിലെ ടൈല്‍സ് മുഴുവനും മാറ്റിക്കഴിഞ്ഞിരുന്നു. ഔട്ട് ഹൌസിന്റെതുറന്നിട്ട വാതിലിലൂടെ പുറത്തേക്കോടിയ പൂച്ചക്കുട്ടിയെ കണ്ടപ്പോള്‍ മെല്ലെ അങ്ങോട്ട് ചെന്നു.
അഞ്ചു ദിവസങ്ങള്‍ കൊണ്ട് ആ പൂച്ചക്കുട്ടി പരിസരവുമായി ഇണങ്ങി ചേര്‍ന്നിട്ടുണ്ട്. ഇപ്പോള്‍ എന്ത് കൊടുത്താലും അത് കഴിക്കും.ബന്ധങ്ങളുടെ കെട്ടുപാടുകളില്ലാതിരുന്നാല്‍ ഏതു ആവാസവ്യവസ്ഥയിലും അതിജീവനം സാധ്യമാണ്.
വാഷിംഗ് മെഷീനിലിട്ടു കഴുകിയെടുത്ത വലിയ വിന്‍ഡോ കര്‍ട്ടനുകളും കയ്യിലെടുത്തു പുറത്തേക്കു വരികയായിരുന്നു ഹാഷിണിയപ്പോള്‍. ഏറെ നാള് നനവ് കിട്ടാതെ കിടന്ന മുറ്റത്തെ പുല്‍ത്തകിടിയ്ക് അല്‍പ്പം നിറം വച്ചിട്ടുണ്ട് . കലപില ശബ്ദമുണ്ടാക്കിക്കൊണ്ട് രണ്ടു മൂന്നു കുരുവികള്‍ അവിടെ വട്ടം ചുറ്റിക്കൊണ്ടിരുന്നു. പുറത്തെക്കോടിവന്ന പൂച്ചക്കുട്ടിയെ കണ്ടു ഭയന്ന് അവ ശബ്ദമുയര്‍ത്തി പറന്നു പോയി. ഗോപനെ കണ്ടപ്പോള്‍ ഇടതു കൈ കൊണ്ട് കര്‍ട്ടനുകള്‍ ചേര്‍ത്തു പിടിച്ച് ചുമരിനോട് ചേര്‍ന്ന്തലകുനിച്ച് ഹാഷിണി ഒതുങ്ങി നിന്നു.
"ഹാഷിണി നാട്ടിലേക്ക് വിളിച്ചിരുന്നോ.??"
അവള് തലയാട്ടി.
"കേരളത്തില്‍ എന്ത് ജോലിയാണ് ചെയ്തിരുന്നു വെന്ന് പറഞ്ഞത്...??"
"ടൈപ്പിംഗ്..ഡിടിപി..."
അവളുടെ മലയാളത്തിനു തെലുങ്കന്മാര് മലയാളം പറയുമ്പോഴുള്ള ചുവയാണ്. നാലു വര്‍ഷത്തോളം കേരളത്തില്‍ ജീവിച്ചത് കൊണ്ട് നല്ല പോലെ മലയാളം പറയാന്‍ പഠിച്ചിരിക്കുന്നു.ജാഫ്നയുടെ ബോര്ഡറില് തമിഴ് വംശജരുടെ കൂടെ ഇടപഴകി ജീവിച്ചത് കൊണ്ടാവണം, കൂടുതലും ശ്രീലങ്കന്‍ തമിഴുകലര്‍ന്ന മലയാളമാണ്..
"എങ്ങനെയാണ് ഹാഷിണി ശ്രീലങ്കയില്‍ നിന്നും കേരളത്തിലെത്തിയത്..?..വേറെ ആരെങ്കിലുമുണ്ടായിരുന്നോ കൂടെ?."
അവള് കഴുത്തില്‍ കിടന്ന ലോക്കറ്റില്‍ തെരുപ്പിടിച്ചു കൊണ്ടിരുന്നു..പരിചയപ്പെട്ടു അഞ്ച് ദിവസം കഴിഞ്ഞിട്ടും അവള് സംസാരിക്കുമ്പോള്‍ എന്തൊക്കയോ മറച്ചു വയ്ക്കുന്നത് പോലെ... ജീവിതത്തിന്റെ നിറമില്ലാത്ത ഊടുവഴികളിലൂടെ ഒരുപാടു നടന്നിട്ടുള്ളത് കൊണ്ടായിരിക്കാം ഓരോ മറുപടിയും വളരെ സൂക്ഷ്മതയോടെയാണെന്നു തോന്നി.
"ദേവകിയക്കാ..."അവള് പറഞ്ഞു തുടങ്ങി..
"ദേവകിയക്കാ നമ്മ നാട്ടില്‍ ഒരു സ്കൂള്‍ നടത്തിയിരുന്തത്...അവര്‍ സ്കൂള്‍ പ്രിന്‍സിപ്പാള്‍..ആറു വര്‍ഷം മുന്‍പ് യുത്തം വന്നപ്പോ എല്ലാവരുമേ കേരളാവില് വന്നു..എന്നുടെ അപ്പാ യുത്തത്തില്‍ മരിച്ചു പോയിരുന്തത്..ഞങ്ങള്‍ക്ക് യാരും ഇല്ല..അപ്പൊ ദേവകിയക്കാ എന്നെയും സുസാന്തികാവേയും കൂട്ടി കേരളാവില് വന്നു..."
"സുസാന്തികാ??"
"എന്നുടെ ചേച്ചി മകള്‍.."
"ഇവിടെ ഉണ്ടായിരുന്ന...??"..സംശയത്തോടെ ചോദിച്ചു. ഒരുപാടു വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്റെ ചേച്ചി ദുബായിലുണ്ടായിരുന്നു എന്ന് കഴിഞ്ഞ തവണ അവള് പറഞ്ഞിരുന്നു.മൂന്നു വര്‍ഷം ഇവിടെ ജോലി ചെയ്ത് പിന്നെ നാട്ടിലേക്ക് തിരിച്ചു പോയത്രേ..
താഴ്ന്നിരിക്കുന്ന തലയുയാര്‍ത്താതെ അവള് മെല്ലെ തലയാട്ടി....
"ചേച്ചി മരിച്ചു പോയി...സുസാന്തികക്ക് ഇപ്പൊ നാന് മട്ടും.."
എങ്ങനെയാണ് മരിച്ചതെന്ന് ചോദിക്കണമെന്നുണ്ടായിരുന്നു.പിന്നെ വേണ്ടെന്നു വച്ചു.. തന്റെ കാലിനു ചുറ്റും നടന്നു കൊണ്ടിരിക്കുന്ന പൂച്ചക്കുട്ടിയെ തുറിച്ചു നോക്കിയിരിക്കുകയാണ് അവളിപ്പോള്‍...
"കേരളാവില് ദേവകിയക്കാ എനിക്ക് ഒറു ഓഫീസില്‍ ജോബ് വാങ്ങി തന്നു...അന്ന് സുസാന്തികവുക്ക് അഞ്ച് വയസ്സിരുന്നത്..അവളെ ദേവകിയക്കാ ഒരു നല്ല സ്കൂളില്‍ ചേര്‍ത്തു...ഇപ്പൊ അവക്കു..പതിനൊന്നു വയസ്സ്..."
ഗോപന് മനസ്സില്‍ കണക്കു കൂട്ടുകയായിരുന്നു..നീണ്ട വര്‍ഷങ്ങള്‍ തന്നെ. കൂടുതലെന്തു ചോദിക്കണമെന്നു ചിന്തിച്ചു കൊണ്ടിരുന്നപ്പോള്‍ കാലുകൊണ്ട് പൂച്ചക്കുട്ടിയെ മുന്നോട്ടു തള്ളി നീക്കിക്കൊണ്ടവള്‍ വീണ്ടും തുടര്‍ന്നു.
"നാന് അബുദാബിയില്‍ വരുന്നത് ദേവകിയക്കാവുക്ക് ഇസ്ട്ടമല്ലായിറുന്നു..അവിടെ തന്നെ നല്ല ജോലി നോക്കാം എന്ന് പറഞ്ഞ് എന്നെ കുറേ ഉപദേശിച്ചു..പിന്നെ നാന് കേള്‍ക്കാഞ്ഞപ്പോള്‍ എന്നെ കുറേ ചീത്ത വിളിച്ചു....ബട്ട്.."...അവള് അര്ധോക്തിയില് നിര്‍ത്തി സൂക്ഷിച്ചു നോക്കുന്നത് കണ്ടു..അല്‍പ്പസമയത്തിനു ശേഷം കേള്‍ക്കാന്‍ വിഷമമുള്ളത്രയും ചെറിയ ശബ്ദത്തില്‍ തുടര്‍ന്നു..
"എനിക്ക് അയാളെ കണ്ടു പിടിക്കണം.. "
ഒരു വലിയ സമസ്യപോലെയാണ് തോന്നിയത്..കഴിഞ്ഞ തവണയും ഇവളിതുതന്നെ പറഞ്ഞു...ഒരാളെ തേടി നടക്കുകയാണെന്ന്..ഒരു മലയാളിയെ..ആര്.? ആരെയാണ് നീ തേടുന്നത്..?
അവള് പിന്നോട്ട് നടക്കാനാഞ്ഞതാണ് പക്ഷേ പിന്നെ തലതാഴ്ത്തി ആരോടെന്നില്ലാതെ സംസാരിച്ചു തുടങ്ങി.
"എന്നുടെ ചേച്ചിയെ അയാള്‍ ചതിച്ചത്..കല്യാണം ചെയ്യാം എന്ന് പറഞ്ഞ് കൊണ്ട്....ചേച്ചി ഇവിടം ഹൌസ് മെയിഡ് വിസാവില്‍ ആണ് വന്നത് .ബട്ട് കല്യാണം ചെയ്തവരെ മാത്രമേ എടുക്കു എന്ന് അറബി പറഞ്ഞപ്പോള്‍ ചേച്ചിക്ക് വേറെ മാര്‍ഗം ഇല്ല..അപ്പോള്‍ ഒരു കേരളാ ആള് ചേച്ചിയെ ഹെല്പ് ചെയ്തു...ഒരു സൂപ്പര്‍ മാര്‍കെട്ടിലെ ജോലിക്കാരന് ആള്...അവര്‍ കല്യാണം ചെയ്ത പോലെ നടിച്ചു.. ചേച്ചിക്ക് ജോലി കിട്ടി..ബട്ട് ചേച്ചിയെ അയാള്‍ ചതിച്ചു..."
അവസാന വരികളിലെത്തിയപ്പോഴേക്കും അവളുടെ ശബ്ദം ഇടറി ത്തുടങ്ങിയിരുന്നു.
"അയാള്‍ ശരിക്കും കല്യാണം ചെയ്യാം എന്ന് പറഞ്ഞു ചേച്ചിയെ ചതിച്ചു...പ്രഗ്നന്റ് ആയി ചേച്ചി നാട്ടില്‍ തിരുമ്പി വന്നു..സുസാന്തികാ ആ മകള്‍ ആണ്...സുസാന്തികാവുക്ക് ഒരു വയസ്സായതിനു മുന്നേ ചേച്ചി ഡാമില്‍ ചാടി മരിച്ചു..പിന്നെ എന്‍ അപ്പാവും മരിച്ചു...."
ആ കണ്ണുകള്‍ നിറഞ്ഞൊഴുകി...
മുറിയിലൂടെ ഉഴറി നടക്കുകയായിരുന്നു പൂച്ചക്കുട്ടി ഗോപന്റെ കാല്ച്ചുവട്ടില് വന്നു നിന്നു മുകളിലേക്ക് നോക്കി മെല്ലെ കരഞ്ഞു.
"സുസാന്തികാവേ എല്ലാ കുട്ടികളും കളിയാക്കും..അപ്പാവുക്കു അവളെ തീരെ പിടിക്കാത്..അവള് വന്നതില്‍ പിന്നെയാണ് കഷ്ടം വന്നതെന്ന് എപ്പോളും പറയും...വലുതായപ്പോള്‍ സുസാന്തിക അവളുടെ അപ്പാവെ ചോദിച്ചത്....ചേച്ചി എന്നോട് ഒന്നും പറഞ്ഞിട്ടില്ല..അന്നെനിക്ക് വയസ്സ് പതിനാലു മട്ടും.."
അണകെട്ടി തടഞ്ഞു നിര്‍ത്തിയ ഒരു വലിയ പുഴ തുറന്ന് വിട്ടപോലെ ഹാഷിണി സംസാരിച്ചു കൊണ്ടിരുന്നു..
ഗോപന് മനസ്സില്‍ കാണാമായിരുന്നു..,കടും പച്ച നിറം കോരിയൊഴിച്ച പ്രകൃതിയാല്‍ ചുറ്റപ്പെട്ട ജാഫ്നയുടെ അതിര്‍ത്തികളിലെവിടെയോ തന്നെ വിട്ടെറിഞ്ഞ് പോയ അമ്മയെ, ആരെന്നറിയാത്തെ അച്ഛനെ തേടുന്ന പെണ്‍കുട്ടി. അവളുടെ കണ്ണില്‍ കാണുക കാത്തിരിപ്പിന്റെ നനവായിരിക്കില്ല..പകരം വെറുക്കപ്പെട്ടവളുടെ മനസ്സിലെ ചാരം മൂടിക്കിടക്കുന്ന കനലുകളായിരിക്കും..
"ഹാഷിണിക്ക് അയാളെക്കുറിച്ച് വല്ലതും അറിയാമോ.എവിടെയാണ് ഇപ്പോള്‍ ജോലി ചെയ്യുന്നതെന്നോ മറ്റോ.??"..
അവളോടത് ചോദിക്കുമ്പോള്‍, വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു തുലാമാസ രാത്രിയുടെ തണുത്ത ഇരുട്ടില്‍ കീറിയ സാരിയും നഖക്ഷതങ്ങളേറ്റ് ചോരയൊലിപ്പിക്കുന്ന പേടിച്ചരണ്ട മുഖവുമായി ആശുപത്രി വരാന്തയിലൂടെ കിതച്ചോടി വരുന്ന അരുണയുടെ രൂപം അറിയാതെ മനസ്സില്‍ വന്നു..അന്ന് അരുണയോട് ചോദിച്ചതും ഇതേ ചോദ്യമാണ്..
"നിനക്കറിയാമോ അയാളെ..ആരാണയാള്‍.??"
അന്നു കിട്ടിയ മറുപടിയില്‍ ആളിയ അഗ്നിക്ക് ചൂട് ഒരുപാടു കൂടുതലായിരുന്നു...
ഹാഷിണി മുഖമുയര്‍ത്തി.
"ആള് പണ്ട് ജോലിചെയ്ത സൂപ്പര്‍ മാര്കെറ്റിന്റെ അഡ്രസ് ഉണ്ട്...വേറെ ഒന്നും അറിയില്ല..."
"അയാളുടെ പേര്..?"
"അറിയില്ല.."
"താടി വച്ച ഒരാള്‍ ആണ് എന്നത് അറിയും..അയാളുടെ ഫോട്ടോ നാന് കണ്ടിട്ടുണ്ട്..ഒരിക്കല്‍.. കണ്ടത് മനസ്സിലായപ്പോള്‍ ചേച്ചി അതു കത്തിച്ചു കളഞ്ഞു..."
"ഇത്രയും കുറച്ച് വിവരങ്ങള്‍ വച്ചു ഈ ദുബായില്‍ ഒരാളെ എങ്ങനെ കണ്ടുപിടിക്കാന്‍.?? വര്‍ഷം പന്ത്രണ്ടോളമായില്ലേ അയാള്‍ ഇവിടം വിട്ടിട്ടുണ്ടെങ്കില്‍.??"
അവള് ഒന്നും മിണ്ടാതെ നെഞ്ചോടു പറ്റിക്കിടന്ന ലോക്കറ്റില്‍ കൈകളമര്‍ത്തുന്നത് കണ്ടു.
മൊബൈല്‍ ഫോണിന്റെ റിംഗ് ശ്രദ്ധയെ മാറ്റി...മുകുന്ദന്റെ ഭാര്യ ലതികയായിരുന്നു.
ഫോണ്‍ അറ്റന്‍ഡ് ചെയ്തപ്പോള്‍ തന്നെ കേട്ടത് ദേഷ്യത്തോടെയുള്ള ശബ്ദമായിരുന്നു..
"ഈ മുകുന്ദേട്ടന് എവിടെയാണ് ഗോപേട്ടാ..??..ഞാനും മോളും ഇവിടെ ഒരുങ്ങിയിരിക്കാന്‍ തുടങ്ങിയിട്ട് നേരം ഒരുപാടായി..ഫോണ്‍ വിളിക്കുമ്പോള്‍ സ്വിച്ച് ഓഫ്..നാട് നന്നാക്കാന്‍ ഇറങ്ങിയതാവും അല്ലേ..വല്ല കല്ലൂവല്ലി കളെയും സഹായിക്കാന്‍ നടക്കുകയാവും.. ഇന്നാണ് മോളുടെ ഓഡീഷന്..ഒരാഴ്ച മുന്നേ ഞാന്‍ പറഞ്ഞു തുടങ്ങിയതാ..അതെങ്ങനാ സ്വന്തം മോള് ഡാന്‍സ് ചെയ്യുന്നതു കാണാന്‍ ആഗ്രഹമില്ലാത്ത അച്ഛനല്ലേ...കണ്ടാല്‍ ഒന്നു പറഞ്ഞേക്കണം ഞാന്‍ കിരണിന്റേം ശാലുവിന്റെം കൂടെ ഓഡീഷന് പോയെന്ന്..."
"മുകുന്ദനെ ഞാന്‍ കണ്ടിട്ട് രണ്ടു മൂന്നു ദിവസമായി..."
മറു തലയ്ക്കല്‍ ഫോണ്‍ കട്ട് ചെയ്യുന്ന ശബ്ദം കേട്ടു.

Subscribe to:
Posts (Atom)
© Copyright
All rights reserved